UPDATES

വായന/സംസ്കാരം

ഇതാണോ കേരള സാഹിത്യ അക്കാദമിയുടെ ചരിത്രം? ഇതിന്റെ പേര് സ്മരണിക എന്നാണ്

Avatar

സുപ്രധാനമായ പല ചരിത്ര സംഭവങ്ങളും ഒഴിവാക്കിയാണ് കേരള സാഹിത്യ അക്കാദമി ‘ദീപശിഖേവ’ എന്ന പേരില്‍ അക്കാദമിയുടെ ചരിത്രം പുസ്തകരൂപത്തില്‍ ഇറക്കിയിരിക്കുന്നതെന്ന ആരോപണത്തെ തുടര്‍ന്ന്‍ സാംസ്‌കാരിക വകുപ്പ് അക്കാദമിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയം കലര്‍ത്തി അക്കാദമി, ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇത് അക്കാദമിയുടെ വികലമായ ചരിത്രം മാത്രമാണെന്നും ആരോപണം ഉയരുന്നുണ്ട്. രാജിവച്ചിട്ടും പിരിഞ്ഞുപോകാത്ത ഭരണസമിതിയാണ് ഇതിനെല്ലാം കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസ്തുത ആരോപണത്തില്‍ കേരള കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് പ്രതികരിക്കുന്നു. 

അക്കാദമിയുടെ ചരിത്രം എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് കഴിഞ്ഞ ഭരണസമിതിയുടെ സ്മരണിക മാത്രമാണ്. ഇതിന്റെ പുറകില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. പിണറായി വിജയന്‍, മുണ്ടശ്ശേരി, പവനന്‍ ഇത്രയും പേരെ ഒഴിവാക്കിയത് തന്നെ മതിയല്ലോ രാഷ്ട്രീയ പക്ഷപാതം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയാന്‍. പവനനെ ഒഴിവാക്കിയത് മാത്രം ശ്രദ്ധിച്ചാല്‍ മതി കാര്യങ്ങള്‍ കൃത്യമായി മനസിലാകാന്‍. ഒന്‍പത് വര്‍ഷത്തോളം സാഹിത്യ അക്കാദമിയില്‍ സെക്രട്ടറി ആയിരുന്ന ആളാണ് പവനന്‍. അസിസ്റ്റന്റ് സെക്രട്ടറിയായും അദ്ദേഹം കുറേക്കാലം ജോലി ചെയ്തിരുന്നു. ഇത്രയും മികച്ച പ്രവര്‍ത്തനം നടത്തിയ മറ്റൊരാളും അവിടെ ഉണ്ടായിട്ടില്ല. ഇത് ഞാന്‍ മാത്രം പറയുന്നതല്ല. കേരളത്തിന്‍റെ സാഹിത്യ ചരിത്രത്തെപ്പറ്റിയും അക്കാദമിയെപ്പറ്റിയും അറിയാവുന്ന ആരും പറയുന്ന കാര്യമാണ്. ദീര്‍ഘകാലം അവിടെ പ്രവര്‍ത്തിച്ച മനുഷ്യനാണ് പവനന്‍. അതുമാത്രമല്ല സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ കെട്ടിടം പവനന്റെ ശ്രമഫലമായി ഉണ്ടായതാണ്. കേരളത്തിലെ സാഹിത്യ അക്കാദമി ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെടുന്നത് അവിടെയുള്ള ലൈബ്രറിയുടെ കാര്യത്തിലാണ്. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളുടെയും കോപ്പി അക്കാദമി ലൈബ്രറിയില്‍ ഉണ്ട്. അങ്ങനെയൊരു ലൈബ്രറി വിഭാവനം ചെയ്തത് പവനനാണ്. ഇതൊന്നും ഇപ്പോഴുള്ളവര്‍ക്ക് അറിയാത്തതല്ല.

 

ഇപ്പോഴത്തെ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ഒരു വെറും ക്ലാര്‍ക്ക് മാത്രമാണ്. എന്നാല്‍ പവനന്‍ അങ്ങനെ ആയിരുന്നില്ല. അദ്ദേഹം അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. നിരവധി പുസ്തകങ്ങള്‍ എഴുതുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള, പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് പവനന്‍. സാഹിത്യ അക്കാദമിയുടെ ചരിത്രം എഴുതുന്ന സമയത്ത് എങ്ങനെ നോക്കിയാലും ഒഴിവാക്കാന്‍ പറ്റാത്ത വ്യക്തിയാണ് പവനന്‍. അപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കുന്നത് രാഷ്ട്രീയം അല്ലാതെ മറ്റെന്താണ്?

ബഷീര്‍ വേദി എന്ന് പേരിട്ടിരിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയം അക്കാദമിയുടെ സവിശേഷതയാണ് എന്നൊക്കെ എഴുതിയിട്ടുണ്ട്. 2009-ല്‍ പിണറായി വിജയനാണ് ഇത് ഉദ്ഘാടനം ചെയ്തത്. പക്ഷേ അത് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ ചായചിത്രമേടയുടെ കെട്ടിടത്തിന്റെ തറക്കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയാണ്. തറക്കല്ലിടലിന് വരെ പേരെഴുതി വച്ചപ്പോള്‍ പിണറായി വിജയന്റെ പേര് മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. ഇത് രണ്ടും ഒരേ പേജിലാണ് എന്നതാണ് തമാശ. ഇത് വളരെ ബോധപൂര്‍വം ഉണ്ടാക്കിയതാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നടന്ന പരിപാടികള്‍ എല്ലാം രണ്ട് വരിയില്‍ ഒതുക്കിയപ്പോള്‍ ഇവരുടെ ഭരണ കാലത്ത് നടന്ന പരിപാടികള്‍ സ്വാഗത പ്രസംഗവും നന്ദി പ്രസംഗവും അടക്കം എഴുതി വച്ചിരിക്കുകയാണ്. ഒന്നാമത് ഇതാണോ ചരിത്രമെന്ന ചോദ്യമുണ്ട്. അത് വേറെ വിമര്‍ശനം. 375 പേജുള്ള പുസ്തകത്തില്‍ ഇരുന്നൂറോളം പേജും അവര്‍ ഉപയോഗിച്ചിരിക്കുന്നത് അവരുടെ പേരുകള്‍ മാത്രം എഴുതി വയ്ക്കാനാണ്. അക്കാദമിയുടെ മിനുട്‌സും പ്രസംഗിച്ച കാര്യങ്ങളും മാത്രം എഴുതി വച്ചിരിക്കുകയാണ്. ഇതാണോ ചരിത്ര രചന? ഇത് ചരിത്രം എഴുതാനുള്ള അസംസ്‌കൃത വസ്തു മാത്രമാണ്.

അക്കാദമിയുടെ അധ്യക്ഷന്‍ തന്നെയാണ് അവിടെ നടക്കുന്ന പരിപാടികളുടെയും അധ്യക്ഷന്‍ ആകുക. സെക്രട്ടറി ഒന്നുകില്‍ സ്വാഗതം പറയും. അല്ലെങ്കില്‍ നന്ദി പറയും. ഇതിനെന്ത് ചരിത്ര പ്രസക്തിയാണുള്ളത്? ചുരുങ്ങിയത് അന്‍പത് പരിപാടികളുടെ വിവരങ്ങള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. അതെഴുതാന്‍ അവര്‍ പൊതുമുതല്‍ ഉപയോഗിക്കേണ്ട കാര്യം ഉണ്ടായിരുന്നോ? ഇതാണോ കേരള സാഹിത്യ അക്കാദമിയുടെ ചരിത്രം? ഇനിയഥവാ ചരിത്രം ആണെങ്കില്‍ ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്ന പ്രസിഡന്‍റുമാരുടെയോ ഇനി അതുമല്ലെങ്കില്‍ അക്കാദമി സന്ദര്‍ശിച്ച പ്രമുഖ വ്യക്തികളുടെയോ ചിത്രം കൊടുക്കണ്ടേ? ഇതില്‍ ആകെ ഉള്ളത് പെരുമ്പടവം ശ്രീധരന്റെയും ഗോപാലകൃഷ്ണന്റെയും ചിത്രം മാത്രമാണ്.

സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ഒരു നിയമവും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ല. ഇങ്ങനെ പുസ്തകം ഇറക്കുന്നുവെങ്കില്‍ അത് ഏതെങ്കിലും വിദഗ്ദ സമിതി പരിശോധിക്കേണ്ടതുണ്ട്. ഇവിടെ അതും ഉണ്ടായിട്ടില്ല. അവിടെ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ വരാറുണ്ട്. എന്നാല്‍ അതില്‍ അത്യധികം പ്രാധാന്യം ഉള്ളത് മാത്രമേ അക്കാദമി പ്രസിദ്ധീകരിക്കാറുള്ളൂ. ഇത് സെക്രട്ടറി ഗോപാലകൃഷ്ണന്‍ തന്നെ എഡിറ്റ് ചെയ്തു എന്നാണ് അറിയുന്നത്. ഞാന്‍ പുസ്തകത്തിന്‍റെ ഗൈഡുമായി സംസാരിച്ചു. അവര്‍ പറയുന്നത് അവര്‍ കൊടുത്തതൊന്നുമല്ല പുസ്തകമായി വന്നിട്ടുള്ളത് എന്നാണ്. അനുബന്ധമായി കൊടുക്കേണ്ടതാണ് ഇതൊക്കെ. ഇതെങ്ങനെ ചരിത്രമാകും എന്നതാണ് ചോദ്യം. ലക്ഷങ്ങളാണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കണമെങ്കില്‍ അക്കാദമിക്ക് ചിലവ് വരിക. ഇത് ആരുടെ പൈസയാണ്? സര്‍ക്കാരിന്‍റെ പൈസ ചിലവഴിക്കുന്നതില്‍ അല്‍പ്പമെങ്കിലും ശ്രദ്ധ വേണ്ടേ?

സ്വയംഭരണ സ്ഥാപനമായ അക്കാദമിയുടെ പ്രസിഡന്റ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി വിജയിക്കണമെന്ന് പ്രസ്താവന ഇറക്കി. അതുകഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഇന്നും അവരവിടെ തുടരുന്നുണ്ട്.  ഇങ്ങനെ തുടരുന്നത് നാണക്കേടല്ലേ? ഇങ്ങനെ ആയിരുന്നെങ്കില്‍ സ്മരണിക ഇറക്കുകയായിരുന്നു ഭേദം. വളരെ വിപുലമായ രീതിയില്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളും വിട്ടു കളഞ്ഞിട്ടുമുണ്ട്. അക്കാദമിയുമായി ബന്ധപ്പെട്ട നിരവധി ചരിത്ര സംഭവങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠ ചരിത്രം, പുരസ്കാര നിര്‍ണയ സംഭവങ്ങള്‍ ഇതൊന്നും പുസ്തകത്തിലില്ല.

 

ഭാവിയില്‍ ഈ അബദ്ധ ചരിത്രം പഠിക്കാന്‍ ഇടയാകുമല്ലോ എന്നോര്‍ക്കുമ്പോള്‍ അമര്‍ഷവും വേദനയുമുണ്ട്. മലയാളികള്‍ക്ക് അപമാനമായി തീര്‍ന്ന ഈ ചരിത്രാഭാസം പിന്‍വലിക്കുകയോ വസ്തുതാപരമാക്കി പരിഷ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.

(ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശുമായി സംസാരിച്ച് അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനി ഉണ്ണികൃഷ്ണന്‍ കാസ്റ്റ് ലെസ്സ്  തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍