UPDATES

എസ്എന്‍ഡിപിയുടെ മൈക്രോ ഫൈനാന്‍സ് ക്രമക്കേടുകളെന്ന് രേഖകള്‍

Avatar

അഴിമുഖം പ്രതിനിധി

2014-ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫൈനാന്‍സ് പദ്ധതിക്കായി കേരള സംസ്ഥാന പിന്നാക്ക വര്‍ഗ വികസന കോര്‍പറേഷന്‍ നല്‍കിയ അഞ്ച് കോടി രൂപയുടെ വായ്പ ദുര്‍വിനിയോഗം ചെയ്തുവെന്ന് കോര്‍പറേഷന്റെ കൊല്ലം ജില്ലാ ഓഫീസ് മാനേജറുടെ റിപ്പോര്‍ട്ട്. തുക തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാനേജര്‍ കെഎസ്ബിസിഡിസിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് 2015 ഏപ്രില്‍ ഏഴാം തിയതി നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റുജില്ലകളിലെ മാനേജര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലാ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് 250 സ്വയം സഹായ സംഘങ്ങളിലൂടെ 3,900 പേര്‍ക്ക് വായ്പ നല്‍കാന്‍ കോര്‍പറേഷന്‍ എസ്എന്‍ഡിപി യോഗവുമായി കരാര്‍ ഒപ്പ് വച്ചത്. ഈ കരാര്‍ പ്രകാരം പണം ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ ലഭിക്കുന്നതിനായി കൊല്ലം ഓഫീസില്‍ നിന്നും 2014 ഓഗസ്റ്റില്‍ എസ്എന്‍ഡിപി യോഗത്തിന് കത്തയച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് നേരത്തെ യോഗം സമര്‍പ്പിച്ചിരുന്ന പട്ടികയില്‍ പറയുന്നവര്‍ക്ക് വായ്പ ലഭിച്ചുവോ എന്ന് അറിയുന്നതിനായി കോര്‍പറേഷന്റെ കൊല്ലം ഓഫീസ് മറ്റു ജില്ലകളിലെ ഓഫീസുകളുമായി ബന്ധപ്പെട്ടു. ഇവര്‍ നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതും പണം തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കിയതും.

ലക്ഷങ്ങള്‍ പോയ വഴിയറിയില്ല

വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ എസ്എന്‍ഡിപി 10 സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വായ്പ നല്‍കിയതായിട്ടാണ് രേഖ. എന്നാല്‍ ഈ 10 യൂണിറ്റുകളിലും വയനാട് ജില്ലാ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. അതിനാല്‍ ഇവര്‍ ഒരു യൂണിറ്റും നടത്തുന്നില്ലെന്നാണ് വയനാട് ജില്ലാ മാനേജര്‍ കൊല്ലം ജില്ലാ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട് ജില്ലയിലെ 10 സ്വയംസഹായ സംഘങ്ങള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചുവെന്നാണ് രേഖകള്‍. എന്നാല്‍ ഈ പത്ത് യൂണിറ്റുകള്‍ക്കും ഓരോ ലക്ഷം രൂപ വീതം മൊത്തം 10 ലക്ഷം രൂപ ലഭിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഈ യൂണിറ്റുകളൊന്നും ഒരു പദ്ധതികളും ആരംഭിച്ചിട്ടുമില്ല. ചില യൂണിറ്റുകളില്‍ ചില അംഗങ്ങള്‍ വായ്പാ തുക വാങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പയ്യോളിയിലെ 10 സ്വയംസഹായ സംഘങ്ങളിലെ 163 ഗുണഭോക്താക്കള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചതായി രേഖ. എന്നാല്‍ ഈ യൂണിറ്റുകള്‍ ഓരോന്നിനും ഓരോ ലക്ഷം രൂപ വച്ചേ ലഭിച്ചിട്ടുള്ളൂ. ഇവിടേയും പണം വിനിയോഗിച്ചിട്ടില്ല.

പേരാമ്പ്ര, കൊയിലാണ്ടി, വടകര, കോഴിക്കോട് എന്നിവിടങ്ങളിലും ഇതേ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ നല്‍കിയതായി രേഖകള്‍. എന്നാല്‍ ഗുണഭോക്താവിന് ലഭിച്ചത് തുച്ഛമായ തുകയും. ഗുണഭോക്താവിന്റെ മേല്‍വിലാസങ്ങളിലെ അവ്യക്തതയും സംഘങ്ങളുടെ പേരിലെ വ്യത്യാസവും അന്വേഷണ റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ട്. സംഘങ്ങളിലെ അംഗങ്ങളുടെ പേരിലും വ്യത്യാസമുണ്ട്.

ഇത് 2014-ല്‍ കോര്‍പറേഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നിന്നും എസ്എന്‍ഡിപിക്ക് അനുവദിച്ച അഞ്ചു കോടി രൂപയുടെ ക്രമക്കേടുകള്‍ മാത്രമാണ്. 2010-വരെ 10 കോടിയോളം രൂപ യോഗം മൈക്രോ ഫൈനാന്‍സ് വായ്പയായി എടുത്തിരുന്നു. എന്നാല്‍ ഈ നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍