UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈഴവശിവനു മുന്‍പേ ചാവറയുടെ പ്രതിഷ്ഠകള്‍

Avatar

ലാസര്‍ ഷൈന്‍
 

പള്ളിക്കൂടവും അച്ചടിശ്ശാലയും ,ശൂദ്രര്‍ക്കും സംസ്‌കൃത സ്‌കൂള്‍,
അഗതിമന്ദിരവും ഉച്ചക്കഞ്ഞിയും ദളിതര്‍ക്കും, സ്ത്രീകള്‍ക്കും സ്‌കൂള്‍- ശ്രീനാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതിനും മുന്‍പ് ചരിത്രത്തില്‍ നവോത്ഥാന മൂല്യങ്ങളുള്ള അത്ഭുതങ്ങള്‍ ചെയ്തിട്ടും ചാവറ കുര്യാക്കോസ് ഏലിയാസ് മലയാളിക്ക് ചരിത്രപുരുഷനാകാതെ പോയത് എന്തുകൊണ്ട്?

 

രണ്ടരവയസുകാരിയായ ഒരു പെണ്‍കുട്ടി. അവളുടെ ഒരു കൃഷ്ണമണി പകുതിയോളം മൂക്കിന്റെ ഒരു വശത്തേയ്ക്ക് കയറിപ്പോകും. മറ്റേ കൃഷ്ണമണി പാതിവഴിയില്‍ ചലനമില്ലാതെ നില്‍ക്കും. ഒരു കണ്ണിന് കാഴ്ചയും കുറവ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയിക്കുമെന്നുറപ്പില്ലാത്ത ഒരു ഓപ്പറേഷനാണ് നിര്‍ദ്ദേശിച്ചത്. ആ കുഞ്ഞുമായി ചാവറയച്ചന്റെ മാന്നാനത്തെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയ അമ്മ, കുഞ്ഞു മിഷണറി എന്ന പുസ്തകത്തില്‍ വന്ന ചാവറയച്ചന്റെ ചിത്രം ആ കുട്ടിക്ക് ഉമ്മവെയ്ക്കാന്‍ പൊക്കത്തില്‍ ഭിത്തിയില്‍ ഒട്ടിച്ചു. എട്ടു ദിവസം നീണ്ട നൊവേനയുടെ മൂന്നാം നാള്‍ വീണ്ടും ചാവറയുടെ കല്ലറയില്‍ ആ കുഞ്ഞുമായെത്തി പ്രാര്‍ത്ഥിച്ചു. എട്ടാം നാള്‍ നൊവേന കഴിഞ്ഞ് അച്ഛന് സ്തുതി കൊടുക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ പിതാവ് അത് ശ്രദ്ധിച്ചത്. കുട്ടിയുടെ കണ്ണ് നേരെയായിരിക്കുന്നു. മരുന്നും ശസ്ത്രക്രിയയുമില്ലാതെ ചാവറയച്ചന്‍ അവളെ കാഴ്ചയുടെ ലോകം കാണിച്ചു കൊടുത്തിരിക്കുന്നു! (വാര്‍ത്ത- മനോരമ, സന്ധ്യ ഗ്രേസ്,) മരിയ റോസാണ് ചാവയച്ചന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെളിവായത്. മരിയ, ചാവറയച്ചന്‍ വിശുദ്ധനായ ചടങ്ങില്‍ സംബന്ധിച്ച വിശ്വാസികള്‍ക്കിടയില്‍ വത്തിക്കാനിലുണ്ടായിരുന്നു. ചോദ്യം വളരെ സിംപിളാണ്, ഉത്തരം പറയേണ്ടത് ആരായാലും- കുഞ്ഞുമരിയയുടെ കൃഷ്ണമണി നേരെയാക്കിയതിലും വലുതല്ലേ അദ്ദേഹം ചരിത്രത്തില്‍ നടത്തിയ അത്ഭുതങ്ങള്‍?

ചരിത്രത്തില്‍ നിന്ന് ഇറങ്ങി വന്നവനെങ്കിലും ചരിത്രാതീനായി വര്‍ത്തിക്കുന്ന യേശു ക്രിസ്തു, തന്റെ രക്ഷാകര പദ്ധതിയിലൂടെ ചരിത്രത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ കാഴ്ചപ്പാടാണ് (പുസ്തകം- ദിവ്യകാരുണ്യ മിഷണറി സഭ, ഫാ. ജോര്‍ജ് കാനാട്ട്). ചരിത്രത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് യേശുവിന്റെ രക്ഷാകര പദ്ധതിയാകുമ്പോള്‍, തര്‍ക്കമില്ല, ചരിത്രപരമായ അത്തരം പ്രവര്‍ത്തനങ്ങളും അത്ഭുതം തന്നെ, ഒരാളെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്താന്‍ പോന്നവ തന്നെ. ഒരു സമൂഹത്തിന്റെ നവോത്ഥാനത്തിന് മരുന്നും ശസ്ത്രക്രിയയും നല്‍കുന്നതും പരിഗണിക്കപ്പെടേണ്ടതു തന്നെ.

മാന്നാനം കൊവേന്ത. ചാവറയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത രണ്ടാമത്തെ കല്ലറ ഇവിടെ

ശ്രീനാരായണ ഗുരു 1888ല്‍ അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതു മുതലാണ് കേരളത്തിന്റെ നവോത്ഥാന കാലം തുടങ്ങുന്നതെന്ന ചരിത്രം, ഒരാളെ അവഗണിക്കുന്നു- കാത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച ചാവറ കുര്യാക്കോസ് ഏലിയാസിനെ.

കേരളത്തിന്റെ നവോത്ഥാന ഗാഥ ജാതി തിരിച്ച് പാടുമ്പോള്‍ ഈഴവര്‍ ശ്രീനാരായണ ഗുരുവിനേയും നായര്‍ ചട്ടമ്പി സ്വാമിയേയും പുലയര്‍ അയ്യങ്കാളിയേയും മുസ്ലിം വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയേയും നമ്പൂതിരി വി.ടി ഭട്ടതിരിപ്പാടിനേയും അതാത് സമുദായങ്ങള്‍ക്കുള്ളിലെ പരിഷ്‌കരണവും സമൂഹത്തിന്റെ പൊതുവായ നവോത്ഥാനവും സൃഷ്ടിച്ചവരായി പറയും. അപ്പോള്‍, ക്രിസ്ത്യാനിക്കെന്താ നവോത്ഥാനം ഉണ്ടായില്ലേയെന്ന ചോദ്യം സ്വാഭാവികമാണല്ലോ. മിഷണറിമാരുടെ പ്രവര്‍ത്തനത്തോടെ ഇവിടെ നവോത്ഥാനത്തിന്റെ വെള്ളകീറി (പുസ്തകം- കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം- പി.കെ ഗോപാലകൃഷ്ണന്‍) യെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയാണ് ചരിത്രപുസ്തകങ്ങളേറെയും.

1813ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ (ഇതു തന്നെ തെററല്ലേ?) സ്വന്തം പുരോഹിതരുടെ പരിശീലനത്തിനായി കോട്ടയത്ത് ഒരു കലാശാലയും സെമിനാരിയും സ്ഥാപിച്ചു. 1821-ല്‍ മിഷണറിമാര്‍ അവിടെ ഒരു ഗ്രാമര്‍ സ്‌കൂള്‍ ആരംഭിച്ചു (കേരളചരിത്രം- എ. ശ്രീധരമേനോന്‍)വെന്നു പറയുന്ന പുത്സകത്തിലും ചാവറയുടെ പേര് പരാമര്‍ശിക്കപ്പെടുന്നില്ല- വിദേശ മിഷണറിമാരാണ് നാരായാണഗുരുവിന് മുന്‍പുള്ള നവോത്ഥാന മൂല്യങ്ങളുടെ വക്താക്കളായി അവിടെയും ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.

മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ളതായിരുന്നു. ജാതിഭേദം നോക്കാതെ എല്ലാവരേയും വിദ്യാഭ്യാസം ചെയ്യിക്കാനുള്ള അവരുടെ സംരഭവും താഴ്ത്തപ്പെട്ടവരോടുള്ള സൗഹാര്‍ദ്ദപരമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധ:സ്ഥിതരെ അവരിലേയ്ക്കാകര്‍ഷിച്ചു (കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം- പി.കെ ഗോപാലകൃഷ്ണന്‍).

ചരിത്രപുസ്തകങ്ങള്‍ ആ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കര്‍തൃത്വം മിഷണറിമാര്‍ എന്ന സര്‍വ്വനാമത്തിന് ചാര്‍ത്തിക്കൊടുക്കുകയാണ്. മലയാളിയും ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് 17 വര്‍ഷം മുന്‍പ് അന്തരിച്ചയാളുമായ ചാവറ കുര്യാക്കോസിന്റെ സാമൂഹിക- വിദ്യാഭ്യാസ- സാമുദായിക പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് എന്തുകൊണ്ടാണ് മൊത്തത്തില്‍ മിഷണറിമാര്‍ക്കായി ചാര്‍ത്തിക്കൊടുക്കുന്നത്? എന്തുകൊണ്ടാണ് നവോത്ഥാന നായകന്മാരുടെ പേരു പറയുന്ന പട്ടികയില്‍ നിന്നും ചാവറയെ പുറത്തു നിര്‍ത്തിയിരിക്കുന്നത്?

ഇന്ത്യയില്‍ മൂന്നു പേരെയാണ് കാത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളത്. മൂവരും മലയാളികള്‍. ആറുവര്‍ഷം മുന്‍പ് കന്യാസ്ത്രീയായ അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കി. മറ്റൊരു കന്യാസ്ത്രീയായ ഏവുപ്രാസ്യമ്മയും ചാവറയ്ക്കൊപ്പം വത്തിക്കാനില്‍ ഒരേ ദിവസം വിശുദ്ധരായി. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കന്യാസ്ത്രീ മഠം സ്ഥാപിച്ചതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചാവറയുടെ നാമകരണ നടപടികള്‍ പൂര്‍ത്തിയായത്, അദ്ദേഹം സ്ഥാപിച്ച കന്യാസ്ത്രീമഠത്തിലൂടെ വിശുദ്ധയായ ഒരു സന്യാസിനിക്ക് ഒപ്പവും മറ്റൊരു കന്യാസത്രീക്ക് ശേഷവും എന്നതു തന്നെ ശ്രദ്ധേയമാണ്. ബഷീറിന് കിട്ടാത്ത ജ്ഞാനപീഠം പോലെ- എന്നൊരു പ്രത്യേകത ചാവറയുടെ നാമകരണ നടപടി ഇപ്പോഴായതിലും ദൃശ്യമാണ്. അല്‍ഫോന്‍സാമ്മയും ഏവുപ്രാസ്യമ്മയും പ്രാര്‍ത്ഥനകളിലുരുകിയ ജീവിതങ്ങളാണ്. ചാവറയാവട്ടെ കര്‍മ്മത്തിലാണ് പ്രാര്‍ത്ഥനയെ കണ്ടത്. പ്രാര്‍ത്ഥന ആധ്യാത്മികവും വ്യക്തിപരവും ആകുമ്പോള്‍ കര്‍മ്മം സാമൂഹികവും ചരിത്രാത്മകവുമാണ്. ഇതാ ചരിത്രം ചെയ്‌തൊരാളെന്ന് എന്നിട്ടും ചാവറയെ നോക്കി അഭിമാനിക്കാന്‍ ഇനിയും ഔദ്യോഗിക ചരിത്രത്തിന് കഴിയുന്നില്ലല്ലോ?

ആരാണീ വിശുദ്ധര്‍? സ്വര്‍ഗ്ഗരാജ്യത്തിലെ നീതിവ്യവസ്ഥ ഭൂമിയില്‍ നടപ്പാക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം വിലയായി നല്‍കിയവരാണവര്‍. എന്താണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ നീതി വ്യവസ്ഥ? ഏറ്റവും എളിയവനു വേണ്ടി ചെയ്യുന്നതെന്തും സ്വര്‍ഗ്ഗരാജ്യത്തിന്റെ നീതിയെ സാധൂകരിക്കുന്നു. ഏറ്റവും എളിയവന്‍ നിരക്ഷരനും നിസ്വനും നിസ്സഹായനുമാണ് അവന്റെ ജീവിതത്തിന് ആത്മവിശ്വാസം നല്‍കുന്ന വിശുദ്ധ കര്‍മ്മമാണ് പ്രാര്‍ത്ഥന (ലേഖനം- മനോരമ, ഡോ. കെ.എസ് രാധാകൃഷ്ണന്‍). ചാവറ ചെയ്തത് ആ വിശുദ്ധ കര്‍മ്മമാണെന്നിരിക്കെ, ആ പ്രാര്‍ത്ഥന ഏറ്റെടുക്കേണ്ടി വരുമെന്നിരിക്കെ എന്തുകൊണ്ട് കേരളവും കേരളത്തിലെ കത്തോലിക്ക സഭയും ചാവറയെ നവോത്ഥാന നായകനിരയിലെ അവരുടെ നേതൃമുഖമാക്കിയില്ല?

കുട്ടനാട്ടിലെ കൈനകരിയില്‍ 1805 ഫെബ്രുവരി 10നാണ് കുര്യാക്കോസ്- മറിയം ദമ്പതികളുടെ ഇളയമകനായി കുര്യാക്കോസ് (ചാവറയച്ചന്‍) ജനിച്ചത്. മുലപ്പാലിനോട് ചേര്‍ത്ത് വിശ്വാസവും പകര്‍ന്ന് അമ്മ തന്നെ വളര്‍ത്തിയെന്ന് ‘ആത്മാനുതാപം’ എന്ന കവിതയില്‍ ചാവറയച്ചന്‍ കുറിക്കുന്നു- അന്നവളുടെ കാല്‍ക്കലിരുന്നു ഞാന്‍/ മന്ദമന്ദമറിഞ്ഞു ദൈവത്തെയും. പത്തുവയസുള്ളപ്പോള്‍, അന്ന് മാര്‍ത്തോമാ കത്തോലിക്കര്‍ക്കിടയില്‍ അറിവുകൊണ്ടും വിശുദ്ധി കൊണ്ടും പ്രശസ്തനായിരുന്ന പാലയ്ക്കല്‍ തോമ മല്‍പ്പനാച്ചന്‍ (മല്‍പ്പാനെന്ന സുറിയാനി വാക്കിന് ഗുരു/ പ്രൊഫസര്‍ എന്നാണര്‍ത്ഥം) കുഞ്ഞുകുര്യാക്കോസിനെ കണ്ടു. അവന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും മല്‍പ്പാന്‍ ആകൃഷ്ടനായി (കാരുണികന്‍ മാസിക). അങ്ങനെ ഗുരുകുല സമ്പ്രദായത്തില്‍ വൈദികപഠനം ചേര്‍ത്തല പള്ളിപ്പുറത്ത് തുടങ്ങി. അന്ന് ദൈവശാസ്ത്ര പുസ്തകങ്ങളേറെയും തമിഴിലായിരുന്നതിനാല്‍ തമിഴ് പഠിച്ചു. ഗുരുവിനെ ചാവറയച്ചന്‍ ഇങ്ങനെ ഓര്‍ക്കുന്നു- ദിവസം ഒരു നേരം ഉച്ചയ്ക്ക് മാത്രം ചോറുണ്ണും. വൈകിട്ട് അല്‍പ്പം കഞ്ഞി. രിവാലെ ഒന്നുമില്ല. ഉച്ചയ്ക്കത്തെ ചോറിന് ഒരു കറിമാത്രം.

കൂനമ്മാവില്‍ ചാവറയെ ആദ്യം അടക്കിയ കല്ലറ

വൈദികപഠനത്തിനിടയില്‍, ചാവറയുടെ മാതാപിതാക്കളും ഏക സഹോദരനും മരിച്ചുപോയി. കുടുംബത്തിലെ ഏക ആണ്‍തരിയായ കുര്യാക്കോസ് വൈദിക പട്ടം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് മടങ്ങിയെത്തണമെന്ന ആവശ്യം ഉയര്‍ന്നു. പക്ഷെ, തിരഞ്ഞെടുത്ത വഴിയില്‍ നിന്നും ചാവറ പാതി വഴിക്ക് മടങ്ങിയില്ല. ചാവറയുടെ നേതൃത്വത്തില്‍ സമുദായത്തിലും സഭയിലും നടത്തിയ നവോത്ഥാനങ്ങളേറെയാണ്.

1. ആദ്യത്തെ ദിനപത്രം അച്ചടിച്ച പ്രസ് സ്ഥാപിച്ചു: 1929 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വെച്ച് ചാവറ പൗരോഹത്യപട്ടം സ്വീകരിച്ചു. തുടര്‍ന്ന് കോട്ടയം മാന്നാനത്ത് ആശ്രമവും സെമിനാരിയും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പള്ളികളില്‍ കുര്‍ബ്ബാനയ്ക്കിടയിലെ പ്രസംഗം ചാവറയച്ചന്‍ തുടങ്ങിവെച്ചതാണ്. ഭക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അതേ കാലത്താണ് അച്ചുകൂടം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങുന്നത്. അന്ന് തിരുവതാംകൂറില്‍ രണ്ട് പ്രസുകളേയുള്ളു. കോട്ടയത്തും തിരുവനന്തപുരത്തും. കോട്ടയത്തെ സിഎംഎസ് പ്രസില്‍ ചാവറയെ പ്രവേശിപ്പിച്ചില്ല. പ്രൊട്ടസ്റ്റന്റ് മതപ്രചാരണത്തിനു ഉപയോഗിക്കുന്ന പ്രസില്‍ തദ്ദേശീയനായ കത്തോലിക്കനെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ് സന്ദര്‍ശിച്ച് അതിന്റെ ഒരു മാതൃക വാഴപ്പിണ്ടിയില്‍ വെട്ടിയുണ്ടാക്കി ഒരു ആശാരിയെ കാണിച്ചു. അതനുസരിച്ച് ആശാരി മരത്തില്‍ അച്ചുകൂടം നിര്‍മ്മിച്ചു. കോട്ടയത്തെ പ്രസിലെ തട്ടാന്‍ അക്ഷരങ്ങള്‍ വാര്‍ത്തു കൊടുത്തു. 1846ല്‍ പ്രസ് യാഥാര്‍ത്ഥ്യമായി. ഈ പ്രസിലാണ് 1887ല്‍ മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ നസ്രാണി ദീപിക അച്ചടിക്കുന്നത്.

1846ല്‍ ചാവറയച്ചന്‍ മാന്നാനത്ത് സ്ഥാപിച്ച സെന്റ് ജോസഫ് പ്രസ് തിരുവിതാംകൂര്‍ഭാഗത്തെ മൂന്നാമത്തെ മുദ്രണാലയം എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍, അതുമാത്രമല്ല അദ്ദേഹം സ്ഥാപിച്ച പ്രസിന്റെ പ്രത്യേകത. സിഎംഎസ് സഭയുടെ കീഴില്‍ കോട്ടയത്താണ് 1821ല്‍ ബെഞ്ചമിന്‍ ബെയിലി വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ആദ്യ പ്രസ് സ്ഥാപിച്ചത്. പിന്നീട് സ്വാതിതിരുനാള്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍മേഖലയില്‍ 1935ല്‍ സ്ഥാപിച്ചതാണ് രണ്ടാമത്തെ പ്രസ്. നിരവധി ക്ലേശങ്ങള്‍ സഹിച്ച് സാങ്കേതികവിദ്യ സ്വായത്തമാക്കിയും തനതായി വികസിപ്പിച്ചും അച്ചടിയിലെ കേരളീയപാരമ്പര്യത്തിന് തുടക്കമിട്ടത് പക്ഷേ ചാവറയച്ചനായിരുന്നു. യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതികവിദ്യയെ വിദേശസഹായമില്ലാതെ കേരളത്തില്‍ തനതായി ആവിഷ്‌കരിക്കുകയെന്ന അത്ഭുതപ്രവൃത്തിയാണ് ചാവറയച്ചന്‍ ചെയത്.

സാങ്കേതികവിദ്യയും അസംസ്‌കൃതവസ്തുക്കളും കിട്ടാനുള്ള പ്രയാസംമൂലം അച്ചടിച്ച പുസ്തകം വിലയേറിയ വസ്തുവും പ്രസാധനം ലാഭകരമല്ലാത്ത വ്യവസായവുമായിരുന്ന കാലത്താണ് ചാവറയച്ചന്‍ പരസഹായമില്ലാതെ അച്ചടിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നോര്‍ക്കണം. പ്രൊട്ടസ്റ്റന്റ് കത്തോലിക്കാ സഭകള്‍ തമ്മിലുള്ള അകല്‍ച്ചമൂലം കത്തോലിക്കനായ അദ്ദേഹത്തിന് സിഎംഎസ് പ്രസ് കാണാന്‍പോലുമുള്ള അനുവാദം കിട്ടിയിരുന്നില്ല. തിരുവനന്തപുരത്തെ സര്‍ക്കാര്‍പ്രസ് സന്ദര്‍ശിച്ച് വാഴത്തടയില്‍ അതിന്റെ മാതൃക പകര്‍ത്തി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി കരിങ്കല്ലില്‍ അതിന് ഒരു അടിത്തട്ടുമുറപ്പിച്ചാണ് മലയാളിയുടെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിക്കുക എന്ന അത്ഭുതപ്രവൃത്തി ചാവറയച്ചന്‍ നിര്‍വഹിച്ചത്. മറിയത്തുമ്മ എന്ന മഹിള മാന്നാനം ക്രൈസ്തവാശ്രമത്തിന് കാണിക്ക നല്‍കിയ 12000 ചക്രം (428 രൂപ) മൂലധനമാക്കിയാണ് ചാവറയച്ചന്‍ അച്ചടിയന്ത്രത്തിനു ശ്രമം തുടങ്ങിയത് (ഡോ. ബി ഇക്ബാല്‍, ദേശാഭിമാനി)

ചാവറയുടെ ഭൗതികാവശിഷ്ടങ്ങള്‍ രണ്ടാമത് അടക്കം ചെയ്ത മാന്നാനത്തെ കല്ലറ

2. ശൂദ്രനും പ്രവേശനമുള്ള സംസ്‌കൃതം സ്‌കൂള്‍: ശ്രീനാരായണഗുരുവിനും മുമ്പാണ് കാലം എന്നോര്‍ക്കുക. വേദം ശ്രവിച്ച ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കിയൊഴിക്കുന്ന കാലം തന്നെയാണ് അപ്പോഴും. മാന്നാനത്തെ ആശ്രമത്തോടനുബന്ധിച്ച് ചാവറയച്ചന്‍ ഒരു സംസ്‌കൃത സ്‌കൂള്‍ 1846ല്‍ സ്ഥാപിച്ചു. ആശ്രമത്തിലെ വൈദികരടക്കം എല്ലാവര്‍ക്കും പ്രവേശനം സാധ്യമായിരുന്നു അവിടെ. മലയാളത്തിലും സംസ്‌കൃതത്തിലും പ്രാവീണ്യമുള്ള വാധ്യാരെ തൃശൂരില്‍ നിന്നും അവിടേയ്ക്ക് വരുത്തുകയായിരുന്നു. നാടൊട്ടാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്പോഴേയ്ക്കും വ്യാപിച്ചു തുടങ്ങിയിരുന്നു. ഇംഗ്ലീഷിനെതിരായ ചെറുത്തു നില്‍പ്പാണ് സംസ്‌കൃതവിദ്യാഭ്യാസത്തിലൂടെ ചാവറ ലക്ഷ്യമിട്ടത് എന്നു വേണം കരുതാന്‍. ചാവറയച്ചനും അതേ ഗുരുവില്‍ നിന്ന് സംസ്‌കൃതം പഠിച്ചു.

3. പള്ളിയൊടൊപ്പം ഇസ്‌ക്കോള്‍: കേരളസാക്ഷരതയുടെ പിതാവായി ചാവറെയ വിശേഷിപ്പിക്കുന്നു. കേരളത്തിലെ കാത്തോലിക്കരുടെ തലപ്പത്ത് ചാവറയുള്ളപ്പോഴാണ് പള്ളിയോട് ചേര്‍ന്ന് സ്‌കൂളുകള്‍ (പള്ളിക്കൂടം എന്ന പേര് അതില്‍ നിന്നാണോ?) ആരംഭിക്കണമെന്നത് നിര്‍ബന്ധമാക്കിയത്. പുതിയ പള്ളികള്‍ നിര്‍മ്മിക്കുമ്പോള്‍ ഒപ്പം എല്ലാത്തരം ജനങ്ങള്‍ക്കും പ്രവേശനമുള്ള സ്‌കൂളുകള്‍ വേണമെന്നും അല്ലാത്ത പക്ഷം പള്ളികള്‍ക്ക് അനുവാദം നല്‍കില്ലെന്നും അദ്ദേഹം ശഠിച്ചു. കണ്ണില്ലാത്തവര്‍ കുരുടന്മാരായിരിക്കുന്നതു പോലെ പഠിത്തമില്ലാത്തവര്‍ ജ്ഞാനക്കുരുടന്മാരാകുന്നു എന്ന് അദ്ദേഹം ഇടവക വൈദികര്‍ക്ക് കത്തെഴുതി (1950 മാര്‍ച്ച് 25).

4. ദളിതര്‍ക്കായി സ്‌കൂളും ഉച്ചക്കഞ്ഞിയും: കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തുടങ്ങുന്ന പദ്ധതി ആരംഭിക്കുന്നതും ചാവറയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനു തന്നെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രയോജനകരമായി. ആര്‍പ്പൂക്കരയില്‍ ദളിതര്‍ക്കായി സ്ഥാപിച്ച സ്‌കൂളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഓരോ കുടുംബവും ഓരോ പിടി അരി ഒരോ ദിവസവും മാറ്റി വെയ്ക്കുകയും ഞായറാഴ്ച പള്ളിയില്‍ വരുമ്പോള്‍ അത് കൊണ്ടുവരുകയും ചെയ്യും. ആ അരി ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി നല്‍കിയത്.

ചാവറയച്ചന്‍ മാന്നാനത്ത് സ്‌കൂള്‍ സ്ഥാപിച്ചതെങ്കിലും ആ പ്രദേശത്ത് ജീവിച്ചിരുന്ന അധഃസ്ഥിതരെ അദ്ദേഹം അവഗണിച്ചില്ല. ഇപ്പോള്‍ മാന്നാനത്തെ പള്ളിപ്പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില്‍ കയറി അദ്ദേഹം ആര്‍പ്പൂക്കര, മാന്നാനംപ്രദേശത്തെ പറയ, പുലയ കുടിലുകളില്‍ പോയി കുട്ടികളെ വിളിച്ചുകൊണ്ട് വന്ന് ഉച്ചക്കഞ്ഞിയും വസ്ത്രവും പുസ്തകവും നല്‍കി പഠിക്കാന്‍ അവസരം ഒരുക്കി. പിന്നീട് തൊണ്ണൂറു വര്‍ഷങ്ങള്‍ക്കുശേഷം 1936ല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പാവപ്പെട്ടവര്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്തുകൊണ്ട് ദിവാനായിരുന്ന സി പി രാമസ്വാമിഅയ്യര്‍ മഹാരാജാവിന് നല്‍കിയ കുറിപ്പില്‍ ചാവറയച്ചന്‍ ആരംഭിക്കയും പിന്നീട് ക്രൈസ്തവസ്ഥാപനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്ന ഉച്ചക്കഞ്ഞിസമ്പ്രദായം മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് നടന്ന ഐതിഹാസികസമരങ്ങളെത്തുടര്‍ന്ന് 1910ല്‍ മാത്രമാണ് അധഃസ്ഥിതര്‍ക്ക് സ്‌കൂള്‍പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്…. – (ഡോ. ബി ഇക്ബാല്‍, ദേശാഭിമാനി)

കൂനമ്മാവ് സെന്‍ഫ് ഫിലോമിനാസ് ദേവാലയം. ഇവിടെയാണ് ചാവറയെ സംസ്‌ക്കരിച്ചത്.

5. വിധവകള്‍ കന്യാസ്ത്രീ: സ്ത്രീകളുടെ പക്ഷത്ത് നിന്ന് ചിന്തിച്ചയാളാണ് ചാവറയെന്ന് ചരിത്രം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം മുന്‍ കയ്യെടുത്തു. കൂനമ്മാവില്‍ അദ്ദേഹം ആദ്യത്തെ കന്യാസത്രീ മഠം (1866) സ്ഥാപിക്കുന്ന നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ രണ്ട് വിധവകളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു തുടക്കക്കാര്‍. ഏലിശാ വാകയില്‍, അന്ന വാകയില്‍- കൂനമ്മാവ്, ത്രേസ്യാ വൈപ്പിശ്ശേരി -കറുത്തേടത്ത്, ഏലീശ (ക്ലാര)- വൈക്കം പുത്തനങ്ങാടി എന്നിവരായിരുന്നു ആ കന്യാസത്രീകള്‍. കൂനമ്മാവിലെ കന്യാമഠത്തിന്റെ ആദ്യ പേജില്‍ ചാവറ എഴുതുന്നു- സത്രീവര്‍ഗ്ഗത്തിന് വിവാഹം കൈക്കൊണ്ട് സംസാരികള്‍ ആക എന്നല്ലാതെ കന്യാത്വം കാത്തിരിപ്പാന്‍ മനസുള്ളവരുണ്ടായാലും ആയതിനു പോംവഴിയും നിര്‍വ്വാഹവും കൂടാതെ ഈ ദു:ഖത്തില്‍ ദീര്‍ഘകാലമായി നടന്നു വരികയാല്‍…

 

1869ല്‍ കൂനമ്മാവ് മഠത്തിലെ സിസ്റ്റര്‍ അന്ന എഴുതുന്നു- നമ്മുടെ പിതാവ് പ്രിയോരച്ചന്‍ ലത്തീന്‍ പഠിക്കുന്നതിന് ഗുരു കൂടാതെ… പലപ്പോഴും വന്ന എഴുതാനു വായിക്കാനും കാട്ടിയും ചൊല്ലിയും തന്നു. ഞങ്ങള്‍ കുറേശ്ശേ പഠിച്ചു തുടങ്ങി.

 

അദ്ദേഹത്തോടൊപ്പം വിശുദ്ധ പദവിയിലേയക്കുയര്‍ത്തപ്പെട്ട ഏവുപ്രാസ്യമ്മ- അദ്ദേഹം സ്ഥാപിച്ച സന്യാസി സമൂഹത്തിലെ അംഗം- ലിംഗനീതിയെക്കുറിച്ചുള്ള സംസാരങ്ങളില്‍ നമ്മള്‍ ചാവറയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

 

6. പെണ്‍സ്‌കൂള്‍: മഠത്തോട് ചേര്‍ന്ന് 1868ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച തൊഴില്‍ പഠന കേന്ദ്രം ആദ്യത്തെ പെണ്‍പള്ളിക്കൂടമായി. കേരളത്തില്‍ സ്ത്രീകളുടെ സാര്‍വ്വത്രിക വിദ്യാഭ്യാസം തുടങ്ങുന്നത് അവിടെയാണ്. അവിടെ ബോര്‍ഡിങ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായെത്തിയ ഏവുപ്രാസ്യമ്മയാണ്, ചാവറയ്‌ക്കൊപ്പം വിശുദ്ധ പദവിയിലെത്തിയത്.

 

സമൂഹത്തിലെ ഉന്നതശ്രേണിയിലുണ്ടായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ വിമോചനത്തിനായി വി ടി ഭട്ടതിരിപ്പാട് ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’, എം ആര്‍ ബി ‘മറക്കുടക്കുള്ളിലെ മഹാനരകം’ തുടങ്ങിയ കൃതികള്‍ രചിക്കയും മറ്റും ചെയ്തത് ആറു പതിറ്റാണ്ടുകള് ‍ക്കുശേഷമാണെന്ന് ഓര്‍ക്കണം. കേരളം പില്‍ക്കാലത്ത് കൈവരിച്ച സാമൂഹ്യ ഗുണമേന്മകളുടെ, പ്രത്യേകിച്ച് ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങളുടെ കാരണങ്ങളില്‍ പ്രധാനമായിട്ടുള്ളത് സ്ത്രീസാക്ഷരതയും സ്ത്രീശാക്തീകരണവുമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്– (ഇക്ബാല്‍ തുടരുന്നു)

 

7. ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം: ദളിത് വിഭാഗത്തില്‍പ്പെട്ടവരെക്കൊണ്ട് അടിമപ്പണിക്ക് തുല്യമായി നിര്‍ബന്ധിത വേലകള്‍ സമ്പന്നരും ക്രിസ്ത്യാനികളും ചെയ്യിക്കുമായിരുന്നു. കൂലിക്കു പകരം ഭക്ഷണം കൊടുക്കുന്ന ആ ഏര്‍പ്പാടാണ് ഊഴിയം. ഇതിനെതിരെ ചാവറയച്ചന്‍ ശക്തമായാണ് രംഗത്തിറങ്ങിയത്. സഭാംഗങ്ങളെ നിര്‍ബന്ധിച്ച് തൊഴിലാളികള്‍ക്ക് കൂലി നല്‍കിക്കുകയും ഊഴിയം അവസാനിപ്പിക്കുകയും ചെയ്തു. ഊഴിയത്തിനെതിരായ ചാവറയച്ചന്റെ പോരാട്ടം കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായി വിലയിരുത്തപ്പെടുന്നു.

 

8. വിദേശ ഭരണത്തിനെതിരെ: വിദേശ ബിഷപ്പുമാരുടെ ഭരണത്തില്‍ നിന്നും കേരളത്തിലെ കത്തോലിക്ക സഭയെ സ്വതന്ത്രമാക്കുവാന്‍ പോരാടിയയാളാണ് ചാവറ. ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസസഭ സ്ഥാപിച്ചതു മുതല്‍ 1861ല്‍ ബാബേലില്‍ നിന്നും കേരളത്തിലെത്തി പള്ളികളുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ച മാര്‍ തോമസ് റോക്കസിനെ തിരിച്ചയക്കാന്‍ നടത്തിയ പോരാട്ടം വരെ നീളുന്നു അത്. പോപ്പിന്റെ അനുമതിയില്ലാതെ കേരളത്തിലെത്തിയ തോമസ് റോക്കസ് നടത്തിയ നീക്കങ്ങളടെ ഭാഗമായി 154 പള്ളികളില്‍ 38 എണ്ണം ഒഴികെ ബാക്കിയെല്ലാം റോക്കസിന്റെ അധീനതയിലായി. അംഗീകാരമില്ലാതെയാണ് റോക്കസ് എത്തിയതെന്ന് പിന്നീട് വത്തിക്കാന്‍ രേഖാമൂലം ചാവറയെ അറിയിക്കുകയായിരുന്നു. പോലീസും കോടതിയും ദിവാനുമെക്കെയിടപെട്ട വലിയ പോരാട്ടമാണ് ചാവറ റോക്കസിനെതിരെ നടത്തിയത്.

 

9. ആദ്യമായി പലതും: ആദ്യത്തെ അനാഥാലയം കൈനകരിയില്‍ സ്ഥാപിച്ചു. ആദ്യത്തെ മരണസഹായ സംഘം സ്ഥാപിച്ചു. വരുമാനത്തിന്റെ അഞ്ചു ശതമാനം സാധുക്കള്‍ക്ക് എന്ന സന്ദേശത്തോടെ നൂറ്റിക്ക് അഞ്ച് പദ്ധതി തുടങ്ങി. ദേവാലയ ചെലവിനായി കെട്ട് തെങ്ങ് പദ്ധതി. മാന്നാനത്ത് ചാവറയാണ് ആദ്യമായി കുരിശിന്റെ വഴിക്ക് തുടക്കമിട്ടതെന്നും (ഞാന്‍ ചാവറ, ഡോ. മാത്യുമാമ്പ്ര) രേഖപ്പെടുന്നു.

 

10. ആദ്യ സാഹിത്യം: മലയാളിയെക്കുറിച്ച് മലയാളി എഴുതിയ ആദ്യ ജീവചരിത്രം (പാലായക്കല്‍ തോമ കത്തനാരുടെ ജീവചരിത്രം), മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം (അനസ്താസ്യയുടെ രക്തസാക്ഷ്യം), ഇന്ത്യയിലെ തന്നെ ആദ്യ നാടക ശ്രമങ്ങളായി വിലയിരുത്തപ്പെടുന്ന ഇടയനാടകങ്ങള്‍ എന്നിവയടക്കം നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു.സാഹിത്യത്തിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം നടത്തിയ ആദ്യകാല ശ്രമങ്ങള്‍ അതീവ ശ്രദ്ധേയമാണ്- ചാവറ തുടങ്ങുകയും കാലമേറ്റെടുക്കുകയും ചെയ്തവയുടെ പട്ടിക നീളുകയാണ്. കുഞ്ഞുപെണ്‍കുട്ടിയുടെ കോങ്കണ്ണ് നേരെയാക്കിയതിനെക്കാള്‍ വലിയ അല്‍ഭുത പ്രവൃത്തികളാണ് അദ്ദേഹം ചരിത്രത്തില്‍ ചെയ്തത്. ചരിത്രത്തില്‍ അദ്ദേഹം ചെയ്ത അല്‍ഭുതങ്ങളാണ് കേരളത്തെ ഇക്കാണുന്ന കേരളമാക്കിയതിന്റെ ഒരു കാരണം.

 

ദളിതര്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവരെ പ്രത്യേകമായ കരുതലോടെ സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവന്നയാളാണ് ചാവറയെന്ന് ചരിത്രം ഉറപ്പിക്കുന്നു. കൂടാതെ സമൂഹത്തിനാകമാനം പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. ശ്രീനാരായണ ഗുരുവിന്റെ ഈഴവ ശിവ പ്രതിഷഠയ്ക്ക് മുന്‍പാണ് ഇക്കാര്യങ്ങളത്രയും ചാവറ ചെയ്തതും. എന്നിട്ടും, ശ്രീനാരായണ ഗുരുവിന് മുന്‍പുള്ള കാലത്തിന്റെ നവോത്ഥാന ശ്രമങ്ങളപ്പാടെ വിദേശ മിഷണറിമാരുടേതെന്ന് ചരിത്രമെഴുതുന്നതെന്തിന്? ചാവറയെന്ന ഏക നാമമുള്ളപ്പോള്‍ മിഷണറിമാര്‍ എന്ന സര്‍വ്വനാമത്തില്‍ ആ ശ്രമങ്ങളപ്പാടെ പടര്‍ത്തുന്നതെന്തിന്?

 

ഇത്രമാത്രം പ്രസക്തനായ നവോത്ഥാന നായകനായിട്ടും ചാവറ എന്തുകൊണ്ട് കേരളീയ നവോത്ഥാന പിതാക്കന്മാരുടെ പട്ടികയില്‍ പ്രഥമസ്ഥാനീയനായില്ലെന്നത് നില്‍ക്കട്ടെ, ആ പട്ടികയില്‍ ഒരു പേരുകാരന്‍ പോലുമായില്ലെന്നതിനു കാരണക്കാരാരാണ്? ഒരു തര്‍ക്കവും വേണ്ട; ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ളിലെ ജാതീയതയും വിഭാഗീയതയുമാണ് ചാവറയെ ചരിത്രത്തില്‍ പ്രവേശിപ്പിക്കാതെ വെയിലത്ത് നിര്‍ത്തിയത്.

 

ഏഡി 52ല്‍ ക്രിസ്തു ശിഷ്യന്‍ നേരില്‍ വന്ന് മാമ്മോദീസ മുക്കിയവര്‍ എന്ന് വിശ്വസിക്കുന്ന സുറിയാനിക്കാരും പിന്നീട് 15 നൂറ്റാണ്ടിനു ശേഷം ജസ്യൂട്ട് പാതിരിമാര്‍ വന്ന് ക്രിസ്ത്യാനികളാക്കിയ ലാറ്റിനുകളും തമ്മില്‍ നടന്ന ഇളമുറത്തര്‍ക്കമാണ് ചാവറയോട് നീതി പുലര്‍ത്താനാവാതെ പോയതിനു കാരണമെന്നുറപ്പാണ്.

 

കേരളത്തിലെ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവര്‍ക്ക് സുവിശേഷവെളിച്ചമ് പങ്കുവെയ്ക്കാന്‍ മറുകര നിന്ന് മിഷണറിമാര്‍ വരേണ്ടി വന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ ഒന്ന്, ഒന്നര സഹസ്രാബ്ദക്കാലം (1500 വര്‍ഷം) സുവിശേഷ വെളിച്ചവുമായി ജീവിച്ചു നിന്ന ക്രൈസ്തവസമൂഹം തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ് ഹൃദയത്തില്‍ ഭാരവും നൊമ്പരവും ഏറുന്നത്. വിശ്വാസ വെളിച്ചം ഒന്നര സഹസ്രാബ്ദം ചുമന്നു നടന്നിട്ടും ഇടതും വലതും ജീവിക്കുന്ന ചെറിയവര്‍ക്കായി അത് പങ്കുവെച്ച് കൊടുക്കാന്‍ കഴിഞ്ഞില്ലെന്നോ? വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വച്ച ഉപമയല്ലേ ഇവിടെ സജീവമാവുക?യെന്ന് ഇതേക്കുറിച്ച് ക്രിസ്ത്യന്‍ തിയോളജി മാസിക.യായ കാരുണികന്റെ എഡിറ്റോറിയലില്‍ പത്രാധിപര്‍ (ജെ. നാലുപറയില്‍) ചോദിക്കുന്നതിലെ കുറ്റപ്പെടുത്തല്‍ വ്യക്തമാണ്. 1500 വര്‍ഷത്തെ പാരമ്പര്യം കൊണ്ട് ഞങ്ങള്‍ക്കാണ് കുലമഹിമയെന്ന് ശഠിക്കുന്ന സുറിയാനി സഭകളും ആഗോളതലത്തില്‍ ആളെണ്ണത്തില്‍ ഞങ്ങളാണെന്ന് ബലം പിടിക്കുന്ന ലത്തീന്‍ സഭയും തമ്മിലുള്ള ജാതീയതയുടെ ഇരയാണ് ചാവറയെന്നത് അവിതര്‍ക്കിതമാണ്. ചാവറയെന്ന വിളക്കിനെക്കൂടിയാണ് സഭ പറവെച്ചടച്ചത്.

 

കോട്ടയം മാന്നാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ചാവറ വികാരി ജനറാള്‍ എന്ന ഉത്തരവാദിത്തവുമായി കൂനമ്മാവില്‍ ആസ്ഥാനമുറപ്പിച്ചു. പള്ളിക്കൂടങ്ങളും കന്യാസ്ത്രീമഠവും സ്ഥാപിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ വെച്ചായിരുന്നു. മാന്നാനത്ത് 33 വര്‍ഷവും കൂനമ്മാവില്‍ ഏഴു വര്‍ഷവുമാണ് അദ്ദേഹം താമസിച്ചത്. അവസാനകാലം ചെലവഴിച്ചതും മരിച്ചതും ഭൗതിക ശരീരം അടക്കം ചെയ്തതും കൂനമ്മാവിലാണ്. 1887ല്‍ സുറിയാനി സഭയും ലത്തീന്‍ സഭയും രണ്ടായി വേര്‍തിരിഞ്ഞു. കൂനമ്മാവ് ലത്തീന്‍ സഭയുടെ കീഴിലായി.

 

അതോടെ കൂനമ്മാവിലുള്ള ചാവറയുടെ ഭൗതികാവശിഷ്ടങ്ങള്‍ മാന്നാനത്ത് കൊണ്ടുവന്ന് അടക്കണമെന്ന് സുറിയാനി സഭയുടെ മാതൃഭവനമായ മാന്നാനത്ത് ചേര്‍ന്ന അസാധാരണ പൊതുസംഘം തീരുമാനിച്ചു. അതായത് സുറിയാനിക്കാരനായ ഞങ്ങളുടെ ചാവറയുടെ ഭൗതികാവശിഷ്ടം ഞങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന്. മൃതാവശിഷ്ടത്തിനായുള്ള പോരാട്ടമായിരുന്നു പിന്നീട്. അത് എഴുത്തു കുത്തുകളായി ബലാബലമായുമെല്ലാം നീളുന്നു. അങ്ങനെ ചാവറയുടെ ഭൗതികാവശിഷ്ടങ്ങള്‍ കൂനമ്മാവില്‍ നിന്ന് കുഴിച്ചെടുത്ത് മാന്നാനത്ത് പുതിയ കല്ലറയുണ്ടാക്കി അതിലടയ്ക്കുന്നു.

ചാവറയുടെ അന്ത്യദിനങ്ങള്‍ ചെലവഴിച്ച കൂനമ്മാവിലെ മുറി.

ഭൗതികാവശിഷ്ടമുള്ളത് എവിടെയോ അവിടെയാണ് വിശുദ്ധന്റെ സാന്നിധ്യം ‘ഔദ്യോഗിക’മായി ഉണ്ടാവുക. കൂനമ്മാവിലാണ് ആ സാന്നിദ്ധ്യമെന്ന് കൂനമ്മാവുകാരും (ലത്തീന്‍) മാന്നാനത്താണെന്ന് മാന്നാനത്തുകാരും (സുറിയാനികളും) തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. ഈ തര്‍ക്കത്തില്‍ ആരു ജയിക്കും എന്നതു സംബന്ധിച്ച് നില നിന്ന ഉറപ്പില്ലായ്മയാകാം ചാവറ ചരിത്രത്തില്‍ നേരിട്ട അവഗണനയുടെ കാരണം. ആദ്യം എവിടെയാണ് ആ വിശുദ്ധ സാന്നിധ്യം എന്നുറപ്പിക്കട്ടെ, എന്നിട്ടേറ്റെടുക്കാം എന്നൊരുതരം മരവിച്ച നിലപാട്. തീര്‍ത്ഥാടക പ്രവാഹമുണ്ടാവുക എവിടെയാണെന്ന് ഉറപ്പിച്ച് കച്ചവടം ഏറ്റെടുക്കാം എന്നതു പോലുള്ള ഒരു തരം ബിസിനസ് ബുദ്ധിപോലും അതിലില്ലേയെന്ന് സഭാധികാരികള്‍ ചിന്തിച്ചു സ്വയം ക്രൂശിതരാകൂ. 

 

മാത്രവുമല്ല ലോകത്താകമാനമുള്ള കാത്തോലിക്ക സഭകള്‍ ഏതാണ്ട് 13 എണ്ണം വരും. അതില്‍ ലാറ്റിന്‍, സിറിയന്‍, മലങ്കര എന്നിവ ഇവിടെയുണ്ട്. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ രണ്ടുപേരും (ആലഞ്ചേരി- സിറിയന്‍, ക്ലിമ്മിസ്- മലങ്കര) കേരളീയരാണ്. ലോകത്തെ മൊത്തം കത്തോലിക്ക സഭകളുടെ നാലില്‍ മൂന്ന് അംഗബലം ലാറ്റിന്‍ സഭയ്ക്കാണ്. ഇന്ത്യയിലും അംഗബലത്തില്‍ ലാറ്റിന്‍ സഭയാണ് മുന്‍പില്‍, എന്നിരിക്കെ സഭയക്കുള്ളിലെ ‘പിടിപാട’നുസരിച്ച് വിശുദ്ധന്റെ ഔദ്യോഗിക സ്ഥാനമായി കൂനമ്മാവ് മാറിയാലോ എന്ന സംശയം ചാവറയുടെ വിശുദ്ധ പദവിയിലേയ്ക്കുള്ള സാങ്കേതികമായ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോഴെ ചിലര്‍ക്കുണ്ടായിക്കാണണം. ചാവറ സുറിയാനി ആണെന്നതൊക്കെ ശരി തന്നെ, പക്ഷെ പുള്ളി വൈദിക പട്ടം സ്വീകരിച്ചതു തന്നെ ലാറ്റിനുകളുടെ തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കലില്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ആദ്യത്തെ കന്യാസ്ത്രീ മഠമിപ്പോള്‍ ലാറ്റിന്റേത്. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോള്‍ ലാറ്റിന്‍ സഭയിലെ പള്ളികള്‍ക്കും ആ വിശുദ്ധന്റെ ജീവിതവുമായി ബന്ധങ്ങളേറെ. ആള്‍ സുറിയാനിക്കാരനൊക്കെ തന്നെ- പക്ഷെ മറ്റേകക്ഷികളും അവകാശ വാദം പറയുന്ന സ്ഥിതിക്ക് അങ്ങ് മിണ്ടാതിരുന്നേക്കാം എന്ന വിദ്വാന്റെ മൗനം ചാവറയുടെ കാര്യത്തില്‍ ഉണ്ടായിക്കാണണം. ശരിയൊക്കെ തന്നെ ആള്‍ക്ക് നമ്മുടെ സഭയിലെ പള്ളികളുമായും ജീവിതം കൊണ്ട് ബന്ധമുണ്ട്. പക്ഷെ, മറ്റേ സഭക്കാരനല്ലേ. ഇനി കിട്ടിയില്ലെങ്കിലോ- കിട്ടിയിട്ട് മിണ്ടാം എന്ന മൗനവും കൂടിച്ചേരുന്നതോടെ ചാവറയ്ക്കുമേല്‍ ഒരു വലിയ മൗനം വന്നു പുതച്ചു. എല്ലാവരും പതിയെപ്പതിയെ ചാവറയെ വിസ്മരിച്ചു.

മാത്രവുമല്ല, ചാവറയെ ഉയര്‍ത്തിപ്പിടിച്ചാല്‍ വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടം ചെയ്യാന്‍ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയുമോ. അതുകൊണ്ട്, വിദേശത്തു നിന്ന് വന്ന സായിപ്പന്മാരും സമ്പന്നരുമായ മിഷണറിമാര്‍ ഇവിടെ എന്തൊക്കയോ നവോത്ഥാന പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്, അത് മതപരിവര്‍ത്തനത്തിനായുള്ള അവരുടെ തന്ത്രമായിരുന്നു എന്നു പ്രചരിപ്പിക്കുന്നതാകും ലാഭകരം. സൗജന്യ സേവനങ്ങള്‍ സഭ ഒരു കാലത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അത് മതപരിവര്‍ത്തനത്തിന് കൊടുത്ത കൂലിയാണ്, ഇപ്പോള്‍ മതപരിവര്‍ത്തനം ഞങ്ങളുടെ പ്രവര്‍ത്തന മേഖലയേയല്ല, പിന്നെന്തിന് ഞങ്ങള്‍ സൗജന്യ സേവനം സമൂഹത്തിന് നല്‍കണം എന്ന കുയുക്തിയാണ് സഭയുടേത്. ദരിദ്രരോട് നല്ല വിശേഷം പറയാന്‍ വന്നൊരാളുടെ പേരിലാണ് ഇതെല്ലാം എന്നത് സഭകളുടെ മാത്രമല്ല പോകപ്പോകെ ക്രിസ്റ്റ്യാനിറ്റിയെ തന്നെ ചോദ്യം ചെയ്യാന്‍ പോന്നവയായി മാറും- അവിടെ ചാവറയുടേതു പോലുള്ള കര്‍മ്മങ്ങള്‍ സഭ ഏറ്റെടുക്കേണ്ടി വരും. ഫ്രാന്‍സിസ് പാപ്പയുടെ കാലത്താണ് ചാവറ വിശുദ്ധനാക്കപ്പെടുന്നതെന്നതും കാലം കാത്തുവെച്ചതാകാം. കത്തോലിക്ക ഇതര സഭകളുമായും സാഹോദര്യത്തിലാകാന്‍ ശ്രമിക്കുകയാണ് പോപ്പ് ഫ്രാന്‍സിസ്. ലോകത്തെയാകമാനം വിഭാഗീയമല്ലാതെ കാണാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിലെ യേശു, ദരിദ്രരോട് സുവിശേഷം പറഞ്ഞവനാണ്. ആ യേശുവിനെ സ്വീകരിക്കേണ്ടി വരുമ്പോള്‍, കച്ചവടത്തിനപ്പുറത്തുള്ള കാഴ്ചകള്‍ സഭയ്ക്ക് കാണേണ്ടി വരും. സഭകള്‍ക്കിടയിലെ വിഭാഗീയത, ജാതീയത തന്നെയെന്ന് തിരിച്ചറിയേണ്ടി വരും.

ശ്രീനാരായണ ഗുരുവിന് മുന്‍പേ കര്‍മ്മനിരതനായിരുന്നിട്ടും പില്‍ക്കാലത്ത് നടന്നതിന്റെ പല തുടക്കങ്ങളും ഉണ്ടാക്കിയ ആളായിട്ടും ചാവറയെ ളോഹയിട്ട ആരോ എന്ന് വിലയിരുത്തി പൊതുസമൂഹം ഇനി മുന്നോട്ടുപോകില്ല. ചാവറയെ കാലം പഠിക്കും. എന്നിട്ട് സഭയോടും വൈദികരോടും കാലം ആവശ്യപ്പെടും- ചാവറയെ പോലയാകൂ എന്ന്. സഭയ്ക്കും വൈദികര്‍ക്കുമുള്ള ജീവിത മാതൃകയാണ് ഓരോ വിശുദ്ധനും. ദൈവശാസ്ത്രപുസ്തകമാണവര്‍. ചാവറയെ പോലെയാകൂ എന്നേ സഭയോടും വൈദികരോടും കാലമിനി ആവശ്യപ്പെടു.

ശ്രദ്ധിച്ചിട്ടുണ്ടോ?:
1. വിവേകാനന്ദന്റെയടക്കം ഫോട്ടോകള്‍ സമ്മേളനങ്ങളിലെ ഫ്ലക്‌സില്‍ വെയ്ക്കുന്ന ഡിഐഎഫ്‌ഐക്കാര്‍ ചാവറയുടെ പടം അച്ചടിക്കാത്തതിനും കാരണം മറ്റൊന്നല്ല- ശ്രീനാരായണ ഗുരുവിന്റെ ഈഴവ പ്രതിഷ്ഠയ്ക്ക് മുന്‍പ് ചരിത്രം ചെയ്തയാള്‍ എന്ന് ചാവറയെ ആരും തിരിച്ചറിയുന്നില്ല.
2. ചാവറയ്ക്ക് സംഭവിച്ചതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നു സഖാവ് പി.കൃഷ്ണപിള്ളയുടെ ചരിത്രം. സിപിഐ- സിപിഎം വിഭജനത്തിനു മുന്‍പ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു കൃഷ്ണ പിള്ള (ചാവറ വികാരി ജനറാളായി സഭ ഭരിച്ചതുപോലെ). പാര്‍ട്ടി വിഭജനത്തിനു മുന്‍പ് കൃഷ്ണപിള്ള വിഷം തീണ്ടി മരിച്ചു. ഇപ്പോള്‍ രണ്ട് പാര്‍ട്ടികളുടേയും ഓഫീസുകളില്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ ‍കഴിഞ്ഞാല്‍ ഇരിക്കുന്ന ഫോട്ടോയാണ് കൃഷ്ണപിള്ളയുടേത്. ഇഎംഎസിന്റെ ചരിത്രം പോലെ പാര്‍ട്ടിക്ക് അത്രയ്ക്ക് കാണാപാഠമല്ല കൃഷ്ണപിള്ളയുടെ ചരിത്രം. ഇരുപാര്‍ട്ടിക്കും അവകാശപ്പെട്ട ആചാര്യരില്‍ വിദേശികളെപ്പറ്റി വാചാലമാകുമ്പോഴും തദ്ദേശീയനായ കൃഷ്ണപിള്ളയെ പറ്റി വലുതായൊന്നും പറയില്ല. കൃഷ്ണപിള്ളയെ ജനം തിരിച്ചറിഞ്ഞാല്‍- കൃഷ്ണപിള്ളയെ പോലൊരു കമ്യൂണിസ്റ്റാകാത്തതെന്ത് എന്ന ചോദ്യം വോട്ട് രാഷ്ട്രീയത്തിന് പ്രേതമാകും എന്നല്ലാതെ മറ്റെന്ത് കാരണം.

തിരസ്‌ക്കാരങ്ങള്‍ യാദൃശ്ചികമല്ല- ഗൂഢാലോചനയാണത്!

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍