UPDATES

വിദേശം

സോവിയറ്റ് യൂണിയന്‍ തിരിച്ചു വരുമോ? ഭൂരിപക്ഷം റഷ്യക്കാരും ആഗ്രഹിക്കുന്നതതാണ്

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെ കൂട്ടിച്ചേര്‍ത്തു യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഒരു പുതിയ യൂണിയന്‍ ഉണ്ടാക്കുന്നതിനെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടി വരുന്നു

ആഡം ടെയ്ലര്‍

ഡിസംബര്‍ 26, 1991, സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി ഇല്ലാതായി. വൈകീട്ട് 7:32-ന് അതിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന പ്രസിദ്ധമായ അരിവാളും ചുറ്റികയും ഉള്ള കൊടി ക്രെംലിന് പുറത്തു താഴ്ത്തി. അരമണിക്കൂറിനുള്ളില്‍ ചുവപ്പും വെള്ളയും നീലയുമുള്ള റഷ്യയുടെ കൊടി പകരമുയര്‍ന്നു.

ഏതാണ്ട് 70 വര്‍ഷത്തോളം സമഗ്രാധിപത്യ സോവിയറ്റ് യൂണിയന്‍ അതിന്റെ മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ 1980-കളുടെ അവസാനമായപ്പോഴേക്കും അതിന്റെ സാമ്പത്തിക നയങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെക്കാളും പരിതാപകരമായ ജീവിത നിലവാരമാണ് നല്‍കിയതെന്നും വേദനാജനകമായ വിധത്തില്‍ തെളിഞ്ഞു.

പക്ഷേ അപ്പോഴും കുറച്ചുപേര്‍ മാത്രമാണ് അതില്ലാതായതില്‍ സന്തോഷിച്ചത്.

“എത്ര തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നത് അസാധാരണമായി തോന്നി,” പതാക താഴ്ത്തുന്ന സമയത്ത് മോസ്കോയില്‍ അവധിക്കാലം ചെലവഴിച്ച ബെര്‍ലിന്‍ ഛായാഗ്രാഹകന്‍ യൂലി ക്ലീസേ പറഞ്ഞു. “ബര്‍ലിന്‍ മതില്‍ തകര്‍ന്ന സമയത്ത് എല്ലാവരും തെരുവിലായിരുന്നു. ഇതും അതേപോലെ വലിയൊരു സംഭവമായിരുന്നു, പക്ഷേ ആരും അത്ര കാര്യമാക്കിയില്ല.”

കാല്‍ നൂറ്റാണ്ടിനുശേഷം പഴയ സോവിയറ്റ് യൂണിയനിലെ കുറച്ചു പേര്‍ മാത്രമേ ആ തകര്‍ച്ചയെ ഇഷ്ടത്തോടെ ഓര്‍ക്കുന്നുള്ളൂ. വാസ്തവത്തില്‍ റഷ്യക്കാര്‍ അതില്‍ വല്ലാതെ ഖേദിക്കുന്നുമുണ്ട്.

ഈയിടെ നല്കിയ ഒരു അഭിമുഖത്തില്‍ സോവിയറ്റ് തകര്‍ച്ചയുടെ സമയത്തുള്ള പടിഞ്ഞാറിന്റെ നിഷ്ക്രിയത്വത്തെയും അത് സാധ്യമാക്കിയവരുടെ ‘വഞ്ചന’യെയും പുടിന്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി ഏതെങ്കിലും രൂപത്തില്‍ റഷ്യയെ നയിക്കുന്ന വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത്, കഴിഞ്ഞ “നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൌമ-രാഷ്ട്രീയ ദുരന്തമായിരുന്നു” സോവിയറ്റ് യൂണിയന്റെ തകര്‍ച്ച എന്നാണ്.

ഒരു പക്ഷേ കൂടുതല്‍ അത്ഭുതകരമായ സംഗതി, സോവിയറ്റ് യൂണിയന് കീഴില്‍ ഏറെ സഹിക്കേണ്ടി വന്ന പൊതുജനങ്ങള്‍ക്കിടയിലും ഈ ഗൃഹാതുരത്വം നിലനില്‍ക്കുന്നു എന്നാണ്.

ലേവാദ നടത്തിയ സ്വതന്ത്ര കണക്കെടുപ്പുകള്‍ കാണിക്കുന്നത് സോവിയറ്റ് തകര്‍ച്ചയില്‍ ഖേദിക്കുന്ന റഷ്യക്കാരുടെ എണ്ണം 1992-നു ശേഷം ഒരിക്കല്‍ മാത്രമേ 50 ശതമാനത്തിനും താഴെ പോന്നിട്ടുള്ളൂ എന്നാണ്: 2012-ല്‍ മാത്രം അത് 49 ശതമാനമായി. ഏറ്റവും അടുത്ത് നടത്തിയ കണക്കെടുപ്പില്‍ 56 ശതമാനം റഷ്യക്കാരും പറയുന്നത് തങ്ങളതിന്റെ തകര്‍ച്ചയില്‍ സങ്കടപ്പെടുന്നു എന്നാണ്.

ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ തകര്‍ച്ചയില്‍ ആരെങ്കിലും സങ്കടപ്പെടുന്നതെന്തിന് എന്ന് ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും ന്യായമായും സംശയം തോന്നാം. ഭാഗ്യവശാല്‍ ലേവാദ അതും ആളുകളോട് ചോദിച്ചു. മിക്കവര്‍ക്കും സോവിയറ്റ് യൂണിയന്‍ പങ്കുവച്ചിരുന്ന സാമ്പത്തിക സംവിധാനത്തിന്റെ തകര്‍ച്ചയാണ് പ്രധാന കാരണം-53 ശതമാനം പേര്‍. അതിലെ യുക്തി മനസിലാക്കാവുന്നതാണ്. വിശാലമായ സോവിയറ്റ് യൂണിയനില്‍ ആസൂത്രിത സമ്പദ് വ്യവസ്ഥ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നു. 1991-ലെ തകര്‍ച്ചയ്ക്ക് തൊട്ട് പിന്നാലെ, റഷ്യയുടെ പുതിയ വിപണി സമ്പദ് വ്യവസ്ഥ ദുര്‍ഘടമായ പാതകളിലൂടെയായിരിക്കും പോവുക എന്നുറപ്പായിരുന്നു.

സാമ്പത്തിക പരിഷ്കാരങ്ങള്‍ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചു. റൂബിള്‍ ഏതാണ്ട് വെറും കടലാസ് മാത്രമായി മാറി. അഴിമതി വ്യാപകമായി. കുത്തഴിഞ്ഞ സ്വകാര്യവത്കരണം രാജ്യത്തെ സമ്പദ് രംഗത്തെ ഒരു ചെറുകൂട്ടത്തിന്റെ കയ്യിലേക്കെത്തിച്ചു. കാര്യങ്ങള്‍ പതുക്കെ ശരിയാകാന്‍ തുടങ്ങിയപ്പോഴേക്കും 1998-ല്‍ സാമ്പത്തിക പ്രതിസന്ധി ആഞ്ഞടിച്ചു, ഉണ്ടായ ചില്ലറ നേട്ടങ്ങള്‍ പോലും ഇല്ലാതാക്കി.

പുടിന്‍ അധികാരത്തില്‍ വന്നതിനു ശേഷം സമ്പദ് രംഗം പതുക്കെ സ്ഥിരത കൈവരിക്കാന്‍ തുടങ്ങി. കുത്തകകള്‍ക്കെതിരെ പുടിന്‍ നീക്കങ്ങള്‍ നടത്തി. റഷ്യയുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള ഗുണഫലങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ചെലവഴിക്കാവുന്ന വരുമാനം 2000-ത്തിനും 2007-നും ഇടയില്‍ 140 ശതമാനം ഉയര്‍ന്നു.

പക്ഷേ മിക്ക റഷ്യക്കാരും ഇപ്പോഴും 1990-കളിലെ അപമാനകരമായ അനുഭവത്തില്‍ ആത്മനിന്ദ തോന്നുന്നവരും അതിന് പടിഞ്ഞാറന്‍ ഉപദേഷ്ടാക്കളെ കുറ്റപ്പെടുത്തുന്നവരുമാണ്. റഷ്യയുടെ പരമ്പരാഗത സ്വാധീനാതിര്‍ത്തികളിലേക്ക് നാറ്റോ കടന്നുവന്നതോടെ റഷ്യക്കാര്‍ പലര്‍ക്കും തങ്ങളെ ചെറുതാക്കിയതായി തോന്നുന്നു. യു.എസും യൂറോപ്പും തങ്ങളുടെ താത്പര്യങ്ങളെ അവഗണിച്ചു എന്നും.

സോവിയറ്റ് യൂണിയന്‍ പോയതില്‍ 2016-ല്‍ 43 ശതമാനം പേരും ഖേദിക്കുന്നതിന്റെ കാരണം ഒരു കാലത്ത് തങ്ങള്‍ വന്‍ശക്തിയായിരുന്നു എന്നതാണ്. മറ്റ് കാരണങ്ങള്‍ വിരസമായ പ്രായോഗികകത (യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായി) മുതല്‍ വൈകാരികം (നഷ്ടമായ കുടുംബം) വരെയാണ്.

കൌതുകകരമായ കാര്യം ഈ ഗൃഹാതുരത്വം, സോവിയറ്റ് യൂണിയന്‍റെ അടിത്തറയായിരുന്ന റഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ്. യൂറോപ്യന്‍ ബാങ്കും ലോക ബാങ്കും സംയുക്തമായി ഈയിടെ നടത്തിയ കണക്കെടുപ്പില്‍ കാണിക്കുന്നത്, മുന്‍ സോവിയറ്റ് സംസ്ഥാനങ്ങളിലെ പകുതിയിലേറെ ജനങ്ങളും പഴയ സംവിധാനത്തിലേക്ക് മടങ്ങിപ്പോകുന്നത് ചില സാഹചര്യങ്ങളില്‍ നല്ലതാണ് എന്ന് കരുതുന്നു എന്നാണ്.

സോവിയറ്റാനന്തര രാജ്യങ്ങളില്‍ ജീവിത സംതൃപ്തി കുറവാണെന്നും ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ‘സന്തോഷാന്തര’ത്തിന് വഴിയൊരുക്കുന്നു എന്നുമാണ് സര്‍വെ കാണിച്ചത്.

ഇതെല്ലാം മറ്റൊരു ചോദ്യം ഉയര്‍ത്തുന്നു: സോവിയറ്റ് യൂണിയന് മടങ്ങി വരാന്‍ കഴിയുമോ? ലേവാദ കണക്കെടുപ്പിലെ തെളിവുകള്‍ ഇതാണ്: 2011-ല്‍ 30 ശതമാനം റഷ്യക്കാരും സോവിയറ്റ് യൂണിയന്റെ ശരിയായ രൂപത്തിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു എങ്കില്‍ പുടിന്‍ ഭരണക്കാലത്ത് അത് ക്രമാനുഗതമായി കുറഞ്ഞു; ഇപ്പോളിത് 12 ശതമാനമാണ്.

പക്ഷേ പുതിയ കണക്കെടുപ്പില്‍ 46 ശതമാനം പേരും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെ കൂട്ടിച്ചേര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഒരു പുതിയ യൂണിയന്‍ ഉണ്ടാക്കുന്നതിനെ അനുകൂലിക്കുന്നവരാണ്.

അടുത്തിടെ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ Tass-മായി സംസാരിക്കവേ ഒരു പുതിയ കൊടി ഉയര്‍ത്താനുള്ള ആഗ്രഹം ഗോര്‍ബച്ചേവ് മനസിലാക്കുന്നു എന്ന് വ്യക്തമായിരുന്നു; “സോവിയറ്റ് യൂണിയന്‍ പുന:സ്ഥാപിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു. “പക്ഷേ ഒരു പുതിയ യൂണിയന്‍ സ്ഥാപിക്കാനാകും.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍