UPDATES

കായികം

സച്ചിന്‍ നേരിടാന്‍ ഭയപ്പെട്ടിരുന്നൊരു ബൗളര്‍ ഉണ്ടായിരുന്നു; ആരാധിച്ചിരുന്ന ടീമും

24 വര്‍ഷത്തെ കരിയറില്‍ ഏറ്റവും ദുര്‍ഘടം പിടിച്ച പരമ്പരയായിരുന്നു അത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിന്റെ ചൂട് അറിയാത്ത ബൗളര്‍മാര്‍ ലോകക്രിക്കറ്റില്‍ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എല്ലാ ബൗളര്‍മാരെയും കാണുമ്പോള്‍ സച്ചിന് ഒരേ ആത്മവിശ്വാസമായിരുന്നോ? അല്ല, ചിലരോട് സച്ചിന് ഉള്ളാലെ ഒരു ഭയമുണ്ടായിരുന്നു. പേരുകേട്ട ഫാസ്റ്റ് ബൗളര്‍മാരോ വോണിനെയോ മുരളിയെയോ പോലുള്ള സ്പിന്‍ മാന്ത്രികരെയോ ആയിരുന്നില്ല അത്. പിന്നെയോ! അത് സച്ചിന്‍ തന്നെ പറയുന്നു.

ഒരു പ്രമോഷനല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ വിഷയം ക്രിക്കറ്റില്‍ എത്തിയപ്പോഴായിരുന്നു സച്ചിന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്.

1989 ല്‍ ഞാന്‍ എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുമ്പോള്‍ മുതല്‍ കുറഞ്ഞത് 25 ഓളം ലോകോത്തര ബൗളര്‍മാരെ നേരിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ഞാനെന്റെ ബാറ്റിംഗ് ആസ്വദിച്ചിട്ടില്ല. ഹന്‍സി ക്രോണ്യെ(അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനും) അങ്ങനെയൊരാള്‍ ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല, പലവട്ടം ഞാന്‍ ക്രോണ്യെക്കു മുന്നില്‍ പുറത്തായി. അദ്ദേഹം പന്തെറിയാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്നതാണ് നല്ലതെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹ ബാറ്റ്‌സ്മാനോട് ഞാന്‍ പറയും, അലന്‍ ഡൊണാള്‍ഡോ ഷോണ്‍ പൊള്ളോക്കോ ആണെങ്കില്‍ ഞാന്‍ കൈകാര്യം ചെയ്‌തോളാം, ഹന്‍സി ആണെങ്കില്‍ കൂടുതല്‍ സ്‌ട്രൈക് എടുത്തുകൊള്ളണം; സച്ചിന്‍ പറയുന്നു.

ഇതേ പരിപാടിയില്‍ സച്ചിന്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. അത് ഓസ്‌ട്രേലിയന്‍ ടീമിനെ കുറിച്ചായിരുന്നു. തന്റെ 24 വര്‍ഷം നീണ്ട കരിയറില്‍ ഏറ്റവും ദുര്‍ഘടമായി തോന്നിയ ക്രിക്കറ്റ് പരമ്പര 1999 ലെ ഓസ്‌ട്രേലിയന്‍ പരമ്പരയായിരുന്നുവെന്ന്.

എന്റെ കരിയറിലെ ഏറ്റവും ബുദ്ധുമുട്ടേറിയ പരമ്പര ഏതെന്നു ചോദിച്ചാല്‍ സംശയമില്ല, അത് 1999 ലെ ഓസ്‌ട്രേലിയന്‍ പരമ്പര തന്നെ. അവര്‍ അത്ര നല്ല ടീമായിരുന്നു. പതിനൊന്നുപേരുള്ളതില്‍ ഏഴോ എട്ടോപേര്‍ തന്നെ മാച്ച് വിന്നര്‍മാരായുണ്ട്. ബാക്കിയുള്ളവരാകട്ടെ വളരെ മികച്ച കളിക്കാരും. ആ ടീമാണ് വര്‍ഷങ്ങളോളം ലോകക്രിക്കറ്റിനെ ഭരിച്ചതും. അവര്‍ക്ക് അവരുടേതായ സ്വന്തം കളിശൈലിയുണ്ടായിരുന്നു. മറ്റു ടീമുകള്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിന്റെ കളിയെ ആരാധിച്ചിരുന്നു. അതേസമയം അവരെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാനും ആഗ്രഹിച്ചിരുന്നു.

ആ പരമ്പരയില്‍ മെല്‍ബണിലും അഡ്‌ലെയ്ഡിലുമൊക്കെ നടന്ന മത്സരം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു ബ്രാന്‍ഡ് ക്രിക്കറ്റാണ് അവര്‍ കളിച്ചത്. ലോകം മുഴുവന്‍ അവരുടെ കളിയില്‍ അത്ഭുതപ്പെട്ടിരുന്നു. എല്ലാ ടീമുകള്‍ക്കും അവരുടെതായ ഒരു ശൈലിയുണ്ട്. അത് പിന്തുടരുകയും ചെയ്യുന്നു. അതേ സമയം ഓസ്‌ട്രേലിയന്‍ ടീമിന്റെ കളിയില്‍ എന്തെല്ലാമോ പ്രത്യേകതകള്‍ ഉണ്ടെന്നു വിശ്വസിക്കുകയും ചെയ്തു. സ്ഥരതയാര്‍ന്ന ടീമായിരുന്നു ഓസ്‌ട്രേലിയ. ഒരു വേള്‍ഡ് ക്ലാസ് ടീം; സച്ചിന്‍ പറയുന്നു.

1999 ലെ പരമ്പരയില്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസീസ് ടീം 3-0 ന് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്്‌നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍