UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീര്‍മാതളത്തിന്റെ നാട്ടില്‍ നിന്നും നൃത്തലോകത്തേക്ക്: ഷബ്ന മുഹമ്മദ് സംസാരിക്കുന്നു

Avatar

നിയ മറിയം

എത്ര വായിച്ചാലും മതിവരാത്ത പുസ്തകങ്ങളെ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട നീര്‍മാതളത്തിന്റെ കഥാകാരി മാധവിക്കുട്ടിയുടെ നാട്ടുകാരിയാണ് ഷബ്‌ന മുഹമ്മദ്. മാധവിക്കുട്ടിയെ ആരാധിച്ച ഈ നര്‍ത്തകിക്കു പക്ഷേ അവരെ നേരിട്ടു കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. എന്നാല്‍ മാധവിക്കുട്ടിയുടെ നാലപ്പാട്ട് കുടുംബത്തിലൊരാളാണ് ഇവള്‍ക്കു മുന്നില്‍ നൃത്തലോകം തുറന്നതെന്നതു യാദൃശ്ചികം മാത്രം. 

മതവും ജാതിയും അതിരുകള്‍ തിരിക്കാത്ത കലാലോകത്തിലേക്കെത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷബ്‌ന മുഹമ്മദ് ഇവിടെ.

ഏറണാകുളം ഗിരിനഗറിലെ നൃത്തക്ലാസില്‍ പരിശീലനത്തിരക്കിലായിരുന്നു ഷബ്‌ന. ആഴ്ചയില്‍ ആറു ദിവസത്തെ ക്ലാസിനെത്തുന്നത് കുഞ്ഞുമകള്‍ നിലാവിനെ ഭര്‍ത്താവിന്റെ അമ്മയുടെ അരികിലാക്കിയതിന് ശേഷമാണ്. അത്രയേറെ നൃത്തത്തോട് ഇഷ്ടമുള്ളതുകൊണ്ടാണ് കുഞ്ഞിനരികില്‍ നിന്നു കുറച്ചുനേരത്തേക്കു മാറിനില്‍ക്കുന്നതെന്നു പറഞ്ഞു തുടങ്ങിയ ഷബ്‌ന നാലപ്പാട്ടെ കുടുംബത്തെക്കുറിച്ചും നൃത്തലോകത്തെ സ്വപ്‌നങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു.

പുന്നയൂര്‍ക്കുളത്ത് മുഹമ്മദിന്റെയും സൈനബയുടെ മകളായിട്ടാണ് ജനനം. എല്‍ കെ ജി ക്ലാസിലെ പി ടി പിരീഡില്‍ തുന്നലോ നൃത്തമോ പഠിക്കാം. വീട്ടില്‍ ചോദിച്ചപ്പോള്‍ നൃത്തം പഠിക്കാന്‍ പറഞ്ഞു. കലയെ ഇഷ്ടപ്പെടുന്നവരാണ് ഉമ്മയും ബാപ്പയും സഹോദരങ്ങളായ ഷാനവാസും ഷാഫിറോസും. അങ്ങനെ നൃത്തത്തിന്റെ ആദ്യ ചുവടുകളിലേക്ക്. എല്ലാത്തിനു കൂട്ടായി ഒരു ചങ്ങാതിയുമുണ്ടായിരുന്നു. സംഗീത അശോകന്‍. അന്നത്തെയും ഇന്നത്തെയും ബെസ്റ്റ് ഫ്രണ്ട്. നാലപ്പാട്ട് കുടുംബത്തിലെയാണ് സംഗീതയും. സംഗീതയുടെ അച്ഛന്‍ അശോകന്‍ നാലപ്പാട്ട് നാട്ടിലൊരു ക്ലാസിക്കല്‍ നൃത്തപഠനകേന്ദ്രം ആരംഭിച്ചു.

“അക്കാലത്തൊന്നും ഞങ്ങളുടെ നാട്ടില്‍ നൃത്തപഠന കേന്ദ്രമൊന്നുമില്ലായിരുന്നു. കലയോടുള്ള താല്‍പ്പര്യത്തിലാണു സംഗീതയുടെ അച്ഛന്‍ നൃത്തവിദ്യാലയം ആരംഭിച്ചത്. കുറേക്കാലം ഇവിടെയാണു നൃത്തം പഠിച്ചത്. കലാമണ്ഡലം ദേവകിയായിരുന്നു ആദ്യഗുരു. ഡാന്‍സ് സ്‌കൂളില്‍ നൃത്തം പഠിപ്പിച്ചതു കലാമണ്ഡലം രാജലക്ഷ്മിയും.”

“എല്ലാ നൃത്ത വിദ്യാര്‍ത്ഥികളേയും പോലെ സ്‌കൂള്‍ കലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും സോളോ പെര്‍ഫോമന്‍സില്‍ പങ്കെടുത്തിരുന്നില്ല. ഗ്രൂപ്പ് ഐറ്റങ്ങളിലുണ്ടാകും. ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളില്‍ നിന്നു കുറേ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുത്തു.”

കലാകാരിയാകണമെന്ന മോഹം ഷബ്‌നയുടെ മനസില്‍ മൊട്ടിടുന്നതു ഒപ്പന മാഷിലൂടെയാണ്, മുഹമ്മദലി മാഷ്. അദ്ദേഹം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. വലുതാകുമ്പോള്‍ കലാകാരിയാകണമെന്നു ആഗ്രഹിക്കുന്നതും സ്വപ്നം കണ്ടുതുടങ്ങുന്നതും അദ്ദേഹത്തിന്റെ കലയോടുള്ള ഇഷ്ടവും കമ്മിറ്റ്‌മെന്റും കണ്ടിട്ടാണ്.

“ശാസ്ത്രീയനൃത്തം തന്നെയായിരുന്നു ആദ്യനാള്‍ മുതല്‍ പഠിച്ചിരുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡിയൊക്കെ പഠിച്ചു. എന്നാല്‍ ഏതെങ്കിലും ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നതാണു നല്ലതെന്ന രാജലക്ഷ്മി ടീച്ചറുടെ അഭിപ്രായപ്രകാരമാണ് ഭരതനാട്യത്തിലേക്കു മാത്രമാകുന്നത്. പ്ലസ്ടു കഴിഞ്ഞതോടെ നൃത്തത്തിന് താത്ക്കാലിക വിട നല്‍കി. അന്ന് നൃത്തത്തിന്റെ ലോകത്തില്‍ നിന്നു മാറുമ്പോള്‍ പിന്നീട് തിരികെ വരുമെന്നു കരുതിയിരുന്നില്ല. നൃത്തത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ലെന്നതാണു സത്യം.”

“പിന്നീട് അഞ്ചു വര്‍ഷത്തെ ഇടവേള. അന്നും നൃത്തം കാണാനും ചെയ്യാനുമൊക്കെ മനസില്‍ ഇഷ്ടമുണ്ടായിരുന്നു. ബിടെക് പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ജോലിക്കു ചേര്‍ന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഹെറിറ്റേജ് അക്കാഡമി കണ്ടപ്പോള്‍ നൃത്തം പഠിക്കാന്‍ മോഹം. എട്ടാമത്തെ മാസം ജോലിരാജിവെച്ചു. ഇന്ത്യന്‍ ഹെറിറ്റേജ് അക്കാഡമിയില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്നു. ഡാന്‍സ് പ്രൊഫഷനാക്കണമെന്നു തോന്നി. ഇതിനിടയില്‍ വിവാഹമൊക്കെ കഴിഞ്ഞു.”

ഭര്‍ത്താവ് ജിഷാദാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നു ഷബ്‌ന. “വിവാഹശേഷം ദുബായിയിലേക്ക് പോയി. അവിടെ ആര്‍ എല്‍ വി അനില്‍കുമാറിനു കീഴില്‍ നൃത്തം പഠിക്കാന്‍ ചേര്‍ന്നു. കൂടുതല്‍ ആഴത്തില്‍ നൃത്തം പഠിക്കണമെന്നു കരുതിയാണു എറണാകുളത്ത് ഗിരിനഗറിലെ കലാക്ഷേത്ര വിലാസിനി ടീച്ചറിന്റെ അടുക്കലെത്തുന്നത്. നാലു വര്‍ഷമായി ഇവിടെ ഭരതനാട്യം പഠിക്കുന്നു.”

“മുസ്ലിമായതു കൊണ്ടു ക്ഷേത്രങ്ങളില്‍ പോയി നൃത്തം ചെയ്യുന്നതിന് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മതം മാറി ഹിന്ദുവായോ എന്നുവരെ പലരും ചോദിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്നു നൃത്തത്തിലേക്കെത്തിയതില്‍ അഭിമാനം തോന്നുന്നുണ്ടെന്നു പറഞ്ഞവരുമുണ്ട്.”

മതത്തേയും കലയേയും കൂട്ടിക്കലര്‍ത്തേണ്ടതില്ല. കല നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് മനസിലാക്കാത്തവരാണ് അസഹിഷ്ണുത കാണിക്കുന്നതെന്നു ഷബ്‌ന പറയുന്നു.

“മൂകാംബിക രഥോത്സവം, ചിദംബര നാട്യാഞ്ജലി, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും ദുബൈയിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ആശയങ്ങള്‍ കൈമാറാനുള്ള മാധ്യമമാണു നൃത്തം. അതുകൊണ്ടുതന്നെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ നൃത്തത്തിലൂടെ അവതരിപ്പിക്കണമെന്നുണ്ട്. വര്‍ഗ്ഗീയതക്കെതിരേ നൃത്തത്തിലൂടെ പ്രതികരിക്കണമെന്നു തോന്നാറുണ്ട്. സമൂഹത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നൃത്തത്തിലൂടെ കാഴ്ചക്കാരിലേക്കെത്തിക്കുക. ഇതൊരു സ്വപ്നമാണ്. യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യും.”

സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഷബ്‌ന. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തില്‍ രേഖ തിലക് എന്ന് കഥാപാത്രം. മനീഷ കൊയ്‌രാളയും ഉത്തര ഉണ്ണിയുമൊക്കെ അഭിനയിച്ച ചിത്രം ഉടന്‍ തിയറ്ററിലെത്തും. “പുതിയ സിനിമകളില്‍ നിന്നും അവസരങ്ങള്‍ വന്നിട്ടുണ്ട്. ഒന്നുമിതുവരെ ഏറ്റെടുത്തിട്ടില്ല. അവിചാരിതമായി തന്നിലേക്കെത്തിയതാണ് നൃത്തവും സിനിമയുമെല്ലാം. പക്ഷേ ഇന്ന് ഇത് എന്റെ എല്ലാമാണ്”- ഷബ്‌ന പറഞ്ഞു നിറുത്തി.

(മാധ്യമ പ്രവര്‍ത്തകയാണ് നിയ മറിയം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍