UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലുലു മാളും ക്രിസ്ത്യന്‍ പള്ളിയും തമ്മില്‍ വ്യത്യാസം വേണ്ടതുണ്ട് അച്ചോ!

Avatar

സന്ദീപ് വെള്ളാരംകുന്ന്‌

എന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത് എന്നു പറഞ്ഞാണ് യേശു ക്രിസ്തു യെറുശലേം ദേവാലയം കൈയടക്കി കച്ചവടം നടത്തിയിരുന്നവരെ ചാട്ടവാര്‍ ഉപയോഗിച്ച് അടിച്ചിറക്കി ശുദ്ധീകരിച്ചത്. കത്തോലിക്കാ സഭയുടെ കീഴില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന പള്ളികള്‍ കാണുകയാണങ്കില്‍ യേശു ക്രിസ്തുവിനു ബുള്‍ഡോസറിന്റെ ഡ്രൈവര്‍ ആകേണ്ടി വരുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ആത്മീയ കേന്ദ്രം എന്നതില്‍ നിന്നു മാറി കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ മാത്രമായി മാറുകയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള പള്ളികള്‍. 

കൊച്ചി ഇടപ്പള്ളിയില്‍ അടുത്തിടെ കൂദാശ ചെയ്ത സെന്റ് ജോര്‍ജ് പള്ളിയുടെ ആഡംബരമാണ് ഭീമന്‍ പള്ളികള്‍ നിര്‍മിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് എന്ന മട്ടില്‍ കടുത്ത വിമര്‍ശനമുയരാന്‍ കാരണം. ഇടപ്പള്ളിയിലെ ലുലുമാളും കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോര്‍ജ് പള്ളിയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടാകേണ്ടതുണ്ട്. ലുലുമാള്‍ ആഢംബരങ്ങളുടെ കച്ചവട കേന്ദ്രമാകുമ്പോള്‍ ആത്മീയത നിറഞ്ഞു നില്‍ക്കേണ്ട ഇടപ്പള്ളി പള്ളി അത്യാഡംബര ആത്മീയതയുടെ കേന്ദ്രമായി മാറിയതോടെ സഭയില്‍ ഈ വിഷയം പുതിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നിരിക്കുന്നു. വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു പള്ളി എന്നതിനപ്പുറം പണക്കൊഴുപ്പു പ്രകടിപ്പിക്കാനുള്ള വേദിയായി പള്ളി നിര്‍മാണങ്ങള്‍ മാറിയതിനാലാണ് പ്ലാനും എസ്റ്റിമേറ്റും സഭാധികൃതരെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങിയശേഷം മാത്രം മതി ഇനി പള്ളികളുടെ നിര്‍മാണം നടത്താനെന്ന് സഭാ നേതൃത്വത്തിനു കര്‍ശന നിലപാട് എടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം നേതൃത്വത്തിന്റെ നിലപാട് താഴേത്തട്ടിലുള്ള വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ അനുസരിക്കാന്‍ എത്രത്തോളം തയാറാകും എന്നതിനെ അനുസരിച്ചായിരിക്കും സഭാ നേതൃത്വത്തിന്റെ ഈ നിലപാടിന്റെ വിജയം. 

146 അടി ഉയരത്തില്‍ 85,110 ചതുരശ്ര അടിയില്‍ മുപ്പതു കോടിയിലധികം രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഇടപ്പള്ളി പള്ളിയുടെ അത്യാഡംബരത്തിന്റെ പേരില്‍ ആദ്യം വിമര്‍ശനമുന്നയിച്ചത് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു. ലാളിത്യത്തിന്റെയും എളിമയുടെയും പേരു പറഞ്ഞു നിലനില്‍ക്കുന്ന സഭ തന്നെ ആഡംബരത്തിലേക്കു പോകുന്നുവെന്നു വിമര്‍ശനം ഉയര്‍ന്നതോടെയാണ് പള്ളി നിര്‍മാണത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചു സഭാ നേതൃത്വത്തിനു രംഗത്തെത്തേണ്ടി വന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിശ്വാസികളില്ലാതെ പള്ളികള്‍ ബാറുകളും മറ്റുമായി മാറുമ്പോഴാണ് കേരളത്തില്‍ ആഡംബര പള്ളി നിര്‍മാണം പൊടിപൊടിക്കുന്നതെന്നതാണു ശ്രദ്ധേയം. ഇടവക വികാരിയും പള്ളി കമ്മിറ്റിയും ചേര്‍ന്നാണു സാധാരണ പള്ളി നിര്‍മാണം നടത്തുന്നത്. വിശ്വാസികളില്‍ നിന്നു ലഭിക്കുന്ന പിരിവുകളും മറ്റു വിഹിതങ്ങളും ഉപയോഗിച്ചാണു പള്ളികളുടെ നിര്‍മാണം. സാധാരണ ഗ്രാമങ്ങളിലും മറ്റും ആഡംബര പള്ളികള്‍ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുന്നത്. പള്ളി നിര്‍മാണത്തിന്റെ പേരില്‍ വിവിധ ഇടവകകളും രൂപതകളും തമ്മില്‍ കടുത്ത മത്സരം പോലും നടക്കുന്നുണ്ട്. പള്ളി നിര്‍മാണത്തിനു പിരിവു നല്‍കാത്തതിന്റെ പേരില്‍ വിവാഹം, ആദ്യ കുര്‍ബാന, മാമ്മോദീസ തുടങ്ങിയ ചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ വൈദികര്‍ മടിക്കുന്നതായും വിശ്വാസികള്‍ ആരോപിക്കുന്നുണ്ട്. പള്ളി പണിക്ക് പിരിവു നല്‍കാത്തതിന്റെ പേരില്‍ തൃശൂരില്‍ വൈദികന്‍ ആദ്യ കുര്‍ബാന വിലക്കിയ സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

അതേസമയം പള്ളിപണിക്ക് പിരിവു നല്കാത്തതിന്റെ പേരില്‍ കൂദാശകള്‍ മുടക്കാന്‍ പാടില്ലെന്ന് സീറോ മലബാര്‍ മെത്രാന്‍ സമിതി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്‌ പറയുന്നു. കൂദാശകള്‍ വിശ്വാസികളുടെ അവകാശമാണ്. മെത്രാന്‍ അംഗീകരിക്കാത്ത പിരിവുകള്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. ഇടവക കൂട്ടായ്മ എന്നത് വിശ്വാസ സമൂഹത്തില്‍ എല്ലാവര്‍ക്കും ഇടവും സന്നിദ്ധ്യവും ശബ്ദവും നല്കുന്നതാകണം. പണിയുന്ന പള്ളികള്‍ക്ക് പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കി ബിഷപ്പിന്റെ കാര്യാലയത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി പ്ലാനില്‍ നിന്നും എസ്റ്റിമേറ്റില്‍ നിന്നും മാറാതെ പള്ളി പണിയണം. ഇടവകക്കാരുടെ പങ്കാളിത്തവും ഉത്തരവാദിത്വവും പ്രധാനമാണ്. പക്ഷേ, അധികാരികളുടെ മേല്‍നോട്ടവും നിയന്ത്രണവും അനിവാര്യവുമാണ്. പള്ളി പണിയുടെ കൃത്യമായ വരവു ചെലവു വിവരങ്ങളുടെ കണക്ക് ഇടവകജനത്തെയും അധികാരികളെയും ബോദ്ധ്യപ്പെടുത്തണം. പള്ളി പണിയുടെ ഉത്തരവാദിത്വം സത്യസന്ധരും കളങ്കമില്ലാത്തവര്‍ക്കുമായിരിക്കണം. അങ്ങനെയാണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും അധികൃതര്‍ക്കു കഴിയണം. ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെടുന്നു.

പൗരാണിക ശില്‍പ്പ നിര്‍മാണവും വാസ്തു വിദ്യയും സമ്മേളിക്കുന്ന ദേവാലയങ്ങള്‍ പോലും ഇടിച്ചു നിരത്തി കോണ്‍ക്രീറ്റ് നിര്‍മിതികള്‍ കെട്ടി ഉയര്‍ത്തുന്നാണ് പുതിയ പ്രവണത. പള്ളി, കുരിശുമല, കുരിശുപള്ളി എന്നിവയുടെ നിര്‍മാണം തകൃതിയായി നടക്കുകയാണ് കേരളത്തില്‍ എമ്പാടും. പുരാവസ്തു വകുപ്പ് നിര്‍മാണത്തിനു തടസവാദം ഉന്നയിച്ചതിനാലാണ് കോട്ടയം ജില്ലയിലെ പല പ്രമുഖ പള്ളികളും ഇടിച്ചു നിരത്താനുള്ള പള്ളി അധികൃതരുടെ ശ്രമം പൊളിഞ്ഞതെന്നതു പരസ്യമായ രഹസ്യമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ധാരാളം വിശ്വാസികള്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍ വലിയ പള്ളികള്‍ നിര്‍മിക്കുന്നതിനെ അനുകരിച്ചാണ് ഗ്രാമങ്ങളിലും വമ്പന്‍ പള്ളികള്‍ കെട്ടി ഉയര്‍ത്താന്‍ തുടങ്ങിയത്. പള്ളികള്‍ വിശ്വാസ സമൂഹത്തിന്റെ ആവശ്യമാണെന്നും ആരാധനയ്ക്കും കൂദാശാനുഷ്ഠാനങ്ങള്‍ക്കും ഒന്നിച്ചുകൂടാന്‍ പള്ളി പണിയാന്‍ അവകാശവും കടമയുമുണ്ടെന്ന്് ഫാദര്‍ പോള്‍ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷം ഇടവകകളും വിശ്വാസികള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പിരിവുകള്‍ നല്കി ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പള്ളി കൈക്കാരന്മാരുടെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തില്‍ പള്ളി പണിയുന്നു. ഇടവകയിലെ വൈദികര്‍ അതിന് നേതൃത്വം കൊടുക്കുന്നു.എന്നാല്‍ ചില സമ്പന്നമായ പള്ളികളുണ്ട്. അവിടത്തെ സമ്പന്നതയുടെ അടിസ്ഥാനം വരുന്ന തീര്‍ത്ഥാടകരുടെ ഉദാരമായ നേര്‍ച്ചപ്പണമാണ്. ഈ നേര്‍ച്ചപ്പണം അവശതയനുഭവിക്കുന്ന മനുഷ്യര്‍ക്ക് ദൈവനാമത്തില്‍ സേവനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഈ പള്ളികള്‍ നേര്‍ച്ചപ്പണം കൊണ്ട് ധൂര്‍ത്തു നടത്തുന്നു എന്ന് ചില സ്ഥലങ്ങളില്‍ നിന്ന് ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. ആവശ്യങ്ങള്‍ നടത്തണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. തീര്‍ത്ഥാടക ദേവാലയങ്ങള്‍ പണിയുമ്പോള്‍ വലിയ പള്ളികള്‍ പണിയേണ്ടി വരും ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെടുന്നു.

ആഡംബര ദേവാലയങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ വിശ്വാസി സമൂഹത്തിനിടയില്‍ നിന്നു തന്നെ ഉയരുന്നത്. പള്ളി നിര്‍മാണത്തിന്റെ പേരിലുള്ള ഭീമമായ പിരിവില്‍ മനം മടുത്ത് മറ്റു സഭകളിലേക്കു ചേക്കേറുന്ന വിശ്വാസികളുടെ എണ്ണവും വര്‍ധിച്ചു വരുന്നതു സഭാധികൃതര്‍ കാണാതിരുന്നു കൂടാ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍