UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലോത്സവങ്ങളോടെ കൊഴിഞ്ഞു പോകുന്ന കുരുന്നുകളോട് ഒരു പഴയ കലാതിലകത്തിന് പറയാനുള്ളത്

Avatar

എ കെ നസീം അലി

“കലോത്സവങ്ങളുടെ ലക്ഷ്യം മാര്‍ക്കും സിനിമയും മാത്രം ആയിക്കൂടാ. ഒരു കാലത്ത് കലാതിലകത്തിന് മാത്രമായിരുന്നു ഗ്രേസ് മാര്‍ക്ക്. ഇന്ന് പലരും മത്സരിക്കുന്നത് തന്നെ മാര്‍ക്കിനുവേണ്ടിയാണ്. അതുമൂലം പരിപാടികളുടെ നിലവാരം വളരെയേറെ താഴ്ന്നുപോയിട്ടുണ്ട്. അതുപോലെ വിധികര്‍ത്താക്കളുടെ നിലവാരവും. അപ്പീല്‍ പ്രവാഹം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.” പറയുന്നത് 1987-88 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടമണിഞ്ഞ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി സെബീന നലവടത്ത്.

പെയിന്റിംഗ്, മോണോ ആക്ട്, തബല, പദ്യപാരായണം, പ്രച്ഛന്നവേഷം എന്നിവയിലൂടെയാണ് രണ്ട് വര്‍ഷം തുടര്‍ച്ചയായി കലാതിലകപട്ടത്തിലേക്ക് സെബീന തിരഞ്ഞെടുക്കപ്പെട്ടത്. പല കലാപ്രതിഭകളും കലോത്സവത്തോടെ അവരുടെ കലാജീവിതം അവസാനിപ്പിക്കുമ്പോള്‍ ഈ പഴയ കലാതിലകം അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ജോലിക്കൊപ്പം തന്നെ തനിക്ക് ജന്മസിദ്ധമായി കൈവന്ന ചിത്രരചനയേയും ജീവിതത്തില്‍ കൂടെക്കൂട്ടിയിട്ടുണ്ട് ഈ കലാകാരി. യാത്രകളിലൂടെയും ജീവിതത്തിന്റെ ഓര്‍മ്മകളിലൂടെയും ഇവരുടെ ചിത്രങ്ങള്‍ കടന്നുപോകുന്നു. കോഴിക്കോട്ടെ കലോത്സവനഗരിയില്‍ സബീന വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

“കലോത്സവങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുകയും, നാളെ ലോകത്ത് അറിയപ്പെടേണ്ടവരുമാകേണ്ട കലാകാരന്‍മാര്‍ കലോത്സവത്തിലൂടെ അവസാനിക്കുകയും ചെയ്യുന്നതിന് ഒരര്‍ത്ഥത്തില്‍ സര്‍ക്കാരുകളാണ് കുറ്റക്കാര്‍. പല കലാകാരന്മാരും വളരെയേറെ കഷ്ടപ്പെടുന്ന കുടുംബ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരായിരിക്കും. അവരെ പിന്തുണയ്ക്കാനോ ഒരു കൈ സഹായം നല്‍കാനോ സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. ഇതുമൂലം അവര്‍ കലയെ മാറ്റിവെയ്ക്കുകയും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട് മല്ലടിക്കേണ്ടി വരികയും ചെയ്യുന്നു. ” സെബീന പറയുന്നു.

“ഞങ്ങളുടെ കാലത്ത് കഠിനമായ കലാസാധനയിലൂടെയായിരുന്നു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വന്നിരുന്നത്. ഇന്ന് ആ രീതി മാറി. കലോത്സവങ്ങളുടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചില തട്ടിക്കൂട്ട് തയ്യാറെടുപ്പിലൂടെ മത്സരത്തിന് എത്തുന്നവരാണ് കൂടുതല്‍. ജന്മവാസനയുള്ളവരും മത്സരരംഗത്തുണ്ട്. കുട്ടികളുടെ കഴിവുകളെ ആദ്യം രക്ഷിതാക്കള്‍ തിരിച്ചറിയുകയും അംഗീകരിക്കാന്‍ തയ്യാറാകുകയുമാണ് വേണ്ടത്. അല്ലാതെ കുട്ടികളുടെ കലാപ്രകടന വേദികളില്‍ രക്ഷിതാക്കളുടെ ഉത്സവങ്ങള്‍ക്ക് അവസരമൊരുക്കുകയല്ല.” സെബീന നലവടത്ത് കൂട്ടിച്ചേര്‍ത്തു. 

പ്രശസ്ത ചിത്രകാരന്‍ വില്യം ബില്‍ അലക്‌സാണ്ടറെയാണ് സെബീന മാനസഗുരുവായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും അകത്തുമായി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന സെബീനയുടെ ചിത്രങ്ങള്‍ കുട്ടികളോടും വലിയവരോടും ഒരുപോലെ സംവദിക്കുന്നവയാണ്.ഭര്‍ത്താവും ചിത്രകാരനുമായ ഉല്ലാസ് ബാബുവും സെബീനയുടെ ചിത്രരചനയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി  കൂടെയുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍