UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

നരകം ശൂന്യമാണ്‌, എല്ലാ പിശാചുക്കളും മതപ്രമാണങ്ങളും പിടിച്ച് ഇവിടെയുണ്ട്

നരകം ശൂന്യമാണ്‌ എല്ലാപിശാചുക്കളും ഇവിടെത്തന്നെയുണ്ട് എന്ന വില്ല്യം ഷേക്സ്പിയറുടെ വരികളെ ദിനം പ്രതിയുള്ള വാർത്തകൾ കാൺകെ തലക്കുറിവാചകം പോലെ അല്പം മാറ്റിയെഴുതാം എന്നു തോന്നുന്നു. നിലവിൽ സുപ്രീം കോടതിയിൽ നിന്നും ശബരിമലയിലെ സ്ത്രീ പ്രവേശവുമായ് ബന്ധപ്പെട്ട് വന്ന വാർത്തയുടെ പിന്നാലെ  സഞ്ചരിക്കുമ്പോൾ തോന്നുന്ന സംശയം പുരോഗമന ആശയക്കാരായ സ്ത്രീകളും മതേതര വാദികളും മതവാദികളിലെ ഇടതു ചിന്താഗതിക്കാരും ഒക്കെ ചേർന്ന് ഇതിനെതിരെ നടത്തുന്ന കോലാഹലം കൊണ്ട് മാറ്റമെന്തെങ്കിലും സംഭവിക്കുമോ എന്നാണ്‌. സംഭവിക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ അത് വിശ്വാസികളായ സ്ത്രീകൾ മുന്നിട്ടിറങ്ങി വന്നിട്ട് വേണം.

അവരുടെ നിലപാടെങ്ങനെയാണ്‌ എന്നറിയാൻ ശബരിമല ഭക്തകളും അയ്യപ്പ ക്ഷേത്രങ്ങളിലെ സ്ഥിരം ഭക്തകളും പത്ത് വയസ്സ് വരെ ആറും ഏഴും തവണ ശബരിമലയ്ക്ക് പോയവരുമായ പരിചയക്കാരയാ ചില സ്ത്രീകളോട് തിരക്കി. അതിൽ ഒരാൾക്ക് പോലും ആചാരം പൊട്ടിച്ച് മലയ്ക്ക് പോകാൻ ആഗ്രഹമില്ല. പിന്നെ ഈ വിവാദം കൊണ്ട് ആർക്കാണ്‌ നേട്ടം? ദൂരവ്യാപകമായ്, വിശ്വാസികളായ സ്ത്രീ സമൂഹത്തിന്റെ ഇടയിൽ ചിലപ്പോൾപോലും സ്ഥാനം പിടിക്കാനിടയുള്ളതെന്ന് നിലവിലെ സാഹചര്യത്തിൽ പറയാൻ പറ്റാത്ത ഒന്നാണ്‌ ശബരിമലയിലെ സ്ത്രീപ്രവേശം.

ദൈവത്തിന്റെ മുന്നിൽ സ്ത്രീയും പുരുഷനും തുല്ല്യരാണെന്നും സ്ത്രീയുടെ ആർത്തവം അശുദ്ധമാണെന്ന്പറയാൻ അത്ര മണ്ടനാണ്‌ ദൈവം എന്നു കരുതാനും നിലവിലെ സാഹചര്യത്തിൽ ആത്മീയ ജീവിതത്തെ അടുത്ത് നിന്ന് കാണുന്ന ഒരാളെന്ന നിലയിൽ എനിക്ക് സാധിക്കില്ല. സ്ത്രീക്ക് പൂജ ചെയ്യാനും പൂണുലിടാനും ഒക്കെ അധികാരം ഉണ്ടായിരുന്ന ഒരു കാലഘട്ടം പണ്ടുണ്ടായിരുന്നു. കാലപ്പഴക്കത്തിൽ മതം പോലെ തന്നെ അശ്ലീലമായ അതിന്റെ ആചാരങ്ങളും മനുഷ്യരെ തമ്മിലകറ്റുന്ന പോലെ സ്ത്രീ പുരുഷന്മാരെയും തമ്മിലകറ്റി. ദൈവം എന്നൊരാൾ ഇവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രകാരമുള്ള സ്വഭാവഗുണങ്ങളോടെ ജീവിച്ചിരിപ്പുണ്ടെങ്കിൽ സ്ത്രീകൾക്ക് നേരെ നിലവിൽ കാണിക്കുന്ന പല പിന്തിരിപ്പൻ പരിപാടികളും കണ്ട് ഇവർക്ക് വേണ്ട ശിക്ഷ നല്കിയേനെ. അപ്പോൾ വിശ്വാസം എന്ന നിലയിൽ ആത്മീയത തൊട്ട് തീണ്ടാത്ത മനുഷ്യർ കാട്ടികൂട്ടിയ ഇത്തരം ക്ഷേത്രാചാരങ്ങളുടെ പടിയിൽ കയറിനിന്ന് നോക്കിയാൽ പൂർണ്ണമായ വിധിവന്നാൽ പോലും ഗുണമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല. കാലന്തരത്തിൽ എങ്ങനെ വരുമെന്നും കണ്ടറിയണം. അത്ര ദുർബലമാണ്‌ നമ്മുടെ വിശ്വാസി സമൂഹം. അഥവാ ഇനി ശബരിമലയിൽ വിശ്വാസമുള്ള സ്ത്രീകൾ പോയി എന്നു കരുതുക പിന്നെ സംഭവിക്കാൻ പോകുന്ന ദുരന്ത പരമ്പരകൾക്ക് കൈയ്യും കണക്കുമുണ്ടാവില്ല. 

വീടിന്റെ ഒരു ഓടു പൊട്ടിയാലൊ, കോഴി വസന്തവന്ന് ഒരു കോഴി ചത്താലോ, കിണറ്റിൽ വീണ്‌ ഒരു പൂച്ച ചത്താലോ ഇവരാരും സുപ്രീം കോടതിയിലേക്ക് പോവില്ല. ആ വിധി എന്താണെന്ന് നോക്കുകയും ഇല്ല. പകരം തൊട്ടടുത്ത് എട്ടാം ക്ളാസ്സും ഗുസ്തിയും പാസ്സായി സകല രോഗ പരിഹാര ഏലസ്സുകളുമായിരിക്കുന്ന ഏതെലും ജ്യോത്സ്യന്റെ അടുത്തേക്കായിരിക്കും പോക്ക്. പിന്നെ പാപ പരിഹാരാർത്ഥം സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം ,വിളക്ക് മാല., പുഷ്പാഞ്ജലി, തിലഹോമം, ബാധാ വേർപാട്, ഗുളികൾ, തിച്ചാമുണ്ടി, അറുകൊല, യക്ഷി, ബന്ധത്തിലെ ഗതികിട്ടാപ്രേതം ഒക്കെ ലിസ്റ്റ് നിരത്തി ചുരുങ്ങിയത് ഒരു അൻപതിനായിരം രൂപയും മനുഷ്യാധ്വാനവും പാഴായികിട്ടും. ശബരി മലയ്ക്ക് പോകാനുള്ള ചിലവ്  പതിനായിരം രൂപയിൽ ഒതുങ്ങും.പക്ഷെ അഞ്ചിരട്ടി ഇവിടെ ചിലവാവും. പരിഹാരപൂജാദികൾ ഒക്കെ കഴിഞ്ഞാലുംഒരു വർഷത്തേക്ക് മുടങ്ങാതെ മൃത്യുഞ്ജയ ഹോമം കൂടി എഴുതാതെ ജ്യോത്സ്യര്‌ കുറിപ്പടി താഴെവെയ്ക്കില്ല.

ഈ വിഷയത്തിൽ സുപ്രീം കോടതി കാലാനുസൃതമായ ഒരു മുന്നേറ്റം നടത്തി. ഇനി അതിനെ എങ്ങനെ വളച്ചൊടിക്കണം എന്നു നോക്കാനും ആളുണ്ടാവും എന്നതിൽ ശങ്കയില്ല. പക്ഷെ വിധിയുടെ ഉപഭോക്താവ് അല്ലെങ്കിൽ സ്ത്രീ വിശ്വാസികൾക്ക്/വനിത ഭക്തജന സമിതിക്ക് ഇത്തരം കാര്യങ്ങളിൽ എന്താണ്‌ പറയാനുള്ളത് എന്നും കൂടി അറിയണം. കോടതിക്ക് ചെയ്യാവുന്നത് നിരന്തരം മനുഷ്യ വിശ്വാസത്തെയും ജീവിതത്തെയും അവഹേളിക്കുന്ന കപട മതങ്ങളുടെ തട്ടിപ്പിനുമേൽ ഒരു അന്വേഷണം വെക്കുകയും മതത്തിന്റെ തണലുപറ്റി കൂണുപോലെ മുളച്ച് പൊന്തിയ പാപ പരിഹാര കേന്ദ്രങ്ങളും  ധ്യാനകേന്ദ്രങ്ങളും അടക്കം വിശ്വാസം ദുരുപയോഗം ചെയ്യുന്ന മതപ്രഭാഷണങ്ങളടക്കം നിരോധിക്കുകയാണ്‌. അതെന്തായാലും തല്ക്കാലം സംഭവിക്കാനിടയില്ല.  ചുരുങ്ങിയ പക്ഷം സിഗരറ്റ് കുറ്റിയോട് ചെയ്യുന്ന അത്രയെങ്കിലും കരുണ ആരോഗ്യത്തിന്‌ ഹാനികരം എന്നത് പോലെ മനസ്സിനും ധനത്തിനും അപകടകരം എന്നൊരു ബോർഡ് മതപഠന കേന്ദ്രങ്ങളുടെയും വിശ്വാസം വിറ്റുതിന്നുന്ന കള്ള പരിപാടികളുടെയും കേന്ദ്രങ്ങളിൽ കെട്ടി തൂക്കുകയാണ്‌ വേണ്ടത്. അതും നടക്കുമെന്ന് തോന്നുന്നില്ല.

ഒരു ഗവണ്മെന്റിനും കോടതി വിധികൾക്കും ഒറ്റയടിക്ക് വിശ്വാസത്തെയും മതങ്ങളെയും മനുഷ്യന്റെ ഈശ്വരനിലുള്ള വിശ്വാസത്തെയും ഇല്ലാതാക്കാനൊ ഇല്ലാതാക്കിക്കാൻ യത്നിക്കാനോ കഴിയില്ല. യുക്തിവാദികളുടെ സാമാന്യ യുക്തിയില്ലാത്ത ചിന്തകൊണ്ട്, എല്ലാം തെറ്റാണ്‌ നിരോധിക്കണം എന്നു പറഞ്ഞാൽ സംഭവിക്കുന്നതല്ല ദൈവവും വിശ്വാസവും. അതുകൊണ്ട് തന്നെ പുരോഗമനാശയ പ്രകാരം ഉചിതമായ വിധിയെന്നും സ്ത്രീപുരുഷ സമത്വം എന്നൊക്കെ ചിന്തിക്കാൻ എളുപ്പമാകുമെങ്കിലും അതിന്റെ പ്രായോഗിക വശം ഗുണത്തെക്കാളെറെ ദോഷം സൃഷ്ടിക്കുന്നതാണ്‌.

കേരളത്തിലെ മുഴുവൻ കാവുകളും അവനവന്റെ സൗകര്യത്തിന്‌ വെട്ടിക്കളഞ്ഞിട്ട് സർപ്പശാപം തീർക്കാൻ പതിനായിരങ്ങൾ കളഞ്ഞ് സർപ്പപൂജ നടത്തുന്ന മരമണ്ട ശിരോമണികളുടെ നാടാണ്‌ നമ്മുടെത്. അത് പോലെ വിശ്വാസികളായ വനിതകൾ അബദ്ധത്തിനെങ്ങാനും ശബരിമലയിൽ പോയി എന്തെങ്കിലും അനർത്ഥം സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന പുകിലോർത്ത് അവർക്കുണ്ടാവാൻ പോകുന്ന മാനസികവും സാമ്പത്തികവും ആയ കഷ്ടനഷ്ടങ്ങളോർത്ത് എനിക്ക് തോന്നുന്നത് താല്ക്കാലികമായി കോടതി ഒരു മണ്ടത്തരം കാട്ടി എന്നാണ്‌. അൻപത് ശതമാനം വേണ്ട 20 ശതമാനമെങ്കിലും യുക്തിബോധമുള്ള സ്ത്രീ സമൂഹം ഉണ്ടായാൽ മാത്രം ഇപ്പോഴുള്ള വിധി പ്രയോജനപ്പെടുകയുള്ളു എന്നുറപ്പാണ്‌. ക്ഷേത്രപ്രവേശന വിളംബരത്തിനായ് അവർണ്ണർ പടനയിച്ചപോലെ ശബരിമലയിലേക്ക് കയറാൻ വിശ്വാസികളായ സ്ത്രീകളാരും മുതിരാത്ത സന്ദർഭത്തിൽ ഇതെത്രകണ്ട് പച്ചപിടിക്കും എന്ന് മാളികപ്പുറത്തമ്മമാർ തന്നെ സ്വയം ചോദിക്കണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ കയറാവുന്ന സ്ഥലമാണ്‌ ശബരിമല. അതിലൊന്നും ഒരു സംശയവുമില്ല. ശബരിമലയെന്നല്ല ഏത് ആരാധനാലയത്തിലും മനുഷ്യന്‌ കയറാനാവുന്നതാവണം . മതങ്ങൾക്ക് പിടി വീണ്‌ കഴിഞ്ഞാൽ മനുഷ്യത്വം പോയിക്കിട്ടും. പിന്നെ അവിടെ സംഭവിക്കുന്നത് ദുരന്തമായിരിക്കും. ഒരു മതത്തിന്റെ ആരാധനാലയത്തിലേക്കുള്ള പാതയിൽ അബദ്ധത്തിലെങ്ങാനും മറ്റൊരു മതക്കാരൻ പ്രവേശിച്ചാൽ ശിക്ഷിക്കുന്ന പതിവ് ഒരു മതരാഷ്ട്രത്തിലുണ്ട്. അതുപോലെ തന്നെ തികച്ചും ബോധമില്ലാത്ത കരുണയില്ലാത്ത ഒരാളാണ്‌ ദൈവം എന്ന തോന്നൽ ശബരിമലയിലെ സ്ത്രീ നിഷേധം കൊണ്ടും സംഭവിക്കുന്നുണ്ട് എന്ന് തലയ്ക്കത്ത് യുക്തിബോധമുള്ള ഏത്  മനുഷ്യർക്കും മനസ്സിലാവും. നമ്മുടെ നാട്ടിൽ എല്ലാ മതങ്ങളും ഒന്നിനൊന്ന് കരുണയും ക്ഷമയും ഇല്ലാതെ തന്റെ വിശ്വാസി സമൂഹത്തിലെ സ്ത്രീകളെ അരിഞ്ഞു വീഴ്ത്തുമ്പോൾ കോടതി വിധികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നത് ചിന്തനീയമാണ്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍