UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍; ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യന്‍ ആധിപത്യം

അഴിമുഖം പ്രതിനിധി

ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്പിച്ച് സാഫ് സുസൂക്കി കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ വിജയതുടക്കം. കളം നിറഞ്ഞാടിയ സീസണ്‍ കോണ്‍സ്റ്റന്റ്റൈന്‍ ഇന്ത്യന്‍ പടയ്ക്ക് മുന്നില്‍ ലങ്ക തകര്‍ന്നടിഞ്ഞു. ഇടവേള വരെ ഗോള്‍ ഒഴിഞ്ഞുനിന്നെങ്കിലും ലങ്കന്‍ ഗോള്‍മുഖം ഇന്ത്യന്‍ താരങ്ങളെക്കൊണ്ട് നിറഞ്ഞു. ഇടവേളയ്ക്ക് മുമ്പായി എട്ട് കോര്‍ണര്‍കിക്കുകള്‍ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ചു. എ ഗ്രൂപ്പില്‍ ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും മൂന്ന് പോയിന്റ് വീതമായി. ഇന്ത്യന്‍ നേപ്പാള്‍ മത്സരവിജയികള്‍ക്ക് സെമിയില്‍ പ്രവേശിക്കാം. ഇന്ത്യയ്ക്ക് മേല്‍ നേപ്പാളിന് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയം നേടിയാലെ സെമി പ്രവേശനം ലഭിക്കൂ.

മൈതാനം നിറഞ്ഞ് കളിച്ച നേപ്പാളിനെ തകര്‍ത്ത ആത്മവിശ്വാസത്തോടെ രണ്ടാം മത്സരത്തിനിറങ്ങിയ ശ്രീലങ്കയുടെ ഗോള്‍മുഖത്ത് തുടക്കം മുതലേ സുനില്‍ ഛേത്രിയും കൂട്ടുകാരും പന്ത് എത്തിച്ചു. ലിംഡോയും സഞ്ജുപ്രധാനും മദ്ധ്യനിരയില്‍ നിന്ന് മുന്‍നിരയിലേക്ക് നിരന്തരം പന്തുകള്‍ നല്‍കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ശ്രീലങ്കന്‍ ക്യാപ്ടന്‍ ഡോണ്‍ സുജന്‍ പെരേര ബാറിന് കീഴില്‍ 51 ാം മിനിട്ടുവരെ അജയ്യന്‍ എന്ന് തെളിയിച്ചു. ബാറിന് മുകളിലൂടെയും ഇരുവശത്തേക്കുമായി പന്തുകള്‍ ഒഴിഞ്ഞുമാറി. കളിയുടെ ഭൂരിഭാഗം സമയവും പന്ത് ഇന്ത്യന്‍ കളിക്കാരുടെ പാദങ്ങളില്‍ കുരുങ്ങിനിന്നു.

ഇന്ത്യന്‍ ക്യാപ്ടന്‍ സുനില്‍ ഛേത്രിയുടെ പാസില്‍ ഒന്‍പതാം നമ്പര്‍ താരം റോബിന്‍ സിങ് സ്‌കോറിങ് ആരംഭിച്ചു. 74 ാം മിനിട്ടില്‍ റോബിന്‍ വക തന്നെ രണ്ടാം ഗോളും. സെല്‍ഫ് ഗോള്‍ എന്ന് തോന്നിച്ച രണ്ടാം ഗോളിന്റെ ശില്പിയും സുനില്‍ തന്നെയായിരുന്നു.

ശ്രീലങ്കന്‍ ഗോള്‍മുഖത്താണ് രണ്ടാം പകുതിയില്‍ ഏറെ സമയവും കളി നടന്നത്. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് പാന്തിന് വിശ്രമദിനമായിരുന്നു ലങ്കയുമായുള്ള മത്സരം. മൂന്ന് തവണ മാത്രമാണ് ഗുര്‍പ്രീതിന് മുന്നില്‍ പന്ത് എത്തിയത്. രണ്ട് ഗോളിന് തോറ്റെങ്കിലും ശ്രീലങ്കന്‍ ക്യാപ്ടനും ഗോളിയുമായ ഡോണ്‍ സുജന്‍ പെരേര ആണ് കളിയിലെ താരം. ഗോളെന്ന് ഉറച്ച അര ഡസനിലേറെ അവസരങ്ങള്‍ പെരേര തകര്‍ത്തു. പന്ത് രക്ഷിക്കുന്നതിനിടെ രണ്ട് തവണ പെരേര പരിക്കേറ്റ് വീണു. നിരന്തരം ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനിടയിലും അവസാനം വരെ പെരേര ബാറിന് കീഴില്‍ തലയുര്‍ത്തി നിന്നു.

ഒരൊറ്റ കേരളീയതാരം പോലുമില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ കളി കാണാന്‍ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ ക്രിസ്തുമസ് ദിനത്തിലും ആള്‍ക്കൂട്ടം എത്തിയില്ല. ഏഴായിരത്തോളം പേര്‍ മാത്രമാണ് ടിക്കറ്റെടുത്ത് സാഫ് കപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത്.

ഇന്ന് രണ്ട് മത്സരങ്ങള്‍.3.30 ന് ബംഗ്ലാദേശ് മാലിദ്വീപിനെയും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഭൂട്ടാനെയും നേരിടും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍