UPDATES

വായന/സംസ്കാരം

കലിപാകം: ജീവിതത്തിന്റെ പുനരാഖ്യാനങ്ങള്‍

കലിപാകം ഇതിഹാസ സന്ദര്‍ഭത്തെ മനുഷ്യാവസ്ഥകളുമായും സമകാലീന രാഷ്ട്രീയവുമായും ഇഴചേര്‍ക്കുന്നു.

ജിസ ജോസ്

ജിസ ജോസ്

പുരുഷാര്‍ത്ഥസിദ്ധി പ്രാപിക്കാനുള്ള തത്വങ്ങള്‍ കഥയായും ചരിത്രമായും അവതരിപ്പിക്കുന്ന കൃതികളാണ് ഇതിഹാസങ്ങള്‍ എന്ന് നിര്‍വചിക്കപ്പെടുന്നത്. മുഖ്യമായ കഥയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഉപകഥകളുമെല്ലാം ചേര്‍ന്ന് ശൃംഖലാബദ്ധവും ബൃഹത്തുമായ ഇതിഹാസത്തിലെ ഉപാഖ്യാനങ്ങള്‍ പ്രധാന കഥാസന്ദര്‍ഭത്തോട് എത്ര ഇഴുകി ചേര്‍ന്നിരിക്കുന്നുവോ അത്രയും തന്നെ അവയ്ക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ട്. ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതികള്‍ പലതും ഇതിഹാസ പുനരാഖ്യാനങ്ങളായത് യാദൃച്ഛികതയല്ല. സാങ്കേതികാര്‍ത്ഥത്തില്‍ ഇതിഹാസമെന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച മഹാഭാരതം മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍, ഭാവങ്ങള്‍, അവസ്ഥാന്തരങ്ങള്‍ സ്ത്രീ പുരുഷ ബന്ധത്തിലെ വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും എന്നു തുടങ്ങി മനുഷ്യനെ സംബന്ധിച്ചതെല്ലാം ആഖ്യാനം ചെയ്യുന്നു. അവയൊന്നും പ്രാചീന കാലത്തിന് മാത്രം ബാധകമായവയല്ല.

ഭാരതത്തിന്റെ സാംസ്‌കാരിക കാലാവസ്ഥയെ എക്കാലത്തും പ്രതിഫലിപ്പിക്കുന്നുണ്ട് മഹാഭാരതം. മഹാഭാരത സന്ദര്‍ഭങ്ങളെ ഏറിയും കുറഞ്ഞും വര്‍ത്തമാനകാല സമൂഹം വീണ്ടും വീണ്ടും അഭിമുഖീകരിക്കുന്നു. പഴയതായിരിക്കുമ്പോള്‍ തന്നെ ഏറ്റവും പുതിയതുമാവുന്നു എന്നതാണതിന്റെ പ്രധാന സവിശേഷത. വ്യത്യസ്തമായ ജീവിതങ്ങളുടെ സമാഹാരമായ മഹാഭാരതം എന്നും എഴുത്തുകാരുടെ നിത്യപ്രചോദനം കൂടിയാണ്. മഹാഭാരതം വനപര്‍വത്തിലെ നളോപാഖ്യാനത്തെ കാലികമായ രാഷ്ട്രീയ – സാംസ്‌കാരികയുക്തികള്‍ കൊണ്ട് വിശദീകരിക്കാനുള്ള ശ്രമമാണ് രാജീവ് ശിവശങ്കറിന്റെ കലിപാകം എന്ന നോവല്‍. പ്രണയത്തിന്റെ, വിരഹത്തിന്റെ, സ്ഥൈര്യത്തിന്റെ, അടങ്ങാത്ത പകയുടെ, ദ്യൂതലഹരിയുടെ ആഖ്യാനമാണ് നളകഥ. അധികാരത്തിനായുളള വ്യഗ്രത, രാഷ്ട്രതന്ത്രത്തിന്റെ കുശാഗ്രത, രാഷ്ട്രീയത്തിലെ കുടിലത, ലൈംഗികാസക്തികള്‍ തുടങ്ങി പ്രാചീനഭാരതത്തിന്റെ മാത്രമല്ല വര്‍ത്തമാനഭാരതത്തിന്റെയും കൂടി രാഷ്ട്രീയഭൂപടം നളകഥ വിരിച്ചിടുന്നുണ്ട്. ഏത് കാലത്തും പ്രസക്തമായ നളകഥയില്‍ വ്യാസന്‍ മറച്ചുവെച്ചിരിക്കാനിടയുള്ള ചില സാധ്യതകളെ, രഹസ്യങ്ങളെ യുക്തിസഹമായി വെളിപ്പെടുത്തുന്നു കലിപാകം.

കലിപാകം പ്രസിദ്ധമായ നള-ദമയന്തി കഥയല്ല യഥാര്‍ത്ഥത്തില്‍ ആഖ്യാനം ചെയ്യുന്നത്. നളനും ദമയന്തിയും നേരിട്ട് കഥയില്‍ ആഖ്യാതാക്കളായി കടന്നു വരുന്നുമില്ല. അവരുടെ പ്രണയവും ദാമ്പത്യവും ഉല്ലാസശീലനായ നളന്റെ ചാപല്യങ്ങളും ചൂതിന്റെ ലഹരിയില്‍ നഷ്ടപ്പെട്ടു പോകുന്ന ജീവിതവുമൊക്കെ കേശിനി, വാര്‍ഷ്‌ണേയന്‍, സുനന്ദ, ദ്വാപരന്‍, പുഷ്‌കരന്‍ തുടങ്ങി അനേകം അപ്രധാന കഥാപാത്രങ്ങളുടെ കാഴ്ചകളിലൂടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നളകഥയിലെ അലൗകികവും അതീതവുമായ അത്ഭുതങ്ങളെയെല്ലാം മാനുഷികമായ യുക്തികള്‍ കൊണ്ടു വിശ്വസനീയമാക്കാനും സാധിച്ചിട്ടുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് രൂപവും ഭാവവും മാറുന്ന മധുരമായ ഭാഷ കലിപാകത്തിന്റെ സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

മഹാഭാരതം വനപര്‍വത്തില്‍ ചൂതുകളിയോടുള്ള ആസക്തി കൊണ്ട് സര്‍വവും നഷ്ടപ്പെടുത്തി അതീവനിന്ദ്യനായിത്തീര്‍ന്ന യുധിഷ്ഠിരന്റെ ആധിയകറ്റാനാണ് ബൃഹദ്വശമുനി സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോന്ന, ദുരന്തങ്ങള്‍ കൊണ്ട് ജീവിതം തിളക്കിയെടുത്ത നളന്റെ കഥ പറയുന്നത്. കലിപാകത്തിലെ ദുരന്തനായകന്‍ പക്ഷേ നളനല്ല, നളന്റെ ജീവിതം ദുഷ്‌കരമാക്കിയ കലിയാണ്. ഈ വീക്ഷണഭേദം തന്നെയാണ് കലിപാകത്തെ ഇതിഹാസ പുനരാഖ്യാനം എന്ന സാധാരണ അവസ്ഥയില്‍ നിന്ന് ഗഹനമായ ജീവിതാഖ്യാനമായി രൂപാന്തരപ്പെടുത്തുന്നതും. ദമയന്തിയെ മോഹിച്ച് വന്ന കലിയെയല്ല നോവല്‍ കാണിച്ച് തരുന്നതും. കലിദ്വാപരന്മാരെ ചിരഞ്ജീവികളാക്കിയ ഇതിഹാസ ഭാവനയുടെ ആഴങ്ങള്‍ തിരയുമ്പോള്‍ സ്വാഭാവികമായും തെളിഞ്ഞ് വരുന്ന പുതിയപാഠം തന്നെയാണ് കലിപാകം. അത് മഹാഭാരതത്തെ അതിലംഘിക്കുകയല്ല, പക്ഷേ ഭിന്നവും വിപുലവുമായ അന്വേഷണങ്ങളിലൂടെ നളകഥയ്ക്ക് വ്യത്യസ്തമായൊരു വ്യാഖ്യാനം നിര്‍മ്മിക്കുന്നു.

കലി നിഷ്‌കാസിതനായ രാജാവാണ്. എല്ലായിടത്തും ആട്ടും തുപ്പും. എല്ലാവരാലും തിരസ്‌കൃതന്‍. അവസാനിക്കാത്ത പലായനമാണ് അവന്റെയും അവന്റെ വംശത്തിന്റെയും വിധി. നിരസിക്കപ്പെട്ട പ്രണയം, ദുരാരോപണങ്ങള്‍, നിന്ദ, അവഹേളനം, ചതി…കലിയുടെ ദുരിതങ്ങള്‍ക്കവസാനമില്ല. മ്ലേച്ഛന്മാരായ പാര്‍ശ്വവല്‍കൃതരായ കലിവംശം, താന്നിക്കായകള്‍ കൊണ്ട് ചൂത് കളിച്ച് കണ്ടെത്തിയ ജീവിതമാര്‍ഗം, കരുക്കളെ വശത്താക്കാന്‍ നടത്തിയ ദീര്‍ഘ സപര്യ, ദ്യൂതം ലഹരിയായവര്‍ക്കും പക്ഷേ ആവശ്യം കഴിഞ്ഞാല്‍ കലി ചതുര്‍ത്ഥിയാവുന്നു. വിദര്‍ഭയില്‍ സഹോദരിയുടെ വിവാഹാവശ്യത്തിന് പണം സമ്പാദിക്കാന്‍ ചൂതുപടവുമായെത്തിയ കലിയെ ആട്ടിയോടിച്ചത് കബളിപ്പിക്കുന്ന ഈ കളി വിദര്‍ഭയില്‍ വേണ്ടെന്ന് കല്പിച്ച ദമയന്തി രാജകുമാരിയാണ്. സര്‍വ്വവും നഷ്ടപ്പെട്ട കലി അന്ന് തൊട്ട് അവളോടുള്ള പക ഊട്ടി വളര്‍ത്തുന്നു. അവള്‍ക്ക് വേണ്ടി ഓരോ മാഘ പൗര്‍ണമിയിലും ഓരോ പിടി താന്നിക്കായകള്‍ പേടകത്തില്‍ സൂക്ഷിച്ചു വെക്കുന്നു. ദമയന്തിയോടും പാതിരാജ്യം കാട്ടി കൊതിപ്പിച്ച് അക്ഷഹൃദയം പഠിച്ചെടുത്തിട്ട് പറ്റിച്ച പഴയ നിഷധരാജാവിനോടുമുള്ള കടുത്ത പക കൊണ്ടാണ് കലി അവരുടെ ജീവിതത്തില്‍ ഇടപെടുന്നത്. കണക്ക് കൂട്ടിയുള്ള ചുവടുവെപ്പുകള്‍, കൃത്യമായ ആസൂത്രണം.

നളകഥ ശുഭകരമായി പര്യവസാനിക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. നഷ്ടപ്പെട്ടതെല്ലാം രാജാവ് തിരിച്ചുപിടിക്കുന്നു. ജീവിതത്തോട് പോരാടി വിജയിക്കുന്നു ദമയന്തി. കലി ഒരിക്കല്‍ക്കൂടി നിഷ്‌കാസിതനാവുന്നു, പക്ഷേ ഇല്ലാതാവുന്നില്ല. ആഴത്തില്‍ വേര് പടര്‍ന്ന വിഷച്ചെടി പോലെ അത് മഹാഭാരതത്തെയുടനീളം ഗ്രസിക്കുന്നു. ഇതിഹാസകാവ്യത്തില്‍ നിന്നു പുറത്തേക്ക്, വര്‍ത്തമാന ലോകത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും പടരുന്നു. കലിയാണ് ചിരന്തനമായ യാഥാര്‍ത്ഥ്യം. അവന്റെ കലിയും പ്രതികാരവും പകയും അനവരതം തുടരുന്നു. വരാനിരിക്കുന്നത് അവന്‍ പാകപ്പെടുത്തുന്ന ലോകം. കലിയുടെ ലോകം, അവന്റെ യുഗം. അത് നിന്ദിതന്റെ, പീഡിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ്.

അപൂര്‍വ്വമായ സാധ്യതകളിലൂടെയുള്ള സഞ്ചാരമാണ് സാഹിത്യ രചനകളെ ശ്രേഷ്ഠമാക്കുന്നത്. കലിപാകം ഇതിഹാസ സന്ദര്‍ഭത്തെ മനുഷ്യാവസ്ഥകളുമായും സമകാലീന രാഷ്ട്രീയവുമായും ഇഴചേര്‍ക്കുന്നു. അതിലൂടെയുണ്ടാവുന്ന നൂതനത്വമാണ് ഈ നോവലിന്റെ വശ്യതയ്ക്ക് മാറ്റുകൂട്ടുന്നതും. പ്രാചീനഭാരതത്തിന്റെ രാഷ്ട്രീയവും അധികാരബന്ധങ്ങളും വിനോദങ്ങളും ഭൂപ്രകൃതിയും മിഴിവോടെ തെളിയുന്നതിനൊപ്പം സാര്‍വലൗകികമായ കാലദേശഭേദങ്ങളില്ലാത്ത മനുഷ്യ ഭാവങ്ങളും അവയുടെ മുഴുവന്‍ നൈസര്‍ഗികതയോടെ ആവിഷ്‌കൃതമാവുന്നു.

ജിസ ജോസ്

ജിസ ജോസ്

ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍