UPDATES

ട്രെന്‍ഡിങ്ങ്

കവാനി കവര്‍ന്നു റൊണാള്‍ഡോയുടെ സ്വപ്നം

ഉറുഗ്വേ പോർചുഗലിനെ മറികടന്ന് റഷ്യ ലോകകപ്പിന്റെ ക്വാർട്ടറിൽ

സോച്ചിയിലെ മൈതാനത്ത് ഇന്ന് റൊണാൾഡോ മാജിക് പ്രതീക്ഷിച്ചവർക്ക് എഡിസൺ കവാനിയുടെ വൺ മാൻ ഷോ. കവാനിയുടെ ഇരട്ട ഗോളിന്റെ മികവിൽ ഉറുഗ്വേ പോർചുഗലിനെ മറികടന്ന് റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. പെപെ ആണ് പോർച്ചുഗലിന്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ എഡിസൺ കവാനി ഗോൾ നേടി കൊണ്ട് പറങ്കിപ്പടയെ ഞെട്ടിച്ചു. ലാറ്റിനമേരിക്കൻ ഫുട്ബാൾ സൗന്ദര്യം ഒരു മിത്തല്ലെന്നു തെളിയിക്കുന്ന മനോഹര ഗോൾ, ഇടതുവിങ്ങിൽനിന്നും ലൂയി സ്വാരസ് ഉയർത്തി നൽകിയ പന്തിൽ കവാനിയുടെ ബുള്ളറ്റ് ഹെഡർ. പന്ത് വലയിൽ. ആദ്യ മിനുട്ട് മുതൽ ഗോളിന് വേണ്ടി സമ്മർദം ചെലുത്തിയത് പോർച്ചുഗൽ ആണെങ്കിൽ ലീഡ് നേടിയത് ഉറുഗ്വേ സ്കോർ 1–0 പന്തു കൈവശം വയ്ക്കുന്നതിലും ആക്രമണങ്ങളിലും പോർച്ചുഗൽ ആതിപത്യം തുടർന്നെങ്കിലും ഉറുഗ്വേ പ്രതിരോധം ഉറച്ചു നിന്നു.

ഒറ്റപ്പെട്ട ചില കൗണ്ടർ അറ്റാക്കുകൾ ഉറുഗ്വേയും നടത്തി. ഇരുപത്തിയൊന്നാം മിനുട്ടിൽ ബോക്‌സിന് തൊട്ടുപുറത്ത് സുവാരസിനെ ഫോണ്ടെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് യുറഗ്വായ്ക്ക് ഫ്രീകിക്ക്. സുവാരസിന്റെ ഷോട്ട് ഗോളി പട്രീഷ്യോ തട്ടിയിട്ടു. തിരിച്ചടിക്കാൻ ഉള്ള പോർച്ചുഗലിന്റെ ശ്രമങ്ങൾ എല്ലാം ഉറുഗ്വേ പ്രതിരോധത്തിന് മുന്നിൽ തകരുന്ന കാഴ്ചയാണ് ആയ പകുതിയിൽ ദൃശ്യമായത്. മുപ്പത്തിയൊന്നാം മിനുട്ടിൽ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് പോര്‍ച്ചുഗലിന് ഫ്രീകിക്ക്. ക്രിസ്റ്റ്യാനോയുടെ ഷോട്ട് പിഴച്ചു.
പത്തു മിനുട്ട് വ്യത്യാസത്തിൽ ലീഡ് ഉയർത്താൻ ലഭിച്ച രണ്ട് സുവര്ണാവസരങ്ങൾ കവാനി കളഞ്ഞു കുളിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഉറുഗ്വേ 1 -0 പോർച്ചുഗൽ.

ആദ്യ പകുതിയുടെ ആവർത്തനം പോലെ രണ്ടാം പകുതിയിലും പോർച്ചുഗൽ മുന്നേറ്റം, പെപ്പെയും, റൊണാൾഡോയും ഉറുഗ്വേൻ ഗോളി മുസ്ലിരിയെ പല തവണ പരീക്ഷിച്ചു, കളിയുടെ 55 മിനുട്ടിൽ സമനില ഗോൾ എത്തി, 55-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു പെപ്പെയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍. റാഫേല്‍ ഗ്യുറെയ്‌റോയുടെ ഇടങ്കാലന്‍ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പെപ്പെയ്ക്ക് തല കൊണ്ട് കുത്തി വലയിലെത്തിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1-1
അങ്ങനെ റഷ്യൻ ലോകകപ്പിൽ ഉറുഗ്വേ ആദ്യ ഗോൾ വഴങ്ങി.

എന്നാൽ പറങ്കികളുടെ ആശ്വാസത്തിന് ആയുസ്സ് തീരെ കുറവായിരുന്നു മിനിറ്റുകൾക്കുള്ളിൽ വീണ്ടും കവാനിയുടെ ബൂട്ടിൽ നിന്നു ഗോൾ പിറന്നു. ബോക്‌സിന്റെ ഇടതു ഭാഗത്ത് നിന്നുള്ള കവാനിയുടെ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയില്‍ തന്നെ ചെന്നു പതിച്ചു. ഉയര്‍ന്നു ചാടിയ പോര്‍ച്ചുഗീസ് ഗോളി പട്രീഷ്യോയെ മറി കടന്നു പന്ത് വലയിൽ. സ്കോർ ഉറുഗ്വേ 2 പോർച്ചുഗൽ 1.  ബെന്റാന്‍ക്യൂറിനെ കയറ്റി ഉറുഗ്വേയ് ക്രിസറ്റിയന്‍ റോഡ്രിഗ്യൂസിനെ ഇറക്കിയപ്പോൾ അഡ്രിയാന്‍ സില്‍വയെ പിന്‍വലിച്ച് ആക്രമണത്തിന്റെ മൂർച്ച കൂറ്റൻ കരിസ്മയെ ഇറക്കി, മത്സരത്തിന്റെ എഴുപത്തി നാലാം മിനുട്ടിൽ പരിക്കേറ്റ ഗോള്‍ സ്‌കോറര്‍ കവാനിയെ പിന്‍വലിച്ച് ഉറുഗ്വേയ് സ്റ്റുവാനിയെ ഇറക്കി.

അവസാന പത്തു മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം നാലു പോർച്ചുഗൽ താരങ്ങൾ ലോങ്ങ് റേഞ്ച് ഷോട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, മാനുവല്‍ ഫെര്‍ണ്ടാസിന്റെ ലോങ് റേഞ്ചര്‍ ഗോളി മുസ്ലേര കൈയിലൊതുക്കിയപ്പോൾ ക്രിസ്റ്റ്യാനോയുടെ ലോങ് റേഞ്ചര്‍ ലക്ഷ്യം തെറ്റി പുറത്തേക്ക്‌. നിശ്ചിത സമയത്തിന് ശേഷം നാലു മിനുട്ട് എക്സ്ട്രാ ടൈം അനുവദിച്ചെങ്കിലും കമന്ററുടെ ഭാഷ കടം എടുത്താൽ വിപ്ലവ ഉറുഗ്വൻ പ്രതിരോധം തകർക്കാൻ റൊണാൾഡോയ്ക്കും കൂട്ടർക്കും കഴിഞ്ഞില്ല. അവസാന സ്‌കോർ ഉറുഗ്വേ 2 പോർച്ചുഗൽ 1.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍