UPDATES

ട്രെന്‍ഡിങ്ങ്

ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ദെഷാംപ്‌സിന് ഒരു മാറ്റവുമില്ല

രാവിനപ്പുറം ഒരു കപ്പ് കാത്തിരിപ്പുണ്ടെങ്കിൽ ഒരു ഫുട്ബോളറാവുന്നതിലും മനോഹരമായ മറ്റൊരു കാര്യവുമില്ലെന്നാണ് 1998 കപ്പ് സ്വന്തമാക്കിയപ്പോൾ ദെഷാംപ്സ് പറഞ്ഞത്

ക്യാപ്റ്റനായും, പരിശീലകനായും ടീമിന് വേണ്ടി ലോകകപ്പ് നേടി കൊടുത്ത മൂന്നാമത്തെ താരം ആണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. ബ്രസീലിന്റെ മരിയോ സഗോള, ജർമനിയുടെ ബെക്കൻബോവർ എന്നിവരാണ് ദെഷാംപ്‌സിന് മുൻപ് ഈ നേട്ടം കൈ വരിച്ചത്. പരിശീലകന്റെ റോളിൽ ആണ് ഇത്തവണ ദെഷാംപ്‌സ് ടീമിന് കിരീടം നേടികൊടുത്തതെങ്കിൽ 1998 ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടുമ്പോൾ അദ്ദേഹം ആയിരുന്നു ടീം ക്യാപ്റ്റൻ.

കളത്തിന് അകത്തും, പുറത്തും ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് 50 കാരനായ ദെഷാംപ്‌സ്, പ്രതിരോധത്തിലൂന്നിയ ആക്രമണ ഫുട്ബോളാണ് അദ്ദേഹത്തിന്റെ ശൈലി. ഫ്രാൻസിനെ സംബന്ധിച്ചു ഉള്ള പ്രധാന ആരോപണം ആദ്യം ഗോൾ നേടിയാൽ പിന്നീട് ബസ് പാർക്കിംഗ് രീതി പിന്തുടരുന്നു എന്നതാണ്, ബൽജിയത്തിനെതിരെ സെമിയിൽ 1 -0 നു ജയിച്ചു കയറിയ മത്സരത്തിലും ഈ വിമർശനം ഫ്രഞ്ച് നിര ഏറ്റു വാങ്ങിയിരുന്നു. എന്നാൽ ദെഷാംപ്‌സിന് കളി ജയിക്കുക എന്നതാണ് പ്രധാനം, അതിലേക്കുള്ള വഴി ഒരു വിഷയമല്ല.

റഷ്യയിലേയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു ദെഷാംപ്സ്. പേരും പെരുമയുമല്ല, ഒരു ടീമായി ഒത്തൊരുമയോടെ കളിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡമാക്കിയത്. അങ്ങനെ സൂപ്പർതാരം കരീം ബെൻസെമ ടീമിൽ നിന്ന് പുറത്തായി. ഇതേ തുടർന്ന് വൻ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും കർക്കശ്യക്കാരാനായ ദെഷാംപ്‌സ് പിന്നോട്ട് പോകാൻ തയ്യാറായില്ല. ബെൻസെമയ്ക്കു പകരം പോഗ്ബയും ഗ്രീസ്മാനും എംബാപ്പയും ചേർന്നൊരു ഊർജകേന്ദ്രം സൃഷ്ടിച്ചെടുത്തു. അതിനെ സമർഥമായി കളിക്കളത്തിൽ വിന്യസിച്ചു. കൊട്ടിഘോഷങ്ങളും, അവകാശവാദങ്ങളും ഇല്ലാതെ തന്നെ അവർ റഷ്യയിൽ ഓരോ മത്സരത്തിനുമിറങ്ങി. ശാന്തമായി തന്നെ ഓരോന്നും ജയിച്ചുകയറി. ഒടുവിൽ തികച്ചും ആധികാരികമായി കിരീടവും സ്വന്തമാക്കി കൊണ്ട് മോസ്‌കോയിൽ നിന്നും മടങ്ങുന്നു.

രാവിനപ്പുറം ഒരു കപ്പ് കാത്തിരിപ്പുണ്ടെങ്കിൽ ഒരു ഫുട്ബോളറാവുന്നതിലും മനോഹരമായ മറ്റൊരു കാര്യവുമില്ലെന്നാണ് 1998 കപ്പ് സ്വന്തമാക്കിയപ്പോൾ ദെഷാംപ്സ് പറഞ്ഞത്. ഇരുപത് വർഷങ്ങൾക്കിപ്പുറവും ദെഷാംപ്‌സിന്റെ ആത്മവിശ്വാസത്തിനും, ദൃഢനിശ്ചയത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് വോൾഗയുടെ തീരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ ലോകകപ്പ് ആഫ്രിക്കക്ക് അഭിമാനിക്കാനുള്ളതാണ് എന്നായിരുന്നു റഷ്യയിൽ കിരീടം നേടിയ ശേഷം ദെഷാംപ്‌സിന്റെ ആദ്യ പ്രതികരണം. ഫ്രഞ്ച് ടീമിൽ 14 ആഫ്രിക്കൻ വംശജരാണുള്ളത്. പോൾ പോഗ്ബ, കിലിയാൻ എംബപ്പേ, സാമുവൽ ഉംറ്റിറ്റി, കാന്റെ, മറ്റ്യുഡി, തുടങ്ങിയ ഫ്രഞ്ച് ടീമിലെ പ്രധാന കളിക്കാരെല്ലാം ആഫ്രിക്കൻ വംശജരാണ്.

“ഫ്രഞ്ച് ടീമിൽ എപ്പോഴും ആഫ്രിക്കൻ വംശജരോ, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരോ, ഉണ്ടാകാറുണ്ട്. ഫുട്ബാളിൽ മാത്രമല്ല മറ്റു കായിക ഇനങ്ങളിലും അവരുടെ പങ്കാളിത്തം ഉണ്ട്. അവരെല്ലാം ഫ്രഞ്ചുകാരാണ്, അതിലവർ അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷെ ഇപ്പോൾ ആഫ്രിക്കക്ക് അഭിമാനിക്കാനുള്ള അവസരമാണ്, ഫ്രഞ്ച് ടീമിൽ കളിക്കുന്ന ആഫ്രിക്കൻ കളിക്കാരുടെ കുടുംബങ്ങൾ, സുഹൃത്തുക്കൾ അങ്ങനെ എല്ലാവർക്കും സന്തോഷിക്കാൻ കഴിയുന്ന അവസരം. ഇത് അവരുടെയും ലോകകപ്പാണ്. ഫ്രാൻസ് ഇതിൽ അഭിമാനിക്കുന്നു” ദെഷാംപ്‌സ് പറഞ്ഞു.

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

കളിക്കാരെ കെട്ടിപ്പിടിക്കുന്ന ക്രൊയേഷ്യൻ പ്രസിഡന്റിന്റെ ഫോട്ടോ ഇന്ത്യയിലെ കായിക മേലാളന്മാര്‍ ഒന്ന് ചില്ലിട്ട് വച്ചോളൂ

ലോകകപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്; ആരാണ് മൈതാനത്തിലേക്ക് ഇരച്ചുകയറിയ ആ നാലു പേര്‍?

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍