UPDATES

ട്രെന്‍ഡിങ്ങ്

“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവാണ്, ഫോം മങ്ങിയാൽ കോംഗോ വംശജനായ ലുകാകുവും”

ലോകഫുട്ബാളിൽ ഇന്നലെ റൊമേലു ലുകാകു എന്ന ബെൽജിയം സ്റ്റാർ സ്ട്രൈക്കറുടെ ദിവസമായിരുന്നു,

ലോകഫുട്ബാളിൽ ഇന്നലെ റൊമേലു ലുകാകു എന്ന ബെൽജിയം സ്റ്റാർ സ്ട്രൈക്കറുടെ ദിവസമായിരുന്നു, പനാമക്കെതിരെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബെല്ജിയത്തിനു വേണ്ടി എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ലുകാകുവിന്റെ ബൂട്ടിൽ നിന്നും പിറന്നത്, ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നണി പടയാളി കൂടിയായ ലുക്കാക്കു മുന്നിൽ നിന്ന് നയിച്ചപ്പോൾ പനാമക്കെതിരെ ബെല്ജിയത്തിനു മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ ത്രസിപ്പിക്കുന്ന വിജയം.

പനാമക്കെതിരെയുള്ള മത്സരത്തിൽ കളിയുടെ 69 ആം മിനുട്ടിൽ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിന്റെ അളന്നുമുറിച്ച ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോളാക്കി കൊണ്ട് ലുകാകു വരാനിരിക്കുന്ന പേമാരിയുടെ സൂചനകൾ നൽകി, കേവലം ആറ് മിനുട്ട് പിന്നീടവേ 75 മിനിറ്റിൽ പന്തുമായി മുന്നേറിയ ലുകാകു പനാമ ഗോൾകീപ്പറെ നേർക്കുനേർ മറികടന്നു. മനോഹരമായൊരു ഫിനിഷിലൂടെ രണ്ടാമതും ഗോൾവല ചലിപ്പിച്ചുകൊണ്ട്‌ ബെല്ജിയത്തിന്റെ വിജയമുറപ്പിച്ചു.

ബെല്‍ജിയത്തിലെ ആന്‍വെര്‍പ്പില്‍ ജനിച്ച ലുകാകുവിന് ഫുട്‌ബോള്‍ താരമാവുകയായിരുന്നു ജീവിതലക്ഷ്യം. സയറിനുവേണ്ടി 1994-ലെ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചിട്ടുള്ള റോജര്‍ മെനാമ ലുകാകുവിന്റെ മകന് അച്ഛന്‍ തന്നെയായിരുന്നു വഴികാട്ടി. ബെൽജിയം ക്ലബ്ബ്കളിൽ തന്റെ ഫുട്ബാൾ ജീവിതം ആരംഭിച്ച ലുക്കാക്കു ലീർസി ക്ലബ്ബിനു വേണ്ടി കേവലം 60 കളികളിൽ നിന്ന് 121 ഗോളുകളാണ് അടിച്ചു കൂട്ടിയത്‌.

2010-ല്‍ ബെല്‍ജിയം സീനിയര്‍ ടീമില്‍ അരങ്ങേറിയ ലുകാകു നവംബറില്‍ റഷ്യയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി അന്താരാഷ്ട്ര കരിയറിലും തന്റെ കയ്യൊപ്പു ചാർത്തി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതോടെ ലുകാകുവിന് വേണ്ടി യൂറോപ്യൻ ക്ളബ്ബുകൾ ശ്രമമാരംഭിച്ചു, തന്റെ പതിനെട്ടാം വയസ്സിലാണ് യൂറോപ്പിലെ അതികായകരായ ചെൽസി ലുകാകുവിനെ സ്വന്തമാക്കുന്നത്. 2011 ൽ ചെൽസിയിൽ എത്തുന്നതിനു രണ്ടു വര്‍ഷം മുൻപ് ലുകാകു സുഹൃത്തുക്കളുമൊത് സ്റ്റാംഫോർബ്രിഡ്ജ് സന്ദർശിച്ച ഒരു അനുഭവം ഉണ്ട്. “എന്തൊരു സ്റ്റേഡിയം. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയാണെങ്കില്‍, അത് ഈ സ്റ്റേഡിയത്തില്‍ കളിക്കുന്ന ദിവസമായിരിക്കും. ചെല്‍സിയെ എനിക്ക് അത്രമേല്‍ ഇഷ്ടമാണ്.”  ലുകാകു തന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണിത്, കൃത്യം ഒന്നര വർഷത്തിനുള്ളിൽ ചെൽസിയുടെ നീലക്കുപ്പായത്തിൽ റൊമേലു ലുകാകു ഉണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ബെൽജിയൻ താരവും ലുകാകു ആണ്.

“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബൽജിയൻ സ്ട്രൈക്കർ റൊമീലു ലുകാകുവാണ്. ഫോം അൽപം മങ്ങിയാൽ കോംഗോ വംശജനായ ലുകാകുവും,” ബി ബി സി ക്കു നൽകിയ ഒരു അഭിമുഖത്തിൽ ബെൽജിയത്തിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും തനിക് നേരിട്ട തിക്താനുഭവങ്ങൾ അദ്ദേഹം പങ്കു വെക്കുന്നുണ്ട്. പക്ഷെ ഒട്ടും സങ്കോചം ഇല്ലാതെ അയാൾ പറഞ്ഞവസാനിപ്പിക്കുന്നത് താൻ തന്റെ ഫുട്ബാൾ കളി തുടരുമെന്നും ബെൽജിയത്തിലെ മികച്ച താരം ആയി മാറും എന്ന് തന്നെയാണ്.

വര്‍ണ്ണവെറിയുടെ, വിവേചനത്തിന്റെ എല്ലാം വാർത്തകൾ പൂർണമായും അസ്തമിയ്ക്കാത്ത ഈ കാലത്ത് ലുകാകുമാരുടെ നിശ്ചയദാർഢ്യത്തിനു നൂറിൽ നൂറാണ് മാർക്ക്. ലോകകപ്പ് ആദ്യ റൗണ്ടിന്റെ മത്സരങ്ങൾ തുടരുമ്പോൾ വമ്പൻ ടീമുകൾക്കും, സൂപ്പർ താരങ്ങൾക്കും അടി തെറ്റുന്ന കാഴ്ച ഒരു ഭാഗത്ത്, മറു വശത്തു അവസാനിക്കാത്ത പോരാട്ടവുമായി ലുക്കാകുമാർ കപ്പിലേക്കുള്ള ദൂരം കുറച്ചു കൊണ്ട് മുന്നേറുകയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍