UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി ഇന്നടിച്ചത് ഉഗ്രനൊരു സിക്‌സര്‍, അതും സച്ചിന്റെ പന്തില്‍…!

Avatar

ഇന്ദു

പിണറായിയില്‍ നിന്നും മികച്ച ബാഡ്മിന്റണ്‍ കളിക്കാരെ കേരളത്തിന് കിട്ടിയിട്ടുണ്ട്. എന്തിന്, പിണറായി വിജയനും അസ്സലൊരു ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തൊരു രാജന്‍ വക്കീലിനെ കുറിച്ച് പിണറായിക്കാര്‍ പറയും. സംസ്ഥാനതലത്തില്‍വരെ കളിച്ചിരുന്ന രാജനും വിജയനും ഒരുമിച്ചു കളിച്ചവരാണ്. വക്കീലിനെക്കാളും നന്നായി വിജയേട്ടന്‍ കളിക്കുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ കേരളമറിയുന്നൊരു ബാഡ്മിന്റണ്‍ കളിക്കാരന്‍ ആകുമായിരുന്നത്രേ വിജയന്‍! പക്ഷേ ഉള്ളിലിപ്പോഴുമൊരു കളിക്കാരനുണ്ട്. ആ കളിമികവാണ് ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പുറത്തെടുത്തതും. ഇതുപക്ഷേ ബാഡ്മിന്റണ്‍ അല്ലെന്നു മാത്രം, ഉഗ്രനൊരു സിക്‌സര്‍…!

അധികാരത്തിലേറി ആഴ്ചയൊന്നു തികയ്ക്കും മുന്നെ മുല്ലപ്പെരിയാറിലും അതിരപ്പിള്ളിയും തട്ടി വിവാദത്തില്‍ പെട്ട ഇടതു മുന്നണി സര്‍ക്കാരിനെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളിയുണ്ട്. പിടിച്ചതിനെക്കാളും വലുത് അളയിലിരിക്കുന്നുവെന്നു പറയുന്നതുപോലെ ആ വെല്ലുവിളി എല്‍ഡിഎഫിന്റെ മദ്യ നയം തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിക്കൊണ്ടുവരികയും മേല്‍ക്കൈ നേടുകയും ചെയ്ത വിഷയമാണ് ഇരു മുന്നണികളുടെയും  മദ്യനയം. ഉമ്മന്‍ ചാണ്ടിക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കില്‍ അത് മദ്യ നയത്തിന്റെ പേരില്‍ കിട്ടാന്‍ സാധ്യതയുള്ള സ്ത്രീ വോട്ടര്‍മാരില്‍ ആയിരുന്നു. മദ്യനിരോധനമെന്ന നിലപാടില്‍ യുഡിഎഫ് നിന്നപ്പോള്‍ മദ്യവര്‍ജനമാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. എന്നാല്‍ ഇടതിന്റെ മദ്യവര്‍ജന സിദ്ധാന്തം ഉമ്മന്‍ ചാണ്ടി വെല്ലുവിളിക്കുകയും തങ്ങള്‍ ആരംഭിച്ച മദ്യനിരോധന നടപടികള്‍ തകിടം മറിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വിളിച്ചു പറയുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ ഒരു പരിധിവരെ കെ സി ബി സി പിന്തുണക്കുകയും ചെയ്തു. 

അധികാരത്തിലെത്തിയശേഷവും ഇതുവരെ എന്താണ് തങ്ങളുടെ നയമെന്ന് കൃത്യമായൊരു നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്നു മാത്രമാണ് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഉണ്ടായേക്കാവുന്നൊരു അഭിപ്രായത്തില്‍ നിന്നും മദ്യനയം വലിയ ചര്‍ച്ചയാവുകയും സര്‍ക്കാരിനു അതിനു പിന്നാലെ പോവേണ്ടിവരികയും ചെയ്യും.

സമീപ ദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കാവുന്ന ഈ സന്ദിഗ്ധത മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഗ്രനൊരു സിക്‌സര്‍ അടിച്ചിരിക്കുന്നത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പന്തില്‍. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ ഓഹരിയുടമകളെ പരിചയപ്പെടുത്താനും ക്ലബിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കാനുമാണ് സച്ചിന്‍ എത്തിയതെങ്കിലും പിണറായിയെ സംബന്ധിച്ച് ഈ വരവ് തന്റെ ബാറ്റിലേക്കെന്നപോലെ എത്തിയ ഓവര്‍ പിച്ച് ബോളായിരുന്നു. 

പ്രായോഗികമല്ലാത്ത മദ്യനിരോധനത്തെക്കാള്‍ മദ്യവര്‍ജനത്തിലൂടെ കേരളത്തെ ലഹരിവിമുക്തമാക്കുകയാണ് ഇടതു മുന്നണിയുടെ ലക്ഷ്യം. പക്ഷേ മദ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളെ ഉപദേശിച്ച് നന്നാക്കുകയെന്നത് ശ്രമകരമായ കാര്യമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യപാനികളുടെയോ ലഹരി ഉപയോക്താക്കളുടെയോ എണ്ണം കേരളത്തില്‍ കുറഞ്ഞിട്ടില്ലെന്നു മറുവാദം. കിട്ടാത്തത് തേടിപ്പിടിക്കാന്‍ മറ്റുള്ളവരെക്കാള്‍ മിടുക്ക് മലയാളിക്ക് കൂടും. തരില്ലെന്നു പറയുന്നതിനേക്കാള്‍ വേണ്ടന്നു വയ്ക്കുന്നതിലാണ് വിജയം, ഇടതു മുന്നണിയുടെ ലൈനും അതാണ്. എന്നാല്‍ ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ ഒരാള്‍ വേണ്ടേ-പ്രത്യേകിച്ച് ചെറുപ്പക്കാരോട്, അവരാണല്ലോ ലഹരിയുടെ പ്രധാന ഉപഭോക്താക്കള്‍-അതിനു പറ്റിയൊരാളാണ് സച്ചിന്‍ എന്നു പിണറായിക്കു തോന്നി. തങ്ങളങ്ങോട്ടു ചെയ്തു തരുന്ന ഉപകാരങ്ങക്കൊരു പ്രത്യുപകാരം. പണ്ട് ലാവ്‌ലിന്‍ കമ്പനിക്കാര്‍ എന്തെങ്കിലും പാരിതോഷികം വാങ്ങണമെന്നു പറഞ്ഞപ്പോള്‍ മലബാര്‍ കാന്‍സെന്ററിന്റെ ആവശ്യം എടുത്തിട്ടതുപോലെ.

ലഹരിവിരുദ്ധ കാമ്പയിന് എന്തുകൊണ്ടും യോജിച്ചയാള്‍ തന്നെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജീവിതത്തില്‍ ലഹരി ഉപയോഗിക്കാത്തൊരാള്‍, ലഹരി ഉത്പന്നങ്ങളുടെ പരസ്യത്തില്‍ കോടികള്‍ ഓഫര്‍ ഉണ്ടായിട്ടും അഭിനയിക്കേണ്ടെന്നു തീരുമാനിച്ചയാള്‍. സച്ചിന്റെ തെരഞ്ഞെടുപ്പില്‍ അതിനാല്‍ തന്നെ നീതീകരണമുണ്ട്. ഇവിടെ ചിലരെ പരിസ്ഥിതിയുടെയും എയ്ഡ്‌സ് ബോധവത്കരണത്തിന്റെയുമൊക്കെ പ്രചാരകരാക്കി അവരോധിക്കുന്നതിലെ തമാശ എന്തായാലും സച്ചിന്റെ കാര്യത്തില്‍ ഇല്ല. രണ്ടാമതായി സച്ചിന്റെ ജനസമ്മതിയാണ്. പുതുതലമുറയുടെ പ്രതിനിധിയല്ല സച്ചിന്‍. അദ്ദേഹത്തിന്റെ പുഷ്‌കലകാലത്തിന്റെ നേരവകശികളാകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ ഇപ്പോഴുള്ളവരുടെതിനു മുന്നിലും അതിനു മുന്നിലും ഉള്ളവരാണ്. പക്ഷേ സച്ചിന്‍ കാലഘട്ടങ്ങള്‍ക്ക് അതീതമായി ഏവരുടെയും പ്രിയതാരമായി ഇന്നും നിലനില്‍ക്കുന്നു. ഇപ്പോള്‍ പത്തുവയസുള്ള കുട്ടിക്കും തൊണ്ണൂറായവര്‍ക്കും സച്ചിന്‍ അവരുടെ ഹീറോയാണ്. അത്രമല്‍ സ്വാധീനം വ്യത്യസ്ത തലമുറകള്‍ക്കുമേല്‍ അയാള്‍ക്കുണ്ട്. സ്വാഭാവികമായും ഈ സ്വധീനം തന്നെയാകും പിണറായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടാവുക.

മദ്യവര്‍ജന ബോധവത്കരണം അസംഭവ്യമൊന്നുമല്ല. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ ലഹരിവിമുക്ത സംസ്ഥാനമമെന്നത് പ്രാവര്‍ത്തികമാക്കാവുന്നതാണ്. സാക്ഷരതായജ്ഞം ഓര്‍ക്കുക. നാടുകള്‍ തോറും വീടുകള്‍ തോറും സാക്ഷരത പ്രവര്‍ത്തകര്‍ കയറിയിറങ്ങി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലോകത്തിനു മുന്നില്‍ കേരളത്തിന് അഭിമാനകരമായ സ്ഥാനം നേടിത്തന്നത്. കൂട്ടായപ്രവര്‍ത്തനം ലക്ഷ്യം കാണണമെന്നുള്ള നിശ്ചയദാര്‍ഢ്യം; ഇതു രണ്ടുമുണ്ടെങ്കില്‍ കേരളത്തിന് ലഹരിവിമുക്ത സംസ്ഥാനവുമാകാം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്തുകൊണ്ടും സച്ചിന്‍ അന്തസുള്ളൊരു മാര്‍ഗദര്‍ശിയായിരിക്കും.

ലഹരി വിമുക്ത കേരളം എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം അതുകൊണ്ട് തന്നെ അഭനന്ദനീയമാണ്. മാത്രമല്ല, ഉരുണ്ടുകൂടി വരുന്ന വിവാദത്തെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടിയായും ഇതിനെ കാണാം. മദ്യവര്‍ജനമെന്ന നിലപാടിലുറച്ചു നിന്നുകൊണ്ട് അതിനുള്ള പ്രവര്‍ത്തനം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മുന്‍നിര്‍ത്തി  സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രിക്കു പറയാം. എല്ലാവരോടും സഹകരണം ആവശ്യപ്പെടുന്നതിലൂടെ പൊതുവിലുള്ള അംഗീകാരവും സര്‍ക്കാര്‍ നയത്തിന് ലഭ്യമാക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെയാണ് പറഞ്ഞത്, പിണറായി ഇന്നടിച്ചത് ഉഗ്രനൊരു സിക്‌സര്‍ തന്നെ, അതും സച്ചിന്റെ പന്തില്‍…!

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍