UPDATES

ട്രെന്‍ഡിങ്ങ്

റഷ്യയിൽ ഇനി ആഫ്രിക്ക ഇല്ല, ‘മാന്യമായ കളി’യില്‍ ജപ്പാൻ അകത്ത്

മൂന്നു മൽസരങ്ങളിൽനിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡ് മാത്രം വാങ്ങിയപ്പോൾ, സെനഗൽ താരങ്ങൾ ആറു മഞ്ഞക്കാർഡ് വാങ്ങി. ഇത് സെനഗലിന് വിനയായി

ഗ്രൂപ് എച്ചിൽ നടന്ന മത്സരങ്ങളിലെ ഫലങ്ങൾ, ആഫ്രിക്കൻ ഭൂഖണ്ഡത്തിനു റഷ്യയിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചപ്പോൾ ഒരു ഏഷ്യൻ പ്രതിനിധിക്ക് അടുത്ത റൌണ്ട് പ്രവേശനം ലഭിച്ചു. കൊളംബിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ സെനഗൽ പുറത്തായപ്പോൾ, പോളണ്ടിനെതിരെ തോറ്റെങ്കിലും ഫെയർ പ്ലേയ് റൂളിലൂടെ ജപ്പാൻ പ്രീ ക്വാർട്ടർ യോഗ്യത നേടി. സെനഗൽ കൂടി പുറത്തായതോടെ ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായി, ജപ്പാൻ ആണ് റഷ്യയിൽ അവശേഷിക്കുന്ന ഏക ഏഷ്യൻ പ്രതിനിധി.

കൊളംബിയക്കെതിരെ ഒരു സമനില മാത്രം മതിയായിരുന്നു സെനഗലിന്, വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച കൊളംബിയക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് അടിയറവ് പറയുകയായിരുന്നു.74–ാം മിനിറ്റിൽ യെറി മിനായാണ് കൊളംബിയക്കു വേണ്ടി ഗോൾ നേടിയത്.

മത്സരത്തിന്റെ 12–ാം മിനിറ്റിൽ ആണ്  മികച്ച അവസരം പിറന്നത്. കൊളംബിയക്ക് വേണ്ടി കിന്റോ എടുത്ത  ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു. 25-–ാം മിനുട്ടിൽ മാനെയെ ബോക്‌സിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വാർ പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി.

സെനഗലിനെ ഞെട്ടിച്ചു കൊണ്ട് 74–ാം മിനിറ്റിൽ യെറി മിന ഹെഡറിലൂടെ ഗോൾ നേടി കൊളംബിയയെ മുന്നിൽ എത്തിച്ചു. ഗോൾ വീണതോടെയാണ് സെനഗൽ ഉണർന്നു കളിക്കാൻ തുടങ്ങിയത്, എന്നാൽ ഉറച്ചു നിന്ന കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല.

ജാൻ ബെഡ്നരേക് നേടിയ ഗോളിൽ ആണ് പോളണ്ട് ജപ്പാനെ മറി കടന്നത്. ഫിഫയുടെ ഫെയർ പ്ലേ റൂളിലൂടെയാണ് ജപ്പാൻ തോൽവിയിലും അടുത്ത റൗണ്ടിലേക്ക് കയറുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫെയർ പ്ലേ റൂൾ ഉപയോഗിച്ച് ഒരു ടീം ഗ്രൂപ്പ് സ്റ്റേജ് കടക്കുന്നത്. തങ്ങളുടെ ആറാം ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ജപ്പാൻ നോക്ക് ഔട്ട് റൗണ്ടിൽ എത്തുന്നത്. ജപ്പാനെതിരെ 59ാം മിനിറ്റിലാണ് പോളണ്ടിന് വേണ്ടി ബെഡ്നാർക്ക് വിജയഗോൾ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ പോളണ്ട് നേരത്തേ പുറത്തായിരുന്നു. ആശ്വാസ ജയം എന്ന ചാരിതാർഥ്യത്തോടെ പോളിഷ് പടയ്ക്കു റഷ്യയിൽ നിന്നും വിമാനം കയറാം.

നേരത്തെ പോയിന്റ്, ഗോൾ ശരാശരി, അടിച്ച ഗോൾ തുടങ്ങിയവയിലെല്ലാം ഗ്രൂപ് എച്ചിൽ ജപ്പാനും സെനഗലും തുല്യത പാലിച്ചതോടെയാണ് ഫെയർപ്ലേയിലൂട ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിർണയിച്ചത്. മൂന്നു മൽസരങ്ങളിൽനിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡ് മാത്രം വാങ്ങിയപ്പോൾ, സെനഗൽ താരങ്ങൾ ആറു മഞ്ഞക്കാർഡ് വാങ്ങി. ഇത് സെനഗലിന് വിനയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍