UPDATES

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ്: പുടിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം

അഴിമുഖം പ്രതിനിധി

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ വ്‌ളാഡ്മിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയ്ക്ക് വമ്പന്‍ ജയം. 450 അംഗങ്ങളുള്ള റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെ അധോസഭയിലെ(ഡ്യൂമ) 343 സീറ്റുകളും പുടിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടി. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തും തീവ്ര ദേശീയവാദ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്. 2011 നു ശേഷമുള്ള ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്.

93 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 54.2 ശതമാനം വോട്ടുകളാണ് യുണൈറ്റഡ് റഷ്യ പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13 ശതമാനം വോട്ടുകളെ നേടാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടി 238 സീറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടി 92 സീറ്റുമായിരുന്നു നേടിയത്. 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പുടിന് ഈ വിജയം നിര്‍ണായകമാവും. കഴിഞ്ഞ പതിനേഴു വര്‍ഷമായി റഷ്യ പുടിന്റെ ഭരണത്തിലായിരുന്നു.

‘റഷ്യയിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന്’ പറഞ്ഞുകൊണ്ടാണ് പുടിന്‍ മാധ്യമങ്ങളേ കാണാന്‍ എത്തിയത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നടന്ന റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുടിന്‍ വമ്പിച്ച വിജയം നേടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് റഷ്യ ഇപ്പോള്‍ നേരിടുന്നത്. സിറിയയിലെ സൈനിക ഇടപെടലില്‍ അടക്കമുള്ള റഷ്യയുടെ നിലപാടുകള്‍ കാരണം അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍