UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമന്‍റെ മക്കള്‍ അഥവാ മതഭ്രാന്തിന്റെ സംഘി പരീക്ഷണം

Avatar

ടീം അഴിമുഖം

വിഷലിപ്തമായ പ്രസംഗത്തിലൂടെ പുതിയൊരു രാഷ്ട്രീയ അപവാദത്തിന് തിരികൊളുത്തിയിരിക്കുന്ന കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന ജ്യോതിക്ക് വിവാദങ്ങള്‍ പുത്തരിയല്ല. ദേശീയ തലത്തില്‍ അവരുടെ പരാമര്‍ശങ്ങളുടെ പേരില്‍ മാധ്യമ ശ്രദ്ധ നേടുന്നത് ആദ്യമാണെങ്കിലും, അസഹിഷ്ണുത നിറഞ്ഞ സാമുദായിക പരാമര്‍ശങ്ങളുടെ പേരിലാണ് ഉത്തര്‍പ്രദേശില്‍ അവര്‍ അറിയപ്പെടുന്നത് തന്നെ.

‘ഡല്‍ഹിയില്‍ രാമന്റെ മക്കള്‍ ഭരിക്കുന്ന ഒരു സര്‍ക്കാര്‍ വേണോ അതോ ജാരസന്തതികള്‍ ഭരിക്കുന്ന സര്‍ക്കാര്‍ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം’, ഡല്‍ഹിയില്‍ നിവര്‍ന്ന് നിന്ന് ഇങ്ങനെ പറയുന്നതില്‍ പുതുതായി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെട്ട ഈ സഹമന്ത്രിക്ക് യഥാര്‍ത്ഥത്തില്‍ യാതൊരു മനഃസ്താപവുമില്ല.

 

പക്ഷെ, ദേശീയ മാധ്യമങ്ങളിലും പാര്‍ലമെന്റിലും അവരുടെ പരാമര്‍ശം ഉയര്‍ത്തിയ രോഷം അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവണം. കാരണം, അവര്‍ നേരത്തെ നടത്തിയ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും എളുപ്പം രക്ഷപ്പെടാനും, പലപ്പോഴും അത്തരം പരാമര്‍ശങ്ങള്‍ വഴി പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

2017 നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ ശ്രമിക്കുന്ന പിന്നാക്ക വിഭാഗമായ നിഷാദ് സമുദായത്തില്‍ നിന്നും വരുന്ന ആളെന്ന നിലയിലാണ് ഫത്തേപ്പൂരില്‍ നിന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ നിരഞ്ജന ജ്യോതിയെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ‘കഥാ വാചക്’ (കഥ പറഞ്ഞ് രസിപ്പിക്കുന്ന ആള്‍) ആണ് തന്റെ തൊഴിലെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇവരുടെ 41.23 ലക്ഷം രൂപ വില വരുന്ന മൊത്തം ആസ്തിയില്‍ 11.50 ലക്ഷം രൂപയുടെ ഒരു എസ് യു വിയും ഉള്‍പ്പെടുന്നു.

2012 ലെ സമാജ്‌വാദി തരംഗത്തിനിടയിലും 47 കാരിയായ ജ്യോതി ഹമിര്‍പൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2002 ലും 2007 ലും നടന്ന തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷമായിരുന്നു ഈ വിജയം.

ഇവരുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് കാരണം മോദി തരംഗമാണെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്. എന്നിട്ടും ഇവര്‍ മന്ത്രിസഭയില്‍ എത്തിയതിന് കാരണം യുപിയിലെ ഒബിസി വിഭാഗത്തില്‍ അഞ്ച് ശതമാനം വരുന്ന നിഷാദ് സമുദായത്തിന്റെ വോട്ടുകളിലുള്ള ബിജെപിയുടെ കണ്ണാണ്. ‘യുപി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ഒബിസി നേതാവിനെ വളര്‍ത്തിക്കൊണ്ട് വരാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു,’ എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്.

 

ഹൃസ്വമായ വിവാഹ ജീവിതത്തിന് ശേഷം ഇവര്‍, വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടികളിലെ സജീവ സാന്നിധ്യവും അശോക് സിംഗാളിന്റെ അടുത്ത അനുയായിയുമായ സ്വാമി പരമാനന്ദയുടെ ആശ്രമത്തില്‍ ചേര്‍ന്നു.

 

1992ലെ രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട മത സംവാദങ്ങളിലൂടെ ജ്യോതി കുപ്രസിദ്ധി വിളിച്ചു വരുത്തി. വായില്‍ വരുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ പ്രസംഗങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് ഇവരുടെ സാധാരണ രീതിയെന്ന് പാര്‍ട്ടിയിലുള്ളവര്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂല പ്രകാരം ഇന്റര്‍മീഡിയറ്റുകാരിയായ ജ്യോതിയുടെ 2012-13ലെ വാര്‍ഷിക വരുമാനം 2.39 ലക്ഷം രൂപയാണ്. ഒമ്പത് ലക്ഷം രൂപ വിലവരുന്ന കൃഷി ഭൂമിയും 75,000 രൂപ മൂല്യമുള്ള ആഭരണങ്ങളും 11.50 ലക്ഷം വിലയുള്ള എസ് യു വിയും ഉള്‍പ്പെടെ 41. 23 ലക്ഷം രൂപയാണ് ഇവരുടെ മൊത്തം ആസ്തി.

മനഃപൂര്‍വം ദ്രോഹിക്കുന്നതും വ്യഭിചാരവും കുറ്റകരമായ ഭീഷണിപ്പെടുത്തലും അടങ്ങുന്ന വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ലാത്ത വിഭാഗത്തില്‍ പെടുന്ന ഒരു കേസിനെക്കുറിച്ചും അവര്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

47 കാരിയായ സന്യാസിനി ഒരു ‘കഥാ വാചക്’ അഥവ കഥകളിലൂടെ മതബോധനം നടത്തുന്ന ആളാണ്; പാര്‍ലമെന്റിലെ അവരുടെ വ്യക്തിവിവരത്തില്‍ അവര്‍ ഒരു ‘സാമൂഹ്യ പ്രവര്‍ത്തക’ ആണെന്ന് പറയുന്നു. അവര്‍ സാമൂഹ്യ പ്രവര്‍ത്തകയായിരിക്കാം, പക്ഷെ സ്വന്തം പാര്‍ട്ടി അംഗങ്ങളുമായും പ്രതിപക്ഷവുമായും നിയമവുമായി തന്നെയും ഉടക്കിയതിന്റെ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്വാധി നിരഞ്ജന തന്റെ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എമ്പാടും അധികാരമുഷ്‌ക് പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല എന്ന് പറഞ്ഞ് അവര്‍ എപ്പോഴും ഉദ്യോഗസ്ഥരോട് തട്ടികയറാറുണ്ടായിരുന്നു എന്ന് മാത്രമല്ല ഇത് സംബന്ധിച്ച് അവരുടെ അനുയായികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും മുഖ്യമന്ത്രിക്കും നിരന്തരം പരാതി അയയ്ക്കുകയും ചെയ്തിരുന്നു. അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ വലിയ പരിശോധനകള്‍ക്ക് ശേഷം മാത്രം ലഭിക്കുന്ന ഒന്നാണെന്ന് ജ്യോതി മറന്നു പോകുന്നു. ശിക്ഷയുടെ രൂപത്തില്‍ ഇക്കാര്യം ഓര്‍മപ്പെടുത്തുന്നതില്‍ രോഷാകുലരായ പ്രതിപക്ഷത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

ഈ സന്ന്യാസിനിയുടെ കഥ അവരുട ധാര്‍ഷ്ട്യത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഉത്തര്‍പ്രദേശില്‍ ചരിത്ര വിജയം നേടുന്നതിനായി മോദി-അമിത് ഷാ കൂട്ടുകെട്ട് മുന്‍നിരയിലേക്ക് കൊണ്ടുവന്ന നിരവധി മതഭ്രാന്തന്മാരില്‍ ഒരാള്‍ മാത്രമാണ് ജ്യോതി. തങ്ങളുടെ യഥാര്‍ത്ഥ മുഖം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ട് ഇനി എത്ര പേര്‍ കൂടി പ്രത്യക്ഷപ്പെടും എന്ന് മാത്രമേ കണ്ടറിയാനുള്ളു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍