UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രയാറിന് മുന്‍പില്‍ പിണറായിക്കു അടി പതറിയോ?

Avatar

ഡി. ധനസുമോദ്

കോൺഗ്രസ് പാർട്ടിയിലെ ഒന്നാം നിരയിലെയോ രണ്ടാം നിരയിലെയോ പോലും നേതാവല്ല പ്രയാർ ഗോപാലകൃഷ്ണൻ. പണം നൽകുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്തണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശത്തെ മൂടോടെ വെട്ടി നിർത്തിയപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ പ്രയാർ ഗോപാലകൃഷ്‌ണൻ വാർത്തകളിൽ തിളക്കമുള്ള താരമായി. വി ഐ പി രീതി വേണ്ടെന്നു നിർദേശിക്കുന്നതിനൊപ്പമാണ് പണം നൽകുന്നവർക്ക് പ്രത്യേകം ക്യൂ പരിഗണിക്കണം എന്ന ആവശ്യം മുഖ്യമന്ത്രി ഉയർത്തിയത്. പിണറായി വിജയന്‍റെ ഈ പ്രസ്താവനയെ പ്രയാർ വീണ്ടും വീണ്ടും ആക്രമിച്ചു കൊണ്ടേയിരുന്നു. ശബരിമലയിൽ പണക്കാരനെയും പാവപ്പെട്ടവനെയും വേർതിരിച്ചു ക്യൂ ഉണ്ടാക്കാനുള്ള ശ്രമം അയ്യപ്പ ധർമത്തോടുള്ള അവഹേളനം ആണെന്നും പ്രയാർ പറഞ്ഞു വച്ചു.

കോട്ടയം സമ്മേളനത്തിൽ ബഹളമുണ്ടായപ്പോൾ മഴയിൽ കൂസാതെ ചൂണ്ടുവിരൽ കൊണ്ട് ഇതെന്താ ഉഷ ഉതുപ്പിന്റെ ഗാനമേള ആണോ എന്ന് ചോദിച്ചു വിരട്ടിയ പിണറായി വിജയനെ അല്ല കുറച്ചു വിരണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന പിണറായി വിജയനെയാണ് ശബരിമല പ്രശ്നത്തിൽ കണ്ടത്. യോഗത്തിൽ പറയാൻ പറ്റാതിരുന്ന മറുപടി പിന്നീട് ഫേസ് ബുക്കിൽ കുറിച്ചു. “ഇടതുപക്ഷത്തെ വിശ്വാസികളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങൾ പൊളിക്കാൻ നടക്കുന്നവർ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ് പാർട്ടിയെ മുളയിലേ നുള്ളിക്കളയാൻ കൊതിച്ച ശത്രുക്കൾ നടത്തിയത്.”എന്നൊക്കെ പറയുമ്പോഴും പ്രതികരണം അത്രപോര എന്ന തോന്നൽ ആയിരുന്നു. ഈ പോരായ്മയുടെ കേടു തീർത്തത് മന്ത്രി കടകംപള്ളിയെ രംഗത്തിറക്കിയായിരുന്നു. പ്രയാർ വർഗീയവാദിയാണെന്നും അയ്യപ്പന്‍റെ പുനരവതാരം ആണെന്നാണ് വിചാരം എന്നൊക്കെ മന്ത്രി കത്തിക്കയറി. അങ്ങനെ കോൺഗ്രസ് നേതാവ് കൂടിയായ പ്രയാറിനെ ബിജെപിയോട് ചേർത്ത് വച്ചു. ബിജെപിയെയും കോൺഗ്രസിനെയും ഒരേകൂട്ടിലടക്കുമ്പോൾ നേട്ടം ബിജെപിക്ക് തന്നെ ആണ് എന്നും വികാരാവേശത്താൽ മന്ത്രി മറന്നു പോയി.

ഏതു മേഖലയിൽ ഇടപെട്ടാലും ഒരു കമ്യൂണിസ്റ്റുകാരൻ ഉയർത്തിപ്പിടിക്കേണ്ടത് സമത്വം എന്ന ആശയത്തെയാണ്. വിഐ പി സംസ്കാരം വേണ്ടെന്നു പറയുമ്പോൾ തന്നെ പണം വാങ്ങി ദര്‍ശന സൌകര്യം ഒരുക്കിക്കൊടുക്കുന്ന വി ഐ പി സംസ്കാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. സാധാരണക്കാരനും പണം കൊടുക്കുന്നവനും തമ്മിൽ വേർതിരിക്കാൻ ഒരു ഇരുമ്പു പൈപ്പ് എത്തുമ്പോൾ  സമത്വം എന്ന ആശയം തന്നെ റദ്ദു ചെയ്യപ്പെടുകയാണ്. “പണം നൽകിയാൽ മുന്നിൽ പോയി നിന്നോട്ടെ” എന്ന സമീപനം അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായി യോജിച്ചു പോകുന്നില്ല. സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം, വിഎസ് വാദിയായി പാർട്ടി നടത്തുന്ന ഐസ്ക്രീം കേസ് അട്ടിമറി അന്വഷണ കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികളിൽ പാർട്ടി നിലപാടിന് വിരുദ്ധം എന്ന് മാത്രമല്ല ജനാഭിപ്രായവിരുദ്ധമായ നിലപാട് കൂടിയാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥർ മുതൽ പത്രപ്രവർത്തകർ വരെ പിണറായി വിജയനോട് ചോദ്യം ചോദിക്കാൻ മടിക്കുമ്പോൾ ആണ് പ്രയാർ ഗോപാലകൃഷ്ണൻ പിണറായിയെ എതിർത്ത് രംഗത്തിറങ്ങുന്നത്. ശബരിമല സ്ത്രീകളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രയാറിന്റെ നിലപാട് അങ്ങേയറ്റം യാഥാസ്ഥിതികവും പുതിയ കാലത്തോട് യോജിക്കാനാവാത്തതും  ആണെങ്കിൽ പോലും കമ്പോടു കമ്പ് പൊളിച്ചടുക്കുന്നതിലും പിണറായി പരാജയപ്പെടുകയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍