UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഹിറ ഇനിയും എഴുതും, പുതിയ വീട്ടിലിരുന്ന്

Avatar

വിഷ്ണു എസ് വിജയന്‍

“വീട് എന്നത് ഒരു സ്വപനമായിരുന്നു, അതാണിപ്പോള്‍ സഖാക്കള്‍ എല്ലാവരും ചേര്‍ന്ന് സഫലീകരിച്ചു തന്നത്. ആരോടൊക്കെ നന്ദി പറയണം എന്നറിയില്ല. അവര്‍ നന്ദി പറയരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. കടപ്പാടൊന്നും വേണ്ട പകരം കവിത എഴുതൂ എന്നാണ് സഖാകള്‍ പറയുന്നത്…ഉമ്മയുടെ സന്തോഷം ആണ് എന്നേയും അവരേയും ഒക്കെ കൂടുതല്‍ സന്തോഷത്തിലാക്കുന്നത്. കരഞ്ഞു കണ്ണീര്‍ വറ്റിപ്പോയ ഒരു സ്ത്രീ ചിരിച്ചു തുടങ്ങിയിരിക്കുന്നു…”

യുവകലസാഹിതിയും സിപിഐ ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്സും ചേര്‍ന്ന് പണികഴിപ്പിച്ചു നല്‍കിയ വീടിന് മുന്നിലിരുന്നു സാഹിറ ഇത് പറയുമ്പോള്‍ അവളുടെകണ്ണുകളില്‍  ആശ്വാസത്തിന്‍റെയും സന്തോഷത്തിന്‍റെയും തിളക്കം.    

അതേ, സാഹിറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീടിന്‍റെ പടിക്കലിരുന്നു മഴ കാണാം, ചോര്‍ന്നൊലിക്കാത്ത മുറിയില്‍ സമാധാനമായി ഉറങ്ങാം.  ജീവിതം തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറത്തിന്‌ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമായിരിക്കുകയാണ്.

സിപിഐ ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്സ് എന്ന സിപിഐയുടെ  നവമാധ്യമ കൂട്ടായ്മയും യുവകലാസാഹിതിയും ചേര്‍ന്ന് നിര്‍മ്മിച്ച സാഹിറയുടെ പുതിയ വീടിന്‍റെ താക്കോല്‍ ഈ മാസം മൂന്നിന് സാഹിറയുടെ വീട്ടില്‍ വെച്ച് ബിനോയ്‌ വിശ്വവും മുഹമ്മദ്‌ മുഹ്സിന്‍ എംഎല്‍എയും പ്രശസ്ത കവി പവിത്രന്‍ തീക്കുനിയും ചേര്‍ന്നു കൈമാറും.

എല്ലാ കുട്ടികളേയും പോലെ കളിച്ചു പഠിച്ചു സന്തോഷത്തത്തോടെ നടക്കേണ്ട കുട്ടിക്കാലത്തില്‍ സാഹിറയും സഹോദരങ്ങളും പോരാടിയത് പട്ടിണിയോടും വഴിയോരങ്ങളിലെ രാത്രി മഴയോടും പൊരിവെയിലിനോടും ആയിരുന്നു. ആ തിക്താനുഭവങ്ങള്‍ അവളെ കൊണ്ട് കവിതകള്‍ എഴുതിപ്പിക്കുകയും ആ കവിതകള്‍ അവള്‍ക്ക് പുതിയൊരു ജീവിതം നല്‍കുകയും ചെയ്തു.സാഹിറയുടെ കണ്ണുനീര്‍ ഉമ്മ മറിയത്തിന്റെ കണ്ണീരിന്റെ തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയാണ് അവളുടെ കവിതകളായി മാറിയതും.   

പിതാവിന്‍റെ മദ്യപാനം മൂലം തകര്‍ന്നുപോയൊരു കുടുംബമാണ് സാഹിറയുടേത്. പ്രണയത്തിന്‍റെ പേരില്‍ മതം മാറി റഷീദായ മലപ്പുറത്തുകാരന്‍  അയ്യപ്പനൊപ്പം ഇറങ്ങി പുറപ്പെടുമ്പോള്‍ മറിയ വിചാരിച്ച് കാണില്ല താന്‍ നടന്നു തുടങ്ങുന്ന കനല്‍ വഴിക്ക് ക്ലേശമേറിയതാണെന്ന്. മതം മാറി കല്യാണം കഴിച്ചതിന്‍റെ പേരില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞ റഷീദും മറിയയും കുറച്ചു കാലം നാട്ടില്‍ തന്നെ വാടക വീടുകളില്‍ താമസിച്ചു. കടം കൊണ്ട് ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് റഷീദും മറിയവും കുഞ്ഞു സാഹിറയും കൂടി  പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി  ഗോവയിലേക്ക് വണ്ടി കയറുന്നത്. മിഠായി ഫാക്ടറിയില്‍ റഷീദിന് ചെറിയൊരു ജോലി തരപ്പെട്ടു. അവിടെവച്ചാണ് അനിയത്തി ഷാഹിദ ജനിക്കുന്നത്. 

എന്നാല്‍ കരുതിയതുപോലെയൊന്നും ജീവിതം പച്ച പിടിച്ചില്ല. അഞ്ചു വയസു വരെ ഗോവയിലായിരുന്നു. വീട്ടുവാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങാനാലോചിച്ചു. അതിനും പ്രതിസന്ധി. വണ്ടിക്കൂലിപോലും കൈയിലില്ല. ഒടുവില്‍ കള്ളവണ്ടി കയറേണ്ടി വന്നു. സാഹിറയെയും ഷാഹിദയേയും മാറിലടക്കിപ്പിടിച്ച് തീവണ്ടിയില്‍ ഉറങ്ങാതിരിക്കുമ്പോള്‍ മറിയം വിചാരിച്ചിരുന്നിരിക്കണം സ്വന്തം നാട്ടില്‍ വീണ്ടും എത്തുമ്പോളെങ്കിലും പ്രശ്നങ്ങള്‍ അവസാനിക്കും എന്ന്.

നാട്ടില്‍ വന്ന ശേഷവും പല വീടുകളിലായി താമസിച്ചു. വാടക കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇറക്കി വിടുന്നതു പതിവായി. ചുടുകല്ല് ഫാക്ടറിയുടെ മെഷീനുകള്‍ വെക്കുന്ന ഷെഡില്‍ പോലും ഈ കുടുംബം അന്തിയുറങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ റഷീദ് സ്ഥിരം മദ്യപാനിയായി. ജോലിക്ക് പോയി കിട്ടുന്നതെല്ലാം മദ്യപിച്ചു തീര്‍ക്കാനായിരുന്നു റഷീദ് തീരുമാനിച്ചത്. തോറ്റുപോയ ജീവിതത്തിനോട് മദ്യം കൊണ്ട് പകരം വീട്ടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ തിരുത്താന്‍ കഴിയാതെ മറിയം ജീവിതം കരഞ്ഞു തീര്‍ത്തു.

ബാപ്പയുടെ മദ്യപാനവും ഉമ്മയുടെ കണ്ണുനീരും കണ്ട് സാഹിറ വളര്‍ന്നു. ഇരുമ്പിളിയം ഗവണ്‍മെന്റ് എച്ച് എച്ച് എസ്സില്‍ പ്ലസ്ടു പഠിക്കുമ്പോഴാണ്  ആദ്യമായി കവിത എഴുതുന്നത്. നാട്ടുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ അനീഷും സ്കൂളിലെ അധ്യാപകരും ആയിരുന്നു കവിത എഴുതാന്‍ സാഹിറയ്ക്ക് പ്രചോദനമായി കൂടെ നിന്നത്. അനീഷ്‌ വഴിയാണ് യുവകലാസാഹിതി സാഹിറയേയും അവളുടെ കവിതകളേയും  പറ്റി അറിയുന്നതും ‘സാഹിറയുടെ കവിതകള്‍’ എന്ന പേരില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതും. സ്കൂളുകളിലും പൊതു സമ്മേളന വേദികളിലും അവള്‍ പുസ്തകവുമായി നടന്നു. വിറ്റു കിട്ടുന്ന തുച്ഛമായ പൈസയ്ക്ക് വീട്ടിലേക്ക് ആഹാരസാധനങ്ങള്‍ വാങ്ങി. എഴുത്തിലൂടെ അവള്‍ തന്‍റെ ജീവിതം പതിയെ തിരികെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ‘അവള്‍ കവിത’ എന്ന പേരില്‍ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചതോടെ മലയാള സാംസ്കാരിക മേഖല സാഹിറയെ ശ്രദ്ധിച്ചു തുടങ്ങി.

സാഹിറ ഒരു കവിതയാണ്

യുവകലാസാഹിതി വഴിയാണ് സാഹിറ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫില്‍ എത്തുന്നത്. വൈകാതെ തന്നെ എഐഎസ്എഫിന്‍റെ സജീവ പ്രവര്‍ത്തകയായി മാറിയ സാഹിറയുടെ ജീവിതാവസ്ഥ മനസ്സിലാക്കിയ യുവകലാസാഹിതിയും  സിപിഐ ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്സും ചേര്‍ന്ന് സാഹിറയ്ക്ക് വീട് വച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. റഷീദിന്റെ മദ്യപാനം അവസാനിപ്പിച്ചാല്‍ വീട് വച്ചു നല്‍കാം എന്ന ഉപാധികളോടെ നന്മ എന്ന ഒരു സംഘടന ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് പണി തുടങ്ങിയിരുന്നു. എന്നാല്‍ റഷീദിന്റെ തുടരുന്ന മദ്യപാനം അവരെ ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു. വീണ്ടും വഴിയൊരത്തേക്ക് ഇറങ്ങാന്‍ തയാറായി നിന്ന സാഹിറയുടെ കുടുംബത്തിലേക്ക് കൈത്താങ്ങായി യുവകലാസാഹിതിയിലെ പ്രവര്‍ത്തകര്‍ കയറിച്ചെല്ലുകയായിരുന്നു.

നാട്ടിലെ സഖാക്കള്‍ കൂട്ടിയാല്‍ കൂടില്ല എന്ന ബോധം വന്നപ്പോള്‍ ഗള്‍ഫ് നാട്ടിലെ സഖാക്കള്‍ സഹായവുമായി എത്തി. മാസാമാസം അവര്‍ കൃത്യമായി പണം അയച്ചു കൊടുത്തുകൊണ്ടിരുന്നു. വീട് പണിയാന്‍ ചിലവിനായി വേണ്ടി വന്ന രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ യുവകലാസാഹിതിയുടേയും സിപിഐ ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്സിന്‍റെയും ഗള്‍ഫ് ഘടകം തന്നെ പിരിച്ചു നല്‍കി. വീട് പണിക്ക് മുന്നിട്ടു നില്‍ക്കാന്‍ നാട്ടിലെ യുവകലാസാഹിതി പ്രവര്‍ത്തകരും അനീഷും സജീവമായി നിന്നു.  അവസാനം വീട് ഉയര്‍ന്നു. രണ്ടു മുറികളും പൂമുഖവും ഉള്ള ഒരു കൊച്ചു വീട് അവര്‍ സാഹിറയ്ക്കും കുടുംബത്തിനുമായി പണിതു നല്‍കി.

“സഖാക്കള്‍ വീട് വച്ചു തരാന്‍ മനസ്സ് കാട്ടി. ഇവിടുത്തെ മത നേതാക്കള്‍ ചെയ്തതോ? നൊയമ്പിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഭീഷണി പെടുത്താന്‍ നടക്കുകയാണ് അവര്‍. ഞാന്‍ ഒരുപാട്  പട്ടിണി കിടന്നതാണ്. എനിക്ക് നോമ്പ്  എടുത്തില്ലെങ്കിലും പുണ്യം കിട്ടും. അതാണ്‌ ഞാന്‍ ആ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചത്.

ഇനി എനിക്ക് ആ വീട്ടിലിരുന്നു സമാധാനമായി ഉമ്മയ്ക്ക് കവിത ചൊല്ലി കൊടുക്കണം. അനിയത്തിയും അനിയനും സന്തോഷത്തോടെ ഉറങ്ങുന്നത് കാണാം. സഖാക്കള്‍ വരുമ്പോള്‍ കട്ടനിട്ടു നല്‍കണം…”

സാഹിറ പറഞ്ഞു നിര്‍ത്തി.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍