UPDATES

വിദേശം

റഷ്യന്‍ സേനയില്‍ ഡോള്‍ഫിനുകള്‍ക്ക് അവസരം

Avatar

കാരിന്‍ ബ്രുല്ലിയാഡ്
(വാഷിങ്ടണ്‍ പോസ്റ്റ്)

നാവികസേനയില്‍ ചേരാന്‍ ഏതാനും ഡോള്‍ഫിനുകളെ അന്വേഷിക്കുകയാണ് റഷ്യ. ലക്ഷണമൊത്ത പല്ലുകളും ശരാശരിനീളവും ശാരീരിക ക്ഷമത പ്രദര്‍ശിപ്പിക്കാനുള്ള മനസുമുള്ള അഞ്ചു ഡോള്‍ഫിനുകള്‍ക്കാണ് അവസരം.

പ്രതിരോധ മന്ത്രാലയം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ അനുസരിച്ച് ‘റഷ്യയുടെ സേവനത്തിനായി’ എട്ടടി നീളമുള്ള മൂന്ന് ആണ്‍ ഡോള്‍ഫിനുകളെയും രണ്ട് പെണ്‍ ഡോള്‍ഫിനുകളെയും നല്‍കാന്‍ കഴിയുന്നവര്‍ക്ക് 24,000 ഡോളര്‍ ലഭിക്കും. ബോട്ടില്‍നോസ് ഡോള്‍ഫിനുകളെയാണു വേണ്ടത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ് വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച നോട്ടീസില്‍ ഏത് ജോലിയാണ് നേവിയില്‍ ഡോള്‍ഫിനുകള്‍ ചെയ്യുകയെന്നോ എന്തിനാണ് അവയ്ക്ക് നല്ല പല്ലുകള്‍ വേണ്ടതെന്നോ സൂചിപ്പിച്ചിട്ടില്ല. ശീതസമരകാലത്ത് സോവിയറ്റ് ചാരന്മാരായും രക്ഷകരായും അന്വേഷകരായും ഉപയോഗിച്ചിരുന്ന ഡോള്‍ഫിന്‍ യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അഭ്യൂഹമുണ്ട്.

സോവിയറ്റ് യുഗത്തില്‍ ക്രീമിയന്‍ ഉപദ്വീപായ സെവാസ്‌റ്റോപോളിലായിരുന്നു ഡോള്‍ഫിനുകളുടെ ആസ്ഥാനം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അവ യുക്രെയിന്റെ ഭാഗമായി. പിന്നീട് ഒരു സ്വകാര്യ ‘ ഡോള്‍ഫിനേറിയ’ത്തില്‍ വിനോദസഞ്ചാരികള്‍ക്കു വേണ്ടി ജോലി ചെയ്ത ഈ ഡോള്‍ഫിനുകളെ ഇറാനിലേക്ക് വിറ്റതായി 2000ല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

2012ല്‍ യുക്രെയിന്‍ ഡോള്‍ഫിന്‍ മിലിട്ടറി പരിശീലന പരിപാടി പുനരാരംഭിച്ചതായി 2012ല്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യ 2014ല്‍ യുക്രെയിനെ കൂട്ടിച്ചേര്‍ത്തപ്പോള്‍ മിലിട്ടറി അക്വേറിയവും ഡോള്‍ഫിനുകളും അവരുടെ നിയന്ത്രണത്തിലായി. യുക്രെയിന്‍ ഇതിനെ എതിര്‍ത്തെങ്കിലും. അതേ വര്‍ഷം റഷ്യന്‍ പട്ടാളം വീണ്ടും ഡോള്‍ഫിനുകളെ പരിശീലിപ്പിക്കുന്നതായി ഒരു അജ്ഞാതന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയോടു പറഞ്ഞു. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചു. അന്ന് യുക്രെയിന്‍ മിലിട്ടറി വക്താവ് ‘ഡോള്‍ഫിനുകള്‍ പട്ടാള സ്വത്തല്ലെന്നാ’ണ് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത്.

പുതുതായി പരിശീലനത്തിനെത്തുന്നവര്‍ക്ക് അതിശക്തമായൊരു പാരമ്പര്യത്തിനൊത്തുയര്‍ന്നേ തീരൂ. ശബ്ദപ്രതിഫലനം കൊണ്ട് വസ്തുക്കളെ കണ്ടെത്താന്‍ ഡോള്‍ഫിനുകള്‍ക്കുള്ള കഴിവ് അവയെ മൈനുകള്‍, കപ്പലുകള്‍, കാണാതായ മുങ്ങല്‍ക്കാര്‍, നീന്തലുകാര്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കുന്നു. കടലിലും തീരത്തും ശത്രുക്കളുടെയും കപ്പലുകളുടെയും നീക്കം കണ്ടെത്താനും അവയ്ക്കു കഴിയും. യുഎസ് നാവികസേന 1960 മുതല്‍ ഇതിനായി ഡോള്‍ഫിനുകളെയും നീര്‍നായ്ക്കളെയും ഉപയോഗിക്കുന്നു.

ചില വിവരണങ്ങള്‍ അനുസരിച്ച് സോവിയറ്റ് ഡോള്‍ഫിന്‍ രഹസ്യാന്വേഷകര്‍ കൊല്ലാനും പരിശീലനം ലഭിച്ചവരാണ്. ശത്രു കപ്പലുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിക്ഷേപിക്കാന്‍ ഇവര്‍ക്കാകുമായിരുന്നു എന്ന് റിട്ട. കേണല്‍ വിക്ടര്‍ ബാരനെറ്റ്‌സ് ഈയാഴ്ച ഗാര്‍ഡിയനോടു പറഞ്ഞു. ഒരു ഡോള്‍ഫിന്‍ പരിശീലകന്‍ 200ല്‍ ബിബിസിയോടു പറഞ്ഞതനുസരിച്ച് ഇവ ശരീരത്തില്‍ ഘടിപ്പിച്ച ചാട്ടുളികള്‍ ഉപയോഗിച്ച് ശത്രുക്കളായ നീന്തല്‍ക്കാരെ കുത്തിക്കൊലപ്പെടുത്തുകയും വിദേശ കപ്പലുകളില്‍ ചാവേര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

പ്രൊപ്പെല്ലറിന്റെ ശബ്ദം കേട്ട് റഷ്യന്‍ കപ്പലുകളെയും വിദേശ കപ്പലുകളെയും വേര്‍തിരിക്കാന്‍ ഡോള്‍ഫിനുകള്‍ക്കാകുമായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡികമ്മിഷന്‍ ചെയ്യപ്പെട്ട യുക്രെയിന്‍ ഡോള്‍ഫിനുകളെ സന്ദര്‍ശിച്ചതായി മുന്‍ ഡോള്‍ഫിന്‍ പരിശീലകന്‍ ഡൗ കാര്‍ട്ട്‌ലിജ് 2007ല്‍ വയേഡ് മാസികയോടു പറഞ്ഞു. ഹെലിക്കോപ്ടറില്‍ നിന്നു പാരച്യൂട്ടില്‍ ഇറങ്ങാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സിലിണ്ടറുമായി ഘടിപ്പിച്ച സൂചികൊണ്ട് കുത്തി ആളുകളെ കൊല്ലാനും ഇവയ്ക്ക് പരിശീലനം ലഭിച്ചിരുന്നതായി കാര്‍ട്ട്‌ലിജ് പറയുന്നു.

1950 അവസാനത്തോടെയാണ് യുഎസ് നാവികസേന ഡോള്‍ഫിനുകളെ ആയുധമാക്കാനുള്ള മത്സരത്തില്‍ പങ്കാളികളായത്. മികച്ച സബ്മറീനുകളും ടോര്‍പിഡോകളും നിര്‍മിക്കാന്‍ ഡോള്‍ഫിനുകളുടെ ശരീരഘടനയും നീന്തല്‍ കഴിവുകളും പഠിക്കുകയായിരുന്നു നാവിക ഉദ്യോഗസ്ഥര്‍. ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍ക്കും നീര്‍നായ്ക്കള്‍ക്കും മുങ്ങല്‍ക്കാരെ സഹായിക്കാനാകുമെന്ന് അവര്‍ മനസിലാക്കി.

ഡോള്‍ഫിനുകള്‍ക്ക് ശബ്ദം മനസിലാക്കാനുള്ള മികച്ച കഴിവുണ്ട്. നീര്‍ നായ്ക്കള്‍ക്ക് വെള്ളത്തിനടിയില്‍ നല്ല കാഴ്ചയും കേള്‍വിയുമുണ്ട്. ആഴത്തില്‍ മുങ്ങാനുള്ള കഴിവും വേഗവും ഇവയ്ക്കുണ്ട്. അവ ആശ്രയിക്കാവുന്ന, പരിസ്ഥിതികളോടു പൊരുത്തപ്പെടുന്ന, പരിശീലിപ്പിക്കാവുന്ന സമുദ്രജീവികളാണെന്ന് യുഎസ് നേവി മറൈന്‍ മാമ്മല്‍ പ്രോഗ്രാം പറയുന്നു. സാന്‍ ഡിയേഗോയിലാണ് ഇവയുടെ പരിശീലനകേന്ദ്രം.

വിയറ്റ്‌നാം, ഗള്‍ഫ് യുദ്ധങ്ങളില്‍ ഡോള്‍ഫിനുകള്‍ അമേരിക്കയെ രക്ഷിച്ചു. ഇന്ന് ഡോള്‍ഫിനുകളും നീര്‍നായ്ക്കളും തുറമുഖങ്ങളെയും നാവികസേന ഉപകരണങ്ങളെയും ആക്രമണങ്ങളില്‍നിന്നു രക്ഷിക്കുന്നു. കടല്‍ മൈനുകള്‍ കണ്ടെത്താനും കടലിനടിയിലുള്ള വസ്തുക്കള്‍ കണ്ടെടുക്കാനും ഇവയ്ക്കു കഴിയും. ആഴംകുറഞ്ഞ വെള്ളത്തില്‍ നീന്തുന്ന നീര്‍നായ്ക്കളെ ശത്രുക്കളുടെ കാലില്‍ ക്ലാംപ് ഘടിപ്പിക്കാന്‍ പരിശീലിപ്പിച്ചിരുന്നു. മല്‍സ്യം പിടിക്കുന്നതുപോലെ നീന്തല്‍ക്കാരെ വലിച്ചെടുക്കാന്‍ ഇത് അമേരിക്കന്‍ നാവികരെ പ്രാപ്തരാക്കി.

ഒരു നീര്‍നായ, രണ്ട് നാവികര്‍, കടല്‍ത്തട്ടില്‍ സാധനങ്ങള്‍ തിരയുന്ന ഒരു റബര്‍ബോട്ട് എന്നിവയ്ക്ക് ഒരു വലിയ നാവികസേനാ കപ്പലിനും അതിലെ ജോലിക്കാര്‍ക്കും ഒരു സംഘം മുങ്ങല്‍ വിദഗ്ധര്‍ക്കും അവരെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്കും യന്ത്രങ്ങള്‍ക്കും പകരമാകാനാകുമെന്ന് പ്രോഗ്രാം വെബ്‌സൈറ്റ് പറയുന്നു.

എന്നാല്‍ ആക്രമണത്തിനായി ഡോള്‍ഫിനുകളെയോ നീര്‍നായ്ക്കളെയോ ഉപയോഗിച്ചിട്ടില്ലെന്നാണ് യുഎസ് നാവികസേനയുടെ നിലപാട്. മറിച്ചുള്ള കഥകള്‍ ശക്തമാണെങ്കിലും.

‘ സുഹൃദ് കപ്പലുകളും ശത്രു കപ്പലുകളും തിരിച്ചറിയാനോ സുഹൃദ് നീന്തല്‍ക്കാരെയും ശത്രു നീന്തല്‍ക്കാരെയും വേര്‍തിരിക്കാനോ ഡോള്‍ഫിനുകള്‍ക്കാകാത്തതിനാല്‍ അത്തരമൊരു തീരുമാനമെടുക്കാനുള്ള അധികാരം ഒരു കടല്‍ജീവിയെ ഏല്‍പിക്കുന്നത് അപകടകരമാകും,’ വെബ്‌സൈറ്റ് പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍