UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പഭക്തരെ പിടികൂടിയതുകൊണ്ട് മാത്രം പമ്പാനദി ശുദ്ധമാകുമോ?

Avatar

അഖില്‍ രാമചന്ദ്രന്‍

തീര്‍ത്ഥാടക പ്രവാഹം കൊണ്ട് ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന തീര്‍ത്ഥാടന വേളയില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മല ചവിട്ടി ശബരീശനെ തൊഴുത് മടങ്ങുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവിശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയാവുന്നു. മണ്ഡലകാലമാരംഭിച്ചാല്‍ ശബരിമലയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടാവാറില്ല. തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും, പുതിയ മേല്‍ശാന്തിമാരുടെ നിയമനം, കെ എസ് ആര്‍ ടിസിയുടെ സര്‍വ്വീസുകള്‍, അപ്പം, അരവണ ഇവയെ സംബന്ധിക്കുന്ന വിവരങ്ങള്‍, പോലീസിന്റെ സുരക്ഷ ക്രമീകരണങ്ങള്‍, ശുദ്ധജല ക്രമീകരണം, മാലിന്യ പ്രശ്‌നം എന്നിങ്ങനെ മാധ്യമങ്ങളില്‍ ഒരു നിശ്ചിത ഇടം ശബരിമലക്കായി ഒഴിച്ചിടുകയാണ് പതിവ്. ഇത്തവണയും മാധ്യമങ്ങള്‍ ആ പതിവ് തെറ്റിച്ചില്ല. അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ടതായിരുന്നു  പുണ്യ നദിയായ പമ്പയിലെ മലിനീകരണം നിയന്ത്രിക്കാനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്നും പുറത്തുവന്ന ഉത്തരവ്.പുണ്യ നദിയായ പമ്പ നദിയെ മലിനപ്പെടുത്തുന്നതിന് അനുവദിക്കരുതെന്നും അയ്യപ്പന്‍മാര്‍ വസ്ത്രങ്ങളും പ്ലാസ്‌ററിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും നദിയില്‍ നിക്ഷേപിക്കുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിന്റെ സാരാംശം. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും പുറത്തുവന്ന ഈ ഉത്തരവ് ഏത് വിധത്തില്‍ പ്രായോഗികമാകുമെന്ന കാര്യത്തില്‍ വളരെയേറെ ആശങ്കകള്‍ ഉയരുന്നുണ്ട്.

പമ്പാനദിയില്‍ മലിനമായ തുണി നിക്ഷേപിച്ച 10 പേരെ പമ്പ പോലീസിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പിടികൂടി എന്ന വാര്‍ത്തയാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗികതയെ ചുറ്റിപ്പറ്റി ഉയര്‍ന്ന് വന്നിരിക്കുന്ന ആശങ്കയുടെ അടിസ്ഥാനം. മണ്ഡലകാലം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തിറങ്ങിയ കോടതി ഉത്തരവ് വളരെ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന ഒന്നാണോ? ശബരിമലയെ സംബന്ധിക്കുന്ന മാലിന്യ പ്രശ്‌നം എല്ലാക്കാലത്തും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. മണ്ഡലകാലമാരംഭിച്ചാല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തന്‍മാരുടെ ഒഴുക്കാരംഭിക്കുകയായി. ലക്ഷക്കണക്കിന് ഭക്തര്‍ ശബരീശനെ കണ്ട് സായൂജ്യമടഞ്ഞ്  മലയിറങ്ങി മണ്ഡലകാലമവസാനിക്കുമ്പോള്‍ എരുമേലിയും നിലക്കലും പമ്പയുമൊക്കെ ഉള്‍ക്കൊള്ളുന്ന സന്നിധാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തള്ളപ്പെടുന്നത് വളരെ വലിയ അളവിലുള്ള മാലിന്യങ്ങളാണ്. അവയൊന്നും അയ്യപ്പന്‍മാര്‍ കാനനക്ഷേത്ര പരിസരങ്ങളെ മലിനപ്പെടുത്താന്‍ മനപ്പൂര്‍വ്വം വലിച്ചെറിയുന്നതാണെന്ന് കരുതാന്‍ വയ്യ. അയ്യപ്പ ഭക്തര്‍ കൊണ്ടുവരുന്ന വസ്ത്രങ്ങള്‍, ഭക്ഷണപ്പൊതികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് സഞ്ചികള്‍, സോപ്പിന്റെയും ഷാംപുവിന്റെയും കവറുകള്‍, വിരിവയ്ക്കാനായി കൊണ്ടുവരുന്ന പായകള്‍ എന്നിവയൊക്കെയാണ് പ്രധാനമായും ശബരിമലയെ മലീമസമാക്കുന്ന അജൈവ വസ്തുക്കള്‍. അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ഇത്തരം വസ്തുക്കള്‍ ഉപയോഗശേഷം എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. അവയൊക്കെ നിക്ഷേപിക്കാനായി മാലിന്യത്തൊട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ ആരും തന്നെ ശ്രമിക്കാറില്ല. പമ്പയിലും സന്നിധാനത്തുമൊക്കെ അനുഭവപ്പെടുന്ന തിരക്ക് തന്നെയാണ് ഇതിന് പ്രധാനകാരണം. വളരെ ദൂരം സഞ്ചരിച്ച് അവശരായാരിക്കും പല അയ്യപ്പന്‍മാരും പമ്പയില്‍ എത്തുക. പമ്പയില്‍ കുളിച്ച് ശുദ്ധിവരുത്തിയശേഷം അയ്യപ്പ സന്നിധിയിലേക്കുള്ള കരിമലകയറ്റം ആരംഭിക്കുകയായി. മടുക്കുമ്പോള്‍ ഇടക്കിടക്കുള്ള വ്യാപാരശാലകളില്‍ നിന്നും കുടിവെള്ളം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങുകയും ഉപയോഗിച്ചശേഷം അത് പോകുന്ന വഴിയിലെവിടെയെങ്കിലും നിക്ഷേപിക്കുകയാണ് പതിവ്. ആ സമയത്ത് പരിസ്ഥിതിയെപ്പറ്റിയോ മലിനീകരണത്തെപ്പറ്റിയോ ഒന്നും ആരും ഓര്‍മ്മിക്കാറുണ്ടാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരക്കിനിടയില്‍ എങ്ങനെയെങ്കിലും അയ്യപ്പനെ കണ്ട് തൊഴണം എന്നൊരൊറ്റ ചിന്തമാത്രമായിരിക്കും അയ്യപ്പഭക്തന്‍മാര്‍ക്കുണ്ടായിരിക്കുക. മനപ്പൂര്‍വ്വമല്ലാതെ കാനനത്തിനുള്ളില്‍ തങ്ങള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മണ്ഡലകാലത്തിനുശേഷം വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആരും കരുതാത്തതാണ് ഇത്തരത്തില്‍ അയ്യപ്പന്‍മാരെ മാലിന്യം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പോലുള്ള അജൈവമാലിന്യങ്ങള്‍ കാനനക്ഷേത്രത്തിന് ചുറ്റുമുള്ള വനപ്രദേശങ്ങളില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക്കും അതുപോലുള്ള വസ്തുക്കളും ആഹാരത്തിനൊപ്പം ഉള്ളില്‍ചെന്ന് ജീവന്‍വെടിയുന്ന ആനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ഏറെയാണ്. കാലാകാലങ്ങളായി ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്ന അജൈവ വസ്തുക്കള്‍ മണ്ണില്‍ അടിഞ്ഞ് ചേര്‍ന്ന് മണ്ണിന്റെയും പരിസ്ഥിതിയുടെയും ജൈവഘടന ഇല്ലാതാകുന്നതിന് കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മണ്ണും വനവും മാത്രമല്ല ജലവും വലിയ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്. പമ്പാ നദിയാണ് ഇത്തരത്തില്‍ മാലിന്യം പേറുന്ന ഏറ്റവും വലിയ ജലസ്രോതസ്സ്. മനുഷ്യ വിസര്‍ജ്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും പമ്പാനദിയെ വലിയൊരളവില്‍ കളങ്കപ്പെടുത്തുന്നുണ്ട്. അതിനുമപ്പുറം ശബരീശനെ തൊഴുത് മടങ്ങുന്ന ഭക്തര്‍ ഉപേക്ഷിച്ച് പോകുന്ന കാവി വസ്ത്രങ്ങളാണ് പമ്പാനദിയെ ഇല്ലാതാക്കുന്ന  പ്രധാന മാലിന്യ വസ്തു. അന്യ സംസ്ഥാന അയ്യപ്പ ഭക്തരാണ് ഇത്തരത്തില്‍ വസ്ത്രമുപേക്ഷിച്ച് മടങ്ങുന്നവരിലേറയും. വിശ്വാസത്തിന്റെ ഭാഗമായാണ് അവരിലേറയും പമ്പാനദിയില്‍ വസ്ത്രമുപേക്ഷിക്കുന്നത്.എന്നാല്‍ അത്തരമൊരാചാരവും വിശ്വാസവും ശബരിമല തീര്‍ത്ഥാടനത്തെ സംബന്ധിച്ചില്ലായെന്നതാണ് സത്യം. നദിയില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ജലത്തിന്റെ സ്വഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. വെള്ളം താഴുന്നതോടെ ജലത്തെക്കാള്‍ അധികമായി കെട്ടികിടക്കുന്ന കാവി വസ്ത്രങ്ങളാണ് പമ്പയില്‍ കാണാന്‍ കഴിയുക. ദിവസവും ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ നദിയില്‍ നിന്ന് ശേഖരിച്ച് മാറ്റുന്നുണ്ടെങ്കിലും മണ്ഡലകാലം കഴിയുന്നിടം വരെ വസ്ത്രമുപേക്ഷിക്കല്‍ അനുസ്യൂതം തുടരുകയാണ് പതിവ്. വര്‍ഷാവര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ലേലം ചെയ്യുന്നതിലൂടെ മാത്രം ദേവസ്വം ബോര്‍ഡിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട് എന്നറിയുമ്പോഴെ പമ്പയില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങളുടെ പെരുപ്പം എത്രത്തോളമുണ്ടെന്ന് ഊഹിക്കാനാവു. വസ്ത്രങ്ങള്‍ക്ക് പുറമെ അയ്യപ്പഭക്തന്‍മാര്‍ കൊണ്ടുവരുന്ന സോപ്പിന്റെയും ഷാംപുവിന്റെയും എണ്ണയുടെയും പായ്ക്കറ്റുകള്‍, ബ്രഷ്, പെയ്സ്റ്റ് എന്നിവയൊക്കെ പമ്പാനദിയേയും പരിസരങ്ങളേയും വൃത്തിയില്ലായ്മയുടെ തീരങ്ങളാക്കി മാറ്റുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിയന്ത്രിച്ച് പമ്പാനദിയിലേയും ശബരി മലയിലേയും മലിനീകരണം കുറച്ച്‌കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിലെ പ്രയോഗികത അയ്യപ്പന്‍മാരെ ബുദ്ധിമുട്ടിലാക്കുന്നില്ലേയെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ നിന്നെത്തിയ പത്തോളം തീര്‍ത്ഥാടകരെയാണ് പമ്പാനദിയില്‍ വസ്ത്രമുപേക്ഷിച്ചെന്ന പേരില്‍ പമ്പാ പോലീസ് പിടികൂടിയത്. പേരും വിലാസവും കുറിച്ചെടുത്ത ശേഷം തുടര്‍ നടപടി അറിയാക്കാമെന്നറിയിച്ച് താക്കീത് നല്‍കി തീര്‍ത്ഥാടകരെ വിട്ടയച്ചു. എന്നാല്‍ പോലീസിന്റെ ഈ നടപടിക്കെതിരെ അയ്യപ്പസേവാ സമാജം രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പമ്പയില്‍ തുണി നിക്ഷേപിക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡോ മറ്റ് സ്ഥാപനങ്ങളൊ മുന്‍പ് ബോധവല്‍ക്കരണം നടത്താതെ കോടതിയുടെ വിമര്‍ശനം നേരിട്ടപ്പോള്‍ അയ്യപ്പന്‍മാരെ കസ്റ്റഡിയില്‍ എടുക്കുന്ന സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വ്രതം നോറ്റ് ദര്‍ശനത്തിന് വരുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്നത് അനുവദിക്കാനവില്ല. പമ്പയില്‍ തുണിയൊഴുക്കുന്നത് ശരിയല്ല. അത് കര്‍ശനമായി തടയേണ്ടതുതന്നെയാണ്. പക്ഷ അത് ധൃതി പിടിച്ച അയ്യപ്പന്‍മാരെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടാവരുതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതെ സമയം തീര്‍ത്ഥാടകര്‍ക്കെതിരായ പോലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ വസ്ത്രം നിക്ഷേപിക്കുന്നവരെ പോലീസ് പിടികൂടുന്ന നടപടിക്കെതിരെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡാലോചിക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ മേലുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡും പോലീസും തമ്മില്‍ ഏറ്റുമുട്ടലിനുള്ള കളമൊരുങ്ങനാണ് സാധ്യത. നദിയില്‍ തുണിയൊഴുക്കുന്നതുമായി ബന്ധപ്പെട്ട് പിടിയിലായാല്‍ 6 മാസം വരെ ശിക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

പമ്പാ നദിയില്‍ തുണിയൊഴുക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുകയാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി ചെയ്യേണ്ടുന്ന പ്രഥമ നടപടി.. മറിച്ച് തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിഷേധത്തിന് ഇടവരുത്തുകയേയുള്ളു. തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഊര്‍ജ്ജിതമാക്കണം. നിലവില്‍ പമ്പാ നദിയില്‍ തുണിയൊഴുക്കുന്നത് ആചാരമല്ലെന്നും ഇതു തെറ്റിച്ചാല്‍ 6 മാസം വരെ ശിക്ഷ ലഭിക്കുമെന്നും കാണിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 5 ഭാഷകളില്‍ മൈക്കിലൂടെ അയ്യപ്പ ഭക്തന്‍മാര്‍ക്കായി അറിയിപ്പും നല്‍കുന്നുണ്ട്. പമ്പയില്‍ ത്രിവേണി മുതല്‍ ആറാട്ട് കടവുവരെയുള്ള 800 മീറ്റര്‍ നീളത്തില്‍ ഒരു ഷിഫ്റ്റില്‍ 6 ഗാര്‍ഡ്മാരെയാണ് മലിനീകരണനിയന്ത്രണ ജോലികള്‍ക്കായി നിയമിച്ചിരിക്കുന്നത്. ഇതു കൂടാതെ എട്ടോളം ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബലിപ്പുരകളുടെയും മറ്റും തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, വായിക്കാന്‍ പറ്റുന്ന വിധത്തിലല്ല സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. തുണികള്‍ നിക്ഷേപിക്കാനായി സ്ഥാപിച്ചിരിക്കുന്ന മാലിന്യത്തൊട്ടികളില്‍ ഭക്ഷണമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ അവയില്‍ വസ്ത്രം നിക്ഷേപിക്കുന്നതിന് അയ്യപ്പന്‍മാര്‍ മടിക്കുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. കോടതി ഉത്തരവ് പ്രകാരം പമ്പയില്‍ തുണിയൊഴുക്കിയാല്‍ ജല നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യപ്പട്ടാല്‍ തുടര്‍ നടപടിക്കായി 60 കിലോമീറ്റര്‍ അകലെയുള്ള റാന്നി കോടതിയില്‍ അയ്യപ്പന്‍മാര്‍ എത്തേണ്ടതായി വരും. തീര്‍ത്ഥാടകരെ സംബദ്ധിച്ച് ഇത്തരം നൂലാമാലകള്‍ ക്ലേശം സമ്മാനിക്കുന്നതാണ്. മാത്രവുമല്ല കേസിന്റെ നൂലാമാലകളില്‍പ്പെട്ടാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പന്‍മാരുള്‍പ്പെടെയുള്ളവര്‍ കേസിന്റെ തുടര്‍ നടപടികള്‍ക്കായി റാന്നിയിലെ കോടതി വരാന്ത കയറി ഇറങ്ങേണ്ടതായി വരും. 

പമ്പയില്‍ തുണിയൊഴുക്കുന്നത് ആചാരമല്ലെന്ന് തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അച്ചടി ദൃശ്യമാധ്യമങ്ങളിലുടെയും ലഘുലേഖകളിലൂടെയും നേരിട്ടും പമ്പാസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തണം. മലിനീകരണം തടയുന്നതിനു കൂടുതല്‍ ഗാര്‍ഡുമാരെ നിയമിക്കുകയും തുണികള്‍ നിക്ഷേപിക്കുന്നതിനായി കൂടുതല്‍ മാലിന്യ തൊട്ടികള്‍ സ്ഥാപിക്കുകയും വേണം. പണത്തില്‍ കണ്ണ് വച്ച് അയ്യപ്പ ഭക്തന്‍മാരെ വസ്ത്രം നദിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന  ഇടനിലക്കാരെ നിയന്ത്രിക്കാനും കസ്റ്റഡിയില്‍ എടുക്കാനും പോലീസ് നടപടി കൈക്കൊള്ളണം. തമിഴ് തീര്‍ത്ഥാടകരെ സംബന്ധിച്ച് ശബരിമല ശാസ്താവ് ശനീശ്വരനാണ്. അതുകൊണ്ട് തന്നെ അണിഞ്ഞ വസ്ത്രം അഴിച്ച് മാറ്റി ശുദ്ധിവരുത്തി പുതിയ വസ്ത്രം ധരിക്കുക എന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒറ്റ ദിവസം കൊണ്ട് തീര്‍ത്ഥാടകരുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. പെട്ടന്നൊരു സുപ്രഭാതത്തില്‍ തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്യുന്ന നടപടി വിശ്വാസത്തോടുള്ള അനാദരവായെ തീര്‍ത്ഥാടക സമൂഹം കാണുകയുള്ളു. നദീ സംരക്ഷണം ഉറപ്പുവരുത്താന്‍ തീര്‍ത്ഥാടകരുടെ സഹകരണം ആവിശ്യമാണെന്ന രീതിയിലുള്ള പ്രചാരണം നടത്തി അവരെ വിശ്വാസത്തിലെടുത്ത് വേണം പമ്പയെ ശുദ്ധീകരിക്കുവാന്‍. 

(മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍