സൈനബത്താത്ത മരിച്ചു…
അത്രയും എളുപ്പം ആയിരുന്നു അത്. ഒരു മരണവാര്‍ത്ത പറയുക എന്ന എളുപ്പം. ഒരു മരണവാര്‍ത്ത അറിയുക എന്ന എളുപ്പം. പക്ഷെ പിഞ്ഞിപ്പഴകിയ ഓര്‍മ്മകള്‍ അത്രയെളുപ്പമല്ലാതെ വന്ന് തൊടും. ഓരോ മരണവാര്‍ത്തയിലും നാട് വന്നു തൊടും. റുബിയാണ് പറഞ്ഞത്. സൈനബത്താത്ത മരിച്ചു എന്ന്.
‘നോക്ക്, നിനക്കോര്‍മ്മയുണ്ടോ’ എന്നവള്‍ ഓരോ വട്ടവും ചോദിക്കുമ്പോള്‍ വേലിയിലതിരിട്ട വാതംകൊല്ലി ഇലയുടെ കടുംപച്ച നിറത്തില്‍ കുട്ടിക്കാലം നില്‍പ്പുണ്ടാവും. അത് ഓര്‍മ്മയുടെ ചുര മാന്തും. നൗഫിയും ഷരീഫും മരിച്ചുവെന്നും കുട്ടിക്കാലം പടിയിറങ്ങി പോവാറുണ്ടെന്നും അവള്‍ പറയുമ്പോള്‍ മാത്രമാണ് അറിയുക. ജൈനമേട്ടിലെ കുട്ടിക്കാലം ആണവള്‍. പിന്നെയെന്നോ നസ്രാണി ചെക്കനെ കെട്ടിയെന്ന പേരില്‍ ജൈനമേടിന്റെ പ്രിയകവിയുടെ നങ്ങേമക്കുട്ടിയെപ്പോലെ ദേശം വിടേണ്ടി വന്നവള്‍. അഞ്ചു കിലോമീറ്റര്‍ അകലത്തേയ്ക്ക് ആയുഷ്‌കാല പ്രവാസി ആകേണ്ടി വന്നവള്‍ .
പത്രത്തില്‍ നിന്ന് അവള്‍ അയച്ച ചരമക്കോളം മൊബൈല്‍ സൂമില്‍ മങ്ങിപ്പോകുന്നു… മീനച്ചൂടിന്റെ ഉച്ചകളില്‍ കറുത്ത പാതയുടെ അറ്റത്ത് ഒരു വെളുത്ത പൊട്ടായി അത് തെളിയുന്നുണ്ട്. പൊടി പറത്തി ഒരു ഒറ്റപ്പാലം ബസ്സ് അപ്പോള്‍ കടന്നു പോയിരിക്കും. ചിലപ്പോള്‍ ഒലവക്കോടോ ഓട്ടുകമ്പനിയിലോ ഇറങ്ങി ആ വെളുത്ത രൂപം നടന്നു വരും. ചുട്ടു പഴുത്ത റെയില്‍ പാളം കടന്ന് വരുകയോ കല്‍പ്പാത്തി പുഴയുടെ താഴെ ഇറക്കത്തിലുള്ള ആമിനത്താത്തയുടെ വീട്ടിലേക്ക് പോകുകയോ ആയിരിക്കും. ആദ്യമൊക്കെ അതൊരു ജിന്ന് ആണെന്നാണ് കരുതിയിരുന്നത്. പിന്നെയരികിലെത്തുമ്പോള്‍ പ്രാര്‍ത്ഥനാ മന്ത്രത്തിന്റെ വിശുദ്ധിയോടെ ഒരുവള്‍. നമസ്‌കാര കുപ്പായവും നീളന്‍ മക്കനയുമാണ് സദാ വേഷം. വട്ടമുഖത്ത് ആധിപിടിച്ച ഒരു ചിരി തങ്ങി നില്‍ക്കുന്നുണ്ടാവും. കണ്ണിനു ചുറ്റുമുള്ള കറുത്ത വട്ടം ഉച്ചച്ചൂടില്‍ ഒന്ന് കൂടി കരുവാളിച്ചിരിക്കും.
മക്കത്ത് നിന്ന് ആരോ കൊണ്ട് കൊടുത്ത തസ്ബീഹ് മാല ചുറ്റിയ വലംകൈ. ഇടമുറിയാതെ ഉതിരുന്ന ദിക്‌റുകള്‍. ഏതൊക്കെയോ പച്ച മരുന്നുകളുടെ നേര്‍ത്ത മണം. കുപ്പായത്തിന്റെയോ തലയ്ക്ക് പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വലിയ മക്കനയുടെ ഏതൊക്കെയോ അറകളില്‍ നിന്നോ ഒക്കെ ഒന്നോ രണ്ടോ എണ്ണക്കുപ്പികള്‍ എടുത്ത് തിണ്ണയില്‍ മുരിങ്ങയില ഊരുകയോ മൊച്ചക്കൊട്ട തൊലിക്കുകയോ ചെയ്യുന്ന വല്യുമ്മാക്ക് നാട്ടു വര്‍ത്തമാനപ്പൊതിക്ക് ഒപ്പം കൊടുക്കും. ഒരു പകല്‍ നേരത്തിനു ശേഷം തിരികെ ഒറ്റപ്പാലത്തേയ്ക്കുള്ള ലാസ്റ്റ് വണ്ടി കേറും. അവശേഷിക്കുന്ന ബന്ധുക്കളെ കാണാനാണ് എല്ലാ മാസവുമെന്നോണം ഈ വരവ് .. പിന്നെ പിന്നെ പ്രായത്തിന്റെ അവശതയില്‍ അതെപ്പോഴോ നിന്നു. അവധികളുടെ ഇടമുറിച്ചിലില്‍ അന്വേഷണവും .
വേനലവധി കഴിഞ്ഞു പോകുമ്പോള്‍ അമൂല്യ നിധി പോലെ എന്റെയുമ്മ പൊതിഞ്ഞ് എടുക്കാറുണ്ട് ഇളം പച്ച നിറത്തിലുള്ള ആ എണ്ണ. പിന്നീട് ഒരു മുറിവിനാകട്ടെ തീ പൊള്ളലിനാകട്ടെ ചതവിനോ നീരിനൊ ആകട്ടെ ആ എണ്ണയാണ് ഒറ്റമൂലി. സൈനുത്താത്താക്ക് ഒരു ഇല്മ് ഇണ്ട് അതിന്റെയാണീ മരുന്ന് കൂട്ട്. ഉമ്മയുടെ, വല്യുമ്മയുടെ ആ ദേശത്തിന്റെ ഒക്കെ വിശ്വാസം അതായിരുന്നു. വളരെ ചെറുപ്പത്തിലെ ഭര്‍ത്താവ് മരിക്കുകയും കുഞ്ഞുങ്ങള്‍ ഒന്നും ഇല്ലാതെയിരിക്കുകയും ചെയ്ത സൈനബത്താത്താക്ക് പടച്ചവന്‍ കൊടുത്ത ഇല്മ് ആണത്രേ ആ മരുന്ന് കൂട്ട്. പടച്ചവന്‍ തന്നെ കൊടുത്തത് ആവും വെണ്മയുള്ള മക്കനയും നമസ്‌കാരക്കുപ്പായവും.
ഇടയ്ക്കിടെ ആരോടും ചോദിക്കാതെ എന്തെങ്കിലുമൊക്കെ വേദനയുടെ പരല്‍മീന്‍ കുഞ്ഞുങ്ങള്‍ പെരുകുമ്പോള്‍ പുരാതന ഗന്ധങ്ങള്‍ ഉള്ള മരയലമാരയില്‍ നിന്നിറങ്ങി വരാറുള്ള ഇളം പച്ച നിറത്തിലുള്ള എണ്ണയുടെ നേര്‍ത്ത മണം ഓര്‍മ്മയില്‍ പരതും. ഇനി സൈനബത്താത്ത ഇല്ല .. എണ്ണപച്ചയും.. മലായിക്കത്തീങ്ങള്‍ കാവലുണ്ടായിരുന്ന റൂഹ് മലിക്കുല്‍ മൗത്ത് അസ്രായീല്‍ ഒരു പൂ പോലെ കൊണ്ട് പോയിരിക്കും.. സൈനബ ത്താത്ത മരിച്ചു.. അത്ര എളുപ്പം ഉള്ള മരണം
ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക