UPDATES

ട്രെന്‍ഡിങ്ങ്

സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനം: 16 വര്‍ഷത്തിന് ശേഷം കാശ്മീര്‍ സ്വദേശി കുറ്റവിമുക്തനായി

ജാമ്യം പോലും നല്‍കാതെ പതിനാറ് വര്‍ഷമായി വന്നിയെ വിചാരണത്തടവുകാരനാക്കി ജയിലില്‍ ഇട്ടിരിക്കുന്നതിനെ സുപ്രിംകോടതി കഴിഞ്ഞമാസം നാണക്കേട് എന്ന് വിശേഷിപ്പിച്ചിരുന്നു

സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ കാശ്മീര്‍ സ്വദേശിയ്ക്ക് 16 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തി. അലിഗര്‍ മുസ്ലിം സര്‍വകലാശാല ഗവേഷകനും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ ഗുല്‍സാര്‍ അഹമ്മദ് വന്നിയ്ക്കാണ് നീണ്ട കാലത്തിനൊടുവില്‍ കുറ്റവിമോചനം ലഭിച്ചത്.

വന്നിയ്ക്കും കൂട്ടുപ്രതി അബ്ദുള്‍ മുബീനുമെതിരെ മതിയായ തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലാ കോടതി 2000ല്‍ നടന്ന സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയത്. മുബീന് 2008ല്‍ ജാമ്യം ലഭിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പോലീസ് പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി. സിമി പ്രവര്‍ത്തകരെന്ന ആരോപണത്തിന്റെ പേരില്‍ മാത്രമാണ് ഇരുവരെയും സ്‌ഫോടനക്കേസില്‍ പ്രതികളാക്കിയത്.

2000 ഓഗസ്റ്റ് 14ന് ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള ബാരബങ്കിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. അലിഗര്‍ സര്‍വകലാശാല അറബിക് വിഭാഗത്തില് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന വന്നി 2001 ജൂലൈ 31ന് ഡല്‍ഹിയില്‍ നിന്നും പിടിയിലായി. പിടിയിലാകുമ്പോള്‍ 28 വയസ്സായിരുന്നു പ്രായം.

2000 മുതല്‍ വന്നിക്കെതിരെ പത്തോളം സ്‌ഫോടനക്കേസുകളുടെ സൂത്രധാരന്‍ എന്ന നിലയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഈ കേസുകളില്‍ നിന്നെല്ലാം ഇയാളെ നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ജാമ്യം പോലും നല്‍കാതെ പതിനാറ് വര്‍ഷമായി വന്നിയെ വിചാരണത്തടവുകാരനാക്കി ജയിലില്‍ ഇട്ടിരിക്കുന്നതിനെ സുപ്രിംകോടതി കഴിഞ്ഞമാസം നാണക്കേട് എന്ന് വിശേഷിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍