UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

സ്വത്വമല കയറ്റം കഠിനമെന്റയ്യപ്പാ…

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകിക്കൂടെ എന്ന ദയനീയമായ ചോദ്യം കോടതി ചോദിച്ചു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ദൈന്യം ഒന്ന് വേറെ തന്നെയാണ്. തുടർ മാധ്യമചർച്ചകളിൽ പങ്കെടുത്തുകൊണ്ട് നിയമ വിദഗ്ദ്ധർ നല്കുന്ന വിശദീകരണം കൂട്ടി വായിക്കുമ്പോൾ പ്രത്യേകിച്ചും. പ്രശ്നം വ്യക്തിസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷമാണ് എന്നതാണ് പണ്ഡിതമതം. വിശ്വാസ സംബന്ധിയായ കാര്യങ്ങൾ വരുമ്പോൾ കോടതികൾ വിശ്വാസത്തിന് മേൽകൈ കൊടുക്കുന്നതാണ് സമ്പ്രദായം എന്ന് അവർ കേസ് നമ്പർ ഒക്കെ പറഞ്ഞ് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ഇതിന് സമാന്തരമായാണ് യുക്തിചിന്ത മുതൽ ഹ്യൂമനിസവും മതേതരയുക്തികളും വരെ വിശ്വാസിസമൂഹത്തെ ഹിംസിക്കുകയാണെന്ന വാദം. പല കേസുകളിൽ എന്ന പോലെ ഇതിലും നിയമവ്യവസ്ഥ പോലും വിശ്വാസത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നത് എന്ന് വ്യവഹാരചരിത്രം അറിയാവുന്ന അഭിഭാഷകർ ആണയിടുന്നു. അതുകൊണ്ട് തന്നെ അടുത്ത ഘട്ടം എത്തുമ്പോൾ ഈ രോദനം പോലും നിലനിൽക്കുകയില്ലെന്നും. പക്ഷേ അപ്പോഴും തരം പോലെ സമുദായ സംഘടനകൾ ആണ് വിശ്വാസിസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതെന്നും, എന്നാൽ  വിശ്വാസമല്ല, വിശ്വാസങ്ങൾ ആണ് എന്നും ഒക്കെ ബുദ്ധിജീവികൾ പറയുന്നു. വിശ്വാസം  അതിനുള്ളിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ തീർപ്പ് ആര് കല്പിക്കും എന്ന് ചോദിച്ചാൽ സാമുദായിക ആചാര്യന്മാർ എന്നതാണ് ഉത്തരം. അപ്പോൾ പിന്നെ വിശ്വാസമല്ല, വിശ്വാസങ്ങളാണ് എന്ന വാദത്തിന് പ്രയോഗതലത്തിൽ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ ആ ചോദ്യം തന്നെ വംശീയമാണ് എന്നത്രേ മറുപടി!

വ്യക്തിസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷത്തിന്റെ അത്ര നൂതനമൊന്നും അല്ലാത്ത തലമാണ് വിശ്വാസിയായ സ്ത്രീയുടെ ആരാധനാസ്വാതന്ത്ര്യവും, അത് വിലക്കുന്ന വിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യവും. ഇത് ശബരിമലയിലൊ, ഹിന്ദു മതത്തിലോ മാത്രമായി ഒതുങ്ങുന്ന ഒന്നുമല്ല. ഇവിടെ പ്രശ്നം മതം  വിശ്വാസി എന്ന് നിർവചിക്കുന്നത് വിശ്വാസിയായ പുരുഷനെ മാത്രമാണോ എന്നതാണ്. പിന്നെയുള്ള ചോദ്യം ഒരു ലിംഗം എന്ന നിലയ്ക്ക്  സ്ത്രീകൾക്ക് മാത്രമായുള്ള ആചാരപരവും, അനുഷ്ഠാന ബന്ധിയുമായ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീ വിശ്വാസിവിഭാഗത്തിൽ പെടില്ലേ എന്നതാണ്. അവിടെയാണ് കോടതി മുതൽ പൊതുസമൂഹം ഉൾപ്പെടെ സകലയിടത്തും അവ്യക്തതയും ആശങ്കയും പ്രതിസന്ധിയും, ഉത്തരം മുട്ടുമ്പോൾ  ഇരവാദവും ഹിംസയും!

കോടതി വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിൽ വിശ്വാസസ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുന്നത് സമ്പ്രദായം എന്ന നിലയ്ക്കാണ്. അതിനെ വിശ്വാസേതര യുക്തികൾ കൊണ്ട് ചോദ്യം ചെയ്യാനും പാടില്ല. ശരി. സംഗത്തിലൂടെ ഉച്ചാടനം ചെയ്യേണ്ട മാനവിക, മതേതര, സ്വതന്ത്ര യുക്തികൾ അവിടെ നില്ക്കട്ടെ. സമയം പോലെ തുടച്ച് നീക്കാം. ഇവിടെ പ്രശ്നം വിശ്വാസികളിൽ തന്നെയുള്ള പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകൾ മുമ്പോട്ട് വയ്ക്കുന്ന ശബരിമല ചവിട്ടി കലിയുഗവരദനെ കാണണം എന്ന ആഗ്രഹമാണ്. വിശ്വാസിയായ സ്ത്രീകൾക്കൊന്നും അങ്ങനെ ഒരു ആഗ്രഹമില്ല, അതൊക്കെ യുക്തിവാദികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് എന്ന് പറഞ്ഞാൽ അല്ല എന്ന് തെളിയിക്കാൻ ജീവിച്ചിരിക്കുന്ന നിരവധി പേരുടെ വാക്കുകളുണ്ട്. നമുക്ക് ചിരപരിചിതയായ ഒരു കോൺഗ്രസ്സ് നേതാവാണ്  ബിന്ദു കൃഷ്ണ. അവർ ഒരു വിശ്വാസിയും അയ്യപ്പ ഭക്തയുമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം മലചവിട്ടി  ‘കലിയുഗ വരദനെ’ കാണണം എന്നും. അവർ വിശ്വാസിയാണോ? ആണെങ്കിൽ അവർ ഉന്നയിക്കുന്ന പ്രശ്നം വിശ്വാസികളുടെ പ്രശ്നമല്ലേ? ഈ കാര്യത്തിൽ ആര് തീർപ്പ് കല്പ്പിക്കും? തൽകാലം അവിശ്വാസി എന്ന് സ്വയം അടയാളപ്പെടുത്തുന്ന അരുന്ധതിയെ പോലെയുള്ളവരെ കയറ്റണ്ട.(അരുന്ധതി, ക്ഷമിക്കുക)  ബിന്ദു കൃഷ്ണയെ പോലെയുള്ള വിശ്വാസികളെയെങ്കിലും  കയറ്റിക്കൂടേ? ഇനി വിശ്വാസിയാണൊ അവിശ്വാസിയാണൊ എന്ന് എങ്ങനെ തിരിച്ചറിയും എന്നതാണ് ചോദ്യമെങ്കിൽ അത് പുരുഷനും ബാധകമാണ്. ആ കാരണം കൊണ്ടാണ് സ്ത്രീയെ കയറ്റാതിരിക്കുന്നതെങ്കിൽ പുരുഷനു മാത്രമായ ഒരു വിശ്വാസം തിരിച്ചറിയൽ യന്ത്രം ഉണ്ടാവണം. അതില്ലല്ലോ. 

അപ്പൊ സംഗതി അതൊന്നുമല്ല, ആർത്തവവും അശുദ്ധിയുമാണ്. ആർത്തവം എങ്ങനെ അശുദ്ധിയാവും എന്ന് ചോദിച്ചാൽ അത് വിശ്വാസമാണ് എന്നും അതിനെ മതേതര, മാനവിക ശാസ്ത്രീയ യുക്തികൾ കൊണ്ട് റദ്ദ് ചെയ്യാൻ ആർക്കും അവകാശമില്ല എന്നും ഉത്തരം. അപ്പോൾ ഈ സ്ത്രീകൾ വിശ്വാസികളല്ലേ സർ? ആണ്, അവർ സമുദായത്തിന്റെ, വിശ്വാസത്തിന്റെ  യുക്തിയെ പരിഷ്കരിക്കരിക്കണമെന്ന് വാദിക്കാതിരിക്കുന്നിടത്തോളം മാത്രം! അതായത് സ്ത്രീകളുടെ വിശ്വാസിപദവി തൊട്ട് മതസ്വത്വം വരെ പുരുഷ നിർമ്മിതമായ മത, സാമുദായിക യുക്തികളുമായി സംഘർഷത്തിൽ ഏർപ്പെടാതിരിക്കുന്നിടത്തോളം മാത്രമേ സാധുവാകുന്നുള്ളു. ഇല്ലെങ്കിൽ ഇല്ല.

വിഷയം  വിശ്വാസവും അവിശ്വാസവുമൊന്നുമല്ല. വിശ്വാസം എന്നത് ബൈ ഡിഫോൾട്ട് യാഥാസ്ഥിതികമാണ്. അതിൽ ചോദ്യം ചെയ്യലിന്റെ യുക്തികൾക്ക് സാദ്ധ്യതയില്ല എന്ന് സ്റ്റേറ്റിന്റെ മൂന്ന് തൂണുകളും ഒരുപോലെ അംഗീകരിക്കുന്നു. ചർച്ചകളും വാദങ്ങളും തിളച്ച് വറ്റി കഴിയുമ്പോൾ ബാക്കിയാവുന്നത് വിശ്വാസബന്ധിയായ കാര്യങ്ങളിൽ അതാത് സമുദായത്തിലെ പണ്ഡിതർ തീർപ്പ് കൽപ്പിക്കും എന്നാണ്. അതായത് പരമാവധി ഒരു ഒളിഗാർക്കി! അതിൽ ആർക്കിയെ മൊത്തത്തിൽ പ്രശ്നവൽക്കരിക്കുന്ന അനാർക്കികൾക്കും വിയോജിപ്പില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് അപ്പൊ കണ്ട യുക്തി പോലിരിക്കും. ചോദ്യം ചെയ്യുന്നത് ഹിംസയാണ്. പക്ഷേ അവർ ഹിംസയെ നിർവചിക്കുന്നത് ഭൂരിപക്ഷം ന്യൂനപക്ഷത്തിന് മേൽ ചെയ്യുന്നത് എന്നാണ്. എന്നാൽ സ്റ്റേറ്റ് പോലും അംഗീകരിക്കുന്ന വിശ്വാസത്തിന്റെ ഭൂരിപക്ഷ ഉള്ളടക്കം റദ്ദ് ചെയ്യുന്ന അതിൽ തന്നെയുള്ള വിശ്വാസികളുടെ ന്യൂനപക്ഷത്തിന്റെ കാര്യം വരുമ്പോൾ ഭൂരിപക്ഷത്തെ എതിർക്കുന്നതും  മതേതര ലിബറൽ ഹിംസയാകും . എന്തരോ എന്തോ!

ആദ്യം സ്വത്വരാഷ്ട്രീയത്തിന്റെ ഒളിയധികാര യുക്തികളെ തിരിച്ചറിഞ്ഞ്  പുറത്ത് കൊണ്ടുവരിക. എങ്കിൽ മാത്രമേ  നീതിയെക്കുറിച്ച്, സമത്വത്തെക്കുറിച്ച് ഒക്കെ ചർച്ചയ്ക്ക് സാദ്ധ്യതയുള്ളു. ശബരിമല കയറ്റമൊക്കെ പിന്നെ. അതിപ്പോ സ്ത്രീയ്ക്കായാലും, ഭിന്ന ലിംഗർക്കായാലും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍