UPDATES

എസ് രാജേന്ദ്രന്‍ എംഎല്‍എയുടേത് വ്യാജപട്ടയം; സഭയില്‍ സമ്മതിച്ച് റവന്യു മന്ത്രി

മൂന്നാറില്‍ റവന്യുവകുപ്പിനെതിരെ പടയൊരുക്കത്തിനൊരുങ്ങി രാജേന്ദ്രന്‍

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന മൂന്നാറിലെ ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു സ്വന്തമാക്കിയത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തന്നെയാണ് ഈ കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണോയെന്നു കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് എംഎല്‍എയുടെ ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു സ്വന്തമാക്കിയതാണെന്ന് മന്ത്രി വ്യക്തമാക്കിയത്.

മൂന്നാറിലെ വ്യാജപട്ടയങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എഡിജിപി (ക്രൈംബ്രാഞ്ച്, സി ഐ ഡി) എസ് രജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയതായാണ് മന്ത്രി രേഖാമുലം നല്‍കിയ മറുപടിയില്‍ പറയുന്നത്. പട്ടയരേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ നമ്പര്‍ തിരുത്തിക്കിട്ടണമെന്ന അപേക്ഷ (നമ്പര്‍ C4/45257/10) ഇടുക്കി ജില്ല കളക്ടര്‍ 29.10.2011 നു തള്ളിയിട്ടുള്ളതായും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. കളക്ടറുടെ നടപടിയ്‌ക്കെതിരേ ലാന്റ് റവന്യു കമ്മിഷണര്‍ മുമ്പാകെ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റിഷനും എഡിജിപിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തന്നെ 5.1.2015 ല്‍ തള്ളുകയും ചെയ്തിട്ടുണ്ട്.
മൂന്നാറിലെ വ്യാജപട്ടയങ്ങള്‍ കണ്ടെത്താന്‍ റവന്യു, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകള്‍ മുഖേന അന്വേഷണം നടന്നുവരുന്നുണ്ടെന്നും കണ്ടെത്തിയ വ്യാജപട്ടയങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെ വന്‍കിട കയ്യേറ്റങ്ങള്‍ (തോട്ടങ്ങള്‍ ഉള്‍പ്പെടെ) കണ്ടുപിടിക്കുന്നതിനായി റവന്യു-പൊലീസ് സര്‍വേയുടെയും സംയുക്ത സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇ ചന്ദ്രശേഖരന്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.

സിപിഎം എംഎല്‍എ ആയ രാജേന്ദ്രന്‍ ഇതുവരെ തന്റെ ഭൂമിക്കുമേല്‍ ഉന്നയിച്ചിരുന്ന നിയമസാധുതയാണ് റവന്യു മന്ത്രിയുടെ മറുപടിയോടെ പൊളിഞ്ഞിരിക്കുന്നത്. 2000-03 കാലയളവില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എ കെ മണി അധ്യക്ഷനായ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയാണ് തനിക്കു പട്ടയം നല്‍കിയെന്നായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജേന്ദ്രന്റെ വാദം പൊള്ളയാണെന്ന് പുറത്തുവന്ന വിവരാവകാശ രേഖകളില്‍ നിന്നു നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്. രാജേന്ദ്രന്‍ പറയുന്ന കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാജേന്ദ്രന്റെ ഭൂമി കയ്യേറ്റഭൂമിയാണെന്ന ആരേപണവും ശക്തമായിരുന്നു. റവന്യു മന്ത്രിയുടെ മറുപടിയോടെ ആ ആരോപണത്തില്‍ സ്ഥിരീകരണവും ഉണ്ടായിരിക്കുകയാണ്.

അതേസമയം റവന്യു വകുപ്പിനെതിരേ മൂന്നാറില്‍ ജനങ്ങളെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് രാജേന്ദ്രന്‍ ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഭൂരഹിതര്‍ക്ക് അനുവദിച്ച റവന്യു ഭൂമി ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇതു റവന്യു വകുപ്പിന്റെ പിടിപ്പുകേടാണെന്നും ആരോപിച്ച് രാജേന്ദ്രന്റെ നേതതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുകയാണ്. മൂന്നാര്‍ ഭൂമിയുടെ പേരില്‍ സിപിഎം-സിപിഐ പോര് കൂടുതല്‍ കടുക്കുമെന്ന സൂചനകളാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍