UPDATES

ട്രെന്‍ഡിങ്ങ്

ഒസാമ ബിന്‍ ലാദന് ആധാര്‍ കാര്‍ഡ്‌; സദ്ദാം ഹുസൈന്‍ പോലീസ് പിടിയില്‍!

പിടിയിലായത് ആധാര്‍ രജിസ്‌ട്രേഷന്‍ കേന്ദ്ര ഉടമ

ഒസാമ ബിന്‍ ലാദന്‍ മരിച്ചെങ്കിലും അത് അംഗീകരിക്കാന്‍ രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ കേന്ദ്രം നടത്തുന്ന സദ്ദാം ഹുസൈന്‍ എന്നയാള്‍ തയ്യാറായില്ല. പകരം ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്.

എന്നാല്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തിയതോടെ ഇയാള്‍ പിടിയിലാകുകയും ചെയ്തു. യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. സദ്ദാം ഹുസൈന്‍ മന്‍സൂരിയെന്ന 25കാരനാണ് പിടിയിലായത്. ഭില്‍വാരയിലെ മണ്ഡല്‍ പട്ടണത്തിലാണ് ഇയാള്‍ ആധാര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രം നടത്തുന്നത്. ബിന്‍ ലാദന്റെ അവ്യക്തമായ ചിത്രങ്ങളും വിവരങ്ങളുമാണ് ഇയാള്‍ ആധാര്‍ രജിസ്‌ട്രേഷനായി അപ്‌ലോഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ ഇത് തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നെന്ന് ഭില്‍വാര എസ് പി പ്രദീപ് മോഹന്‍ ശര്‍മ്മ പിടിഐയെ അറിയിച്ചു. സംസ്ഥാന ഐടി വകുപ്പും ഇയാള്‍ക്കെതിരെ കേസെടുക്കുകയും മണ്ഡല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി റിമാന്‍ഡ് ചെയ്തതായും മണ്ഡല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചഞ്ചല്‍ മിശ്ര അറിയിച്ചു. ഐടി നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍