UPDATES

കായികം

ANALYSIS: ക്രോട്ടും ഫ്രഞ്ചും ഫൈനലില്‍ എത്തിയത് എങ്ങനെ?

പ്രഗത്ഭരായ കാൽപ്പന്തു കളി നിരീക്ഷകരുടെയെല്ലാം പ്രവചനങ്ങളെ  കാറ്റിൽ പറത്തിയ ലോകകപ്പ് ടൂര്ണമെന്റായിരുന്നു റഷ്യയിലേത്.

നിലവിലെ ചാമ്പ്യന്മാരായ ജർമനി, അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ, സ്പെയിൻ, അർജന്റീന തുടങ്ങിയ വമ്പൻമാർക്ക് പ്രവേശനം ഇല്ലാത്ത ഫൈനലിലേക്ക് ക്രൊയേഷ്യ, അവിടെ അവരെ കാത്തിരിക്കുന്നത് ഫ്രാൻസ്. പ്രഗത്ഭരായ കാൽപ്പന്തു കളി നിരീക്ഷകരുടെയെല്ലാം പ്രവചനങ്ങളെ  കാറ്റിൽ പറത്തിയ ലോകകപ്പ് ടൂര്ണമെന്റായിരുന്നു റഷ്യയിലേത്. വോൾഗയുടെ തീരത്ത് അവസാന ചിരി ആരുടേതാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ മണിക്കൂറുകൾ മാത്രം.

രണ്ടാം കിരീടത്തിനായി ഫ്രാന്‍സും കന്നിക്കിരീടത്തിനായി ക്രൊയേഷ്യയും പൊരുതുമ്പോള്‍ ലുഷിൻക്കി സ്റ്റേഡിയത്തിൽ  മത്സരം കടുക്കുമെന്നുറപ്പ്. 1998-ല്‍ കിരീടം ചൂടിയതിന് ശേഷം ഫ്രാന്‍സിനിത് മൂന്നാം ഫൈനലാണ്. 2006-ല്‍ സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കലാശപ്പോരില്‍ ഇറ്റലിയോട് തോല്‍ക്കാനായിരുന്നു അവരുടെ വിധി. വീണ്ടും കപ്പുയര്‍ത്താന്‍ ദിദിയര്‍ ദെഷാംപ്‌സ് ഒരുങ്ങുമ്പോള്‍ മികച്ചൊരു ടീം തന്നെ കൂടെയുണ്ട്. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശരാശരി പ്രകടനം മാത്രമാണ് ഫ്രഞ്ച് പട കാഴ്ചവെച്ചത്. രണ്ട് ജയവും ഒരു സമനിലയും.എന്നാൽ പ്രീ ക്വാർട്ടർ മുതൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ആധികാരിക ജയം നേടി കൊണ്ട് ഫ്രഞ്ച് പട തിരിച്ചു വരവ് ഗംഭീരമാക്കി.

ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് ഫ്രാൻസ് റഷ്യൻ ലോകകപ്പ് ഉത്ഘാടനം ചെയ്‍തത് . എന്നാൽ പെറുവിനും ഡെന്മാർക്കിനുമെതിരെ ഏറെ പണിപ്പെട്ടാണ് യഥാക്രമം ജയവും സമനിലയും ഒപ്പിച്ചെടുത്തത് . നോക് ഔട്ട് റൗണ്ടിൽ എത്തിയതോടെ കളി മാറി.  പ്രീക്വാർട്ടറിൽ അര്‍ജന്റീനയെന്ന പ്രതാപികളെ തകര്‍ത്തത് മൂന്നിനെതിരെ നാല് ഗോളിന്. ക്വാര്‍ട്ടറില്‍ യുറൂഗ്വെയെ മറുപടിയില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. സെമിയില്‍ സുവര്‍ണ പ്രതീക്ഷകളുമായെത്തിയ ബെല്‍ജിയത്തെയും ഏകപക്ഷീയമായ ഒരു ഗോളിന്  തോൽപ്പിച്ച് കലാശപ്പോരിന് ടിക്കറ്റ് എടുത്തു.

ഫേവറിറ്റുകൾ എന്ന് ഫുട്ബാൾ ലോകം നിരീക്ഷിച്ച വമ്പന്മാർക്കെല്ലാം റഷ്യയിൽ അടി തെറ്റിയപ്പോൾ അതിനൊരപവാദം ഫ്രാൻസ് മാത്രമായിരുന്നു. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ഫ്രാന്‍സ് മെച്ചപ്പെടുന്നതാണ് കാണാനായത്. അര്‍ജന്റീനക്കെതിരെയും സെമിയില്‍ ബെല്‍ജിയത്തിനെതിരെയും ഒന്നാന്തരം കളി തന്നെ പുറത്തെടുത്തു. സെമിയില്‍ ടീമിലെ സകലരും അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അവസരം കിട്ടിയപ്പോഴൊക്കെ ആക്രമിച്ചു കളിച്ചു, അവസരങ്ങള്‍ സൃഷ്ടിച്ചു. പോഗ്ബയും മറ്റ്യൂടിയും പന്ത് സപ്ലൈ ചെയ്തപ്പോള്‍ ഗ്രീസ്മാന്‍ ആക്രമണം നയിച്ചു. പ്രത്യാക്രമണങ്ങളെ ഒന്നിച്ചു നിന്ന് പ്രതിരോധിച്ചു.

ഫ്രാൻസ് 1998-ൽ  ലോകകിരീടം നേടുമ്പോൾ ജനിച്ചിട്ട് പോലുമില്ലത്ത ഒരു പത്തൊൻപതുകാരൻ ആണ് റഷ്യയിൽ ഫ്രാൻസിന്റെ ഹീറോ ആയി മാറിയത്. . ഈ ലോകകപ്പില്‍ ഇതിനകം മൂന്നു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പില്‍ മൂന്നു ഗോളുകള്‍ നേടിയ ആദ്യ യുവ താരം കൂടിയാണ് എംബാപ്പെ.

PREVIEW: ഫ്രാാാ ന്‍സ്.. × ക്രൊയേ.. ഷ്യാാാ

റയല്‍ താരം വരാനും ബാഴ്സയുടെ കാവലാള്‍ ഉംറ്റിറ്റിയുടെയും പരസ്പര ധാരണ എടുത്തുപറയണം. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്മാരെ സാക്ഷി നിർത്തി കൊണ്ട് പ്രതിരോധ നിരക്കാരൻ ഉംറ്റിറ്റി ആണ് സെമിയിൽ ബൽജിയത്തിനെതിരെ വിജയഗോൾ നേടിയത്. ആദ്യ പകുതിയില്‍ നാലോളം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഫ്രാന്‍സിന് രണ്ടാം പകുതിയിലെ തുടക്കത്തില്‍ തന്നെ ലീഡ് നല്‍കിയ ഉംറ്റിറ്റിയുടെ ആ ഗോളായിരുന്നു ഗ്രിസ്മാനും സംഘത്തിനെയും ഫൈനല്‍ പ്രവേശനത്തിലേക്ക് നയിച്ചത്. 51-ാം മിനുട്ടില്‍ ഗ്രീസ്മാന്‍ എടുത്ത കോര്‍ണര്‍ കിക്ക് ഉംറ്റിറ്റിയുടെ ഹെഡ്ഡറിലൂടെ പന്ത് ബെല്‍ജിയത്തിന്റെ പോസ്റ്റിലെത്തുകയായിരുന്നു.

രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സിന്റെ യുവനിരക്ക് ഇത് രണ്ടാം ഫൈനലാണ്. യൂറോ കപ്പ് പോര്‍ച്ചുഗലിന് പണയം വെച്ചതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് ലോകകപ്പിലെ അവരുടെ പ്രകടനം. ബോധ്യപ്പെടുത്തുന്നു.

“ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരും, ഫുട്ബാൾ പണ്ഡിതരും ഞങ്ങളെ വില കുറച്ചു കണ്ടു അതായിരുന്നു അവരുടെ പിഴ ” ലൂക്ക മോഡ്രിച് എന്ന ക്രൊയേഷ്യൻ സൂപ്പർ താരം ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിന് ശേഷം നടത്തിയ പ്രതികരണമാണിത്. 42 ലക്ഷം പേര്‍ മാത്രമുള്ള ലോകത്തെ കുഞ്ഞന്‍ രാജ്യങ്ങളിലൊന്നാണ് വിശ്വ വിജയത്തിനായുള്ള പടയോട്ടം പൂര്‍ത്തിയാക്കാനായി കാത്തുനില്‍ക്കുന്നത്. ക്രൊയേഷ്യയുടെ കുതിപ്പ് മോഡ്രിച് പറഞ്ഞത് പോലെ ആരും പ്രതീക്ഷിച്ചതല്ല.

ഇംഗ്ളീഷുകാരെ കെട്ടുകെട്ടിച്ച് ആണ്  ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ ഇടം നേടിയത്.  രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മറി കടന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മോഡ്രിച്ചും സംഘവും അവിസ്മരണീയമായ തിരിച്ചു വരവ് നടത്തിയത്.ഈ ലോകകപ്പിലെ മികച്ച കളി പുറത്തെടുത്ത ടീമുകളില്‍ ഒന്ന് ക്രൊയേഷ്യയാണ്. ഉജ്ജ്വലമായാണവര്‍ ലോകകപ്പ് ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ഫേവറിറ്റുകളായ അര്‍ജന്റീനയ്‌ക്കെതിരെ 3-0ന്റെ അട്ടിമറി ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ 2-1ന്റെ ജയം. അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്.  നന്നായി തുടങ്ങി പിന്നീടല്‍പം നിറം മങ്ങിയ പ്രകടനമാണ് ലൂക്ക മോഡ്രിച്ചിന്റെ ടീം പിന്നീട് പുറത്തെടുത്തത്. ഐസ്ലാന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ അല്‍പം ബുദ്ധിമുട്ടിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയും ക്വാര്‍ട്ടറില്‍ റഷ്യക്കെതിരെയും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പിച്ചത്.

PREVIEW: എംബാപ്പെയ്ക്കും ഗ്രീസ്മാനും മോഡ്രിച്ചിനെ മറികടക്കാനാകുമോ?

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ക്രൊയേഷ്യക്ക് അത്ര ശുഭകരമല്ലാതാകുന്നത് മുഴുവന്‍ സമയത്തും അധികസമയത്തും സമനില വഴങ്ങി എന്നതുകൊണ്ട് മാത്രമല്ല സമ്മര്‍ദ്ദമേറിയ മത്സരങ്ങളില്‍ ദീര്‍ഘനേരം ഗ്രൗണ്ടില്‍ ചിലവിടേണ്ടിവന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെയും ബാധിച്ചിരിക്കുമെന്നതിനാലാണ്.തുടർച്ചയായ മൂന്നു മത്സരങ്ങളിലും ക്രൊയേഷ്യൻ താരങ്ങൾ കളിക്കളത്തിൽ രണ്ടു മണിക്കൂറിനു മുകളിൽ ചെലവഴിച്ചിരുന്നു.

ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറുടെയും മധ്യനിരയുടെയും സാന്നിധ്യമാണ് ക്രൊയേഷ്യയുടെ കരുത്ത്. ലൂക്ക മോഡ്രിച്ച് എന്ന താരത്തിന്റെ പ്രതിഭാവിലാസം ലോകം അംഗീകരിച്ചത് ഈ ലോകകപ്പിലാണ്. മധ്യനിരയില്‍ കളിമെനയുന്നതിലും അവ വേഗത്തില്‍ എതിര്‍ ഗോള്‍ മുഖത്തെത്തിക്കുന്ന മുന്നേറ്റങ്ങളാക്കി മാറ്റുന്നതിലും മോഡ്രിച്ചും സംഘവും അസാധാരണ മികവാണ് കാണിക്കുന്നത്. റാക്കിറ്റിച്ചും പെരിസിച്ചും ബ്രൊസോവിച്ചുമൊക്കെ ചേരുന്ന മധ്യനിര ലോകത്തെ തന്നെ മികച്ചതാണ്. മുന്നേറ്റത്തില്‍ മന്‍സൂക്കിച്ച് ക്രൊയേഷ്യക്ക് വേണ്ടത് നല്‍കുന്നുണ്ട്.

എട്ടു  ദിവസത്തിനിടെ 360  മിനിറ്റ് കളിച്ച താരങ്ങളുടെ ഫിറ്റ്‌നസ് തന്നെയാകും ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡെലികിന്നെ അലട്ടുന്ന ഘടകം. 1998-ല്‍ ഫ്രാന്‍സിനോട് സെമിയില്‍ തോറ്റ് നെതര്‍ലന്‍ഡിനെ തോല്‍പിച്ച് മൂന്നാംസ്ഥാനം നേടിയിട്ടുള്ള ക്രൊയേഷ്യയുടെ കടുത്ത ആരാധകര്‍ പോലും ഈ ലോകകപ്പ് ഫൈനൽ  സ്വപ്നം കണ്ടിരിക്കാനിടയില്ല. ഒരു  ജയം മാത്രമകലെ നില്‍ക്കുന്ന ലോകകിരീടം നേടാന്‍ അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാകുമിത്.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഫ്രാന്‍സ് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍