UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ: സഹാറയ്ക്ക് ആദായനികുതി തീര്‍പ്പാക്കല്‍ കമ്മീഷന്‍റെ വഴിവിട്ട സഹായം

ആദായ നികുതി വകുപ്പില്‍ നിന്നും വിശദീകരണം നേടാന്‍ 90 ദിവസം ഉണ്ടെന്നിരിക്കെ, വകുപ്പില്‍ നിന്നും ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും ഐ ടി എസ് സി തന്നെ സമ്മതിക്കുന്നു.

സഹാറ ഇന്ത്യ കമ്പനി രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന് തെളിയിക്കാന്‍ വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ കമ്പനിയുടെ ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആദായ നികുതി തീര്‍പ്പാക്കല്‍ കമ്മീഷന്‍ (ഐടിഎസ്്‌സി) അനാവശ്യ ധൃതി കാണിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പില്‍ നിന്നും വിശദീകരണം നേടാന്‍ 90 ദിവസം ഉണ്ടെന്നിരിക്കെ, വകുപ്പില്‍ നിന്നും ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും ഐടിഎസ്്‌സി തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടിയില്‍ ഒരു കേസും ഇത്രയും വേഗത്തില്‍ തീര്‍പ്പാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഐടിഎസ്്‌സി മറുപടി നല്‍കി. 2014 നവംബറില്‍ നടന്ന റെയ്ഡുകളില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കി എന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വിചാരണം പിഴയും ഒഴിവാക്കുന്നതിനുള്ള സംരക്ഷണം സഹാറ ഇന്ത്യയ്ക്ക് ഐടിഎസ്്‌സി നല്‍കിയെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ചില കീറക്കടലാസുകളില്‍ നിന്നും ലഭിച്ച തെളിവുകളുടെ വിശ്വാസ്യത തെളിയിക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചില്ലെന്ന സഹാറയുടെ വാദം ഐടിഎസ്്‌സി അംഗീകരിക്കുകയായിരുന്നു.
കടലാസുകളുടെയും ഇ-മെയില്‍ പ്രിന്റ് ഔട്ടുകളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ സ്വീകാര്യമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തീര്‍പ്പാക്കല്‍ കമ്മീഷന്റെ ഉത്തരവിന് മേല്‍ അപ്പീല്‍ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആദായ നികുതി വകുപ്പാണെന്ന് പൊതു താല്‍പര്യ ഹര്‍ജിക്കെതിരായ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞിരുന്നു. തീര്‍പ്പാക്കല്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള ഏത് അപ്പീല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിലും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ആദായ നികുതി വകുപ്പിന് 120 ദിവസം ലഭിക്കുമെന്നാണ് ആദായ നികുതി ചട്ടത്തിന്റെ 120എ വകുപ്പില്‍ പറഞ്ഞിരിക്കുന്നത്.

സഹാറയുടെ പരാതി പരിഹരിക്കാന്‍ കമ്മീഷന് നിയമപരമായി 18 മാസം ഉണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ 2016 സെപ്തംബര്‍ അഞ്ചിന് ഫയലില്‍ സ്വീകരിക്കപ്പെട്ട സഹാറയുടെ പരാതിയില്‍ 2016 നവംബര്‍ പതിനൊന്നിന് തന്നെ തീര്‍പ്പുണ്ടായി. 2016 സെപ്തംബര്‍ ഒമ്പതിന് പരാതി സ്വീകരിച്ച വിവരം കമ്പനിയെ അറിയിക്കുകയും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണറോട് (പിസിഐടി) വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
മറുപടി നല്‍കാന്‍ മുപ്പത് ദിവസം ഉണ്ടെന്നിരിക്കെ വെറും പതിനൊന്ന് ദിവസം കൊണ്ട് അതായാത് സെപ്തംബര്‍ 20ന് കമ്മീഷണര്‍ മറുപടി നല്‍കി. കമ്പനിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന് പ്രഖ്യാപിക്കാന്‍ 15 ദിവസത്തെ കാലാവധിയുണ്ടെന്നിരിക്കെ സെപ്തംബര്‍ 22ന് തന്നെ അങ്ങനെ ഒരു ഉത്തരവിറങ്ങി. ആദായ നികുതി ചട്ടത്തിലെ 245ഡി (3) വകുപ്പിന്റെ നഗ്നമായ ലംഘനമായിരുന്നു അടുത്ത ഘട്ടത്തില്‍ നടന്നത്. പരാതിയെ സംബന്ധിക്കുന്ന മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ കമ്മീഷണറില്‍ നിന്നും വിളിച്ചു വരുത്താനും ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും 90 ദിവസമാണ് ചട്ടം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ അങ്ങനെ ഒരു നടപടിയെ ഉണ്ടായിട്ടില്ല എന്നാണ് വിവരാവകാശ രേഖ പറയുന്നത്.

ആയിരക്കണക്കിന് പേജുകള്‍ വരുന്ന ആദായ നികുതി വകുപ്പിന്റെ മുല്യനിര്‍ണയ റിപ്പോര്‍ട്ടും അനുബന്ധങ്ങളുമുള്ള ഒരു കേസിലാണ് അപ്പീല്‍ പ്രക്രിയയിലെ ഏറ്റവും നിര്‍ണായകമായ വകുപ്പ് ഐടിഎസ്്‌സി ഒഴിവാക്കിയത്. ഈ വകുപ്പ് പ്രകാരമുള്ള ഒരു തുടരന്വേഷണവും സ്വീകരിക്കാതെയാണ് 2016 നവംബര്‍ 10ന് ഐടിഎസ്്‌സി അവസാന ഉത്തരവ് പുറപ്പെടുവിച്ചത്. റെയ്ഡില്‍ പിടിച്ചെടുത്ത 137.58 കോടി രൂപയ്ക്ക് മാത്രം നികുതി ഈടാക്കിയാല്‍ മതിയെന്നാണ് കമ്മീഷന്റെ അവസാന ഉത്തരവില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍