UPDATES

കായികം

ഇങ്ങനെയും ഒരു ടീമോ?; ലൈംഗിക തൊഴിലാളികൾക്കൊപ്പം പാര്‍ട്ടി നടത്തിയെന്ന ‘ഗോസിപ്പി’നെ കുറിച്ച് ജര്‍മ്മന്‍ പ്രതികരണം; മെക്സിക്കോയുടെ മറുപടി

ലോകപ്രശസ്തമായ ജർമൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കികൊണ്ടു മെക്സിക്കോ താരം ഹിർവിങ് ലൊസാനോ നേടിയ ഗോൾ കേവലം ഒരു ഗോൾ മാത്രമല്ല

മെക്സിക്കൻ തിരമാലയിൽ ബർലിൻ മതിൽ തകർന്ന ദിനം എന്നാണ് ജർമനി മെക്സിക്കോ മത്സരത്തെ കുറിച്ച് വൈറൽ ആയ ട്വീറ്റുകളിൽ ഒന്ന്. നിലവിലെ ചാമ്പ്യന്മാരായ ജർമനി മെക്സിക്കൻ പടയ്ക്കു മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ട് മടക്കി. ലോകകപ്പ് കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലിറങ്ങിയ ജര്‍മനിയെ വിറപ്പിച്ച് മെക്‌സിക്കോക്ക് വേണ്ടി 36ാം മിനിറ്റില്‍ ലൊസാനോയാണ് വിജയഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു. മെക്‌സിക്കന്‍ ഗോളി ഒച്ചോവയുടെ തകര്‍പ്പന്‍ പ്രകടനും ശ്രദ്ധേയമാണ്. 38ാം മിനിറ്റില്‍ സമനില എത്തിക്കുമെന്ന് കരുതിയ ജര്‍മന്‍ താരം ക്രൂസിന്റെ ബുള്ളറ്റ് ഫ്രീകിക്ക് ഒച്ചോവ പറന്നുയര്‍ന്നു തട്ടിയകറ്റുകയായിരുന്നു.

ഈ മത്സരത്തിന് ഒരു ഫ്ലാഷ്ബാക് ഉണ്ട്. ജർമനി മെക്സിക്കോ മത്സരം തുടങ്ങുന്നതിനു മുന്നേ ലുഷ്നിക്കി സ്റ്റേഡിയത്തിന്റെ മീഡിയാ റൂമിൽ ജർമ്മൻ വിങ്ങർ ജൂലിയൻ ഡെക്സ്ലർ ചെറു പുഞ്ചിരിയോടെ പത്രക്കാരോട് പറഞ്ഞു. “ആ പാർട്ടിയിൽ എന്തൊക്കെ സംഭവിച്ചു എന്നെനിക്കറിയില്ല, പക്ഷെ കേൾക്കാൻ രസമുള്ള കാര്യമായിരുന്നു അത്, ഇങ്ങനെയും ഒരു ഫുട്ബാൾ ടീമോ!”

ലോകകപ്പിന് റഷ്യയിലേക്ക് തിരിക്കും മുന്‍പ് 30 ലൈംഗിക തൊഴിലാളികൾക്കൊപ്പം പാര്‍ട്ടി നടത്തി മെക്‌സിക്കന്‍ ടീമംഗങ്ങള്‍ വിവാദത്തില്‍ പെട്ടിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരായ സൗഹൃദമത്സരശേഷം ഒമ്പത് താരങ്ങളാണ് മെക്സിക്കോ സിറ്റിയിലെ സ്വകാര്യ പാര്‍പ്പിടത്തില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത്. ടിവിനോട്ടസ് ഗോസിപ്പ് മാഗസിനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ജൂലിയൻ പറഞ്ഞവസാനിപ്പിച്ച് മണിക്കൂറുകൾക്കകം ജൂലിയനെയടക്കം വെട്ടിത്തെളിച്ച്‌ ഇടതു വിങ്ങിൽ ജർമൻ ഇടനാഴിയിലൂടെ കയറി, ലോകപ്രശസ്തമായ ജർമൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കികൊണ്ടു മെക്സിക്കോ താരം ഹിർവിങ് ലൊസാനോ നേടിയ ഗോൾ കേവലം ഒരു ഗോൾ മാത്രമല്ല. ഇങ്ങനെ ഒരു ടീം ഉണ്ട്, ഞങ്ങൾ ഇങ്ങനെയാണ് എന്ന് ഓർമ്മപ്പെടുത്തൽ ആയിരുന്നു. ജർമൻ കളിക്കാരുടെ പരിഹാസത്തിനു ഇതിലും മികച്ച മറുപടികൾ സ്വപ്നങ്ങളിൽ മാത്രം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍