UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ത്തവം മതങ്ങള്‍ക്ക് അശുദ്ധമായിരിക്കാം, കോടതികള്‍ക്ക് അങ്ങനെയല്ല

Avatar

യു കലാനാഥന്‍

കടുത്ത ലിംഗവിവേചനം വച്ചു പുലര്‍ത്തുന്ന നമ്മുടെ മതങ്ങള്‍ക്കുമേല്‍ ഏറ്റ അടിയാണ് ‘ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയാല്‍ എന്ത്? എന്ന സുപ്രിം കോടതിയുടെ ചോദ്യം. ഭരണഘടന വിരുദ്ധമായി നടപ്പിലാക്കിക്കൊണ്ടിരുന്ന അനാചാരങ്ങളെ എതിര്‍ക്കാന്‍ കോടതിക്കു ധൈര്യം വന്നതില്‍ സന്തോഷമുണ്ട്.

നമ്മുടെ പരമോന്നത നീതി പീഠം ഉള്‍പ്പെടെ പലപ്പോഴും മതങ്ങളെ പ്രീണിപ്പിക്കുവാന്‍ വേണ്ടി അയഞ്ഞ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. എന്നാല്‍ അതിനു വിപരീതമായി ഭരണഘടന നിര്‍ദേശങ്ങളെ സംരക്ഷിക്കുവാന്‍ കെല്‍പ്പുള്ള രീതിയിലൊരു പ്രസ്താവനയാണ് കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ജാതി, മത, ലിംഗ, വര്‍ണ്ണവര്‍ഗ ഭേദമന്യേ നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും വിശ്വാസ സാതന്ത്ര്യം ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ഒരിടത്തുപോലും അത് ശരിയായി പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

ഭരണഘടനയുടെ 25, 26 വകുപ്പുകളിലാണ് മതസ്വാതന്ത്ര്യത്തെപ്പറ്റിയും വിശ്വാസ സ്വാതന്ത്ര്യത്തെപ്പറ്റിയും പരാമര്‍ശിക്കുന്നത്. വിശ്വാസ സ്വാതന്ത്ര്യം, വിശ്വാസ ആചരണ സ്വാതന്ത്ര്യം, വിശ്വാസ പ്രചരണ സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്നു അവകാശങ്ങള്‍ പൗരന് ഭരണഘടന അനുശാസിച്ചു നല്‍കിയിട്ടുണ്ട്. ഇതു നിഷേധിക്കപ്പെടുകയാണെന്നു തോന്നിയാല്‍ പരമോന്നത നീതി പീഠത്തിന് ഇടപെടാം. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

കാലങ്ങളായി ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം വിശ്വാസത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. സ്ത്രീകള്‍ക്ക് ഒരു ആരാധനാരീതി, പുരുഷന് മറ്റൊന്ന്; ഇത്തരം വിവേചനപരമായി മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആചാരരീതികള്‍ ഇന്ത്യപോലെ ശക്തമായ ജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് നടപ്പിലാക്കാന്‍ പാടുള്ളതല്ല. നിര്‍ഭാഗ്യവശാല്‍ അതു തന്നെയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഭരണഘടനയെയും രാഷ്ട്രത്തെ തന്നെയും കളിയാക്കി കൊണ്ട് മതങ്ങള്‍ അവരുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. സ്ത്രീകളെ മതിലുകള്‍ തീര്‍ത്ത് അസ്വതന്ത്രരാക്കുന്നു.

ഒരു വിശ്വാസിക്ക് അയാള്‍ ആഗ്രഹിക്കുന്ന സമയത്ത് ആരാധനാലയങ്ങളില്‍ പോകാനുള്ള സ്വാതന്ത്ര്യം ഭരണഘടന കല്‍പിച്ചു നല്‍കിയിട്ടുണ്ട്. അതേസമയം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസം എന്ന മാതൃകയെ തള്ളിക്കളയുന്നതാണ് സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്ന മതങ്ങളുടെയും പുരോഹിതന്മാരുടെയും നടപടികള്‍. ആര്‍ത്തവം ഇവിടുത്തെ മതങ്ങള്‍ക്ക് അശുദ്ധമാകാം, പക്ഷേ പൗരന്മാരെ ഒരേ കണ്ണിലൂടെ കാണുന്ന ഭരണഘടന സംരക്ഷിക്കാന്‍ നിയുക്തരായ കോടതികള്‍ക്ക് അത് അശുദ്ധമല്ല.

കോടതിയുടെ ഈ പരാമര്‍ശം മതനിന്ദയാണെന്നു പറഞ്ഞു സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ രംഗത്തുവന്നേക്കാം. പക്ഷേ നീതി നടപ്പാക്കേണ്ട കോടതി അതു നടപ്പാക്കുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിയണം.

(കേരള യുക്തിവാദി സംഘം മുന്‍ അധ്യക്ഷനും അധ്യാപകനുമായിരുന്നു ലേഖകന്‍)

(യു കലാനാഥനുമായി അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയന്‍ സംസാരിച്ച് തയ്യാറാക്കിയത്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍