UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ പോകേണ്ടതില്ല

Avatar

Ashok K N

വി എം ഗിരിജ

ശബരിമല സ്ത്രീകൾക്ക് പോകാൻ പാടില്ലാത്ത ഒരു ആരാധനാസ്ഥലം ആയത് എന്തുകൊണ്ടാണ്? ഉത്തരം വളരെ ലളിതമാണ്. അതു കാണാൻ കൂട്ടാക്കാതെയുള്ള ഈ മുറവിളി കാണുമ്പോൾ ചിരി വരുന്നു. നീണ്ട കാട്ടുപാത. ഇത്രയും വാഹന സൗകര്യമുള്ള ഇന്നു പോലും ആ പാത അൽപ്പം വിഷമകരം തന്നെ. മുൻപാണെങ്കിൽ എത്രയോ ദൂരേ നിന്നു നഗ്ന പാദരായി കാടും മേടും പിന്നിട്ടു, പുലി, പാമ്പ്, ആനക്കൂട്ടം, ഒറ്റയാൻ, വഴിക്കൊള്ളക്കാർ ഇവരെ എല്ലാം പേടിച്ച് സംഘം സംഘം ആയാണു വരവു. തീറ്റിയും ജാതിയും തമ്മിൽ വലിയ കെട്ടുപാടുള്ള  കാരണം ഭക്ഷണം വളരെ ബുദ്ധിമുട്ട്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ആരുടേയും ഭക്ഷണം പാത്രം ഒന്നും തൊട്ടുകൂടാ. ആ സമയത്ത് കുളിക്കാനും ആവശ്യത്തിനു വസ്ത്രം കരുതാനും തീണ്ടാരിത്തുണിയുടെ കാര്യത്തിലും ഒക്കെ  പ്രശ്നങ്ങൾ ആണ്. ആർത്തവം കഴിഞ്ഞ് അഞ്ചീരും കഴിഞ്ഞ് ശുദ്ധമായാൽ മാത്രമെ പിന്നെ സാധാരണ കാര്യങ്ങൾ ചെയ്തു കൂടൂ. അതിനെല്ലാം പ്രത്യേക ജാതിക്കാരും ആചാരങ്ങളും വേണം. നീണ്ട യാത്ര ആയതിനാൽ ആർത്തവം ഒഴിച്ച് നിർത്താനും പറ്റില്ല. അതാണു സ്ത്രീകളെ ശബരിമലയിൽ നിന്നു ഒഴിവാക്കിയത്. മാത്രമല്ല അവിടെ പോകുന്ന പുരുഷന്മാർ എല്ലാം ബ്രഹ്മചാരികളായി നല്ല കുട്ടികളായി 41 ദിവസം വ്രതം എടുത്ത് വേണം പോകാൻ. അവർക്ക് സ്ത്രീകളുടെ സാന്നിധ്യം അൽപ്പം പ്രലോഭനം ഉണ്ടാക്കും. പ്രത്യേകിച്ച് നാട്ടുകാരുംഅയൽപ്പക്കക്കാരും  കൂടിയുള്ള ദീർഘയാത്ര. ശബരിമല അയ്യപ്പൻ സ്വയമേവ ഒരു ബ്രഹ്മചാരി ആണു താനും. ഇത് ചരിത്രം. ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. ഒരു ദിവസം കൊണ്ട് പോയി വരാം. അപ്പോൾ സ്ത്രീകളെ ശബരിമലയിലെ അയ്യപ്പനെ തൊഴാൻ അനുവദിക്കുന്നതിൽ തെറ്റൊന്നും ഇല്ല.

എന്നാൽ സ്ത്രീകളും ആത്മീയഭൂമികളായി കണക്കാക്കപ്പെടുന്ന അമ്പലങ്ങളും ആശ്രമങ്ങളും ദിവ്യപുരുഷന്മാരും തമ്മിലുള്ള അകൽച്ചയും അസമത്വവും അതുകൊണ്ടൊന്നും തീരുന്നില്ല. സ്ത്രീകൾക്ക് ആത്മീയാധികാരം ഇല്ലെന്ന സത്യം ആർത്തവം, പ്രസവം, കുട്ടികളെ വളർത്തൽ തുടങ്ങിയ പകുതി ശരീരാധിഷ്ടിതവും പകുതി സാമൂഹ്യവും ആയ ചുമതലകളെയും നിലപാടുകളേയും ആധാരമാക്കി വികസിച്ച ഒരു സത്യമാണ്. മാതാ അമൃതാനന്ദമയിയെ പറ്റി എഴുതപ്പെട്ട വിവാദ പുസ്തകത്തിൽ തനിക്ക് ആർത്തവം ഇല്ലെന്ന് കാണിക്കാൻ അവർ ശ്രമിച്ചതിനെ പറ്റിയുള്ള പരാമർശം ഉണ്ട്. വിയർപ്പു പോലെ ഉള്ള ഒരു സ്രവം മാത്രമാണ് ആർത്തവരക്തം എന്നും അതിനു മറ്റു അയിത്തമോ അകൽച്ചയോ ഇല്ല എന്നും ആരെങ്കിലും സമ്മതിക്കുമൊ?ആത്മീയജ്ഞാനാർജ്ജനത്തിന് അത് ഒരു തടസ്സമല്ല.  അപ്പോൾ ഈ ശബരിമല വിലക്കിന്റെ ഏറ്റവും അടിയിലെ സത്യം ആർത്തവം എന്ന തീണ്ടാരിക്കാലം ആണല്ലോ. അതുകൊണ്ട് മാത്രം സ്ത്രീകൾക്ക് പുരോഹിതന്മാർ ആയിക്കൂടെ? ആരാധനാധികാരം തന്നു കൂടേ?സ്ത്രീകൾ പൂജിച്ചാൽ ദൈവം കേൾക്കില്ലേ? അപ്പോൾ ജാതി ലിംഗം എന്നിവയിലുള്ള അസമത്വം ആണിപ്പോൾ കേരളത്തിലെ അമ്പലങ്ങളെ എല്ലാം താങ്ങി നിർത്തുന്നത്. നിങ്ങൾക്ക് പൂണൂൽ ഇല്ലാതെ ശബരിമലയിലോ ഗുരുവായൂരോ  മറ്റ് പാരമ്പര്യമുള്ള പ്രധാന ക്ഷേത്രങ്ങളിലൊ പൂജാരി ആകാൻ പറ്റില്ല. എന്തിനു ശ്രീകോവിലിൽ ഒന്നു കടക്കാൻ, ചിലയിടങ്ങളിൽ മണി അടിച്ച് തൊഴാൻ ഒന്നും പറ്റില്ല. സ്ത്രീ ആയാലും പറ്റില്ല.

തന്ത്രി നിശ്ചയിക്കട്ടെ കാര്യങ്ങൾ എന്ന മട്ടിൽ ദേവസ്വം പറയുകയും അത് പൊതുസമൂഹം അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു മാറ്റവും വരില്ലായിരുന്നു ഇവിടെ. തന്ത്രിയെ മാറ്റില്ല, പരമ്പരാഗത രീതികൾ, അവകാശങ്ങൾ, ജാതി മാത്രം കൊണ്ട് പലതും ചെയ്യാം ചെയ്യരുത് എന്നാണെങ്കിൽ,  അതിനേ കുറിച്ച് ഒന്നും മിണ്ടാതെ ശബരിമലയിൽ പോയി തൊഴാൻ സ്ത്രീകൾ കോടതിയെ സമീപിച്ചു എങ്കിൽ വളരെ വിചിത്രം ആണത്. സന്ദർഭം ഇതായതുകൊണ്ട് കേരള ക്ഷേത്രാചാരം പറഞ്ഞതാണ്. എല്ലാ നാട്ടിലും എല്ലാ മതത്തിലും ഏതാണ്ട് ഇതൊക്കെ തന്നെയാണു സ്ഥിതി.

ആർത്തവമുള്ള സ്ത്രീകൾ ജാഥയായി അമ്പലങ്ങളിൽ കേറുക, സ്ത്രീകൾ അമ്പലങ്ങളിലെ പുരോഹിതകൾ ആകുക, ജാതി തീരെ ഇല്ലാതെ പൂജാധികാരം നൽകുക…..ഇത്രയെങ്കിലും ആകട്ടെ. വഴിയേ സംസ്കൃതം, സാമ്പ്രദായിക പൂജാ വിധികൾ എല്ലാം ചോദ്യം ചെയ്യേണ്ടി വരും. പുതിയ ഒരു ആത്മീയത കണ്ടുപിടിക്കേണ്ടി വരും. പക്ഷെ കഴിയുമോ?

അത് കണ്ടുപിടിച്ചാൽ സ്ത്രീകൾ പിന്നെ ശബരിമലയ്ക്ക് പോകില്ല. കാരണം നടവരവു എന്ന മഹാമന്ത്രം ചൊല്ലി കാട് എത്ര വെളുപ്പിച്ചു?എത്ര മരം വെട്ടി വിറ്റു? പമ്പ മലിനമാക്കി. പമ്പ ഒരു നീർച്ചാലായി മെലിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യത്താൽ ഞെരിയുന്ന ഒരു കാടാണത്. സ്ത്രീ തീർത്ഥാടകർ കൂടി എത്തിയാൽ ശബരിമല പെട്ടെന്ന് മരിച്ചു പോകും. ആ മരണം കാണാൻ ആഗ്രഹിക്കാത്ത ഞാൻ ശബരിമലയിൽ സ്ത്രീകൾ വരുന്നതിനെ കാര്യമായി എതിർക്കുന്നു. കൂനിന്മേൽ കുരു പോലെ ആവും അത്. സ്ത്രീകൾ വരുംതോറും കച്ചവട സാധ്യത പെരുകും. എന്നാൽ അമർനാഥ് യാത്ര പോലെയോ, ഹജ്ജ് യാത്ര പോലെയോ പാസ് നൽകി നിശ്ചിത എണ്ണം യാത്രക്കരെ മാത്രം കടത്തി വിടുക. ഇനി ശബരിമല യാത്ര അങ്ങനെ ആക്കിയാലേ പറ്റൂ. അല്ലെങ്കിൽ ഈ വനം, കാനന പൂങ്കാവനം നശിക്കും. സ്ത്രീകൾ തീർച്ചയായും കാണേണ്ട ഒരിടം തന്നെയാണു ശബരിമല. അതല്ല ഇപ്പോഴത്തെ പോലെ ആണെങ്കിൽ  അൽപ്പം അതുല്യരായി, അവകാശം കുറഞ്ഞവരായി സ്ത്രീകൾ നിലനിൽക്കട്ടെ.

മണ്ണുപ്പുമാരുതമിവറ്റിൽ മുളച്ചെഴുന്ന
പിണ്ഡത്തിലും പെരുമയെന്തു നമുക്കു പാർത്താൽ
കണ്ണേറു കൊണ്ടു കലുഷക്കടലിൽക്കമഴ്ത്തും
പെണ്ണുങ്ങളും പുഴുവു തിന്ന് പൊലിഞ്ഞു പോകും.

എന്ന് തുടങ്ങുന്ന കാമിനീഗർഹണം എഴുതിയത് ഏറ്റവും നല്ല സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കുമാരനാശാൻ. ശ്രീനാരായണ ഗുരു തുടങ്ങി പല ആത്മീയാചാര്യൻമാരും പെണ്ണുടലിനെ പേടിച്ചവർ ആണെന്ന് കാണാം..ആ പേടി ശബരിമലയിലും കാണാമെങ്കിൽ എന്തിനത്ഭുതപ്പെടണം?

ശബരിമലയിലെ ചില വിശേഷങ്ങൾ പെണ്ണുങ്ങൾ ചെന്ന് കാണേണ്ടത് തന്നെ. മദ്യപിക്കാത്ത ഒരു ആൺ കൂട്ടായ്മ ശബരിമലയിൽ മാത്രമേ ഇന്നു കാണാൻ പറ്റൂ. അയ്യപ്പൻ  ആണുങ്ങളെ കൂടുതൽ സൗമ്യർ ആക്കിയിരിക്കുന്നു. അയ്യപ്പനു വേണ്ടി അനശ്വരതയോളം കാത്തിരിക്കേണ്ടി വരുന്ന മാളികപ്പുറത്തമ്മ ദേവി കന്യാകുമാരിയേ പോലെ മനസ്സ് അലിയിക്കുന്ന ഒരു സാന്നിധ്യം. പതിനെട്ടാം പടി, ഒരു കടലിടുക്കിലൂടെ മുകളിലേക്ക്  കുതിക്കുന്ന കടൽ പോലെ ഇരിക്കും ഭക്തർ കയറുമ്പോൾ. ആത്മീയദാഹത്തിനെ ഒരു വലിയ ജ്വാല ആൾക്കാരെ പൊതിയും പോലെ തോന്നും. ആനന്ദാശ്രുക്കളുമായി ഒരു മാന്ത്രിക വലയത്തിൽ പെട്ടവരേ പോലെ ആളുകൾ പെരുമാറും. എത്ര സ്വാർഥരും ആവശ്യങ്ങൾ മറന്നു അൽപ്പ നേരം ഒരാവേശത്തിൽ പെടും. പ്രണയം പോലെ എന്തൊ ഒന്നു. അതില്ലാത്തത് ദേവസ്വം ജോലിക്കാർക്ക് മാത്രമാകും.

പക്ഷെ എന്തിനു വേണ്ടി ആയാലും ശബരിമലയില്‍ പോകണം എന്ന സ്ത്രീകളുടെ നിലപാടു ഞാൻ ഇപ്പോൾ അംഗീകരിക്കുന്നില്ല.  ഒരു ദിവസം ഒരു ലക്ഷം ആൾക്കാർ തൊഴുന്നു എന്നത് മൂന്നു ലക്ഷം ആകും. ശബരിമല  പച്ചപ്പിന്റെ ഒരു തണൽക്കാട്` ആണിപ്പോൾ എങ്കിൽ ആ നില പെട്ടെന്നു മാറും. പ്രകൃതിപരമായ ഒരു പുതിയ ആത്മീയാരാധാനാരീതി സ്ത്രീകൾ ഊട്ടി വലുതാക്കട്ടെ.

(പ്രശസ്ത കവയത്രിയും മാധ്യമ പ്രവര്‍ത്തകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍