UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ ലിംഗവിമോചന ചര്‍ച്ചകള്‍; ചായകോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങരുത്

Avatar

അനഘ ഇ. ജയന്‍

ക്ഷേത്രപ്രവേശന വിളംബരം മുതല്‍ സര്‍വകലാശാലാതലത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താനുള്ള സൂക്ഷ്മനീക്കങ്ങള്‍ വരെ കണ്ട സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന വാദത്തോട് ആദ്യം യോജിക്കട്ടെ. ശബരിമല വിഷയത്തില്‍ വിശ്വാസത്തെക്കാളും സ്ത്രീ വിമോചനത്തെക്കാളും പ്രസക്തി വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ആണെന്നുള്ള കാര്യം തല്‍കാലം സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് നമുക്ക് ഉപരിപ്ലവമായി അനുഷ്ഠാനത്തിന്റെ ലോജിക്കിനെ കുറിച്ച് സംസാരിക്കാം.

ആശയവിനിമയ/യാത്രാസൗകര്യങ്ങള്‍ ഇത്ര വികസിക്കുന്നതിനു മുമ്പ് നാല്‍പ്പത്തിയൊന്നു ദിവസം വ്രതമെടുത്ത് കാടും മലയും നഗ്നപാദരായി കയറി സന്നിധാനത്ത് എത്താനുള്ള സുരക്ഷാപരമായ ബുദ്ധിമുട്ട് മൂലമാവണം സ്ത്രീകളെ ശബരിമലയാത്രകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നത് എന്നത് കേട്ടുപഴകിയ യുക്തിയാണ്. ഇതില്‍നിന്ന് ഋതുവായ പെണ്‍കുട്ടികളെ മാത്രം അകറ്റി നിര്‍ത്തിയതിനു പിന്നില്‍ ഹൈന്ദവാചാരങ്ങള്‍ക്ക് ആര്‍ത്തവത്തോട് ഉള്ള ആജന്മവിരോധം ആണെന്നതില്‍ സംശയവും ഇല്ല. കൗമാരത്തിന് മുന്‍പും യൗവനത്തിന് ശേഷവും ഉള്ള സ്ത്രീകള്‍ക്കുള്ള പ്രവേശനസ്വാതന്ത്ര്യം ഇതിനു തെളിവാണ്.

വര്‍ണ്ണ/വര്‍ഗ്ഗ/ഭാഷ/ലിംഗ ഭേദമെന്യേ മനുഷ്യന്‍ ഒന്നാണെന്ന് ഉദ്‌ഘോഷിക്കാന്‍ ആവുന്ന ഭാഷാസാങ്കേതിക മാധ്യമങ്ങളിലൂടെയെല്ലാം പ്രബുദ്ധമനുഷ്യന്‍ മുറവിളി കൂട്ടുന്ന ഈ കാലത്ത്; നാല്‍പ്പതിയൊന്നു ദിവസം പോയിട്ട് നാല് ദിവസം പോലും വ്രതം അനുഷ്ഠിക്കാതെ അയ്യപ്പന്മാരും മാളികപ്പുറങ്ങളും മല ചവിട്ടുന്ന ഇന്നത്തെ കാലത്ത്; ലോകത്ത് എവിടെ നിന്നും ശബരിമലയില്‍ എത്താന്‍ മനസ്സ് വച്ചാല്‍ ഒരു ദിവസം പോലും തികച്ച് അവശ്യം ഇല്ലാത്ത, ഋതുമതികള്‍ അല്ലാതിരിക്കെ ശബരിമലയില്‍ എത്തി തിരിച്ചുപോരാന്‍ എളുപ്പം സാധിക്കുന്ന ഇന്നത്തെ കാലത്ത്; ‘മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവം ആകുന്നവള്‍’ എന്ന കാരണത്താല്‍ ഒരു പ്രത്യേക വിഭാഗം സ്ത്രീകള്‍ക്ക് ക്ഷേത്രസന്ദര്‍ശനം നിഷേധിക്കുന്നത് വിവേചനം തന്നെയാണ്. ഇതില്‍ കാലാനുസൃതമായ തിരുത്തല്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.

ക്രിസ്ത്യാനിറ്റിയില്‍ ഫീമെയില്‍ പ്രീസ്റ്റ്ഹുഡിനെ കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനും മുന്നേ, ഫ്രാന്‍സിസ് മാര്‍പാപ്പ സ്ത്രീ പൗരോഹിത്ത്യത്തെ ‘അടഞ്ഞ പുസ്തകം’ എന്ന് വിശേഷിപ്പിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്നേ, കേരളത്തില്‍ മണ്ണാറശ്ശാല, പാമ്പ്‌മേക്കാട്ട് തുടങ്ങിയ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പൂജാകര്‍മങ്ങള്‍ അനുഷ്ഠിച്ചു പോരുന്നുണ്ടായിരുന്നു. ചക്കുളത്തുകാവ്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ത്രീസാന്നിധ്യത്തിനു പ്രത്യേകതയും കല്‍പ്പിച്ചിരുന്നു. അടുക്കളത്തേവരെയും നടുമുറ്റത്ത് ഭഗവതിയെയും സ്ത്രീകള്‍ സേവിച്ചു പോരുന്ന ഭവനങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. ഈ ആരാധനാസ്വാതന്ത്ര്യത്തിന്റെ സംസ്‌കാരത്തെ പ്രചരിപ്പിക്കാന്‍ ക്ഷേത്രപ്രവേശനം പോലൊരു വിപ്ലവാത്മകമുന്നേറ്റം നടത്തുന്നതില്‍ തെറ്റില്ല.അത് ജാതിമതഭേദമെന്യേ സ്ത്രീകള്‍ക്ക് ആരാധാനാലയങ്ങളില്‍ പ്രവേശന സ്വാതന്ത്ര്യം ഉറപ്പു വരുത്തുമെങ്കില്‍ മാത്രം.

സമൂഹത്തിന്റെ ഒരു പ്രത്യേക കോണില്‍ ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന വിപ്ലവത്തിന് എത്രകണ്ട് സമഗ്രമാകാന്‍ സാധിക്കും എന്നതില്‍ സംശയം ഉണ്ട്. മറ്റു ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വര്‍ണ്ണ/വര്‍ഗ്ഗ വിവേചനത്തിനും ജാതീയതയ്ക്കും എല്ലാം എതിരെ നില്‍ക്കുന്ന പുരോഗമനപരമായ ആത്മീയാശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ക്ഷേത്രമാണ് ശബരിമല. സ്ത്രീകള്‍ക്ക് പാടെ വിലക്ക് കല്‍പ്പിക്കുന്ന ആരാധനാലയങ്ങള്‍ ഉള്ള നാട്ടില്‍ ഭാഗികമായി എങ്കിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ക്ഷേത്രവുമാണ് അത്. ഇതുകൊണ്ടൊന്നും യുവതികള്‍ക്കുള്ള പ്രവേശനസ്വാതന്ത്ര്യത്തിന്റെ അനിവാര്യത നഷ്ടപ്പെടുന്നില്ല. എങ്കിലും ശബരിമലയില്‍ നടപ്പിലുള്ള അത്രയെങ്കിലും പുരോഗമനം മതഭേദമെന്യേ എല്ലാ ആരാധാനലയങ്ങളിലും നടപ്പാക്കണമെന്ന് ആഹ്വാനം എങ്കിലും ചെയ്തിട്ടാണ് ശബരിമലയിലെ സ്ത്രീവിപ്ലവത്തെ കുറിച്ച് മുറവിളി കൂട്ടുന്നത് എങ്കില്‍ ലേശമെങ്കിലും ആത്മാര്‍ഥത ആ വിപ്ലവത്വരയില്‍ ഉണ്ടെന്നു അംഗീകരിക്കാം.

സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും പൗരോഹിത്യം നിഷേധിച്ചിരിക്കുന്ന ക്രൈസ്തവ/ ഹൈന്ദവ ആരാധനാലയങ്ങളും, സ്ത്രീകള്‍ക്ക് പ്രവേശനം തന്നെ നിഷേധിച്ചിരിക്കുന്ന മുസ്ലീം പള്ളികളും ഉള്ള നാട്ടില്‍ നടക്കേണ്ടത്, ആരാധനാക്രമത്തിലെ ജാതി/ലിംഗ വിവേചനം ഒഴിവാക്കുന്ന അടിസ്ഥാന മുന്നേറ്റം ആണ്. ഇത് ശബരിമലയോടൊപ്പം എല്ലാ ആരാധനാലയങ്ങളെയും ബാധിക്കുകയും വേണം. ആര്‍ത്തവകാലത്തെ ആരാധനാലയപ്രവേശനം ഈ മുന്നേറ്റത്തിന്റെ അടുത്ത പടി മാത്രമാണ്. ജാതി/മത/ലിംഗ ഭേദമെന്യേ തത്പരര്‍ ആയവര്‍ക്കെല്ലാം ഏതു മതത്തിലെയും ശാസ്ത്രീയമായ പൗരോഹിത്യ പഠനവും ആരാധനാലയ പ്രവേശന സ്വാതന്ത്ര്യവും ഉറപ്പു വരുത്തുക എന്നത് ഏറ്റവും ആവശ്യവും മാനവികവുമായ ഒരു മുന്നേറ്റം തന്നെയാണ്. പക്ഷെ ഈ സദുദ്ദ്യേശത്തെ ഒരു പ്രത്യേക സാമൂഹ്യ സംവിധാനത്തെ അട്ടിമറിച്ച് സ്വാര്‍ഥരാഷ്ട്രീയതാല്പര്യങ്ങള്‍ സംരക്ഷിക്കാനായി ദുര്‍വിനിയോഗം ചെയ്യുമ്പോള്‍, ശ്രമം വെറും ചായക്കോപ്പയിലെ കൊടുംകാറ്റായി ഒടുങ്ങുന്നു.

ശബരിമലയില്‍ നിന്ന് തുടങ്ങുന്ന മുന്നേറ്റം രാജ്യത്ത് ഉടനീളമുള്ള സകല ആരാധനാലയങ്ങളിലെക്കും പടരുമെങ്കില്‍, മതഭേദമെന്യേ ആരാധനാലയങ്ങളില്‍ സ്ത്രീകളെയും മൂന്നാംലിംഗക്കാരെയും പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി തന്നെ വിധി പ്രഖ്യാപിക്കുമെങ്കില്‍, എങ്കില്‍ മാത്രം, ശബരിമലയിലേത് ലിംഗവിമോചനചരിത്രത്തില്‍ ഒരു നാഴികക്കല്ല് ആകുമെന്ന് സമ്മതിക്കാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍