UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിവാദം; ഭരണഘടനയാണ് ശരി, മത ഗ്രന്ഥങ്ങളല്ല

അഡ്വ. കെ കെ പ്രീത

മാറേണ്ടിയിരിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെമേല്‍ ആശാവഹമായി വന്നുപതിച്ച ഒരു നിരീക്ഷണമാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വെറും വാക്കാലുള്ള നിരീക്ഷണമാണെങ്കില്‍ പോലും അതുണ്ടാക്കിയിരിക്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഒരുപക്ഷേ ഈ ഹര്‍ജിയില്‍ ഉണ്ടാകുന്ന അന്തിമ വിധിയില്‍ ഇപ്പോഴത്തെ നിരീക്ഷണത്തിന് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലായെങ്കില്‍ പോലും, ആ പ്രതീക്ഷകള്‍ നമ്മളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14,15 എന്നിവ പ്രതിപാദിക്കുന്നത് തുല്യ നീതിയെക്കുറിച്ചാണ്. അതില്‍ സ്ത്രീയെയും പുരുഷനെയും തുല്യരായി കാണണമെന്ന് അനുശാസിക്കുന്നു. 15(1)ല്‍ ജാതി, മതം, വര്‍ഗ്ഗം, ലിംഗം എന്നിവ പ്രകാരമുള്ള വേര്‍തിരിവ് പാടില്ല എന്നും 15(3)ല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താം എന്നും പറയുന്നുണ്ട്.

അതായത് ലോകത്തെ ഏറ്റവും വലിയ, ഇന്ത്യക്ക് ഒരു ജനാധിപത്യ മുഖം നല്‍കിയ ഭരണഘടന അനുശാസിക്കുന്നത് സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്നതില്‍ തടസ്സമില്ല എന്ന് തന്നെയാണ്. അത് പുരുഷനോടുള്ള വിവേചനമായി കാണാന്‍ പാടില്ല എന്നും ഭരണഘടനയിലുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ ഈ നിരീക്ഷണം പ്രതീക്ഷയ്ക്കു വക നല്‍കുന്നു. ഇത് സ്ത്രീകള്‍ക്ക് അനുകൂലമായ ഒന്നാണ്, പ്രത്യേകിച്ചും ക്ഷേത്രത്തില്‍ കയറണം എന്ന വിശ്വാസം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക്.

കാലങ്ങളായി പിന്‍തുടര്‍ന്നു പോരുന്ന ഒരു ആചാര-അനുഷ്ടാനത്തില്‍ മാറ്റം വരുത്താനാവില്ല എന്നൊരു കാരണം പലരും ഉയര്‍ത്തുന്നുണ്ട്. ഇന്നലത്തെ ദുരാചാരമാണ് ഇന്നത്തെ ആചാരമായി മാറിയിരിക്കുന്നത്. അങ്ങനെയുള്ളവ കാലാനുസൃതമായി തിരുത്തപ്പെടേണ്ടതു തന്നെയാണ്. മുന്‍കാലങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നു. ആ കാലഘട്ടത്തില്‍ നിന്നും വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം എന്നിങ്ങനെ പല ചരിത്ര സംഭവങ്ങളിലൂടെ കടന്നു വന്ന് എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാവുന്ന അവസ്ഥയിലാണ് നാമിപ്പോള്‍ നില്‍ക്കുന്നത്, ചിലയിടങ്ങളില്‍ ശബരിമലയിലെപ്പോലെയുള്ള വിലക്കുകള്‍ ഉണ്ടെങ്കിലും.

പണ്ടുണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പൊരുതി നേടിയ ഒന്നാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ദളിതരുടെ  അവകാശം. പണ്ടത്തെ ആചാരം ഇന്നും തുടര്‍ന്നിരുന്നെങ്കിലോ? അത്തരം ബാലിശവും അടിസ്ഥാനമില്ലാത്തതുമായ വാദങ്ങളാണ് ഇപ്പോഴും ഇവര്‍ ഉയര്‍ത്തുന്നത്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല ദര്‍ശനം എന്നുള്ളത് ഇക്കാലത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പാലിക്കുന്നത്. അതുപോലെ തന്നെയാണ് സ്ത്രീകളുടെ ശബരിമല പ്രവേശനവും, വ്രതനിഷ്ട തെറ്റിയതുകൊണ്ടോ മറ്റോ ദേവന് അനിഷ്ടമായത് സംഭവിക്കുമെന്നതു കൊണ്ടല്ല.

ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നിരവധിയാണ്. ആര്‍ത്തവം ഒരു സ്ത്രീയുടെ അശുദ്ധിയല്ല, തലമുറകളെ സൃഷ്ടിക്കുന്ന പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്. അഥവാ അങ്ങനെയാണെങ്കില്‍ ഇന്നീ ഭൂമിയില്‍ ജീവനോടെയുള്ള എല്ലാ മനുഷ്യരും ആ അശുദ്ധിയില്‍ കൂടിയാണ് കടന്നുപോകുന്നത്. ഓരോ മാസങ്ങളിലും സ്ത്രീ അനുഭവിക്കുന്ന ആര്‍ത്തവകാല വേദനകളിലും ചീന്തുന്ന രക്തത്തിലും കൂടിയാണ് ഓരോ ജീവനും പുറം ലോകം കാണുന്നത്. അതിനെ അശുദ്ധിയായി മാറ്റി നിര്‍ത്തുന്നത് ശരിയായ ഒരു നടപടിയല്ല. സ്ത്രീകള്‍ പോയി കണ്ടു എന്നുള്ള കാരണം കൊണ്ട് ദേവന്റെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന വാദത്തിനും യാതൊരു അടിസ്ഥാനവുമില്ല.

മകരവിളക്കിന്റെ സത്യാവസ്ഥയും അടുത്തിടെ ലോകമറിഞ്ഞതാണ്. ദൈവീക ചൈതന്യത്താല്‍ മകരജ്യോതി തെളിയുന്നതല്ല. അത് തെളിക്കുന്നതാണ് എന്നുള്ള സാഹചര്യവും ശബരിമല മേല്‍ശാന്തിയെ മുന്‍പൊരു കേസില്‍ ഫ്ലാറ്റില്‍ കണ്ടതും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ എത്രത്തോളം വിശുദ്ധമാണ് നമ്മുടെ ദേവാലയങ്ങള്‍ എന്നുള്ള ചോദ്യം കൂടി ഉയരുന്നുണ്ട്.

ഒരു മതവും സ്ത്രീകള്‍ക്ക് തുല്യത തരുന്നില്ല. ഒരു മതഗ്രന്ഥവും അതെക്കുറിച്ച് പ്രതിപാദിക്കുനുമില്ല.’ന സ്ത്രീസ്വാതന്ത്ര്യമര്‍ഹതി’ എന്നാണ് മനുസ്മൃതി പറയുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പുരുഷനും തുല്യത നല്‍കുന്ന ഒരേയൊരു ഗ്രന്ഥം ഭരണഘടനയാണ്, അത് ഒരു മതത്തിന്റെയും അധീനതയിലുമല്ല. അതേ ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമാണ് കോടത്തി ഈയവസരത്തില്‍ നടത്തിയതും.

കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ..അഭിനന്ദനം. എന്നുള്ളതില്‍ അഭിനന്ദനത്തിനു പകരം അടികൊള്ളണം എന്നു തിരുത്തിപ്പാടുന്ന കാലമാണ് ഇത്. ഇന്ന് ബഹിരാകാശ യാത്രകളില്‍ പോലും സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. അത്തരത്തില്‍ മുന്‍പന്തിയിലേക്ക് കുതിക്കുന്ന ഒരു വിഭാഗത്തിനെ കൂച്ചുവിലങ്ങിട്ടു തളയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ തികച്ചും പരിഹാസ്യമായ ഒന്നാണ്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ അവരുടെ ജനാധിപത്യപരമായ അവകാശമാണ് സംരക്ഷിക്കപ്പെടുക. അതിനായി മതാന്ധന്‍മാരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കൂട്ടുനില്‍ക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്നാഗ്രഹമുള്ള ഒരു വിഭാഗം സ്ത്രീകളുടെ വികാരത്തെക്കുറിച്ച് കൂടി പരിഗണിച്ചുള്ള നടപടിയാവണം രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ സ്വീകരിക്കേണ്ടത്.

(ഹൈക്കോടതിയില്‍ അഭിഭാഷകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍