UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

വിദേശം

ട്രംപിസത്തെ ലണ്ടന്‍ ജനത പടിക്കു പുറത്തുനിര്‍ത്തിയപ്പോള്‍ – പങ്കജ് മിശ്ര എഴുതുന്നു

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെയാകും എന്ന് കഴിഞ്ഞ ആഴ്ച്ചയോടെ ഏതാണ്ട് തീരുമാനമായി. പക്ഷേ നവംബര്‍ വരെ, വേദനിപ്പിക്കുന്ന ആകാംക്ഷയും അനിശ്ചിതത്വവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ട്രംപിസത്തിന്റെ, അഥവ വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയത്തിന്റെ, കഴിഞ്ഞയാഴ്ച്ച നേരിട്ട പരാജയത്തിന്റെ വാര്‍ത്തകൂടി കേള്‍ക്കാനുണ്ട്. 

ലണ്ടന്‍ മേയറായി മുന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ സാദിക് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ട സംഭവമാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. ഒരു പാകിസ്താനി ബസ് ഡ്രൈവറുടെ മകന്‍, പ്രചാരണ സംഘത്തില്‍ സ്വവര്‍ഗാനുരാഗികളും ജൂതന്മാരും ഉള്ള ഒരാള്‍, യൂറോപ്പിലെ ചരിത്രപ്രധാനമായ ഒരു വലിയ നഗരത്തിന്റെ മേയറാകുന്നത് ഏത് സമയത്തായാലും പിന്നോട്ടുപോക്കില്ലാത്തവിധത്തിലുള്ള നമ്മുടെ മിശ്രസമൂഹങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. രാഷ്ട്രീയ കുതന്ത്ര അസഹിഷ്ണുത അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണാനാകില്ല. 

തന്റെ വിജയത്തിന് ഒരു ദിവസത്തിനുശേഷം ഖാന്‍ പറഞ്ഞത്, തന്റെ യാഥാസ്ഥിതിക എതിരാളികള്‍ ‘വോട്ടുകള്‍ക്കായി ലണ്ടനിലെ സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍’ നോക്കിയെന്നും ഇതിനായി ‘വിവിധ വംശീയ, മത വിഭാഗങ്ങളില്‍പ്പെട്ടവരെ തമ്മിലടിപ്പിക്കാന്‍ ഭയവും പരോക്ഷമായ വിദ്വേഷ ആക്ഷേപങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു; ഡൊണാള്‍ഡ് ട്രംപിന്റെ കളിനിയമങ്ങളില്‍ നിന്നും നേരിട്ടെടുത്തപോലെ’ എന്നാണ്. 

യാഥാസ്ഥിതിക സ്ഥാനാര്‍ത്ഥിയായിരുന്ന സാക് ഗോള്‍ഡ് സ്മിത്, ഖാനെ ഇസ്ലാമിക തീവ്രവാദികളുമായി ബന്ധിപ്പിച്ച് സംസാരിക്കാനും അയാള്‍ ലണ്ടന്റെ സുരക്ഷയെ അപകടത്തിലാക്കും എന്ന് ആരോപിക്കാനും നിരന്തരം ശ്രമങ്ങള്‍ നടത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അനുഭാവിയുമായി ഖാന്‍ വേദി പങ്കിട്ടെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വരെ പാര്‍ലമെന്റില്‍ ആരോപിച്ചു. തീവ്രവാദികളുമായി ഖാന്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണപ്പെരുമഴയാണ് കാമറോണിന്റെ മന്ത്രിസഭാംഗങ്ങള്‍ ചൊരിഞ്ഞത്. 

യാഥാസ്ഥിതിക കക്ഷിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെ ‘വിഷമയ’മെന്നും ‘അധിക്ഷേപാര്‍ഹം’ എന്നും ഇപ്പോള്‍ വിശേഷിപ്പിക്കുന്ന പ്രചാരണതന്ത്രങ്ങളില്‍ വെള്ളക്കാരേയും മുസ്ലീം ഇതരവിഭാഗങ്ങളെയും ഒരു മുസ്ലീം മേയറെ നിരസിക്കാന്‍ പ്രേരിപ്പിക്കുന്നതിന് ഏത് ഹീനതന്ത്രവും പ്രയോഗിക്കുകയായിരുന്നു. ഹിന്ദു സൂചനയുള്ള വാല്‍പ്പേരുള്ള ഒരു ലണ്ടന്‍ സമ്മതിദായകനായ എനിക്കും ‘നമ്മുടെ സമുദായം’ ഗോള്‍ഡ്‌സ്മിത്തിന് വോട്ട് ചെയ്യണം എന്നഭ്യര്‍ത്ഥിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് കിട്ടുകയുണ്ടായി. 

ഇന്ത്യയിലെ ഹിന്ദു ദേശീയവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാമറോണിനും ഗോള്‍ഡ്‌സ്മിത്തിനുമുള്ള നല്ല ബന്ധവും കഴിഞ്ഞ വര്‍ഷം വെംബ്ലിയില്‍ നടന്ന മോദിയുടെ പൊതുയോഗത്തില്‍ തങ്ങള്‍ ഇരുവരും പങ്കെടുത്തതും കത്തില്‍ പരാമര്‍ശിക്കുന്നു. ‘അപകടകാരിയായ’ ഖാന്‍ നടത്തുന്ന ‘വലിയ രാഷ്ട്രീയ പരീക്ഷണത്തിലെ ഗിനിപ്പന്നികളായി’ നാം മാറിയേക്കാമെന്ന മുന്നറിയിപ്പും മോദിയുടെ സമാനഹൃദയരായ ഹിന്ദു ഭക്തര്‍ക്ക് കത്തില്‍ നല്‍കുന്നുണ്ട്. 

ഇതേപോലുള്ള കത്തുകള്‍, ‘നിങ്ങളുടെ സമുദായ’ത്തെ പരാമര്‍ശിക്കുന്നവ, സിഖുകാര്‍ക്കും തമിഴര്‍ക്കുമൊക്കെ പ്രധാനമന്ത്രി അയച്ചിട്ടുണ്ട് (എന്റെ അറിവില്‍ മുസ്ലിങ്ങള്‍ക്ക് ഒന്നുപോലും അയച്ചിട്ടില്ല). വെള്ളക്കാരിയും ജൂതയുമായ, ഒരു മുസ്ലിം കുടുംബത്തില്‍നിന്നും വിവാഹം കഴിച്ച, ബയോസയന്റിസ്റ്റായി വിരമിച്ച ബാര്‍ബറ പട്ടേല്‍ എന്ന സ്ത്രീക്കും കിട്ടി ഇത്തരത്തിലൊരു കത്ത്. ഈ വംശീയ, മത വര്‍ഗീകരണത്തിന്റെ നൃശംസതയും അധാര്‍മികതയും എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. 

മുമ്പ് പലപ്പോഴും തങ്ങളുടെ സെമിറ്റിക് വിരോധവും നാസി അനുഭാവവും കൊണ്ട് കുപ്രസിദ്ധമായ Daily Mail-ല്‍ ഗോള്‍ഡ്‌സ്മിത് ഒരു ലേഖനവുമെഴുതി. ഖാന്‍ ‘തുടര്‍ച്ചയായി തീവ്രവാദി കാഴ്ച്ചപ്പാടുള്ളവരെ സാധൂകരിച്ചിരുന്നു’ എന്ന് പറയുന്ന ആ ലേഖനത്തില്‍ 2005 ജൂലായ് ഏഴിലെ ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ തകര്‍ന്ന ഡബിള്‍ ഡെക്കര്‍ ബസിന്റെ ചിത്രവും കൊടുത്തിരുന്നു. 

‘തീവ്രവാദ’ത്തെയും ‘ഭീകരത’യെയും വോട്ടര്‍മാരുടെ മനസില്‍ ‘മുസ്ലിമു’മായി കൂട്ടിക്കെട്ടാനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാമുദായിക വിഭാഗീയതകളെ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യാനും നടത്തിയ ശ്രമങ്ങള്‍ തീര്‍ത്തും ഹീനമായിരുന്നു. പക്ഷേ അതിലേറെ അപകടകരമാണ് ചെറുപ്പക്കാരായ മുസ്ലിങ്ങള്‍ക്ക് (അന്യവത്കരിക്കപ്പെട്ട എന്നു മിതമായി പറയാം) ഇത് നല്‍കിയ സന്ദേശം; മുഖ്യധാര ജനാധിപത്യ പ്രക്രിയയുമായുള്ള അവരുടെ ഇടപെടലുകള്‍ പോലും അവര്‍ വെറുക്കപ്പെടേണ്ട അന്യരാണെന്നുള്ള സംശയം മാറ്റുന്നില്ല എന്നാണത്. 

പേരില്‍ ‘ഹുസൈനു’ള്ള അമേരിക്കന്‍ പ്രസിഡന്റ് ഒരു അഞ്ചാംപത്തിയാണെന്ന ആക്ഷേപത്തോടെയാണ് രാഷ്ട്രീയത്തില്‍ ട്രംപിസം തല പൊക്കിയത്. മുഖ്യധാര രാഷ്ട്രീയത്തിന്റെ കലങ്ങിമറിച്ചിലില്‍ ഇത്തരം വാചകമടി വികാരപ്രകടനങ്ങള്‍ എല്ലാ അതിരും ഭേദിക്കുന്നു. യൂറോപ്പിലെ വലതുപക്ഷ കക്ഷികളെ വ്‌ളാഡിമിര്‍ പുടിന്‍ പ്രചോദിപ്പിക്കുന്നു. ജര്‍മ്മനിയിലെ ഇസ്ലാം വിരുദ്ധ സംഘം പെഗിഡ നെതര്‍ലാന്‍ഡ്‌സിലെ തീവ്ര വലതുപക്ഷവുമായി കൈകോര്‍ക്കുന്നു. കിഴക്കന്‍ യൂറോപ്പില്‍ ഹംഗറിയിലെ വികട്ര്‍ ഓര്‍ബാന്‍ തുര്‍ക്കിയിലെ റെസെപ് തയ്യിപ് ഏര്‍ദോഗാന്റെ സമഗ്രാധിപത്യ ഭരണത്തെ ഉത്തേജിപ്പിക്കും വിധം വിജയകരമായി കാണുന്നു.

ഇതിന്റെയെല്ലാം അമ്പരപ്പിക്കുന്ന ഗതിവിഗതിയെന്നോണം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നിലെ ഭരണകക്ഷി ബ്രിട്ടീഷ് ജനതയിലെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസവും വിശ്വാസ്യതയും ചോര്‍ത്തിക്കൊണ്ട് ട്രംപിന്റെ പ്രചാരണ തന്ത്രങ്ങള്‍ അതേപടി പകര്‍ത്തുന്നു. അവിശ്വസനീയമാം വിധത്തില്‍ മ്ലേച്ഛമായിരുന്നു ഈ സംഭവവികാസങ്ങള്‍ മുഴുവനും, അതുകൊണ്ടുതന്നെ അതിന്റെ ഒടുവിലുണ്ടായ ആശ്വാസം ഒട്ടും നിസാരമല്ല. 

ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിലുള്ള ഖാന്റെ വിജയം കുടിയേറ്റക്കാര്‍ ബഹുസ്വരമാക്കിയ ഒരു നഗരത്തില്‍ ട്രംപിനെ പകര്‍ത്തുന്നതിലെ മണ്ടത്തരം വെളിവാക്കി. വരുന്ന നവംബറില്‍, കുടിയേറ്റക്കാര്‍ പടുത്തുയര്‍ത്തിയ ഒരു രാജ്യത്ത് വംശീയ വിദ്വേഷം നിറഞ്ഞ ട്രംപിസത്തിന് ഇതിലും വലുതും അതിന്റെ അന്ത്യം കുറിക്കുന്നതുമായ തിരിച്ചടി നേരിടുമെന്നും പ്രതീക്ഷിക്കാം.

 

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍