UPDATES

ട്രെന്‍ഡിങ്ങ്

സെനഗലിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കാനാവില്ല; പോളണ്ടിനെ കുറിച്ചും

പോളണ്ടിന്റെ താരപ്രഭ ഇല്ലെങ്കിലും സെനഗലിനെ എഴുതി തള്ളാനാവില്ല, അവസാനം കളിച്ച ഫ്രാൻസ് ലോകകപ്പിൽ കറുത്ത കുതിരകളായിരുന്നു സെനഗൽ.

ഗ്രൂപ് എച്ചിലെ രണ്ടാം മത്സരത്തിൽ ഇന്ന് സെനഗൽ പോളണ്ടിനെ നേരിടും. 12 വർഷങ്ങൾക്ക് ശേഷം ആണ് പോളണ്ട് എത്തുന്നതെങ്കിൽ 18 വർഷങ്ങൾക്ക് ശേഷമാണ് സെനഗൽ ഒരു ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്.  പോളണ്ടിന്റെ താരപ്രഭ ഇല്ലെങ്കിലും സെനഗലിനെ എഴുതി തള്ളാനാവില്ല, അവസാനം കളിച്ച ഫ്രാൻസ് ലോകകപ്പിൽ കറുത്ത കുതിരകളായിരുന്നു സെനഗൽ.

സെനഗൽ

ഒരു രഞ്ജിത്ത് ശൈലി കടമെടുത്താൽ “നീണ്ട പതിനാറു വർഷത്തെ കാത്തിരിപ്പിന് ശേഷം സെനഗൽ വരുന്നു ചില കളികൾ കാണാനും ചിലത് കാണിച്ചു കൊടുക്കാനും” എന്നു പറയാം. സെനഗൽ ഇങ്ങനെ ഒരു മാസ്സ് എൻട്രി എന്തുകൊണ്ട് അർഹിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് 2002 ലോകകപ്പിലെ ആദ്യ മത്സരം, അന്ന് ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചു കൊണ്ട് ആരംഭിച്ച പടയോട്ടത്തിനു മുന്നിൽ ഡെന്മാർക്, ഉറുഗ്വേയ്, സ്വീഡൻ ടീമുകൾ സെനഗലിന് മുന്നിൽ പതറി. ഒടുവിൽ ക്വൊർട്ടറിൽ ആ ജൈത്ര യാത്ര അവസാനിച്ചെങ്കിലും 2002 ലോകകപ്പിലെ കറുത്ത കുതിരകൾ സെനഗൽ തന്നെ ആയിരുന്നു. റഷ്യൻ കാര്‍ണിവലിലും അത്തരം ഒരു മായാജാലം ഒരുക്കാൻ ഉള്ള ശ്രമത്തിലാണ് സെനഗൽ ക്യാമ്പ്.

സാദിയോ മാനെ എന്ന 26 കാരനാണ് സെനഗലിന്റെ കുന്തമുന. ലിവർപൂളിൽ ഇക്കുറി തകർപ്പൻ പ്രകടനമായിരുന്നു മാനെയുടേത്. ഫിർമിനോ, മുഹമ്മദ് സലാ എന്നിവരുമായി ചേർന്ന് ലിവർപൂൾ മുന്നേറ്റത്തെ ഉശിരുള്ളതാക്കി. 10 ഗോളടിച്ചു. ഏഴെണ്ണത്തിന് അവസരമൊരുക്കി. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കൻ താരങ്ങളിൽ ഒരുവൻ. മാനേക്ക് ഒപ്പം ആക്രമണം അഴിച്ചു വിടാൻ ഫ്രഞ്ച് ടീം മോണോകയുടെ അബി കെയ്റ്റ കൂടി ഒത്തു ചേരുമ്പോൾ സെനഗലിന്റെ മുന്നേറ്റ നിര ഭദ്രം.

പ്രതിരോധത്തിൽ ഊന്നി ആക്രമണം അഴിച്ചു വിടുന്ന സെനഗൽ ടീമിന് ഏറ്റവും വലിയ ശക്തി അവരുടെ പ്രതിരോധം തന്നെയാണ്. നായകൻ കൂടി ആയ വെസ്റ്റ്ഹാമ്മിന്റെ കൗയറ്റ, നപ്പോളിയുടെ കൗലിബലി, എന്നിങ്ങനെ കരുത്ത് മുഖ മുദ്രയാക്കിയ അനവധി താരങ്ങൾ സെനഗലിനെ കരുത്തർ ആക്കുന്നു. കടലാസിലെ കരുത്ത് കളിയിൽ കാണിക്കാൻ ആയാൽ സെനഗൽ ഒരിക്കൽ കൂടി ലോകകപ്പിന്റെ അത്ഭുതം ആകും. പ്രധാനപ്പെട്ട വേദികളിലെയും, മത്സരങ്ങളിലെയും പരിചയക്കുറവാണ് സെനഗൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരം മത്സരങ്ങളിൽ കടുത്ത സമ്മർദ്ദത്തിനടിമപ്പെടാറുണ്ട് സെനഗൽ സൂപ്പർ താരങ്ങൾ.

ഫിഫ റാങ്കിങ് : 28
പരിശീലകന്‍: അലിയു സിസെ

സാധ്യത ടീം: സാഡിയോ മാനെ, കൗലിബലി, ഇദിരിസി ഗുവയെ, കൊയാട്ടെ, മാമെ ബിരാമെ ദിയൂഫ്, ഖദീം നിദാവെ, ലാമിനെ ഗസ്സമ്മ, കാര എംബോഡ്ജ് , കീറ്റ ബാൾഡ്, എം’ബയെ നിയന്ഗ്, യൂസഫ് സബലി.

പോളണ്ട്

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നാണ് പോളണ്ട് ആരാധകർ ആയ ഒരു കൂട്ടം മലയാളികൾ ഫ്ളക്സ് ബോഡിൽ വെച്ച വാചകം, പോളണ്ടിനെ പറ്റി മിണ്ടിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ ആയ പോളണ്ടുകാരൻ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ കുറിച്ച് സംസാരിക്കാതെ റഷ്യൻ ലോകകപ്പ് അവലോകനങ്ങളും, വിശകലനങ്ങളും പൂർണമാവില്ല എന്ന് പറയേണ്ടി വരും. ഒട്ടും അതിശയോക്തിയില്ലെന്നു യൂറോപ്യൻ ഫുട്ബാൾ സ്ഥിരം ആയി പിന്തുടരുന്നവർക്കറിയാം.

റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ്. 10 മത്സരങ്ങളില്‍ 16 ഗോളുകള്‍. മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം കളിച്ച യോഗ്യതാറൗണ്ടില്‍ ലെവന്‍ഡോവ്സ്‌കി ടോപ് സ്‌കോറര്‍. ജര്‍മന്‍ ലീഗില്‍ വോള്‍ഫ്സ്ബര്‍ഗിനെതിരേ ബയറണ്‍ മ്യൂണിക്കിനുവേണ്ടി ഒമ്പതു മിനിറ്റില്‍ അഞ്ചുഗോള്‍ നേടിയത് ഇന്നും ഒരു അത്ഭുതം ആണ്.

നാപ്പോളി താരം അർക്കേഡിയസ് മിലികും സാംപദോറിയ താരം ഡേവിഡ് കോവ്‌നാക്കിയും ലെവന്‍ഡോവ്സ്‌കിയുടെ കൂടെ മുന്നേറ്റ നിരയിൽ അണി നിറക്കുമ്പോൾ പ്രഹരശേഷിക്കൊപ്പം കടുകട്ടിയായ പ്രതിരോധനിരയും പോളണ്ടിന് സ്വന്തമായുണ്ട്. മൊണാക്കോയ്ക്ക് കളിക്കുന്ന കാമിൽ ഗിൽക്കും ബൊറൂസിയ ഡോർട്മുൺഡിന് കളിക്കുന്ന ലൂക്കാസ് പിസെകും ചേരുന്ന പ്രതിരോധക്കോട്ട ശക്തം. എന്നാൽ മുന്നേറ്റക്കാർക്കു പന്തെത്തിച്ചു കൊടുക്കുന്നതിൽ മധ്യനിര എത്രത്തോളം ശോഭിക്കും എന്നതനുസരിച്ചിരിക്കും റഷ്യൻ ഫുട്ബാൾ കാർണിവലിൽ പോളണ്ടിന്റെ വിധി.

ഫിഫ റാങ്കിങ്: 8
പരിശീലകന്‍: ആദം നവാല്‍ക

സാധ്യത ടീം: വോജിസിച്ച ഷെസ്നയ്; മാർഷ്യൽ റുബാസ്, മൈക്കൽ പാസ്ടൻ, ജാൻ ബെഡിനറിക്. ലൂക്കാസ് പിസിക്, കാമിൽ ഗ്രോസിക്കി, ജെസിക് ഗൊരാൻസ്കി, ഗ്രസിഗോർസ്‌ കരിച്ചോവിൿ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി.

ഇരുടീമുകളും ആദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍