UPDATES

ഇന്ത്യ ബഹിഷ്‌കരിച്ചാലും സാര്‍ക് സമ്മേളനം നടത്തുമെന്ന് പാകിസ്താന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും 19 ആമത് സാര്‍ക് സമ്മേളനം നവംബറില്‍ ഇസ്ലാമാബാദില്‍ തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി പാകിസ്താന്‍. പാക് വിദേശകാര്യ വക്താവ് നഫീസ് സാക്കരിയ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ നിര്‍ഭാഗ്യകരം എന്നു വിശേഷിപ്പിച്ച പാകിസ്താന്‍ ഇന്ത്യന്‍ നിലപാടിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ട്വിറ്ററിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും വ്യക്തമാക്കുന്നു. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത പാകിസ്താനുണ്ടെന്നും മേഖലയിലെ ജനങ്ങളുടെ താത്പര്യം വിശാലടിസ്ഥാനത്തില്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും പാക് വിദേശകാര്യ വക്താവ് പറഞ്ഞതായി പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാര്‍ക് സമ്മേളനം പരാജയപ്പെടുത്താന്‍ ഇന്ത്യ ഗൂഢശ്രമങ്ങള്‍ നടത്തുകയാമെന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കുറ്റപ്പെടുത്തുകയും ഉണ്ടായി.

ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ സാര്‍ക് സമ്മേളനം ബഹിഷ്‌കരിച്ചിരിക്കുന്നത്. സമ്മേളനം വിജയകരമായി നടത്താനുള്ള സാഹചര്യമല്ല പാകിസ്താന്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്താന്‍ നിരന്തരമായി ഇടപെടുന്നതിനെ ബംഗ്ലാദേശും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

എട്ടംഗങ്ങളുള്ള സാര്‍ക്കില്‍ നാല് അംഗങ്ങള്‍ പങ്കെടുക്കുന്നില്ലെങ്കില്‍ സമ്മേളനം മാറ്റി വയ്ക്കണമെന്നുണ്ട്. നിലവില്‍ സാര്‍ക്കിന്റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാള്‍ ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയിലെ അന്തരീക്ഷം മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യ സമ്മേളനത്തില്‍ നിന്നും പിന്മാറുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്താനെ രാജ്യന്തരതലത്തില്‍ ഒറ്റപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉണ്ടാവുന്നത് സമീപദിവസങ്ങള്‍ ദൃശ്യമാകുന്നതും. സാര്‍ക് സമ്മേളനം മാറ്റിവയ്ക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ പക്കല്‍ നിന്നും പാകിസ്താന് ഏല്‍ക്കേണ്ടി വരുന്ന കനത്ത പ്രഹരമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍