UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അളമുട്ടിയാല്‍ ചേരയും കടിക്കും

Avatar

അഴിമുഖം പ്രതിനിധി

ആലപ്പുഴയിലെ സായി ജലകായിക പരിശീലന കേന്ദ്രത്തില്‍ പരിശീലനം നടത്തുന്ന നാലു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത് ഇന്ത്യയിലെ കായിക പരിശീലന രംഗത്ത് കായിക താരങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളിലേക്ക് ഒരിക്കല്‍ കൂടി ജനശ്രദ്ധ തിരിക്കുകയാണ്. ചെറുപ്പം മുതല്‍ ലഭിക്കുന്ന കായിക പരിശീലനം ജീവിത പാതയില്‍ മുന്നേറുമ്പോള്‍ സ്വാഭാവികമായും ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരും. എന്നാല്‍ പരിശീലകര്‍ പരിശീലനം തേടുന്നവരില്‍ പട്ടാളച്ചിട്ടയുടെ അച്ചടക്കം അടിച്ചേല്‍പ്പിക്കുമ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കും. അത് കളിക്കളത്തില്‍ നിന്നും അല്ലെങ്കില്‍ ആലപ്പുഴയില്‍ മരിച്ച അപര്‍ണയെ പോലെ ജീവിതത്തില്‍ നിന്നും ഉള്ള പുറത്തേക്ക് നടക്കലാകും.

പരിശീലന ക്യാമ്പില്‍ നിന്നും പുറത്താക്കപ്പെടുമെന്ന ഭീതിയാണ് പലരേയും ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ നിന്നും വിലക്കുന്നത്. ക്യാമ്പുകളില്‍ മാനസികമായും ശാരീരികമായും ഉള്ള പീഡനങ്ങള്‍ കായിക താരങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്. മരിച്ച അപര്‍ണ കഴിഞ്ഞ തവണ വീട്ടിലെത്തിയപ്പോള്‍ കേന്ദ്രത്തില്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് അമ്മ ഗീതയോട് പറഞ്ഞിരുന്നു. പരിശീലകന്‍ പൗലോസ് തുഴ കൊണ്ട് നടുവിന് അടിച്ചതും മുതിര്‍ന്ന താരങ്ങള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതും അമ്മയെ അറിയിച്ചിരുന്നു. അതിനാല്‍ ഇനി കേന്ദ്രത്തിലേക്ക് തിരികെ പോകുന്നില്ലെന്ന് പറഞ്ഞ അപര്‍ണയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് തിരിച്ച് അയയ്ക്കുകയായിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിച്ചിരുന്ന അപര്‍ണയ്ക്ക് ലഭിക്കാവുന്ന സ്വര്‍ണ മെഡലുകള്‍ ആയിരുന്നില്ല വീട്ടുകാരെ ആകര്‍ഷിച്ചിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായിരുന്നു അവരുടേത്. അതിനാല്‍ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കുന്ന ജോലികളിലൊന്ന് തങ്ങളുടെ മകള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് അപര്‍ണയെ തിരികെ ക്യാമ്പിലേക്ക് അയക്കാന്‍ ഈ മാതാപിതാക്കളെ പ്രേരിപ്പിച്ചത്.

അത്‌ലറ്റിക്‌സ്, നീന്തല്‍ മറ്റു ജല കായിക ഇനങ്ങള്‍ എന്നിവയിലേക്ക് വരുന്നവരൊക്കെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. അവരെ ട്രാക്കിലൂടെ മുന്നോട്ട് നയിക്കുന്നത് മികച്ച പ്രകടനം നടത്തിയാല്‍ ലഭിക്കുന്ന ജോലി തന്നെയാണ് എന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ സംഭവവും. വീട്ടിലെ സാമ്പത്തിക പിന്നാക്കാവസ്ഥ ഓര്‍ത്ത് കുട്ടികള്‍ പലതും മറക്കുകയും പൊറുക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ഒരു വശത്ത് നടക്കുമ്പോഴും അപൂര്‍വമായി കായിക താരങ്ങള്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. പലതും പരിശീലകരുടെ ലൈംഗികാതിക്രമങ്ങളാണ്. അതിലേറ്റവും കുപ്രസിദ്ധം 2010-ല്‍ നടന്നതാണ്. ഇന്ത്യയുടെ ദേശീയ വനിതാ ഹോക്കി ടീമിലെ 31 താരങ്ങള്‍ കോച്ചായ എം കെ കൗശിക്കിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതാണ്. കൗശിക്കിനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഛത്തീസ്ഗഢിലെ ഒരു യുവ ടേബിള്‍ ടെന്നീസ് കോച്ച് ഒരു വനിതാ താരത്തെ ഹോട്ടലിലെ തന്റെ മുറിയിലേക്ക് വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതിനെ തുടര്‍ന്ന് ഈ കോച്ചിനെ പുറത്താക്കിയിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. വനിതകളുടെ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പതിനാറംഗ ടീമുമായി എത്തിയപ്പോഴായിരുന്നു കോച്ചിന്റെ പരാക്രമം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ഫെബ്രുവരിയില്‍ സായിയുടെ റെസ്‌ലിംഗ് കോച്ചായ സത്ബീര്‍ പന്‍ഗല്‍ ഹിസാറിലെ പരിശീലനകേന്ദ്രത്തില്‍ വച്ച് പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളെ ലൈംഗികമായി അപമാനിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സംഭവവും പുറത്തു വന്നിട്ടുണ്ട്. കൗമാരക്കാരായ രണ്ട് വനിതാ ഗുസ്തിക്കാര്‍ സായിയുടെ തന്നെ ഗുജറാത്തിലെ മറ്റൊരു ഗുസ്തി പരിശീലകനുനേരേയും 2013-ല്‍ ആരോപണം ഉന്നയിച്ചിരുന്നു.

അളമുട്ടിയാല്‍ ചേരയും കടിക്കേണ്ടി വരുന്ന അവസ്ഥയിലെത്തുമ്പോഴാണ് കായിക താരങ്ങള്‍ മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍