UPDATES

വിദേശം

റഷ്യന്‍ വിപ്ലവത്തിന് 100; റഷ്യക്കാര്‍ക്ക് താത്പര്യമില്ല

വലിയ സാമ്പത്തിക അസമത്വവും മൗലിക അവകാശങ്ങളുടെ ലംഘനവും നടക്കുന്ന സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഒരു സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന വേവലാതിയാണ് ചിലരെങ്കിലും പങ്കുവെക്കുന്നത്.

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടെന്ന് ക്രെംലിന്‍ തീരുമാനിച്ചു.

സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് രാജ്യത്തും ലോകത്തിലും വലിയ മാറ്റങ്ങള്‍ക്കും ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കും കാരണമായതാണ് 1917ലെ വിപ്ലവം. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിന്റെ തുടക്കത്തിനും പാശ്ചാത്യരാജ്യങ്ങളുമായി ഇപ്പോഴും പ്രതിഫലിക്കുന്ന പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചത് റഷ്യന്‍ വിപ്ലവമായിരുന്നു.

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമായി സാധാരണ കണക്കാക്കപ്പെടുന്ന മാര്‍ച്ച് 12 ഞായറാഴ്ച റഷ്യയില്‍ ദേശീയ അവധി പ്രഖ്യാപിക്കില്ല. രണ്ടാം ലോക മഹായുദ്ധം ഒരു ‘വലിയ വിജയമായിരുന്നു’ എന്നത് പോലെയുള്ള നിര്‍ബന്ധിതമായ പ്രസ്താവനകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ആ നിര്‍ണായക വര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെ കടുത്ത വിഭജനത്തിലേക്ക് നയിച്ചുവെന്നാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഔദ്യോഗിക കാരണമായി പറയുന്നത്. വിപ്ലവം എന്ന വാക്കിനോട് പോലും ഇപ്പോഴത്തെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അറപ്പാണെന്നും ഏതെങ്കിലും ഒരു ഭരണാധികാരിയെ പുറത്താക്കിയത് ആഘോഷിക്കുന്നതിനായി റഷ്യക്കാര്‍ തെരുവില്‍ നൃത്തം ചെയ്യുന്നത് അദ്ദേഹത്തിന് ആലോചിക്കാന്‍ പോലും സാധിക്കില്ല എന്നതുമാണ് വാര്‍ഷികം ആഘോഷിക്കാതിരിക്കുന്നതിന് കൂടുതല്‍ യുക്തിസഹമായ കാരണം എന്നാണ് ചില ക്രെംലിന്‍ ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും ചില നിരീക്ഷകരും പറയുന്നത്.

മാത്രമല്ല, ദേശാഭിമാനവും പ്രത്യേക ലക്ഷ്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനായി ദീര്‍ഘമായ, മഹത്വത്തിലേക്ക് ഏകീകൃതമായി ചുവടുവെക്കുന്ന ഒരു റഷ്യ എന്ന ക്രെംലിന്റെ ചരിത്രവായനയെ തമസ്‌കരിക്കുന്നതാണ് 1917ലെ വിപ്ലവം. ആഭ്യന്തര ഭിന്നതകള്‍ ഒഴിവാക്കുക എന്ന ഔദ്യോഗിക നയത്തില്‍ ഉറച്ചുനില്‍ക്കാനാണ് ക്രെംലിന്‍ ആഗ്രഹിക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം.

‘ഒരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉദാത്ത റഷ്യയുടെ മരണക്കിണറായിരുന്നു വിപ്ലവം. യൂറോപ്പില്‍ നമ്മുടെ വികസനം നമ്മള്‍ തന്നെ നിറുത്തിവെച്ചപ്പോള്‍ ഫലത്തില്‍ അതൊരു ‘ബ്രക്‌സിറ്റ്’ ആയിരുന്നു,’ എന്നാണ് സംസ്‌കാരിക കാര്യങ്ങള്‍ക്കുള്ള പുടിന്റെ പ്രത്യേക പ്രതിനിധി മിഖായേല്‍ ഷിഡ്‌കോയ് പറയുന്നത്. ഒരു വിപ്ലവപൂര്‍വ കൊട്ടാരമായ സെന്‍ട്രല്‍ ഹൗസ് ഓഫ് റൈറ്റേഴ്‌സിലെ പലകയടിച്ച് നിര്‍മ്മിച്ച ഒരു കഫേയില്‍ വച്ച് നല്‍കിയ ഒരഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. ‘മറ്റ് ചിലരെ സംബന്ധിച്ചിടത്തോളമാവട്ടെ സോവിയറ്റ് ഭൂതകാലമായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍.’ രാജ്യത്തെ ഏകോപിപ്പിച്ച് നിറുത്താനാണ് പുടിന്‍ ആഗ്രഹിക്കുന്നത്. ഷിഡ്‌കോയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘സര്‍ക്കാര്‍ തലത്തിലുള്ള അത്തരം ഏതെങ്കിലും ആഘോഷങ്ങള്‍ വിഭാഗീയത വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ.’

മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ സാറുകളെ പുറത്താക്കി എന്ന് സോവിയറ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് അപ്പുറം 1917ല്‍ രണ്ട് വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്.

സാറിനെ പുറത്താക്കുകയും സാര്‍വത്രിക വോട്ടവകാശം പോലെയുള്ള പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത ഫെബ്രുവരി വിപ്ലവം (മാറിയ കലണ്ടര്‍ പ്രകാരം ഇപ്പോള്‍ മാര്‍ച്ചില്‍ സംഭവിക്കുന്നത്) ആയിരുന്നു ആദ്യത്തേത്. എന്നാല്‍ എട്ടുമാസങ്ങള്‍ക്ക് ശേഷം, ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാജ്യത്തിന് അടിത്തറ പാകിക്കൊണ്ട് ലെനിനും അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന ബോള്‍ഷെവിക് വിഭാഗവും ചേര്‍ന്ന് നടത്തിയ പ്രശംസനീയമായ അട്ടിമറിയായിരുന്നു മറ്റൊന്ന്.

റഷ്യന്‍ ചരിത്രത്തെകുറിച്ച് വലിയ അഭിമാനത്തോടെ സംസാരിക്കുന്ന പുടിന്‍ വിപ്ലവത്തെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് പുലര്‍ത്തിപ്പോരുന്നത്.

‘ഇത്തരം മഹത്തായ ഉയിര്‍പ്പുകള്‍ സംഭാവന ചെയ്യാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്’ എന്ന് ഡിസംബറില്‍ തന്റെ ഫെഡറേഷന്‍ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. ‘നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, 20-ാം നൂറ്റാണ്ടില്‍ നമ്മുടെ രാജ്യം അത്തരം ഉയിര്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചെയ്തു.’

‘നമുക്ക് ഒരു ലോക വിപ്ലവം ആവശ്യമില്ല,’ എന്ന് അതിന് മുമ്പ് നടന്ന ഒരു പൊതുപരിപാടിയില്‍ ലെനിനെ താഴ്ത്തിക്കെട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

സെമിനാറുകളും മറ്റും സംഘടിപ്പിക്കാന്‍ ഒരു പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ട് നൂറാം വാര്‍ഷീക ആഘോഷങ്ങള്‍ അക്കാദമിക് തലത്തിലേക്ക് പുടിന്‍ ഒതുക്കി.

ഇതിന് മുമ്പ്, അലെക്‌സാന്തര്‍ സോള്‍ഷനിസ്റ്റിന്‍ എഴുതിയ ഒരു ലേഖനത്തില്‍ കോടതിയും വിദ്യാസമ്പന്നരും തമ്മില്‍ ഉടലെടുത്ത ആഴത്തിലുള്ള അഭിപ്രായ വ്യത്യാസത്തോടൊപ്പം ജര്‍മ്മന്‍ ഇടപെടലും കൂടിച്ചേര്‍ന്നപ്പോഴാണ് മഹാവിപത്ത് ഉണ്ടായതെന്ന് വാദിച്ചിരുന്നു. റഷ്യ വളരെക്കാലമായി വിദേശ ആധിപത്യത്തിലായിരുന്നുവെന്നും ‘വര്‍ണ വിപ്ലവങ്ങള്‍’ സൃഷ്ടിച്ചുകൊണ്ട് പാശ്ചാത്യര്‍ ലോകത്തെമ്പാടും സൗഹൃദ ഭരണകൂടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമുള്ള ക്രെംലിന്‍ ആഖ്യാനത്തിന് ചേരുന്ന വ്യാഖ്യാനമാണിത്.

സ്വാഭാവികമായും യുഎസ് എന്ന ശത്രുവായി മുദ്രകുത്തുന്നതിനൊപ്പം ഉക്രെയ്‌നിലും ജോര്‍ജ്ജിയയിലും സമീപകാലത്ത് നടക്കുന്ന വര്‍ണ വിപ്ലവത്തിന്റെ വിഴുപ്പും കമ്മ്യൂണിസ്റ്റുകാര്‍ ചുമക്കേണ്ട അവസ്ഥയാണുള്ളത്.

വിപ്ലവത്തിന് നായക രൂപങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും പ്രസക്തമാണ്. അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നതിനാല്‍ നിക്കളോസ് രണ്ടാമന്‍ സര്‍ ചക്രവര്‍ത്തി ദുര്‍ബലനായിരുന്നു. പ്രവിശ്യ സര്‍ക്കാരുകളുടെ കേന്ദ്ര നേതൃത്വമായിരുന്ന അലക്‌സാണ്ടര്‍ എഫ് കെറെന്‍സ്‌കി കഴിവില്ലാത്ത ആളാണെന്ന് സ്വയം തെളിയിച്ചിരുന്നു. വരാനിരിക്കുന്ന രക്തച്ചൊരിച്ചിലിന് ലെനിന്‍ കുടപിടിക്കുകയും ഇപ്പോള്‍ പുടിന്റെ പ്രധാന പിന്തുണക്കാരായ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ നശിപ്പിക്കുകയും ചെയ്തു.

‘വ്‌ളാഡിമിര്‍ പുടിന് സ്വയം നിക്കളോസ് രണ്ടാമനോ ലെനിനോ അല്ലെങ്കില്‍ കെറെന്‍സ്‌കിയോ ആകാന്‍ കഴിയില്ല. കാരണം റഷ്യയ്ക്ക് അഭിമാനം കൊള്ളാവുന്ന ചരിത്രമല്ല അത്,’ എന്ന് പുടിന്‍ ഭരണകൂടത്തിന്റെ അന്തഃപുര രഹസ്യങ്ങള്‍ തുറന്നുകാണിക്കുന്ന പ്രചാരം നേടിയ പുസ്തകമായ ‘ഓള്‍ ദ ക്രെംലിന്‍സ് മെന്‍’ എഴുതിയ ആളും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിഖായേല്‍ സൈഗാര്‍ പറയുന്നു. ‘1917നെ സംബന്ധിച്ചിടത്തോളം പ്രചാരവേലയ്ക്ക് പറ്റിയതൊന്നുമില്ല.’
പകരം ദേശീയ ഐക്യത്തിന്റെ പ്രതീകമായി രണ്ടാം ലോക മഹായുദ്ധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ക്രെംലിന്‍ ശ്രമിക്കുന്നത്.

ഔദ്യോഗിക വിശദീകരണങ്ങള്‍ക്ക് അപ്പുറവും വിഷയത്തിന് കുറച്ചുകൂടി ആക്കം കൂട്ടാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. റഷ്യ എന്ന രാജ്യത്തെക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സ്വതന്ത്രവാദികളുടെ ഭരണത്തെ വിപ്ലവം ഗൗരവതരമായി കാണാതിരുന്നതിന്റെ അപകടങ്ങളെ കുറിച്ച് വളരെ യാഥാസ്ഥികനായ സാംസ്‌കാരിക മന്ത്രി വ്‌ളാഡിമിര്‍ ആര്‍ മെഡിന്‍സ്കി ഒരു സംവാദത്തില്‍ പരാമര്‍ശിച്ചു.

വലിയ സാമ്പത്തിക അസമത്വം നിലനില്‍ക്കുകയും മൗലിക അവകാശങ്ങളുടെ ലംഘനം നടക്കുകയും ചെയ്യുന്ന സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഒരു സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന വേവലാതിയാണ് ചിലരെങ്കിലും പങ്കുവെക്കുന്നത്.

‘1917 ഔദ്യോഗികമായി ആഘോഷിക്കാന്‍ അവര്‍ക്കാവില്ല,’ എന്ന് ചരിത്രം പഠിപ്പിക്കുന്ന നിഖിത സോളോകോവ് പറയുന്നു. ‘എന്തൊക്കെ സംഭവിച്ചിട്ടുണ്ടാവാമെങ്കിലും സാമൂഹിക നീതിയായിരുന്നു വിപ്ലവത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇത്രയും അസമത്വം നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്തിന് ഭരണകൂടത്തിനെതിരായ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. വിപ്ലവങ്ങള്‍ മുഴുവന്‍ വര്‍ണ വിപ്ലവങ്ങളാണ് എന്ന് വിശ്വസിക്കുന്ന അധികാരികള്‍ ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും,’ എന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും ദുര്‍ബല കണ്ണിയായ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ചതാണ് ഏറ്റവും വലിയ നേട്ടം. സോവിയറ്റ് കാലഘട്ടത്തില്‍ ദേശീയ അവധി ദിവസമായിരുന്ന നവംബര്‍ ഏഴിന് ആഘോഷിക്കാനും പരേഡ് നടത്താനുമാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ 1917 എന്ന അതിമോഹ പരിപാടിയുമായി ഇറങ്ങിയിരിക്കുന്ന സ്വതന്ത്ര ടെലിവിഷന്‍ ചാനലായ റെയ്ന്‍ ന്യൂസിന്റെ മുന്‍ എഡിറ്ററായിരുന്ന സൈഗാറിനെ പോലുള്ളവര്‍ ആഘോഷത്തിന് നിറം കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചരിത്ര തെളിവുകള്‍ മായ്ക്കാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തില്‍ അദ്ദേഹവും ചെറുപ്പക്കാരായ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് 1917ന്റെ സമയബന്ധിത ശേഖരണം ഒരു ഫേസ്ബുക്ക് പേജിലാക്കിയിട്ടുണ്ട്. പ്രമുഖ റഷ്യന്‍ പൗരന്മാരുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും കിട്ടിയ കാലാവസ്ഥയെ കുറിച്ച് പോലും രേഖപ്പെടുത്തിയിട്ടുള്ള പൊട്ടും തൊങ്ങലും വരെ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉദാഹരണത്തിന് പട്ടിണിക്കാരുടെ കലാപം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുമ്പോള്‍, നിക്കളോസ് രണ്ടാമന്‍ ചക്രവര്‍ത്തി സ്വന്തം കുട്ടികള്‍ക്ക് രണ്ടാംപനി വന്നതിനെ കുറിച്ച് വിലപിക്കുകയായിരുന്നു. കലാപത്തെ പരിപോഷിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്.

ഡൂമയുടെ (റഷ്യന്‍ പാര്‍ലമെന്റ്) തലവനായിരുന്ന നിക്കൊളാസ് റോഡ്‌സിയാന്‍കോ പ്രതികരിച്ചത് ഇങ്ങനെ: ‘ചിലത് ഇന്ന് ഭേദിക്കപ്പെട്ടു, പക്ഷെ സര്‍ക്കാര്‍ സംവിധാനം പാളം തെറ്റിപ്പോയി,’

‘രാജ്യദ്രോഹവും ഭീരുത്വവും വഞ്ചനയും ആണ് ചുറ്റും കാണുന്നത്,’ എന്നാണ് സ്ഥാനഭ്രഷ്ടനാവുമ്പോള്‍ സാര്‍ ചക്രവര്‍ത്തി എഴുതിയത്.

പിറ്റെ ദിവസം അദ്ദേഹം ജൂലിയസ് സീസറിനെ കുറിച്ച് ഒരു പുസ്തകം വായിക്കുകയും രാഷ്ട്രിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തതായി സൈഗാര്‍ പറയുന്നു.

‘ചക്രവര്‍ത്തി ഉദാസീനനായിരുന്നെങ്കില്‍ അത് മറ്റ് പല കാര്യങ്ങള്‍ക്ക് പ്രചോദനമാകുമായിരുന്നു’. സൈഗാര്‍ പറയുന്നു. സാഹിത്യത്തിലും ബാലെയിലും ചിത്രകലയിലും സംഗീതത്തിലും സിനിമയിലും ഒക്കെ കഴിവ് തെളിയിച്ച പലരും അക്കാലത്ത് ജീവിച്ചവരാണ്. സെര്‍ദി ദിഖലയേവ്, ഇഗോര്‍ സ്രാന്‍സ്‌കി, സെര്‍ജി ഐസന്‍സ്റ്റീന്‍, വ്‌ളാഡിമിര്‍ മയക്കോവ്‌സ്‌കി. കാഷിമിര്‍ മലേവിച്ച് തുടങ്ങിയവരും രാഷ്ട്രിയ ചക്രവാളത്തില്‍ മുദ്ര പതിപ്പിച്ച ലെനിന്‍, മാക്‌സിം ഗോര്‍ക്കി, ലിയോ ട്രോട്‌സ്‌കി തുടങ്ങിയവരും അവരും സര്‍ഗ്ഗാത്മക അന്വേഷണങ്ങള്‍ നടത്തിയിരുന്നത് അക്കാലത്താണ്.

‘ലോകത്തില്‍ ആരാധിക്കപ്പെടുന്ന എല്ലാ റഷ്യക്കാരും ജീവിച്ചിരുന്നത് അക്കാലത്താണ്,’ എന്ന് സൈഗാര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ചക്രവര്‍ത്തി മരിക്കണം’ (The empire must die) എന്ന പേരില്‍ ഒരു ചരിത്രപുസ്തകം എഴുതുകയും അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സൈഗറാണ് വിശദീകരിക്കുന്നത്.

1917നോട് ചഞ്ചലനിലപാടുകളുമായാണ് ഭുരിപക്ഷം റഷ്യക്കാരും ജീവിക്കുന്നതെന്ന് ചില ചരിത്രകാരന്മാരും മറ്റുള്ളവരും പറയുന്നു. രാജ്യത്തെ വിപ്ലവം നശിപ്പിച്ചു എന്ന് പലരും കരുതുമ്പോഴും റഷ്യയുടെ ദൈനംദിന ജീവിതത്തില്‍ അതെവിടെയോ മുട്ടിവിളിക്കുന്നു.

യെക്കാട്ടിറിന്‍ബെര്‍ഗ് നഗരത്തിലെ പള്ളി എന്തുകൊണ്ട് സര്‍ ചക്രവര്‍ത്തിക്കും
കുടംബത്തിനും വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുന്നു എന്നതും ആ കുടംബത്തെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട ലെനിന്റെ കല്ലറ എന്തുകൊണ്ട് അവിടെ തന്നെയാകുന്നു എന്നതും പേരക്കുട്ടിയോട് വിശദീകരിക്കാന്‍ ശ്രമിക്കുന്ന മുന്‍ റഷ്യന്‍ വിദേശ രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ ലിയോനാര്‍ഡ് റെഷെറ്റിനിക്കോവ് പറയുന്നത് ഇങ്ങനെ: ‘ലെനിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്മാരകങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ ചരിത്രപരമായ മാനസികരോഗമായിരുന്നു ഞങ്ങള്‍ക്ക്.’

ഏത് തെരുവില്‍ ആര് പ്രതിഷേധം ഉയര്‍ത്തിയാലും അതിനെ വിപ്ലവമായി കരുതി അധിക്ഷേപിക്കാനാണ് ഈ മുന്‍ പട്ടാളക്കാരന്‍ തീരുമാനിച്ചിരിക്കുന്നത്.
‘വിപ്ലവകാരികളാകരുത് എന്നും പകരം രാജ്യത്തോട് കൂറുള്ളവര്‍ ആയിരിക്കണം എന്നും എങ്ങനെയാണ് ഞങ്ങള്‍ക്ക് ചെറുപ്പക്കാരോട് വിശദീകരിക്കാന്‍ സാധിക്കുക- റഷ്യയ്ക്ക് വേണ്ടി പോരാടണമെന്ന്, അതിന് നന്മകള്‍ നേരണമെന്ന് പക്ഷെ ഒരു സാഹചര്യത്തിലും ഗൂഢാലോചന നടത്തരുതെന്ന്, അട്ടിമറിക്കരുതെന്ന്, കൊല്ലരുതെന്ന്?’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍