UPDATES

ട്രെന്‍ഡിങ്ങ്

സ്വിസ് പട നെയ്മർ, പൗളിഞ്ഞോ, കുട്ടീഞ്ഞോ ലോകോത്തര സഖ്യത്തെ പിടിച്ചു കെട്ടിയത് ഇങ്ങനെയാണ്

മഞ്ഞപ്പടയ്ക്ക് രണ്ടു ഗോൾ വ്യത്യാസത്തിൽ ഒരു ഈസി വാക്കോവർ ആണ് കായിക ലോകവും പ്രവചിച്ചത്. എന്നാൽ എല്ലാ പ്രവചനങ്ങളും, നിരീക്ഷണങ്ങളും കാറ്റിൽ പറക്കുന്ന കാഴ്ചയാണ് റോസ്റ്റൊവിൽ സ്റ്റേഡിയത്തിൽ കണ്ടത്.

കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് സ്വിറ്റ്സർലാൻഡ് സാക്ഷാൽ ബ്രസീലിനെ നേരിടാൻ ഇറങ്ങിയത്. മഞ്ഞപ്പടയ്ക്ക് രണ്ടു ഗോൾ വ്യത്യാസത്തിൽ ഒരു ഈസി വാക്കോവർ ആണ് കായിക ലോകവും പ്രവചിച്ചത്. എന്നാൽ എല്ലാ പ്രവചനങ്ങളും, നിരീക്ഷണങ്ങളും കാറ്റിൽ പറക്കുന്ന കാഴ്ചയാണ് റോസ്റ്റൊവിൽ സ്റ്റേഡിയത്തിൽ കണ്ടത്. കാനറികളെ സ്വിസ് പട ഒരു ഗോളിന് സമനിലയിൽ തളച്ചു.

ബ്രസീലിന്റെ കടലാസിലെ കരുത്തിനെ ഭയക്കാതെ സ്വാഭാവികമായി കളിക്കുന്ന സ്വിസ് ടീമാണ് ആദ്യ മിനിറ്റുകളിൽ കണ്ടത്. ആദ്യ പതിനഞ്ചു മിനുട്ടിൽ നെയ്മറും, പൗളിഞ്ഞോയും നടത്തിയ നീക്കങ്ങൾ സ്വിസ്സ് പ്രതിരോധം ഭേദിച്ചില്ല. എന്നാൽ കുട്ടീഞ്ഞോ മധ്യനിരയുടെ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ചതോടെ കളിയുടെ ഗതി മാറി, ആ മാറ്റത്തിനു ഇരുപതാം മിനുട്ടിൽ ഫലവും കണ്ടു. ബോക്സിന് തൊട്ടുമുന്നിൽ ലഭിച്ച പന്ത് നിയന്ത്രിച്ചെടുത്ത് കുടീഞ്ഞോ തൊടുത്ത ബുള്ളറ്റ് ഷോട്ട് സ്വിസ് ഗോൾകീപ്പറിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 1–0.

രണ്ടാം ഗോളിനായി സമ്മർദ്ദം ചെലുത്തുന്ന ബ്രസീലിന്റെ മുന്നേറ്റ നിരയ്ക്ക് മുൻപിൽ സ്വിസ് പ്രതിരോധം ആടിയുലഞ്ഞു. മറു വശത്തു സ്വിസ് സ്‌ട്രൈക്കര്മാര് വെറും കാഴ്ചക്കാർ ആയി മാറി. ഭേദപ്പെട്ട പ്രതിരോധ നിര കൂടി ഇല്ലായിരുന്നെങ്കിൽ കാനറികൾ സ്വിസ് വലയിൽ രണ്ടിലധികം ഗോൾ അടിച്ചു കയറ്റിയേനെ. ആദ്യ പകുതിക്കു വിസിൽ മുഴക്കുമ്പോൾ സ്റ്റോക്ക് സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ ഷെർദാൻ ഷാക്കിരി നടത്തിയ ചില നല്ല മുന്നേറ്റങ്ങൾ മാത്രമായിരുന്നു സ്വിസ്സിന്റെ സംഭാവന. ആത്മവിശ്വാസത്തോടെയുള്ള പാസ്സുകൾ. ഗോളടിച്ച് മുന്നിൽ നിൽക്കുമ്പോഴും ആക്രമണ ഫുട്ബോൾ, ബ്രസീലിന്റെ ഈ രീതി ആണ് ഇപ്പോഴും ലോകകപ്പ് ജേതാക്കളുടെ സാധ്യത പട്ടികയിൽ ഒന്നാമതായി നില നിർത്തുന്ന ഘടകങ്ങൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 1 -0

ഒരു ഹോളിവുഡ് ത്രില്ലർ സിനിമയുടെ ക്ളൈമാക്സിന്റെ പ്രതീതി ആയിരുന്നു ആദ്യ പകുതിയുടെ ആരംഭത്തിന്, ട്വിസ്റ്റുകളുടെ പൂരം അതുവരെ ആടിയുലഞ്ഞ പ്രതിരോധം, നിഷ്ക്രിയമായ മുന്നേറ്റ നിരയും മാറ്റി മറിക്കാൻ ഇറങ്ങിയ സ്വിസ് പടയെ ആണ് കണ്ടത്. ആ പരിവർത്തനത്തിനു അധികം വൈകാതെ ഫലവും കണ്ടു. കോർണറിൽനിന്നും ഷാക്കിരി ഉയർത്തിവിട്ട പന്തിന് തലവച്ച് സ്യൂബർ സ്വിറ്റ്സര്‍ലൻഡിന് സമനില സമ്മാനിച്ചു, സ്‌കോർ 1 -1

സമനില ഗോളിന്റെ ആഘാതത്തിൽ മഞ്ഞപ്പട ലീഡ് നേടാൻ കഴിവതും ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി, സ്റ്റാർ സ്‌ട്രൈക്കർ നെയ്മർ തീർത്തും നിരാശപ്പെടുത്തി എന്ന് പറയേണ്ടി വരും. ബ്രസീലിന്റെ ഏകാധിപത്യത്തിൽ നിന്നും കളി പതിയെ പന്തു കൈവശം വയ്ക്കുന്നതിലും നീക്കങ്ങൾ മെനയുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമെന്ന അവസ്ഥയിലേക്ക് മാറി.

കളിയുടെ അവസാന മിനിറ്റുകളിൽ ലീഡ് നേടാൻ കാനറികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഐസ്ലാൻഡ് അർജന്റീന മത്സരം പോലെ തന്നെ സുന്ദരമായ ഡിഫൻസ് മൂവ്മെന്റുകളാൽ സ്വിസ് പട പൗളിഞ്ഞോ, കുട്ടീഞ്ഞോ, നെയ്മർ അടങ്ങുന്ന ലോകോത്തര സഖ്യത്തെ പിടിച്ചു കെട്ടി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍