UPDATES

ശ്രീചിത്രന്‍ എം.ജെ

കാഴ്ചപ്പാട്

ശ്രീചിത്രന്‍ എം.ജെ

ന്യൂസ് അപ്ഡേറ്റ്സ്

പൊളിറ്റിക്കല്‍ അക്വയറിങ്ങിന്റെ നടേശപാഠങ്ങള്‍

ഗാന്ധിയെ കോണ്‍ഗ്രസുകാരുടെയത്ര തവണ കൊല്ലാന്‍ ആര്‍ എസ് എസുകാര്‍ക്കായിട്ടില്ല എന്നതുപോലെ ഒരു ലളിതസത്യമാണ് നാരായണഗുരുവിനെ എസ് എന്‍ ഡി പിയോളം കുരിശിലേറ്റാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും. നാരായണഗുരുവിനെ ഇത്രയും കാലം വെള്ളാപ്പള്ളി നടേശന്‍ കുരിശില്‍ തറച്ചതില്‍ കൂടുതല്‍, ഒരു നിശ്ചലദൃശ്യം കൊണ്ട് ഇടതുപക്ഷത്തിനു കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തലയ്ക്ക് ഓളംവെട്ടാണെന്നേ മനസ്സിലാക്കാനുള്ളൂ. നടേശഗുരുവിന്റെ പുത്രനായ തുഷാര തിരുവടികള്‍ ഫോറിന്‍ ലിക്കറിനേപ്പറ്റി ഗുരു ഒരക്ഷരം പറഞ്ഞിട്ടില്ലെന്നു കൂടി കണ്ടെത്തിക്കഴിഞ്ഞു. ഇനി കുറച്ചു കൂടി കാത്തിരുന്നാല്‍ അച്ഛനും മകനും കൂടി ആത്മോപദേശശതകവും വ്യാഖ്യാനിക്കുമായിരിക്കും. അവനവനാത്മസുഖത്തിനാചരിക്കുക എന്നുവെച്ചാല്‍ ഷെയറിടാതെ വിദേശമദ്യം വാങ്ങുക എന്നാണുദ്ദേശിച്ചതെന്നോ, അപരനുസുഖത്തിനായ് വരേണം എന്നാല്‍ സ്വന്തം കാശിനു വാങ്ങിയതാണെങ്കിലും ചക്കാത്തിനു കുടിക്കാന്‍ നില്‍ക്കുന്നവനു ഒരു സ്മാളെങ്കിലും കൊടുക്കണം എന്നാണെന്നോ വ്യാഖ്യാനം വന്നാലും അത്ഭുതപ്പെടാനില്ല.

എന്നാല്‍ തുഷാര തൃപ്പാദങ്ങള്‍ രണ്ടാമതു പറഞ്ഞത് ശ്രദ്ധിക്കേണ്ട വാചകമാണ് ‘ഗുരുദേവന്റെ ആശയങ്ങള്‍ ഇവര്‍ വളച്ചൊടിച്ചതാണ്.’ ‘ഇവര്‍’ എന്നുവെച്ചാല്‍ ഗുരു വിദേശമദ്യത്തെപ്പറ്റി പറഞ്ഞില്ല എന്നതുകൊണ്ട് ഗുരു മദ്യത്തിനെതിരല്ല എന്ന സത്യം മനസ്സിലാക്കാത്ത സകലരും അടങ്ങുന്നുണ്ടാവുമല്ലോ. അതായത് പുരോഗമനവാദികളായ സകലരും. ഇടതുപക്ഷക്കാര്‍ മുതല്‍ സോഷ്യല്‍ ഡമോക്രാറ്റുകളും ഹ്യൂമനിസ്റ്റുകളും വരെയടങ്ങുന്ന പൊതുകേരളസമൂഹം. അവരെല്ലാം ചേര്‍ന്നു ഗുരുദേവന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്നു പറയുന്നത് ചില്ലറ ധൈര്യമല്ല. അന്തമില്ലായ്മ മാത്രമല്ല അതിനു പിന്നിലുള്ളത്. ഇതെവിടുന്നു വരുന്നു? അതു ചിന്തിയ്‌ക്കേണ്ട കാര്യമാണ്.

സ്വേച്ഛാധികാരത്തിന്റെ പ്രയോഗവഴികളെപ്പറ്റി നിക്കോസ് പൗലന്റസാസ് നിരീക്ഷിച്ച ഒരു കുരുട്ടുബുദ്ധിയാണ് ഖണ്ഡനത്തിലൂടെയുള്ള പ്രചരണം. പൂര്‍ണവങ്കത്തമെന്നുറപ്പുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിയ്ക്കുക. നിഷ്പ്രയാസം അതു ഖണ്ഡിക്കപ്പെട്ടേയ്ക്കും, എന്നാലും ആ വങ്കത്തം എല്ലാവരും ചേര്‍ന്നു പ്രചരിപ്പിച്ചോളും. ഈ അടവ് തലങ്ങും വിലങ്ങും പയറ്റുന്ന ആര്‍ എസ് എസുമായാണ് ഇപ്പോള്‍ നടേശതുഷാരാദികള്‍ക്ക് സൗഹൃദം. നാരായണഗുരു ചരിത്രാതീതകാല മനുഷ്യനൊന്നുമല്ല. അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടേയും ഫോട്ടോഗ്രാഫിയുടേയും കാലത്തു ജീവിച്ച ഒരു മനുഷ്യന്‍ പറഞ്ഞതൊന്നും ‘അതങ്ങനെയല്ല പറഞ്ഞത്’ എന്നങ്ങു മാറ്റിപ്പറയാനുള്ള ധൈര്യം കിട്ടുന്നത് ഈ കൂട്ടുകൃഷിയില്‍ നിന്നാണ്.

‘പുരോഗമനവാദികളേ, നിങ്ങള്‍ ഒരു കാര്യം പഠിച്ചുകാണും. നിങ്ങള്‍ക്കതില്‍ ആധികാരികതയും കാണും. അതൊന്നും ഞങ്ങള്‍ക്കു വിഷയമല്ല. ഞങ്ങള്‍ നിങ്ങള്‍ പറയുന്നത് മുഴുവന്‍ പ്രക്ഷിപ്തമാണെന്നങ്ങു പറയും.’ ഇതാണ് ഏറെക്കാലമായി സംഘപരിവാര്‍ അടവ്. ഈ അടവ് കേരളത്തിലെ ബിജെപിക്കാര്‍ക്കും മുന്നേ തുടങ്ങിയ മഹാതത്വചിന്തകനാണ് നടേശഗുരു. പിന്നെ ഇതുവരെ എന്തുകൊണ്ട് ബിജെപിയില്‍ ചേരാതെ, ഇടതും വലതുമായി നിന്നു എന്നു ചോദിച്ചാല്‍ അധികാരത്തിലില്ലെങ്കില്‍ നടേശസ്വാമികള്‍ക്ക് ആരായാലും പുല്ലുവിലയാണ് എന്നേ ഉത്തരമുള്ളൂ. ഇപ്പോള്‍ കാറ്റു കിഴക്കോട്ടാണ്, ഇനി പടിഞ്ഞാട്ടു നില്‍ക്കണ്ട കാര്യമില്ല. ഇടത്തോട്ടു തീരെയും നില്‍ക്കണ്ട. താനിത്രയും കാലം കൊണ്ടു നടന്ന ആശയവും അധികാരത്തിന്റെ ആമാശയവും ഒന്നിച്ചു വിലയം കൊള്ളുന്ന ഒരു നിര്‍വ്വാണമുഹൂര്‍ത്തത്തിനാണ് നടേശഗുരു സാക്ഷ്യം വഹിക്കുന്നത്. ഇനിയിതുപോലെ കാവി ട്രൗസറിടാന്‍ പറ്റിയൊരു നിമിഷമില്ല. സംഘപരിവാരം ശരണം ഗഛാമി.

മറുവശത്ത് ഭാരത വര്‍ഷത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിപാടിയുടെ പേരാണ് പൊളിറ്റിക്കല്‍ അക്വയറിങ്ങ്. ആധുനിക ഇന്ത്യ രൂപീകരിച്ച മിക്കവാറും എല്ലാ രാഷ്ടീയ സാംസ്‌കാരിക സാമൂഹിക മോടിഫുകളേയും സംഘപരിവാരം അക്വയര്‍ ചെയ്തു കഴിഞ്ഞു. ഗാന്ധിയെ ആദ്യമേ കയ്യിലാക്കി. സര്‍ദാര്‍ പട്ടേല്‍ പണ്ടേ കയ്യിലെന്നാണ് വെപ്പ്. ജവഹര്‍ലാല്‍ നെഹ്‌റുവും അംബേദ്കറും മാത്രമാണ് തല്‍ക്കാലം ഭ്രഷ്ട് കല്‍പ്പിച്ചു നിര്‍ത്തിയിരിയ്ക്കുന്ന ഉരുപ്പടികള്‍. കൊട്ടേലും മടീലും ഒതുങ്ങാത്തവര്‍ ആയതുകൊണ്ടാണ്. അല്ലെങ്കില്‍ അവരെയും ഒരു കൈ നോക്കിയേനേ. അപ്പോഴാണ് ഇവിടെ പണ്ടേ അക്വയര്‍ കലയില്‍ വിദഗ്ധരായ, നാരായണഗുരുവിനെ എന്നോ കണ്ണാടിക്കൂട്ടിലാക്കിയ നടേശതുഷാരാദികളില്‍ നിന്ന് ചുളുവിലയ്ക്ക് സംഘപരിവാരത്തിനു നവോദ്ഥാന നായകനെ കിട്ടുന്നത്. വേണ്ടെന്നുവെക്കുമോ? അവരതേറ്റെടുക്കുന്നു. പിന്നെ വെള്ളാപ്പള്ളിക്കു പറയാനുള്ളത് ഇനി മുതല്‍ നാരായണഗുരുവിനെ ഉപയോഗിക്കുന്നവരൊക്കെ ചരിത്രം പഠിക്കണം എന്നാണ്. (പിന്നേ ചരിത്രം! എന്തോരം ചരിത്രമറിയാവുന്ന ആളാന്നറിയാമോ?) 

ഇപ്പോള്‍ ബാലസംഘം ഘോഷയാത്രയില്‍ നാരായണഗുരുവിനെ ഫ്‌ലക്‌സുണ്ടാക്കി അപമാനിച്ചു. ടാബ്ലോയില്‍ കണ്ണാടിക്കൂട് ഉണ്ടായിരുന്നില്ല, അങ്ങനെ പലപല പ്രശ്‌നങ്ങളാണ് നടേശഗുരുവിന്. മൊത്തത്തില്‍ അപമാനമായിപ്പോയത്രേ. ആ നിശ്ചലദൃശ്യം നോക്കിയിട്ട് ഒരപമാനിക്കലും എനിയ്ക്കു മനസ്സിലായില്ല. നിലവിലുള്ള നാരായണഗുരുവിന്റെ വിഗ്രഹവല്‍ക്കരണത്തെ സൂചിപ്പിയ്ക്കുന്ന ഒരു ദൃശ്യം, അത്രയേ ഉള്ളൂ. അതിലെന്തോ തെറ്റുണ്ടെന്നും തിരുത്തേണ്ടതായിരുന്നു എന്നും പാര്‍ട്ടിസെക്രട്ടറി പറയുന്നു, ഉണ്ടാവുമായിരിയ്ക്കും എനിയ്ക്കു മനസ്സിലായില്ല. എന്തായാലും തലശ്ശേരി നാങ്ങാറത്ത്പീടികയില്‍ ഗുരുദേവപ്രതിമക്കു നേരെ ബിജെപി പ്രവര്‍ത്തകര്‍ കൈ വെട്ടിമാറ്റി ‘ആദരവ്’ പ്രകടിപ്പിച്ചത്ര വരുമെന്നു തോന്നുന്നില്ല. അതേപ്പറ്റി നടേശഗുരു അറിഞ്ഞമട്ടുതന്നെയില്ല. സ്വാഭാവികം. ഇനി അങ്ങോട്ടു ചോദിച്ചാല്‍ ‘അതും അത്ര നന്നായൊന്നുമില്ല’ എന്നു പറഞ്ഞേക്കും.

ഇവിടെ നിന്നു ചെയ്യാനാവുക, എന്തായിരുന്നു നാരായണഗുരു എന്നതിനേപ്പറ്റി ചിലതു സൂചിപ്പിയ്ക്കുകയാണ്. എന്നത്തേയും പോലെ പ്രതിലോമകാരികള്‍ ഫിക്‌സ് ചെയ്ത ടാര്‍ഗറ്റില്‍ ഉണ്ട കൊള്ളിക്കുന്ന പണിയാണെങ്കിലും ചെയ്യുകയല്ലാതെ വേറെ വഴിയില്ല. നാരായണഗുരുവിനെ അങ്ങനെ അക്വയര്‍ ചെയ്യാന്‍ വിട്ടുകൊടുക്കുന്നത് തടയാന്‍ ടാര്‍ഗറ്റ് ആരു നിശ്ചയിച്ചതാണെങ്കിലും മറുപടി പറഞ്ഞല്ലേ പറ്റൂ.

നടേശഗുരുവിനറിയാത്ത നാരായണഗുരു ‘ജാതി ചോദിക്കരുത്, പറയരുത്’ എന്ന നാരായണഗുരുവിന്റെ ആഹ്വാനം പൊതുകേരളസമൂഹം ഏറ്റെടുത്തത് മനസ്സിലാക്കാന്‍ ഒരു ലേഖനവുമല്ല, സെന്‍സസ് കണക്കാണ് മറുപടി. 1931-ല്‍ അതിനു മുന്‍പു നടന്ന സെന്‍സസുകളില്‍ നിന്ന് വ്യത്യസ്തമായി ആകെയുള്ള ഹിന്ദുക്കളില്‍ പതിനായിരത്തിന് പതിമൂന്നു പേര്‍ വീതം ജാതി പറയാന്‍ വിസമ്മതിച്ചു. അത്രയും ജനസാമാന്യത്തിലേക്കിറങ്ങിയ ആഹ്വാനത്തെയാണ് നടേശന്‍ കൂളായി തലതിരിച്ചിടുന്നത്. ‘നാരായണഗുരുദേവന്‍ ഈഴവരുടേതാണ്’ എന്ന്. സാധാരണ ഇത്രയും കാലം ഒരു സംഘടനയുടെ നേതാവായി ഇരുന്നാല്‍ ചുരുങ്ങിയപക്ഷം ആ സംഘടന എങ്ങനെ ഉണ്ടായി എന്നെങ്കിലും ബോധം വെയ്ക്കും. നടേശാചാര്യന് മനസ്സിലായിരിക്കുന്നത് ‘ശ്രീനാരായണഗുരുവിന്റെ ബുദ്ധിയില്‍ ഉദിച്ച് കുമാരനാശാനിലൂടെ സാക്ഷാത്കരിക്കപ്പെട്ട ഈഴവരുടെ അനേകകാലത്തെ സ്വപ്നമായിരുന്നു എസ് എന്‍ ഡി പി’ എന്നാണ്. ആദ്യമതങ്ങു പരിശോധിയ്ക്കാം.

1) വെള്ളാപ്പള്ളി പറയും പോലെ ഒരു ‘ഈഴവസമസ്ത’യോ ‘നായര്‍സമസ്ത’യോ കേരളത്തില്‍ ഉണ്ടായിരുന്നതേയില്ല. തിരണ്ടുകുളി, താലികെട്ട്, പുല, കല്യാണം ഇങ്ങനെ ആചാരനിഷ്ഠമായി നടത്തുന്ന ഓരോ അടിയന്തരത്തിനും തണ്ടാന്‍ പണമായി പലപല വകകളില്‍ പണം അവകാശപ്പെട്ടവരും വേലനേയും കുറുപ്പനേയും വിലക്കി, വെറും ചോവനെ ഇഷ്ടം പോലെ സമുദായഭ്രഷ്ടനാക്കി പുറന്തള്ളാന്‍ സ്വേച്ഛാധികാരമുണ്ടായിരുന്നതുമായ തണ്ടാന്‍ ഉള്‍പ്പെടെ ആറോ ഏഴോ ഉപജാതികളായി ഉണ്ടായിരുന്ന ഈഴവപ്പറ്റത്തെ ‘ഈഴവസമുദായം’ എന്നും ‘ഒന്നടങ്കം സ്വപ്നം കാണല്‍’ എന്നും പറയുന്നത് മിതമായ ഭാഷയില്‍ വസ്തുതാവിരുദ്ധമാണ്. തമ്മില്‍ സംബന്ധ വേഴ്ച്ച പോലും പാടില്ലാത്ത, ഉമ്മറത്തിനപ്പുറം പ്രവേശമില്ലാത്ത പതിനൊന്നിലധികം ഉപജാതികളുടെ സംഘാതമാണ് നായര്‍സമുദായവും.

2) ശ്രീനാരായണനില്‍ നിന്ന് ഒരു നേര്‍രേഖ കുമാരനാശാനിലേക്കു വരച്ച് എസ് എന്‍ ഡി പി ചരിത്രമെഴുതിയാല്‍ ചരിത്രത്തിന്റെ തമസ്‌കരണം മാത്രമല്ല, ഇവരിരുവരേക്കാളും എസ് എന്‍ ഡി പി പ്രസ്ഥാനത്തിന്റെ ഉല്‍ഭവത്തില്‍ അവകാശവും പ്രാധാന്യവുമുള്ള യാഥാര്‍ത്ഥ്യത്തിന്റെ ചെകിട്ടത്ത് കിട്ടുന്ന അടിയുമാണ്. ചരിത്രകാരന്മാരില്‍ തന്നെ ചുരുക്കം ചിലര്‍ക്കു മാത്രം ഓര്‍മ്മയുള്ള ഒരാളുണ്ട്, അവിടെ; ഡോ.പല്‍പ്പു. 1891-ലെ മലയാളി മെമ്മോറിയലിലൂടെയാണ് പ്രക്ഷോഭണ സ്വഭാവമുള്ള ഒരു പൊതുശബ്ദം ഈ നാട്ടില്‍ ആദ്യമുണരുന്നര്‍ന്നത്. തമിഴ് ബ്രാഹ്മണര്‍ക്കു മാത്രം സര്‍ക്കാറിലെ ഉന്നത ജോലികളെല്ലാം കൊടുക്കുന്നതില്‍ അസഹിഷ്ണുക്കളായ നായര്‍ പ്രഭുകുമാരന്മാരുടെ ശബ്ദത്തില്‍ കക്ഷി ചേര്‍ക്കപ്പെട്ട പല്‍പ്പുവിനും ഈഴവര്‍ക്കും അന്നു കിട്ടിയ മറുപടി ‘ ഈഴവര്‍ ചെത്ത് തുടങ്ങിയ കുലത്തൊഴില്‍ കൊണ്ട് തൃപ്തിപ്പെട്ടു കഴിയുന്നവരാണ്’ എന്നതായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നതോദ്യോഗം പോയിട്ട് അഞ്ചുരൂപ തികച്ചു ശമ്പളം വാങ്ങിക്കുന്ന ഒറ്റ ഈഴവനില്ലെന്നും, ഈ ദയനീയസ്ഥിതിക്ക് എന്തെങ്കിലും പ്രതിവിധി വേണമെന്നും പല്‍പ്പു പറഞ്ഞപ്പോള്‍ അതേ മറുപടി വീണ്ടും ‘രാജസ്ഥാന’ത്തു നിന്നും കിട്ടി. പിന്നീട് പല്‍പ്പുവിന്റെ ശ്രമങ്ങള്‍ ഒരീഴവ സംഘടനയുണ്ടാക്കുന്നതിലായിരുന്നു. പലപാടു ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. ഇന്ത്യയില്‍ ഏതു പൊതുസംരംഭം ജയിക്കാനും ഒരു ആത്മീയാചാര്യന്‍ വേണമെന്നു മനസ്സിലാക്കിയ പല്‍പ്പു അരുവിപ്പുറത്ത് തപസ്സും ക്ഷേത്രപരിപാലനവുമായി കഴിയുന്ന നാരായണനെ സന്ധിക്കുകയും അദ്ദേഹത്തിന്റെ ആശിസ്സോടെ ശ്രീനാരായണധര്‍മ്മപരിപാലനയോഗം സ്ഥാപിക്കുകയും ചെയ്തതാണ് എസ് എന്‍ ഡി പിയുടെ ചരിത്രം. കുമാരനാശാന്‍ അന്ന് നാരായണഗുരുവില്‍ ആകൃഷ്ടനായ ഒരു നവയുവാവായിരുന്നു. അദ്ദേഹത്തിനു ലഭിച്ച ഈഴവപ്രഭുക്കളിലെ അംഗീകാരത്തില്‍ ഇരുതലക്കലും രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നാരായണഗുരു എന്ന അവര്‍ ആരാധിക്കുന്ന ആത്മീയഗുരുവിന്റെ ആശിസ്സ്, മറുവശത്ത് പല്‍പ്പുവിന്റെ പിന്തുണ. ഇവയില്‍ നിന്നാണ് കുമാരനാശാന്‍ എന്ന സമുദായനേതാവ് ഉണ്ടാവുന്നത്. അല്ലാതെ നാരായണഗുരുവില്‍ നിന്നു ഒരു രേഖ വരച്ചാല്‍ കുമാരനാശാനിലെത്തില്ല.

അതായത്, സ്വന്തം സംഘടനയേപ്പറ്റിത്തന്നെ നല്ല ബോധമാണ് എന്നര്‍ത്ഥം. ഇനി നാരായണഗുരുവിന്റെ കാര്യം. ശിഷ്യര്‍ എഴുതിവെച്ചതില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ നാരായണഗുരുവിന്റെ ഉല്പതിഷ്ണു സ്വഭാവത്തെ വ്യക്തമാക്കാനായി ഉദാഹരിയ്ക്കാം:

1) മരണശേഷം, ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ, ഏതാണ് നല്ലതെന്ന് ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.

നാരായണഗുരു: അതു ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിനു വളംവെയ്ക്കുന്നത് നന്ന്.

ശിഷ്യന്‍: അയ്യോ സ്വാമീ!

ഗുരു: എന്താ, നോവുമോ?

2) നാരായണഗുരു ചെങ്ങന്നൂരില്‍ വിശ്രമിക്കുമ്പോള്‍, പല്ലുകളെല്ലാം കൊഴിഞ്ഞ് തടിയനായ ഒരു വൃദ്ധന്‍ മാടന്‍ തുള്ളിക്കൊണ്ട് ഗുരുവിന്റെ അടുത്തെത്തി.

വൃദ്ധന്‍: ഞാന്‍ ആരാണെന്നറിയാമോ?

ഗുരു ചിരിച്ചുകൊണ്ട്: കണ്ടിട്ടൊരു തടിമാടനാണെന്നു തോന്നുന്നു.

വൃദ്ധന്‍: എന്ത്! നമ്മെ പരിഹസിക്കുന്നോ? പരീക്ഷ വല്ലതും കാണണോ?

ഗുരു: ആ വായിലെ പല്ലൊന്നു കണ്ടാല്‍ കൊള്ളാം.

3) ബര്‍മ്മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് ഗുരു ചോദിച്ചു:

‘ ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?’

ശിഷ്യന്‍: ‘ ഹിന്ദുക്ഷേത്രങ്ങളിലുള്ളതിലും കൂടുതലുണ്ട്.’

ഗുരു ‘അതു അപ്പോള്‍ മുടിവെട്ടുന്നതു പോലെയാണ്. വെട്ടുന്തോറും വേഗം വീണ്ടുമുണ്ടാവാന്‍ തുടങ്ങും. പാടില്ല എന്നു ബുദ്ധന്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടാവണം ഇത്രയും വര്‍ദ്ധിച്ചത്. ഇതൊക്കെത്തന്നെയാണ് നാം പാടില്ല എന്നു പറയാത്തതും.’

4) ഒരാള്‍ വന്ന് നാരായണഗുരുവിന്റെ അടുത്ത് കുട്ടിച്ചാത്തന്‍ വീട്ടില്‍ ഉപദ്രവിക്കുന്നെന്നും സ്വാമി കുട്ടിച്ചാത്തനെ ഒഴിപ്പിച്ചുതരണമെന്നും പറഞ്ഞു. 

ഗുരു: ‘ എനിക്ക് കുട്ടിച്ചാത്തനെ അറിയില്ലല്ലോ. ആള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ?’

‘ :ഉവ്വ് സ്വാമി, അവിടുന്ന് പറഞ്ഞാല്‍ കേള്‍ക്കും’

ഒരു ശിഷ്യനോട് ഗുരു: ‘ഇതൊന്ന് എഴുതിക്കൊടുക്കൂ’

കത്ത് :

‘ശ്രീ കുട്ടിച്ചാത്തന്‍ അറിവാന്‍,

ഈ കത്തു കൊണ്ടുവരുന്ന പെരായ്മയുടെ വീട്ടില്‍ മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്.’

എന്‍, നാരായണഗുരു, (ഒപ്പ്)

5) ഒരു ശിഷ്യന്റെ സംശയം: 

‘ ശിവഗിരി തീര്‍ത്ഥാടനത്തിന് രുദ്രാക്ഷം ധരിക്കണ്ടേ ഗുരോ?’

മറുപടി: ‘ രുദ്രാക്ഷം അരച്ച് പച്ചവെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ വല്ല പ്രയോജനവും കാണുമായിരിയ്ക്കും. ധരിക്കേണ്ട കാര്യമേയില്ല. വേണ്ട.’

ഈ അഞ്ച് അനുഭവസാക്ഷ്യങ്ങള്‍ സ്വയം സംസാരിയ്ക്കും. ഈ മനുഷ്യനേയാണ് ബിജെപിക്ക് അക്വയര്‍ ചെയ്യാന്‍ കൊടുക്കുന്നത്! കുംഭമേളയിലെ സ്വാമികളില്‍ പെടുത്താന്‍ പറ്റിയ ഉരുവമല്ല നാരായണഗുരു എന്ന് അല്‍പ്പമെങ്കിലും വെളിവുള്ള ധര്‍മ്മയോഗക്കാര്‍ക്ക് ഇനിയും ചിന്തിക്കാവുന്നതാണ്.

നവോത്ഥാന ബോധവും തുടര്‍ച്ചയും ജാതി വിരുദ്ധ സമരങ്ങളെ കേന്ദ്രീകരിച്ചു വളര്‍ന്ന നവോത്ഥാന ശ്രമങ്ങള്‍, സമുദായ പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് നവോത്ഥാനത്തിന്റെ തുടര്‍ച്ചയും ദൃഢീകരണവുമായി രംഗത്തെത്തിയ കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഇങ്ങനെ ലളിത രേഖീയമായ ഒരു വഴി ഏറെക്കാലമായി നമുക്കു പഥ്യവും പരിചിതവുമാണ്. ഈ ആഖ്യാനപദ്ധതി പലമട്ടില്‍ ആവര്‍ത്തിക്കുകയാണ് പ്രബുദ്ധ മലയാളി എന്തു കേട്ടാലും ചെയ്യുക. തീര്‍ച്ചയായും മേല്‍പ്പറഞ്ഞ വിശദീകരണമപ്പാടെ അപ്രസക്തമല്ല. നമ്മുടെ നാടിന്റെ ചരിത്രാനുഭവത്തിന്റെ ചില താളുകള്‍ അതിലുണ്ട്. എന്നാല്‍ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ചരിത്രപരമായ ഉള്‍ക്കാഴ്ച്ചയോടെ തുറന്നുകാണിക്കാന്‍ അത് പ്രാപ്തമല്ല. നവോത്ഥാനം എന്ന പരികല്‍പ്പനയില്‍ അടങ്ങിയിരിക്കുന്ന രാഷ്ടീയവും പ്രത്യയശാസ്ത്രപരവുമായ മുന്‍വിധികളെ കണക്കിലെടുക്കാതെ മുന്നോട്ടുപോവാനാവില്ല. നിഷ്‌കളങ്കമായി ഏറ്റെടുക്കേണ്ട ഗൃഹാതുരവാങ്മയമല്ല നവോത്ഥാനം. ബ്രാഹ്മണാധിപത്യത്തിന്റെ പ്രച്ഛന്നരൂപങ്ങളാണ് നവോത്ഥാനത്തെ നിര്‍ണ്ണയിച്ചത് എന്ന കീഴാളവിമര്‍ശനമടക്കം അനേകം ബഹുസ്വരതയാര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി ഉള്ളടങ്ങുന്നതാണ് ഇന്ന് നവോത്ഥാനം എന്ന ചരിത്രാനുഭവം. ഗ്രീസില്‍ പിറന്ന്, റോമില്‍ വളര്‍ന്ന് യൂറോപ്പിലെത്തി പ്രായപൂര്‍ത്തിയാവുന്ന ജ്ഞാന വികാസ സങ്കല്‍പ്പത്തെ വെട്ടിയൊതുക്കുന്ന നിലപാട് നവോത്ഥാനത്തിന്റെ ഈ ഗൃഹാതുരകല്‍പ്പനയ്ക്കുണ്ട്. നവോത്ഥാനം എന്ന പരികല്‍പ്പന തന്നെ അധിനിവേശാത്മകമായ ഒരു പ്രത്യയശാസ്ത്രധാരണയാണെന്ന് മനസ്സിലാക്കാന്‍ ഈ ധാരണ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ കാണിക്കേണ്ട അവധാനതയില്ലാതെ മൈക്കു കിട്ടിയാല്‍ നവോത്ഥാനത്തിന്റെ മാറാല മാലാഖമാരാവുന്ന കാല്‍പ്പനിക ബുദ്ധിജീവികള്‍ പറഞ്ഞു പറഞ്ഞ് ഏതാണ്ടു മലയാളി ചെടിയ്ക്കുകയും തീഷ്ണമായ നവോത്ഥാനോച്ചാരണം കൊണ്ട് ബുദ്ധിജീവികളുടെ പല്ലുപൊങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് വെള്ളാപ്പള്ളിജീ ക്കും മോന്‍ജീക്കും കൂടി നവോത്ഥാന കാലത്തിന്റെ നായകനെ ബോട്ടില്‍ ചെയ്യാനാവുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.

പറഞ്ഞുവന്നത്, ഓണാഘോഷമായാലും ശ്രീകൃഷ്ണജയന്തിയായാലും ഗണേശചതുര്‍ത്ഥിയായാലും കൊള്ളാം, സാര്‍വ്വജനിക പൂജയുടെ രാഷ്ടീയമൊന്നും ഇടതുപക്ഷത്തിനുള്ളതല്ല. ശ്രീകൃഷ്ണനാവാനും മാവേലിയാവാനും മൊല്ലാക്കയാവാനും പാതിരിയാവാനും ഇനിയും മടിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ ടാര്‍ഗറ്റില്‍ കയറി നിന്നുകൊടുക്കുന്നതില്‍ രാഷ്ടീയബുദ്ധി തന്നെയില്ല. ജീവിതത്തെ ജീവിതവ്യമാക്കാനുള്ള സൗന്ദര്യദര്‍ശനമെന്ന നിലയില്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയ അനേകര്‍ എല്ലാക്കാലത്തും ജീവിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് താന്‍ നിര്‍മ്മിച്ച ഭാവനാലോകത്തെ സ്ഥാപിതതാല്പര്യാര്‍ത്ഥം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന മതതീവ്രവാദം ശക്തിയാര്‍ജ്ജിച്ചതോടെ, മതം ഒരു നിശിതമായ രാഷ്ടീയ ആയുധമായി മാറുന്നു. ഇത്തരത്തില്‍ ഭീഷണരൂപമാര്‍ജ്ജിച്ച മദ്ധ്യകാല മതതീവ്രവാദത്തിനെ നേരിടാന്‍ ഉദാരതത്വചിന്തകര്‍ കണ്ടുപിടിച്ച പ്രധാന ഉപാധിയാണ് സെക്കുലര്‍ സ്റ്റേറ്റ്. മോഡേണ്‍ ഇന്റസ്ട്രിയല്‍ സ്റ്റേറ്റിനു മുന്നില്‍ ദൈവത്തിനും പള്ളിക്കും കാര്യമില്ലെന്നാണ് സെക്കുലറിസത്തിന്റെ അടിസ്ഥാനം. മതത്തെ നിരുപദ്രവീകരിക്കുക എന്നാണ് ചുരുക്കം. ഇടതുപക്ഷത്തിന് ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി മുതിര്‍ന്നിട്ടില്ല, ശരി. അതോടൊപ്പം ഇടതുപക്ഷം ചരിത്രം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തകസംഘം കൂടിയാണെന്ന ഓര്‍മ്മ കൈമോശം വരാതിരിയ്‌ക്കേണ്ടതുണ്ട്. അതിനു കേവല നവോത്ഥാന പ്രസംഗമോ സ്ഥലജലഭ്രമമോ അല്ല ആവശ്യം. തല്‍ക്കാലമിവിടെ നിര്‍ത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍