UPDATES

ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന നിലപാടുമായി കേരളാ സര്‍ക്കാര്‍. ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രായഭേദമെന്യേ സ്ത്രീ പ്രവേശനമെന്നാണ് 2007-ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണു തീരുമാനമെന്നു സര്‍ക്കാരിന്റെ നിയമ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നു, ഇതിനെ തുടര്‍ന്ന് മാറി വന്ന സര്‍ക്കാരിനോട് നിലപാടില്‍ മാറ്റമുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു.

അതേസമയം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കേസില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭിന്ന നിലപാടെടുക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്റെ നിലപാടിനോടു യോജിച്ചു. യുഡിഎഫ് സര്‍ക്കാരെടുത്ത നിലപാടിനോടും യോജിച്ചു. കേസില്‍ കക്ഷി ചേരാന്‍ അയ്യപ്പ ധര്‍മസേനയുടെ പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ ഈശ്വര്‍ അപേക്ഷ നല്‍കി. നിലവിലെ രീതി തുടരണമെന്നാണു വികെബിജു മുഖേന നല്‍കിയ അപേക്ഷയില്‍ രാഹുല്‍ പറയുന്നത്.

കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നു തീരുമാനിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ തവണ കോടതി സൂചിപ്പിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടാനാണു തീരുമാനിക്കുന്നതെങ്കില്‍ തന്നെ അതിനു കാരണം വ്യക്തമാകണം. കഴിഞ്ഞ വാദങ്ങള്‍ കേട്ട ബെഞ്ച് അല്ല ഇന്നു കേസ് പരിഗണിക്കുന്നത്. നേരത്തേ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ചൊക്കലിംഗം നാഗപ്പന്‍ വിരമിച്ചതിനാല്‍ ജസ്റ്റിസ് അശോക് ഭൂഷണെ പുതുതായി ഉള്‍പ്പെടുത്തി. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി തുടങ്ങിയവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍