UPDATES

കായികം

വിരസമായ കളിയില്‍ ഫ്രാൻസ്, ഡെൻമാർക്ക്‌ മത്സരം ഗോൾ രഹിത സമനിലയിൽ

റഷ്യൻ ലോകകപ്പിലെ ഫേവറൈറ്റുകളും, മുൻ ലോക ജേതാക്കളുമായ ഫ്രാൻസ് ഡെന്മാർക്കിനു മുന്നിൽ പതറുന്ന കാഴ്ചയോടു കൂടിയാണ് മത്സരം ആരംഭിച്ചത്

ഗ്രൂപ് സിയിലെ ഫ്രാൻസ് ഡെൻമാർക്ക്‌ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. റഷ്യൻ ലോകകപ്പിലെ ഫേവറൈറ്റുകളും, മുൻ ലോക ജേതാക്കളുമായ ഫ്രാൻസ് ഡെന്മാർക്കിനു മുന്നിൽ പതറുന്ന കാഴ്ചയോടു കൂടിയാണ് മത്സരം ആരംഭിച്ചത്. ആദ്യ പത്തു മിനുട്ടിനുളളിൽ തന്നെ ഡാനിഷ് സംഘം ഫ്രഞ്ച് ഗോൾ മുഖത്തു ചലനങ്ങൾ സൃഷ്ടിച്ചു. പതിഞ്ഞ തലത്തിൽ ആരംഭിച്ച ഗ്രീസ്മാനും കൂട്ടരും ഡെൻമാർക്ക്‌ ഗോൾ മുഖം ലക്ഷ്യമാക്കി നീങ്ങി. പതിനെട്ടാം മിനുട്ടിൽ ഒളിവര്‍ ജിറൂഡിന്റെ ബോക്‌സിന് പുറത്ത് നിന്ന് ഡാനിഷ് പോസ്റ്റ് ലക്ഷ്യമിട്ടുള്ള ഒരു ഷോട്ട്. ഡാനിഷ് ഗോള്‍കീപ്പര്‍ അത് തട്ടിയകറ്റി. ലോക ഫുട്ബാളിലെ ഏറ്റവും അപകടകാരികളായ ഫ്രഞ്ച് മുന്നേറ്റ നിരയേ ഡാനിഷ് പ്രതിരോധം ഫലപ്രദമായി നേരിട്ടു. ഇരുപത്തിയേഴാം മിനുട്ടിൽ ഫ്രാന്‍സിന് ഫ്രീകിക്ക്. തോമസ് ലെമര്‍ എടുത്ത കിക്ക് ആരേയും സ്പര്‍ശിക്കാതെ പോസ്റ്റിന് പുറത്തേക്ക്. സെക്കന്റുകൾക്കകം ഡാനിഷ് മുന്നേറ്റം. ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിച്ച തോമസ് ഡെലാനിക്കു പക്ഷെ ദൗത്യം പൂർത്തിയാക്കാനായില്ല. മനോഹരമായ ഡിഫൻസ് ഫുട്ബാളിലൂടെ പ്രോഗ്ബ ഡെലാനിയുടെ നീക്കം തടഞ്ഞു.

ഇരു ടീമുകളും മധ്യ നിരയിൽ കേന്ദ്രീകരിക്കുന്ന കാഴ്ച. ഗോളെന്നുറച്ച ഒരവസരം പോലും ആദ്യ അര മണിക്കൂറിൽ സൃഷ്ടിക്കപ്പെട്ടില്ല. കളിയുടെ നാല്‍പ്പത്തിനാലാം മിനുട്ടിൽ ഒളിവര്‍ ജിറൂഡ് ഒരു തുറന്ന അവസരം പാഴാക്കി. ഗ്രീസ്മാന്‍ ഡാനിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നല്‍കിയ പാസ് ഗോളി മാത്രം ഉള്ള അവസരത്തിലും ജിറൂഡ് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളഞ്ഞു. ആദ്യപകുതി അവസാനിക്കുമ്പോൾ ഗോൾരഹിത സമനില.

ഹെർണാണ്ടസിന് പകരം മെൻഡിയെ ഇറക്കിക്കൊണ്ടാണ് ഫ്രാൻസ് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയിൽ ആദ്യ അവസരം ലഭിച്ചത് ഡെന്മാർക്കിനായിരുന്നു. എറിക്‌സ്ന്‍ എടുത്ത ഫ്രീകിക്ക് ഫ്രഞ്ച് ഗോളിയുടെ കൈയില്‍ തട്ടി ഡാനിഷ് താരത്തിന്റെ കാലിലേക്ക്. ഉടനടി ഗോളി പന്ത് തിരികെ പിടിച്ചു. തീർത്തും വിരസമായ പതിനഞ്ചു മിനുട്ടിനു ശേഷം ഇരു ടീമുകളും ചില മാറ്റങ്ങൾ വരുത്തി. ഫ്രാൻസ് ഗ്രീസ്മാനെ പിന്‍വലിച്ചു പകരം നബില്‍ ഫെകിര്‍ ഇറങ്ങി. ഡാനിഷ് പടയ്ക്കു വേണ്ടി ആന്ദ്രെ കോര്‍ണിലസ് കയറി പകരം ഡോല്‍ബെര്‍ഗ് ഇറങ്ങി. മാറ്റങ്ങൾ വരുത്തിയിട്ടും ഗോൾ മാത്രം പിറന്നില്ല.

പകരക്കാനായിറങ്ങിയ ഫെകിറിന്റെ ബോക്‌സിന് പുറ്ത്ത് നിന്നുള്ള ലോങ് റേഞ്ച് ഷോട്ട് വീണ്ടും ഡാനിഷ് ഗോളി വില്ലനായി, രണ്ടാം പകുതിയിലെ അപൂർവം നല്ല നീക്കങ്ങളിൽ ഒന്നായിരുന്നു അത്. മൂന്നു മിന്റ് എക്സ്ട്രാ ടൈമിലും ഗോളൊന്നും പിറന്നില്ല.
ആവേശകരമായ ഒരു മത്സരം പ്രതീക്ഷിച്ചെത്തിയ ലുസ്‌നിക്കി സ്റ്റേഡിയത്തിലെ 75000 തിലധികം കാണികളെ നിരാശരാക്കി കൊണ്ട് മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍