UPDATES

വിദേശം

സാര്‍ക് എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കമല്ല

Avatar

ടീം അഴിമുഖം

“ഇന്ന്, മേഖലയുടെ ആഗോളവ്യാപാരത്തില്‍ കേവലം 5% മാത്രമാണ് നമുക്കിടയില്‍ നടക്കുന്നത്. ഈ പരിമിതമായ തലത്തില്‍പോലും, മേഖലയിലെ ആഭ്യന്തര വാണിജ്യത്തില്‍ വെറും 10% മാത്രമാണ് സാര്‍ക് (SAARC-തെക്കനേഷ്യന്‍ മേഖല സഹകരണ സംഘം) സ്വതന്ത്ര വ്യാപാര പ്രദേശത്തിന് കീഴില്‍ വരുന്നത്. ഇന്ത്യന്‍ കമ്പനികള്‍ കോടിക്കണക്കിനു രൂപയാണ് വിദേശത്തു നിക്ഷേപിക്കുന്നത്. പക്ഷേ വെറും 1% മാത്രമാണ് നമ്മുടെ മേഖലയിലേക്ക് വരുന്നത്. ഇപ്പൊഴും, ബാങ്കോക്കിലേക്കൊ സിംഗപ്പൂരിലേക്കൊ പോകുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് നമ്മുടെ മേഖലയ്ക്കുള്ളില്‍ സഞ്ചരിക്കാന്‍; പരസ്പരം സംസാരിക്കാന്‍ അതിലേറെ ചെലവാണ്.” കാഠ്മണ്ടുവില്‍ സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്.

ഇത് കുറച്ചുകൂടി ലളിതമാക്കാം. ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് തെക്കനേഷ്യയിലാണ്. പക്ഷേ അവരുടെ ആഗോളവ്യാപാരത്തിന്റെ കേവലം 5% മാത്രമാണ് അവര്‍ക്കിടയില്‍ നടക്കുന്നത്. അതേസമയം ആസിയാന്‍ രാഷ്ട്രങ്ങള്‍ തെക്കനേഷ്യയിലെ ജനസംഖ്യയുടെ പകുതിവരും. പക്ഷേ അവരുടെ ആഗോള വ്യാപാരത്തിന്റെ 24 ശതമാനവും മേഖലയില്‍ത്തന്നെയാണ് നടക്കുന്നത്.

സമ്മതിച്ചാലും ഇല്ലെങ്കിലും സാര്‍കിനെ രക്ഷപ്പെടുത്താനുള്ള ഏകവഴി ഇന്ത്യയും പാകിസ്താനും ഒത്തുതീര്‍പ്പുകളിലെത്തുക എന്നതാണ്.

അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യം വര്‍ദ്ധിപ്പിക്കാനും, മേഖലാ കസ്റ്റംസ് യൂണിയന്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കങ്ങളാണ്.

ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ കത്തിത്തീര്‍ന്നത് മൂന്ന് യുദ്ധങ്ങളാണ്. കഴിഞ്ഞ മാസം, കാശ്മീര്‍ അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മില്‍ നടന്ന ദിവസങ്ങള്‍ നീണ്ട വെടിവെപ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന്റെ കനം പിടിച്ച അന്തരീക്ഷം കാഠ്മണ്ടുവിലെ ഉച്ചകോടിയിലും നിഴല്‍ വീഴ്ത്തി.

സാര്‍കിലെ എട്ട് അംഗരാഷ്ട്രങ്ങളുമായി മൂന്ന്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചതായി ഇന്ത്യ, നേപ്പാള്‍ അധികൃതര്‍ പറഞ്ഞു. കനത്ത സൈനിക സാന്നിധ്യമുള്ള ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയടക്കം ഉള്‍പ്പെടുന്ന മേഖലകളില്‍ കരവഴിയുള്ള വ്യാപാരവും, വൈദ്യുതി പങ്കുവെക്കലും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഉഭയകക്ഷി കരാറുകള്‍.

പാകിസ്ഥാനെ പേരെടുത്ത് പറയാതെ,‘അപൂര്‍ണമായ ആഭ്യന്തര നടപടിക്രമങ്ങളുടെ പേരില്‍’ ഒരു രാജ്യം ഒപ്പുവെക്കാതിരുന്നതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

തെക്കനേഷ്യയെ, ചൈനയ്ക്ക് ഒരു സാമ്പത്തിക ബദലാക്കി മാറ്റാനും അതുവഴി മേഖലയിലെ ബീജിംഗിന്റെ സ്വാധീനം കുറക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് ഭീഷണിയാണ് പാകിസ്ഥാന്റെ ഈ വിസമ്മതം.

ഉടമ്പടിയില്‍ എത്തിച്ചേരാന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ‘സാര്‍ക്കിലോ അതിനു പുറത്തോ’ മേഖല സഹകരണം നടക്കുമെന്ന് മോദി ഉച്ചകോടിയില്‍ മുന്നറിയിപ്പ് നല്കി. നേപ്പാളിലെ മുന്‍ വിദേശകാര്യ സെക്രട്ടറി മധു രാമന്‍ ആചാര്യയും ഇതേ വികാരം പ്രകടിപ്പിച്ചു.

യൂറോപ്യന്‍ മാതൃകയില്‍ ഒരു യൂണിയനാകാനുള്ള ശ്രമങ്ങള്‍ 29 വര്‍ഷം മുമ്പേ തുടങ്ങിയിട്ടും എങ്ങുമെത്താതെ നില്‍ക്കുന്നതില്‍ ഉച്ചകോടിയില്‍ മിക്ക നേതാക്കളും നിരാശ പ്രകടിപ്പിച്ചു.

2006 മുതല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടായിട്ടും കേവലം 5% മാത്രമാണ് അവരുടെ ആഗോളവ്യാപാരത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം. വളരെ കുറച്ചു ഗതാഗത, ഊര്‍ജ ബന്ധങ്ങള്‍ മാത്രമേ അവര്‍ പങ്കുവെക്കുന്നുള്ളൂ.

ബെസ്റ്റ് ഓഫ് അഴിമുഖം 

ലോകാധികാരം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് മാറുമോ?
സുരക്ഷയ്ക്ക് ജപ്പാനെ കൂട്ടുപിടിക്കാന്‍ മോദി
നേപ്പാളില്‍ മോദി സ്കോര്‍ ചെയ്തു; ഇനി എന്ത് എന്നത് മുഖ്യം
ഇന്ത്യ-പാക്: മോദി സര്‍ക്കാരിന്‍റേത് തിരിച്ചടിക്കുന്ന തീരുമാനം
മധുരിക്കും മാമ്പഴങ്ങള്‍, പുളിക്കുന്ന നയതന്ത്രം

ഇന്ത്യയുമായി മറ്റ് അംഗരാഷ്ട്രങ്ങള്‍ക്കുള്ള ചരിത്രഭാരങ്ങള്‍ ചൈനയുമായില്ലാത്തതിനാല്‍ അവര്‍ തെക്കനേഷ്യയില്‍ പലയിടത്തും തുറമുഖങ്ങള്‍ ഉണ്ടാക്കുകയും ആയുധവില്‍പന നടത്തുകയും ചെയ്യുന്നു. ചൈനയുടെ Asian Investment Infrastructure Bank കൂടുതല്‍ ശ്രദ്ധ നേടുന്നുമുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഒഴിച്ചുള്ള മറ്റെല്ലാ സാര്‍ക് രാഷ്ട്ര നേതാക്കളുമായും മോദി കൂടിക്കാഴ്ച്ച നടത്തി. ആണവ ശക്തികളായ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്താന്‍ മുന്‍കൈ എടുക്കാന്‍ ഇരുകൂട്ടരും തയ്യാറായിട്ടില്ല.

വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തിയ മോദി, ബംഗ്ലാദേശും നേപ്പാളുമായി പുതിയ ഊര്‍ജ ബന്ധങ്ങള്‍ക്കും തുടക്കമിട്ടു. അയല്‍രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരമിച്ചം കുറച്ചുകൊണ്ടുവരുമെന്നും വാഗ്ദാനം നല്കിയിട്ടുണ്ട്. പക്ഷേ ബന്ധങ്ങളിലെ പുരോഗതി വളരെ സാവധാനമാണെന്നും ഓര്‍മിപ്പിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കങ്ങളില്‍ കുരുങ്ങിക്കിടക്കാതെ സാര്‍ക്കിന്റെ ഭാവി രൂപപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. എക്കാലത്തും ഈ തര്‍ക്കങ്ങള്‍ മേഖല സഹകരണത്തിന്റെ വഴിയില്‍ വിലങ്ങുതടിയായി കിടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍