അഴിമുഖം പ്രതിനിധി
ദേശീയസ്ഥാപനങ്ങളുടെ കാവിവത്കരണം ഊര്‍ജിതമാക്കിക്കൊണ്ട് അതിന്റെയെല്ലാം മേധാവികളെ മാറ്റി പകരം തങ്ങളുടെ സ്തുതിപാഠകരെയും അനുഭാവികളെയും വെക്കുന്ന തിരക്കിലാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായകമായ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വം വെള്ളിത്താലത്തില്‍ വെച്ചുനീട്ടിയാണ് മുന്‍കാലങ്ങളില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനിന്നവരോടു ഹിന്ദുത്വ സാംസ്കാരികവിഭാഗം നന്ദി അറിയിക്കുന്നത്. 2003-ല്‍ അയോദ്ധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കപ്രദേശത്ത് പുരാവസ്തുഖനനത്തിന് നേതൃത്വം നല്കിയ പുരാവസ്തു വിദഗ്ധന്‍ ബി ആര് മണിയെ ദേശീയ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചിരിക്കുന്നു. ഡോ.ബി ആര് മണി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ (ASI) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി വിരമിച്ചതാണ്.
മൂന്നു കൊല്ലത്തേക്കോ 70 വയസ് തികയുന്ന വരെയോ ആണ് മണിയുടെ നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായുള്ള രണ്ടു ലക്ഷത്തിലേറെ വസ്തുക്കള്‍ ഇപ്പോള്‍ മ്യൂസിയത്തിലുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ 5000 കോളത്തിലേറെ പഴക്കമുള്ള ശേഖരങ്ങളും.
കഴിഞ്ഞ വര്‍ഷം 1990 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന കേരളത്തില്‍ നിന്നുള്ള മ്യൂസിയം ഡയറകടര്‍ ജനറലായിരുന്ന വേണു വാസുദേവനെ അദ്ദേഹത്തിന്റെ മൂന്നുവര്‍ഷത്തെ കാലാവധി തീരാന്‍ പിന്നേയും സമയമുള്ളപ്പോള്‍ കായിക മന്ത്രാലയത്തിലേക്ക് സര്‍ക്കാര്‍ മാറ്റി നിയമിച്ചു. ദേശീയ മ്യൂസിയത്തിന് പുതിയ ചൈതന്യം കൊണ്ടുവന്ന വേണുവിനെ മാറ്റിയതിനെതിരെ കലാ,സാംസ്കാരിക ലോകത്തെ പ്രമുഖര്‍, മുന്‍ ലളിതകല അക്കാദമി അദ്ധ്യക്ഷന്‍ അശോക് വാജ്പേയി, ചരിത്രപണ്ഡിത റൊമീല ഥാപ്പര്‍, കലാവിമര്‍ശകന്‍ രഞ്ജിത് ഹോസ്കോടെ, കവിയും ചലച്ചിത്രകാരനുമായ ഗുല്‍സാര്‍, നാടകകൃത്ത് ഗിരീഷ് കര്‍ണാഡ് എന്നിവരടക്കമുള്ളവര്‍ പ്രതിഷേധിച്ചു. രാഷ്ട്രപതിക്ക് പരാതിവരെ നല്കി. 2010-ല്‍ മ്യൂസിയത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള യുനെസ്കോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേണുവിന്റെ നേതൃത്വത്തില്‍ മ്യൂസിയത്തിലെ നാല് അടഞ്ഞുകിടന്ന പ്രദര്‍ശനശാലകള്‍ തുറന്നു. ഒരു ഉദ്യാന ലഘുഭക്ഷണശാല ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മ്യൂസിയം തുറന്നുകൊടുത്തു. അന്താരാഷ്ട്ര നിലവാരത്തിനൊത്തു കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങി. നിരവധി മികച്ച പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. വേണു പദവിയേറ്റെടുത്തത്തിന് ഒരു കോളത്തിനുള്ളില്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ 30% വര്‍ധിച്ചു. വില്പനയില് 112% വര്‍ദ്ധനവുണ്ടായി.
തര്‍ക്കവിഷയമായ രാമജന്മഭൂമി-ബാബരി മസ്ജിദ് പ്രദേശത്ത് ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പുരാവസ്തു ഖനനത്തിനാണ് ബി ആര് മണി ഒരു എ എസ് ഐ സംഘത്തെ 2003 മാര്‍ച്ചില്‍ നയിച്ചത്. 1992-ല്‍ തകര്‍ക്കപ്പെടും വരെ 16-ആം നൂറ്റാണ്ടിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് അതിനടിയില്‍ 10-ആം നൂറ്റാണ്ടിലെ ഒരു അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയെന്നുപറഞ്ഞ മണിയും സംഘവും വലിയ വിവാദങ്ങള്‍ ഉയര്‍ത്തി. എന്തായാലും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് മണിയെ മാറ്റി വേറെ ഉദ്യോഗസ്ഥനെ വെക്കാന്‍ എ എസ് ഐ യോട് ആവശ്യപ്പെട്ടു.
മണിയുടെ വിവാദ റിപ്പോര്‍ട്ടിനെ സംഘപരിവാര്‍ കൊണ്ടാടുകയും മുസ്ലീം സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തു. കേസിലെ കക്ഷിയായ സുന്നി കേന്ദ്ര വഖഫ് സമിതി എ എസ് ഐ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചു.
മണി പറഞ്ഞു, “തീര്‍ച്ചയായും, ഞാനെന്റെ സംഘം കണ്ടതിനൊപ്പമാണ് നില്‍ക്കുന്നത്. കോടതി ആവശ്യപ്പെട്ടപ്പോലെ വീണ്ടും കുഴിക്കാന്‍ ഞാന്‍ വിസമ്മതിച്ചപ്പോഴാണ് എന്നെ മാറ്റിയത്. വീണ്ടും കുഴിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയില്ല. അപ്പോള്‍ സംഘത്തിന്റെ തലവനെ മാറ്റാന്‍ അവര്‍ പറഞ്ഞു.” ഈ നിയമനം ബി ജെ പി സര്‍ക്കാരിന്റെ സമ്മാനമായി കാണരുതെന്നും അയാള്‍ ആവശ്യപ്പെടുന്നു. “എനിക്കു സമ്മാനം തരണമെന്ന് ബി ജെ പിക്ക് തോന്നിയിരുന്നെങ്കില്‍ എന്റെ സേവനകാലത്ത് ഉദ്യോഗക്കയറ്റം നല്‍കാമായിരുന്നു. ഞാന്‍ എ എസ് ഐയുടെ ADG ആയാണ് വിരമിച്ചത്,” അയാള്‍ പറഞ്ഞു. “ഞാനറിഞ്ഞിടത്തോളം വാസ്തവം, മറ്റാര്‍ക്കും എന്റെയത്ര അനുഭവവും യോഗ്യതയും ഉണ്ടായിരുന്നില്ല എന്നാണ്.”