UPDATES

കായികം

ആതിഥേയർക്ക് ഉറുഗ്വേ വക ഷോക് ട്രീറ്റ്മെന്റ്

മത്സരിച്ച മൂന്നു മത്സരങ്ങളും ജയിച്ചു ഒൻപതു പോയിന്റുമായി ഉറുഗ്വേ ഗ്രൂപ് ചാമ്പ്യന്മാരായി.

ആതിഥേയരായ റഷ്യയ്ക്ക് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉറുഗ്വേ വക ഷോക് ട്രീറ്റ്മെന്റ്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് സുവാരസും കൂട്ടരും റഷ്യൻ പടയെ തകർത്തത്. സുവാരസ്, കവാനി എന്നിവർ ഉറുഗ്വേക്ക് വേണ്ടി സ്‌കോർ ചെയ്തപ്പോൾ ചെറിഷേവിന്റെ വക സെല്ഫ് ഗോൾ ആയിരുന്നു മൂന്നാമത്തേത്. മത്സരിച്ച മൂന്നു മത്സരങ്ങളും ജയിച്ചു ഒൻപതു പോയിന്റുമായി ഉറുഗ്വേ ഗ്രൂപ് ചാമ്പ്യന്മാരായി.

മത്സരത്തിന് പത്തു മിനുട്ട് തികയും മുൻപ് ആതിഥേയരെ ഞെട്ടിച്ചു കൊണ്ട് ലൂയിസ് സുവാരസ് യുറഗ്വാക്ക് വേണ്ടി ഗോൾ നേടി. ബോക്സിനു തൊട്ടു മുന്നിൽ കവാനിയെ റഷ്യൻ ഡിഫൻഡർ ഗാസിൻകി വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് സൂപ്പർ തരാം സുവാരസ് ഗോളാക്കി മാറ്റി. സ്‌കോർ 1-0 , ലീഡ് നേടിയിട്ടും ഗോൾ ദാഹം അടങ്ങാത്ത ഉറുഗ്വൻ പട റഷ്യയുടെ പോസ്റ്റിലേക്ക് ഇരച്ചു കയറി കൊണ്ട് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ യുറഗ്വായെ വിറപ്പിച്ച് ആതിഥേയരും സാന്നിധ്യമറിയിക്കുന്ന കാഴ്ച.

കളിയുടെ ഇരുപത്തി മൂന്നാം മിനുട്ടിൽ ആതിഥേയർക്ക് വീണ്ടും പ്രഹരം ഏൽപ്പിച്ചു കൊണ്ട് ഉറുഗ്വേ ലീഡ് ഉയർത്തി. ബോക്സിനു പുറത്തുനിന്നും ലക്സാൾട്ട് തൊടുത്ത പൊള്ളുന്ന ഷോട്ട് ഡെനിസ് ചെറിഷേവിന്റെ ദേഹത്തു തട്ടി ഗതി മാറി വലയിലേക്ക്. ചെറിഷേവിന്റെ ടച്ച് ഉള്ളത് കൊണ്ട് സെല്ഫ് ഗോൾ ആയി റഫറി പ്രഖ്യാപിച്ചു. സ്കോർ 2–0,

ആദ്യ പകുതി അവസാനിക്കും മുൻപ് ചുവപ്പ് കാർഡിന്റെ രൂപത്തിലും റഷ്യൻ ടീമിന് പണി കിട്ടി. ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ മഞ്ഞ കണ്ട സ്മോൾനിക്കോവ് മുപ്പത്തിയാറാം മിനിറ്റിൽ അടുത്ത മഞ്ഞയും അതുവഴി ചുവപ്പും കണ്ട് മടങ്ങി. പ്രീക്വാർട്ടറിലും ഇനി താരത്തിന് കളിക്കാനാവില്ല. ആദ്ദ്യ പകുതി അവസാനിക്കുമ്പോൾ ഉറുഗ്വേ 2 – റഷ്യ 0 .

ആതിഥേയരായ റഷ്യയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടം കേവലം ഗ്രൂപ് എ ചാമ്പ്യന്മാർ ആരെന്നു നിശ്ചയിക്കാൻ ഉള്ള മത്സരം മാത്രമാണ്, ഈ ലോകകപ്പിൽ ഏറ്റവും ശ്രദ്ധേയം ആയ മുന്നേറ്റം നടത്തിയ ടീമുകളിൽ ഒന്നാണ് ആതിഥേയർ കൂടിയായ റഷ്യ, ആദ്യ മത്സരത്തിൽ സൗദിയെ മറുപടിയില്ലാത്ത അഞ്ചു ഗോളിനും, രണ്ടാം മത്സരത്തിൽ ഈജിപ്തിനെ ഒന്നിനിനെതിരെ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചപ്പോൾ ഉറുഗ്വേ ഇരു ടീമുകളോടും ഏകപക്ഷീയം ആയ ഒരു ഗോളിനാണ് കഷ്ട്ടിച്ചു രക്ഷപ്പെട്ടത്. എന്നാൽ റഷ്യക്കെതിരെ ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച പ്രകടനമാണ് ഉറുഗ്വേ പുറത്തെടുത്തത്.

ഗസിന്‍സ്‌കിക്ക് പകരം കുസ്യാവേ കളത്തില്‍ ഇറക്കി കൊണ്ടാണ് റഷ്യ ആദ്യ പകുതി ആരംഭിച്ചത്, പത്തു പേരുമായി കളത്തിലിറങ്ങിയിട്ടും ഉറുഗ്വൻ നിരയെ ഫലപ്രദമായി പ്രതിരോധിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു, കളിയുടെ 48 മിനുട്ടിൽ പോസ്റ്റിന് തൊട്ടുമുന്നില്‍ കുറ്റപ്പോവ് സുവാരസിനെ ഫൗള്‍ ചെയ്തതിന് ഉറുഗ്വായ്ക്ക് ഫ്രീകിക്ക്. കവാനിയുടെ ഷോട്ട് റഷ്യ പ്രതിരോധത്തില്‍ തട്ടി തെറിച്ചു. രണ്ടാം പകുതിയിലും സുവാരസും കൂട്ടരും ആക്രമണം തുടർന്നെങ്കിലും അവസരങ്ങൾ തുലച്ചത് വിനയായി, 70 മിനുട്ടിൽ പോസ്റ്റ് ലക്ഷ്യമാക്കി കവാനിയുടെ ലോങ് റേഞ്ചര്‍. ലക്ഷ്യം തെറ്റി പന്ത് പുറത്തേക്ക്‌ പോയി. കളിയുടെ അവസാന പത്ത് മിനുട്ടിൽ ഉറുഗ്വേ കൂടുതൽ നീക്കങ്ങൾ നടത്തിയപ്പോൾ റഷ്യ പ്രതിരോധത്തിലൂന്നിയ കളിയാണ് കാഴ്ച വെച്ചത്. മത്സരം അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കെ കവാനി ഉറുഗ്വേയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഫൈനൽ വിസിൽ വീഴുമ്പോൾ സ്‌കോർ ഉറുഗ്വേ 3 – 0 റഷ്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍