UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളീ, ക്രിക്കറ്റ് ഒരാനയല്ല, സച്ചിൻ പാപ്പാനുമല്ല

Avatar

പി.ജയകുമാർ 
 
മരിയ ഷറപ്പോവയെ അറിയുമോയെന്ന് സച്ചിനോടു ഇതു വരെ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുള്ളിക്കാരന്‍, കണ്ടിട്ടുണ്ടെങ്കിലും മിണ്ടിയിട്ടില്ലെന്നോ മറ്റോ ഉള്ള ഒരു മറുപടിയേ പറയാന്‍ വഴിയുള്ളൂ. പക്ഷേ, ഷറപ്പോവ ഒന്നു മനസിലാക്കണം; പ്രായമാകുമ്പോള്‍ ഒടേ തമ്പുരാനും റിട്ടയര്‍മെന്റെടുത്ത് അല്‍പം വിശ്രമിക്കും എന്നു ലോകത്തിനു മനസിലാക്കി കൊടുത്ത ആളാണു സച്ചിന്‍. ഒരു പാടു കേട്ടതല്ലേ, ദൈവം കളി നിര്‍ത്തി, ദൈവം പടിയിറങ്ങി എന്നൊക്കെ, ദൈവം ബാറ്റു വരെ താഴെ വെച്ചു. ഗദാ ധാരിയായ ഹനുമാന്‍ കഴിഞ്ഞാല്‍ പിന്നെ മലയാളിക്കു എംആര്‍എഫ് ബാറ്റു പിടിച്ച സച്ചിനേയുള്ളു ദൈവമായിട്ട്. അയ്യേ, ഷറപ്പോവേ! കുട്ടിപ്പാവാടയിട്ടു കളിമണ്‍ കോര്‍ട്ടില്‍ കളിക്കുന്ന കുട്ടീ, നിനക്കറിയാമോ മലയാളി മെഴുകുതിരി കത്തിച്ചു മുട്ടിന്‍മേല്‍ നിന്നു പ്രാര്‍ഥിച്ചാല്‍ കറന്റുകട്ട് വരെ ഒഴിവാക്കിക്കൊടുക്കും ഈ സച്ചിന്‍!
 
ചീട്ടുകളിയും തീറ്റമത്സരവും നട്ടപ്പൊരി വെയിലത്ത് ബിവറേജ് എന്നെഴുതിയ ഒരു കടയ്ക്ക് മുന്നിൽ മണിക്കൂറുകൾ നിൽക്കുന്നതും മത്സരയിനങ്ങളില്‍ പെടുത്താരിക്കുന്നതു കൊണ്ടു മാത്രം ഒളിമ്പിക്‌സിനു പോകാത്ത മലയാളിക്ക് ഷറപ്പോവയുടെ സച്ചിനെ കുറിച്ചുള്ള അറിവില്ലായ്മ പൊറുക്കാന്‍ കഴിയാത്ത വലിയൊരു പിഴയായിരുന്നു. അറിയില്ലെന്ന ഒറ്റ വാക്കു പറഞ്ഞതേയുള്ളൂ ഷറപ്പോവ. പിന്നെ ചെമ്പട്ടുടുപ്പിക്കാതെയും മഞ്ഞളു വിതറാതെയും നേരെ കൊടുങ്ങല്ലൂര്‍ക്കു കൊണ്ടു പോയി, ഭരണിപ്പാട്ടു നേരിട്ടു കേള്‍പ്പിച്ചു കൊടുത്തു. അതു കൊണ്ടൊന്നും കലി തീരാഞ്ഞിട്ട് എഴുതാവുന്നിടത്തൊക്കെ തെറിയെഴുതി. മലയാളത്തിലെ പല തെറികളും മറ്റു ഭാഷകളിലേക്കു മൊഴിമാറ്റുമ്പോള്‍ കാറ്റു പോയ ബലൂണുകളാണെന്ന് നല്ലൊരു തെറി പോലും പറയാനറിയാത്ത മലയാളി ഇതു വരെ മനസിലാക്കിയിട്ടില്ല, കഷ്ടം!
 
ഏതു ഭാഷയില്‍ മൊഴിഞ്ഞാലും അറിയില്ല എന്ന വാക്കിനോളം സത്യസന്ധത പുലര്‍ത്തുന്ന മറ്റൊരു വാക്ക് ലോകത്ത് വേറെയില്ല. നന്നായി അറിയാവുന്ന നല്ലൊരു കാര്യം അറിയില്ലെന്നു പറയുന്നിടത്തോളം വലിയൊരു ഹറാം പെറപ്പും ലോകത്തില്‍ വേറെയില്ല. എന്നാല്‍ അറിയില്ല എന്ന ഒറ്റ വാക്കു കൊണ്ട് ആകാശത്തില്‍ കൂടി പോയ കല്ല് ഏണിവെച്ചു കയറി തലയില്‍ തന്നെ മേടിച്ച് മുഴച്ചിരിക്കുന്ന അവസ്ഥയിലാണ് മരിയ ഷറപ്പോവ. സച്ചിനെ അറിയില്ലാത്തതു കൊണ്ട് കേരളത്തില്‍ തൂക്കി കൊല്ലാന്‍ വിധിച്ചവരെ കുറിച്ച് ടെന്നീസ് കളിക്കിടെയുള്ള ഒഴിവു സമയങ്ങളില്‍ ഷറപ്പോവ എന്തു കൊണ്ടാണു വായിക്കാതിരുന്നത്?
  
 
ഇതാണോ ഷറപ്പോവ, എന്നു ചോദിച്ചാല്‍ ഈ തെറി പറഞ്ഞ ഒറ്റ മലയാളിക്കും മുഖം കണ്ട പരിചയം കാണില്ല. കാരണം അവരു കളിച്ചപ്പോ മുഖത്തോട്ടു നോക്കിയിട്ടേ ഇല്ലല്ലോ. കാറ്റിനു കൈക്കൂലി കൊടുത്തിട്ടെന്ന പോലെ കണ്ണും നട്ട് നോക്കിയിരുന്നിടത്ത് ടെന്നീസു പന്തോ റാക്കറ്റോ ഒന്നും പെട്ടിരുന്നുമില്ല. ഇതൊന്നുമല്ലെങ്കില്‍ അല്‍പം കൂടി കടന്ന് ഷറപ്പോവയും വോഡ്കയും ഒരേ നാട്ടുകാരാണെന്നു കൂടി പറഞ്ഞേക്കാം. അവിടെത്തീരും പരിചയം. അപൂര്‍വം ചിലര്‍ കളി കാര്യമായി കണ്ടു എന്ന കാര്യം മറച്ചു വെക്കുന്നുമില്ല. അവര്‍ക്ക് മാത്രം അഭിവാദ്യങ്ങള്‍.
 
ശരിക്കും ആരാണ് സച്ചിന്‍, ഇന്ത്യയുടെ അഭിമാനമാണ് ഈ ഇതിഹാസ ക്രിക്കറ്റ് താരം. ഒരു സംശയവും തര്‍ക്കവുമില്ലാത്ത കാര്യമാണത്. പക്ഷെ അങ്ങേരെ അറിയില്ലൈന്നു പറഞ്ഞതു കൊണ്ടാണോ മലയാളി തൊണ്ണൂറു കഴിഞ്ഞ അപ്പനമ്മമാരെ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നൊരു പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊന്നത് സച്ചിനെ അറിയാത്തതു കൊണ്ടായിരുന്നോ? സച്ചിനെ അറിയില്ല എന്ന ഒറ്റക്കാരണത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള എത്ര പിഞ്ചുകുഞ്ഞുങ്ങളെ ഇവിടെ പീഡിപ്പിച്ചിട്ടുണ്ടെന്നറിയാമോ ഷറപ്പോവയ്ക്ക്. സച്ചിനെ അറിയാത്തതു കൊണ്ടാണു മൂക്കുമുട്ടെ കള്ളു കുടിച്ചിട്ട് ഞങ്ങള്‍ വൈകിട്ട് വീട്ടിച്ചെന്ന് ഭാര്യയെ കുനിച്ചു നിര്‍ത്തി ഇടിക്കുന്നതും പിള്ളേരുടെ പുസ്തകം കത്തിച്ചു കളയുന്നതും. എന്തറിയുന്നു ഷറപ്പോവ നീ.
 
സച്ചിന്‍ പല നിര്‍ണായക ക്രിക്കറ്റ് മത്സരങ്ങളിലും നെടു നായകത്വം വഹിച്ച് ഇന്ത്യയുടെ യശസ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച, മഹാനായ, ദേശസ്‌നേഹമുള്ള, കോടീശ്വരനായ ഒരു കായികതാരമാണ്. രാജ്യം പരമോന്നത പുരസ്‌കാരങ്ങള്‍ നല്‍കി ഒരുപാടു ദണ്ഡിപ്പിച്ചിട്ടുമുണ്ട്. കളിക്കുന്നെങ്കില്‍ അതു ക്രിക്കറ്റ് മാത്രം, കുടിക്കുന്നെങ്കില്‍ അതു ബൂസ്റ്റ് മാത്രം എന്നു ശപഥമെടുത്ത മലായാളി സച്ചിനെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയെ റഷ്യയില്‍ നിന്നു കല്ലെറിയാതിരുന്നത് മറ്റൊന്നു കൊണ്ടല്ല. ആകെ ബോറടിച്ചിരുന്നപ്പോഴാണ് അപ്പൂപ്പന്‍ മരിക്കുന്നത്. പിന്നെ പന്തലിടീലും ശവദാഹവും സഞ്ചയനവുമൊക്കെയായി ആകെപ്പാടെ ഉഷാറായി എന്ന മട്ടിലേ ഇതും കാണേണ്ടതുള്ളു. 

ബെസ്റ്റ് ഓഫ് അഴിമുഖം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഉപമ
സച്ചിന് ഭാരതരത്ന: ഉഷയ്ക്കും ധ്യാന്‍ചന്ദിനും എന്തു നല്കും?
ക്രിക്കറ്റ് എന്ന ഇന്ത്യന്‍ കളി
എന്തൊരു ബാറ്റിംഗ്!!!
ഈഡന്‍ എന്ന ഭ്രാന്ത്

 
വെയില്‍ വെളിച്ചത്തിനു വേണ്ടി മാത്രമുള്ളതാണെന്നും അതു കൊള്ളാനോ വിയര്‍ക്കാനോ ഉള്ള യോഗം നമുക്കില്ലെന്നുമുള്ള വിശ്വാസം തന്നെയാണു മഴയുടെ കാര്യത്തിലും മലയാളിക്കുള്ളത്, അത് കുടയ്ക്കു മീതെ പെയ്യാനുള്ളതു മാത്രമാണ്. നനവൊക്കെ നിനവില്‍ മാത്രം. അതു കൊണ്ടാണ് സച്ചിനെ അടുത്തു പരിചയമുള്ള നമ്മള്‍ കുത്തിയിരുന്നു ക്രിക്കറ്റ് കാണുമ്പോള്‍, തെങ്ങു കേറാന്‍ ആളെ കിട്ടാതെ പത്രപ്പരസ്യം കൊടുക്കമ്പോള്‍, ഹിമാലയം കയറുന്ന ഷെര്‍പ്പ വരെ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളിയായി വരുന്നത്. ബംഗാളും, ഒഡീഷയും, ആസാമും തീവണ്ടിപ്പാതകളില്‍ നിരങ്ങി ഇങ്ങോട്ടെത്തുന്നതിനു മുന്‍പ് കാലിഫോര്‍ണിയക്കു ചരക്കുമായി പോകുന്ന ഉരുവില്‍ ഗഫൂര്‍കാ ദോസ്ത് ആയി ദുബായിലേക്കു പോയവരാണു മലയാളികള്‍. നില്‍ക്കക്കള്ളിയില്ലാതെ നാടു വിട്ടു പേര്‍ഷ്യക്കു പോയ കമലാസനന്‍ അല്‍ കമലാസനനായി തിരിച്ചു വന്നു പെര്‍ഫ്യൂമടിച്ചു നടന്നതും ഇവിടെ തന്നെ.
 
 
പുച്ഛം കണ്ടു പിടിച്ച മലയാളിയോടാണു കളി. ആക്ഷന്‍ ഒട്ടുമില്ലാതെ പരമാവധി ഡയലോഗു കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്നവര്‍ ഷറപ്പോവയുടെ അപരാധം എങ്ങനെ പൊറുക്കും. രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഒറ്റപ്പൈസ പോലും ചെലവഴിക്കാതെ എംപി ഫണ്ടില്‍ നിന്നു അഞ്ചു കോടി രൂപ പാഴാക്കി കളഞ്ഞ സച്ചിനെ മലയാളി അറിയുമോ എന്തോ.
 
ഐസിസിയില്‍ ടെസ്റ്റ് കളിക്കുന്ന പത്തു ക്രിക്കറ്റ് ടീമേ കാണൂ. ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ എണ്ണത്തില്‍ കുറവാണ്. ബേസ് ബോള്‍, റഗ്ബി, തുടങ്ങിയ അമേരിക്കയിലും മറ്റും ഏറെ പ്രചാരത്തിലുള്ള കായിക രൂപങ്ങളുടെ പ്രശസ്ത കളിക്കാരുണ്ട്. ഇവരെയൊക്കെ ഈ മലയാളിക്കറിയാമോ. ടൈഗര്‍ വുഡ്‌സ് ഇടക്കേതോ ലൈംഗിക വിവാദത്തില്‍ പെട്ടത് കൊണ്ട് മാത്രം അയാള്‍ ഗോള്‍ഫാണു കളിക്കുന്നതെന്നറിയാം. ഇതൊക്കെ പോട്ടെ ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയുടെ എത്ര ദേശീയ താരങ്ങളെ ഈ മലയാളികള്‍ക്കറിയാം. കബഡി ടീം, വോളിബോള്‍ അങ്ങനെ പലതുമുണ്ട് പക്ഷേ മലയാളിയുടെ ഭാവം അനുസരിച്ചു സച്ചിനെ മാത്രമേ വഴിയില്‍ വച്ചു കണ്ടാല്‍ മിണ്ടൂ. 
 
ഷറപ്പോവയും അരിയാഹാരം കഴിക്കണമെന്നു വാശി പിടിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. റഷ്യ എന്നു പറയുന്നത് ഒന്നിലധികം ഭൂഖണ്ഡങ്ങളില്‍ പരന്നു കിടക്കുന്നു ഒരു രാജ്യമാണ്. ലോക സാമൂഹ്യ, രാഷ്ട്രീയ, കായിക ചരിത്രത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ മലയാളി ശരിക്കു കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടുമില്ലെന്നു വേണം ഇതു കൊണ്ടു മനസിലാക്കാന്‍. ഒളിമ്പിക്സ് ഉള്‍പ്പെടെടെയുള്ള കായിക മാമാങ്കങ്ങളില്‍ അവര്‍ സ്വര്‍ണമെഡലുകള്‍ വാരിക്കുട്ടിയപ്പോള്‍ മടലുകള്‍ മാത്രം കണ്ടിട്ടുള്ള മലയാളി ലീവെടുത്ത് പണിക്കു പോകാതെ വീട്ടിലിരുന്ന് ക്രിക്കറ്റ് കാണുകയായിരുന്നു. ഇനിയെങ്കിലും സച്ചിന്‍ സിക്‌സറടിച്ച കാര്യം പറഞ്ഞ് നിക്കറൂരി കാണിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം; അങ്ങോരെ അറിയാത്തവരാണ് ഈ ഭൂലോകത്ത് ഭൂരിപക്ഷവും. അവര്‍ തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ അതു മുളകരച്ചു തേച്ചതു പോലിരിക്കും.
 
അറിയില്ല എന്നു ഷറപ്പോവ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്കതിനു നേരമില്ലാതത്തു കൊണ്ടോ തുനിഞ്ഞിറങ്ങാത്തതു കൊണ്ടോ മാത്രമാണ്. ഷറപ്പോവ ബിസിയാണു മലയാളി; അവരെ വെറുതെ വിട്ടേക്കൂ. എന്നിട്ട് നിങ്ങളു പോയി കഴിഞ്ഞുപോയ കളികളുടെ ഹൈ ലൈറ്റ്‌സ് കാണൂ. അല്ലെങ്കില്‍ സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് കണ്ണീര്‍ വാര്‍ക്കൂ. റഷ്യക്കാരുടെ പട്ടികളെ സച്ചിനെന്ന പേരിട്ടു വിളിക്കാന്‍ അവരെ നിര്‍ബന്ധിക്കല്ലേ. 
 
പിന്‍കുറിപ്പ്:  സച്ചിന്‍ കളി നിര്‍ത്തിയ ദിവസമാണ് എന്റെ അപ്പാപ്പന്‍ കാളവണ്ടി വിറ്റതും അപ്പച്ചന്‍ തൊഴുത്തു പൊളിച്ചു കാര്‍ പോര്‍ച്ചു പണിതതും എന്നൊരു കവിതയെഴുതിയിട്ട് ജി. സുധാകരന്റെ ആരാണു നീ ഒബാമ എന്ന കവിതയോടൊപ്പം ചേര്‍ത്തു വായിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍