UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസിനെ ഭക്തിയുടെ വിപണിമൂല്യം പഠിപ്പിക്കരുത്; ഇത് ഇറങ്ങാനുള്ള കാലമാണ്

Avatar

ദീപക് ശങ്കരനാരായണന്‍

 

ക്ഷേത്രത്തില്‍ പ്രവേശിക്കാനൊരു കാലമുണ്ടായിരുന്നു, ക്ഷേത്രം ബഹിഷ്‌കരിക്കാനും ഒരു കാലമുണ്ട്.
ക്ഷേത്രപ്രവേശനവിളംബരമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നവോത്ഥാന കേരളത്തിലെ അമ്പലങ്ങള്‍ എന്നേ നിത്യപൂജ മുടങ്ങി പൂട്ടിപ്പോയേനെ. വിളംബരം സാമൂഹികനീതിയുടെ വാഹകത്വം ഏറ്റുകൊണ്ട് ചെയ്ത രാഷ്ട്രീയകര്‍മ്മമൊന്നുമല്ല, തിരുവിതാംകൂറിലെ വ്യാപകമായ മതപരിവര്‍ത്തനത്തിന്റെ ഭീഷണിയും കീഴാളനവോത്ഥാനത്തിന്റെ പ്രത്യക്ഷസാദ്ധ്യതകളും എലീറ്റിസ്റ്റ് എക്സ്‌ക്ലൂസീവിറ്റിയുടെ സാമ്പത്തികാന്ത്യവും സൃഷ്ടിച്ച അസ്ഥിരതക്കും വേവലാതികള്‍ക്കും ഒരു ദീര്‍ഘകാലപദ്ധതി കൂടിയായിരുന്നു ക്ഷേത്രപ്രവേശനം.

 

അതേറ്റു എന്നുതന്നെ പറയണം. നാരായണഗുരു(ക്കന്‍മാര്‍) ഉണ്ടാക്കിയ ഒരു ബദല്‍ സാധ്യതയെ അതിന്റെ ആംഗ്യപരമായ ബാഹ്യരൂപത്തില്‍ ഏറ്റെടുത്തുകൊണ്ടും ആന്തരികമായി അകറ്റിക്കൊണ്ടും തകര്‍ക്കാന്‍ ഹൈന്ദവ ഹെജമണിക്കായത് ക്ഷേത്രപ്രവേശനവിളംബരം കൊണ്ടുകൂടിയാണ്. എന്നുവച്ച് അതിനായി സമരം ചെയ്തവര്‍ രാഷ്ട്രീയമായി കേരളത്തിനോട് ദ്രോഹം ചെയ്തു എന്നല്ല പറയുന്നത്. വിളംബരത്തിന് അധികാരത്തിന്റെ കാരണങ്ങള്‍ അവരുടേതായിരുന്നില്ല എന്നതാണ്.

ശബരിമലയിലെന്നല്ല എവിടെയും, കേറരുതെന്ന് പറയുന്ന എല്ലായിടത്തും, കേറണം എന്നത് ഒരു വിമതപ്രതികരണത്തിന്റെ സ്വാഭാവികയുക്തിയാണ്. തിളക്കുന്ന ചോരയ്ക്ക് ശകലം ശമനവും കിട്ടും. പക്ഷേ ഒരിക്കല്‍ പുകഞ്ഞ എണ്ണയില്‍ പിന്നെ പപ്പടം വരെ കാച്ചാന്‍ കൊള്ളില്ല. ഗുരുവായൂര്‍ സത്യാഗ്രഹമല്ല ശബിമലയിലെ സ്ത്രീപ്രവേശനം.

റിബലുകള്‍ സിസ്റ്റത്തിന്റെ സേഫ്റ്റി വാല്‍വുകളാണ്, അതിന്റെ ആവശ്യം. രാഷ്ട്രീയശരീരത്തിനകത്ത് ഉടലെടുക്കുന്ന നൈതികസമ്മര്‍ദ്ദത്തെ കാലം തെറ്റി തൊടുത്ത് നിര്‍വ്വീര്യമാക്കുന്ന കര്‍ത്തവ്യം വിപ്ലവപ്രവര്‍ത്തനമായി തെറ്റിദ്ധരിച്ചിറ്റിക്കുന്ന പാവങ്ങള്‍. പക്ഷേ ഇടത്തോട്ടുതെളിച്ചാല്‍ വലത്തോട്ടുപോകുന്ന കാളയെ വലത്തോട്ടു തിരിക്കണമെങ്കില്‍ ഇടത്തോട്ടുതെളിച്ചാല്‍ മതി എന്നറിയാന്‍ അധികാരത്തിന് പ്രശ്‌നം വച്ചുനോക്കേണ്ട കാര്യമൊന്നുമില്ല. റിബലിസം, വിമതത്വം, എന്നുപറയുന്നത് അടിസ്ഥാനപരമായി നിര്‍ദ്ദേശകത്വത്തിന്റെ നേരതിരറ്റത്തെ പുണരലാണ്. അതുകൊണ്ടുതന്നെ അതിനെ കൈകാര്യം ചെയ്യല്‍ അതീവലളിതവുമാണ്.

വിമതത്വത്തിന്റെ സ്തൂലമോ സൂക്ഷ്മമോ ആയ പ്രസക്തികള്‍ സാമ്പത്തികവും സാംസ്‌കാരികവുമായ മൂലധനത്തിന്റെ ഏകീകരണവും ആഗോളീകരണവും എന്നേ അപ്രസക്തമാക്കിക്കഴിഞ്ഞതാണ്. ചൂഷണമെന്ന് ഹെജമണിക്കെതിരെയുള്ള പ്രതികാരയുക്തിയെ, ഊര്‍ജ്ജത്തെ, അതേ ഹെജമണിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്ന ചൂഷണമെന്ന് ഒരു ഗ്രാന്‍ഡ് നറേയ്റ്റീവുണ്ട്. അതിന്റെ ലോഹക്കവചത്തിനുമേല്‍ വെറുതേ ചരലെറിയുന്നവര്‍ അവരവരുടെ വ്യര്‍ത്ഥമായ മന:സമാധാനത്തിനപ്പുറം ഒന്നുമുണ്ടാക്കുന്നില്ല. നേരെ തിരിച്ച് അവര്‍ സാമൂഹ്യശരീരത്തിലെ പ്രതിരോധപരതയെ വെറുതേ ചോര്‍ത്തിക്കളയുന്നുണ്ടുതാനും.

കേരളത്തിലെ നിലവിലെ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ മറവുകളില്ലാത്ത, പ്രകടവും സാധൂകരിക്കപെട്ടതുമായ, അസ്പൃശ്യത നിലനില്‍ക്കുന്ന ഒരേയൊരു ഇടം ക്ഷേത്രമാണ് എന്നു പറയാം. ബാക്കി എല്ലാ ഇടങ്ങളേയും ചോദ്യമെങ്കിലും നിലനില്‍ക്കുന്ന ഇടങ്ങളാക്കാന്‍ കേരള നവോത്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. മയാസൃഷ്ടമായ ചാതുര്‍വര്‍ണ്യം കുപ്പായമൂരിച്ച നെഞ്ചിലെ ഉപനയനചിഹ്നത്തിന്റെ അടിസ്ഥാനത്തില്‍ കയ്യില്‍ തേച്ചും എറിഞ്ഞും കിട്ടുന്ന ചന്ദനമായും കയ്യില്‍ തരികയോ അരയടി മുകളില്‍ നിന്ന് നീട്ടിയ കയ്യിലേക്ക് വീഴുകയോ ചെയ്യുന്ന പ്രസാദമായും പ്രകടമായി അയിത്തമാചരിക്കുന്ന ഒരു ഇടത്തിനെയാണ് കയ്യേറാന്‍ ശ്രമിക്കുന്നത്.

 

 

വാവരും അയ്യപ്പനും ഒരുമിച്ചുവാഴുന്ന അയിത്തമോ മതമോ ഇല്ലാത്ത ബുദ്ധദൈവമൊക്കെ ഏട്ടിലെ പശുവാണിന്ന്. നാരായണഗുരു വലിയ പരിധിവരെ സംസ്‌കൃതീകരിച്ച – Sanskritisation എന്നാണ് വാക്ക് – ഹിന്ദു ആചാരങ്ങളില്‍ നിഗൂഡമായ ഗോത്രപരത നിലനില്‍ക്കുകയും പ്രത്യക്ഷത്തില്‍ അഹിംസാപൂര്‍ണ്ണമാണെങ്കിലും ആന്തരികമായി സംഘഭക്തിയുടെ രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നിരിക്കുന്നതുമാണ് ശബരിമല തീര്‍ത്ഥാടനം. അതിലേക്കാണ് ജനസംഖ്യയുടെ അമ്പതുശതമാനം സ്ത്രീകള്‍ക്ക്, ആര്‍എസ്എസിന്റെ ക്ഷണം.

 

കൃഷ്ണപ്പിള്ള മണിയടിച്ചപ്പോള്‍ പുറം അടിച്ചു പൊളിച്ച ആര്‍എസ്എസ് എന്തുകൊണ്ടായിരിക്കാം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അടിമുടി പിന്തുണക്കുന്നത്? നിലവില്‍ മിക്കവാറും പൂരിതമായിരിക്കുന്ന ഒരു ഹെജമണി വിപണിയുടെ വിപുലീകരണസാദ്ധ്യതകള്‍ സ്ത്രീകളിലാണ്. ഇരകളായിരിക്കുക എന്ന അവസ്ഥയെ മൂല്യവര്‍ദ്ധന നടപ്പാക്കി തലമുറകളിലേക്ക് ഏറ്റവും ഫലപ്രദമായി കടത്തിവിടാന്‍ സ്ത്രീകള്‍ക്കേ സാധിക്കൂ. അനന്തമായി വികസിക്കുന്ന വിപണിയാണ് ക്യാപിറ്റലിസത്തിന്റെ യുക്തിയെ പുണര്‍ന്ന് പുലരുന്ന ഇന്ത്യന്‍ ഫാഷിസത്തിന്റെയും നിലനില്പ്. പ്രത്യക്ഷത്തില്‍ മതകീയമെങ്കിലും ഇന്ത്യന്‍ ഫാഷിസം ഫ്യൂഡല്‍ മൂല്യങ്ങളുടെയും വലതുപക്ഷ വിപണിയുക്തിയുടെയും മാരകമായ ഫ്യൂഷനാണ്. ഹെജമണിയുടെ വിപണി വികസിപ്പിച്ചുകൊണ്ടല്ലാതെ അതിന് നിലനില്‍ക്കാനാവില്ല.

ഇന്നിന്റെ പ്രശ്‌നങ്ങളില്‍ വലിയൊരളവും ഇന്നലെകളുടെ പരിഹാരങ്ങളാണ്. ആധുനികലോകത്തിലെ ഏത് സൊല്യൂഷനിലും ലെഗസിയാണ് ഏറ്റവും വലിയ ബാധ്യത. ഒരു പ്രശ്‌നവും പൂര്‍ണ്ണമായും അഭിമുഖീകരിക്കപ്പെട്ടിട്ടില്ല എന്നതുപോലെത്തന്നെ എല്ലാ പ്രശ്‌നങ്ങളും കാലത്തിന്റെയും വ്യക്തികളുടെയും പരിമിതികള്‍ക്കകത്ത് ഏറ്റവും ചുരുങ്ങിയ നിലയിലെങ്കിലും പരിഗണിക്കപ്പെടുകയും ഒരു പരിഹാരസംവിധാനം അഭിമുഖീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ആധുനിക ലോകത്തില്‍; തീരെച്ചുരുങ്ങിയ ഒഴിവുകള്‍ ഈ യുക്തിക്ക് സാധ്യമെന്നിരിക്കിലും. നിലവിലുള്ള ആ പരിഹാരഘടന പ്രശ്‌നത്തെ മറ്റൊരു കോണില്‍ക്കൂടി കാണുന്നതില്‍ വലിയ ഒരു തടസ്സമായി മാറുകയും ചെയ്യുമെന്നത് അംഗീകരിക്കപ്പെട്ട ഒരു തത്വമാണ്.

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും മറ്റനേകം പൊതുവിടകയ്യേറല്‍ മുന്നേറ്റങ്ങളുടെയും ഒരു ചരിത്രം നമുക്കുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നാം, കാരണം രണ്ടിന്റെയും പരിഹാരസാധ്യതകളുടെ സാമ്യം പ്രശ്‌നത്തെ താദാത്മ്യപ്പെട്ടുകാണാന്‍ നമ്മളെ പ്രേരിപ്പിക്കും. പക്ഷേ രണ്ടും രണ്ട് കാലങ്ങളിലെ രണ്ട് പ്രശ്‌നങ്ങളാണ്. ആദ്യത്തേതില്‍ നിഷേധിക്കപ്പെട്ടിടത്ത് കയറേണ്ടത് ഹെജമണിയുടെ നിഷേധകത്വമാണെങ്കില്‍ രണ്ടാമത്തേതില്‍ ഹെജമണിയുടെ വിപണിവികാസത്തിന് തലവച്ചുകൊടുക്കുകയാണ്.

 

 

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്നത് പരിചിതത്വം കൊണ്ട് ദുര്‍ബലമായ ഒരു പ്രസ്താവനായിപ്പോകും, എന്നിരുന്നാലും അത് ആവര്‍ത്തിക്കാതിരിക്കാന്‍ വയ്യതാനും. അതില്‍ത്തന്നെ സ്ത്രീകള്‍, പരിണാമപരമായിത്തന്നെ, കൂടുതലായി സാമൂഹ്യജീവികളാണ്. ആ സാമൂഹികത ഓഫര്‍ ചെയ്യുകയാണ്, ഗുണപരമോ നിഷേധാത്മകമോ ആവാം, വിജയിക്കുന്ന സാമൂഹ്യസംവിധാനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ ചെയ്യുന്നത്. അത് അഭിനന്ദനാര്‍ഹമായ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് കുടുംബശ്രീ പദ്ധതി ചെയ്തത് (സാമ്പത്തികവശത്തെ അവഗണിക്കുകയല്ല, എല്ലാ പ്രശ്‌നങ്ങളും അടിസ്ഥാനപരമായി സാമ്പത്തികമാണ് എന്ന് താടിക്കാരന്‍), പരിഹാസ്യമായ നിലയില്‍ കേരളത്തിലെ ഉഴുന്നുവടസമരങ്ങള്‍ ചെയ്യുന്നത്. നിലവില്‍ സ്ത്രീകള്‍ ഭജനസംഘങ്ങളിലും ആള്‍ദൈവസംഘടനകളിലും പോയടിയുന്നത് അതേ സാമൂഹികതാദാഹത്തിന്റെ (human quest for socialization) അനിവാര്യമായ ഫലമാണ്.

 

നിലവിലെ അവസ്ഥയില്‍ ഏതെങ്കിലും തരത്തില്‍ വിമതരൂപം ആര്‍ജ്ജിക്കാതെ ആ സാമൂഹികതയുടെ അടിസ്ഥാനമായ കൂടിച്ചേരലുകള്‍ക്ക് ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്കു പോലും സെക്യുലര്‍ സാദ്ധ്യതകളില്ല. സാധാരണക്കാരായ സ്ത്രീകളുടെ കാര്യത്തില്‍ ഭക്തിയാണ് വീടിന്റെ പടിയിറങ്ങാനുള്ള ഒരേയൊരു നീതീകൃത കുടുംബന്യായം. ആ വിടവിലേക്കാണ് ഹൈന്ദവ‌‌വര്‍ഗ്ഗീയതയുടെ (ഹിന്ദു വര്‍ഗ്ഗീയത എന്നല്ല പറഞ്ഞത്!) അടിസ്ഥാനശിലയായ ഗോത്രപരതയുടെ സ്വീകാര്യരൂപങ്ങളില്‍ ഏറ്റവും മൂര്‍ത്തമായ അയ്യപ്പഭക്തിയുടെ മിസ്റ്റിക് – സൈക്കെഡലിക് ആചാരപദ്ധതികളില്‍ ഒരു നൂറുശതമാനം വിപണിവികാസത്തിന്റെ സാധ്യത ആര്‍എസ്എസ് മുന്നില്‍ക്കാണുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെ അവഗണിക്കുന്നത് ഗുരുവായൂര്‍ സത്യാഗ്രഹത്തെ അപമാനിക്കലാണ് എന്നത് രാഷ്ട്രീയമായി കാല്‍പനികമായ ഒരു ലെഗസി ബാധ്യതയാണ്. നാല്‍പതുകളിലേക്ക് തലനീട്ടുന്നവരുടെ കൗമാരവിമതത്വത്തിന്റെ നഷ്ടബോധം. പ്രതീക്ഷാനഷ്ടത്തിന്റെ ഖിന്നത. വിട്ടുകള.

വീണ്ടും ആദ്യവാചകം ആവര്‍ത്തിക്കട്ടെ. കയറാനൊരു കാലമുണ്ടായിരുന്നു, അത് പ്രസക്തവുമായിരുന്നു. ഇത് ഇറങ്ങാനുള്ള കാലമാണ്. വലയും വിരിച്ച് അവരവിടെ ഇരിക്കട്ടെ.

 

(ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയത്. പ്രൊഫൈല്‍ ലിങ്ക്: https://www.facebook.com/dsankaranarayanan)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍