UPDATES

കായികം

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഉറുഗ്വേയ്; ആശ്വാസ ജയം തേടി സൗദി

കടലാസിൽ ഉറുഗ്വേ ആണ് ശക്തം എങ്കിലും ഒരട്ടിമറി നടത്തിയാൽ മാത്രമേ സൗദിയുടെ പ്രീ ക്വൊർട്ടർ പ്രവേശനത്തിന് എന്തെങ്കിലും സാധ്യതയുള്ളൂ എന്നത് കൊണ്ട് ഒരു ജീവന്മരണ പോരാട്ടം പ്രതീക്ഷിക്കാം

ലോകകപ്പിലെ ഗ്രൂപ് മത്സരങ്ങളിലെ രണ്ടാം റൗണ്ട് തുടരുകയാണ്, ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് എ യില്‍ ഉറുഗ്വേയ് സൗദി അറേബിയയെ നേരിടും. ആദ്യ മത്സരത്തില്‍ ഈജിപ്തിന്റെ വെല്ലുവിളി അതിജീവിച്ചു കൊണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ച ശേഷമാണ് ഉറുഗ്വേയ് ഇന്നിറങ്ങുന്നതെങ്കില്‍ റഷ്യയോട് 5 -0 ന് തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണത്തിലാണ് സൗദി.
നിലവില്‍ 3 പോയിന്റുമായി ഉറുഗ്വേയ് രണ്ടാമതും പോയന്റോന്നും ഇല്ലാതെ സൗദി നാലാമതും ആണ്. ഗ്രൂപ് മത്സരങ്ങളിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ആണ് പ്രീ-ക്വര്‍ട്ടറിലേക്കു യോഗ്യത നേടുക. റോസ്റ്റോ അരേന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 8.30 ന് ആണ് മത്സരം.

ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലായുടെ അഭാവത്തിലും ഈജിപ്തുയുമായി ഏറെ വിയര്‍പ്പൊഴുക്കിയ ശേഷമാണ് ഉറുഗ്വന്‍ പട വിജയം കണ്ടത്. ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയ ലൂയി സ്വാരസും എഡിസന്‍ കവാനിയും ഇനിയും തങ്ങളുടെ യഥാര്‍ത്ഥ പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഉറുഗ്വേ വലയുമെന്നുറപ്പാണ്, തൊണ്ണൂറാം മിനുട്ടില്‍ സെന്റര്‍ ബാക്ക് ഗമേനസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് ഉറൂഗ്വെ ഈജിപ്തിനെതിരെ വിജയം കണ്ടെത്തുന്നത്.സാഞ്ചസും, ഗമനേസും കളം നിറഞ്ഞു കളിക്കുന്നുണ്ട്, ഒപ്പം പ്രതിരോധ നിരയും ഭദ്രമാണെന്നതാണ് ഉറുഗ്വേ കാമ്പിന്റെ ആശ്വാസം. ഈജിപ്തിനെതിരെ ഉള്ള മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇന്ന് ഉണ്ടാകാന്‍ സാധ്യത ഇല്ല. ഇന്നത്തെ മത്സരം ജയിച്ചു പ്രീ ക്വര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാനാവും സുവാരസും കൂട്ടരും ശ്രമിക്കുക.

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ റഷ്യക്കെതിരെയുള്ള ദയനീയ തോല്‍വിയുടെ ഷോക്കില്‍ നിന്നും മുക്തമാകാന്‍ സൗദിക്ക് ഇന്നൊരു സമനില എങ്കിലും അനിവാര്യമാണ്. ഗോള്‍ പൊസഷനില്‍ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തില്‍ റഷ്യ ബഹുദൂരം മുന്നിലായിരുന്നു. ചെറിഷേവ്, ഗസിന്‍സ്‌കി മുന്നേറ്റ നിരക്ക് മുന്നില്‍ സൗദി പ്രതിരോധം തകര്‍ന്നടിഞ്ഞു. 65 % ബോള്‍ പൊസഷന്‍ കാത്തു സൂക്ഷിച്ചിട്ടും ഗോളൊന്നും നേടാനാവാത്തത് സല്‍മാന്‍ അല്‍ ഫറജനയിക്കുന്ന മുന്നേറ്റ നിരയുടെ ദൗര്‍ബല്യം ആണ് ചൂണ്ടി കാണിക്കുന്നത്. ഇത് തന്നെ ആണ് ഉറുഗ്വേക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ കോച് അന്റോണിയോ പിസിയുടെ പ്രധാന തലവേദനയും. കടലാസില്‍ ഉറുഗ്വേ ആണ് ശക്തം എങ്കിലും ഒരട്ടിമറി നടത്തിയാല്‍ മാത്രമേ സൗദിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് എന്തെങ്കിലും സാധ്യതയുള്ളൂഎന്നത് കൊണ്ട് ഒരു ജീവന്മരണ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ന് പരാജയപ്പെട്ടാല്‍ ഏഷ്യന്‍ പടയ്ക്കു പൂജ്യരായി നാട്ടിലേക്കു മടങ്ങാം.

ഉറുഗ്വേയും സൗദിയും പരസ്പരം രണ്ടു തവണ ഏറ്റു മുട്ടിയിട്ടുണ്ട്, 2002 ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ സൗദി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഉറുഗ്വേയെ അട്ടിമറിച്ചിരുന്നു, മറ്റൊരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍