UPDATES

സിനിമ

സൈറ ബാനു; നായകന്മാരുടെ അപാരതകളല്ല, രണ്ടു പെണ്ണുങ്ങളുടെ അതിജീവനം

പോരാളി, നിത്യോപദേശക കഥാപാത്രങ്ങളുടെ ബാധ പൂർണമായി ഒഴിഞ്ഞിട്ടില്ലെങ്കിലും സൈറബാനു മഞ്ജു വാര്യരുടെ കരിയറിൽ ഒരു നാഴികക്കല്ല്

ഒരു സാധാരണ കുടുംബത്തിന് പെട്ടെന്നൊരുനാൾ വന്നു പെടുന്ന പ്രതിസന്ധിയും അതിനെ അതിജീവിക്കാൻ  സൈറാ ബാനു എന്ന കഥാപാത്രം നടത്തുന്ന ശ്രമങ്ങളും; ഏറ്റവും ലളിതമായി പറഞ്ഞാൽ ഇതാണ് c/o സൈറാബാനു എന്ന സിനിമ. എന്നാൽ ഇതു മാത്രമല്ല സിനിമ. പല മട്ടിൽ തിരക്കഥക്കകത്തും പുറത്തുമായി അനേകം പോരാട്ടങ്ങളെയും അത് കാഴ്ച വെക്കുന്നുണ്ട്.

തനിക്ക് തിരിച്ചു വരാനുള്ള മഞ്ജുവിന്റെ തന്നത്താൻ പോരാട്ടമാണ് അതിലാദ്യത്തേത്. ‘ഹൗ ഓൾഡ് ആർ യു’ വിലൂടെ അവർ തിരിച്ചെത്തിയെന്നത് സന്തോഷിക്കാനുള്ള കാരണമായിരുന്നെങ്കിലും ആ പ്രകടനം അത്രയൊന്നും ആശ്വാസകരമായിരുന്നില്ല. മഞ്ജുവിന്റെ വലിയ പ്ലസ് പോയിന്റുകളിലൊന്നായ ഡയലോഗ് ഡെലിവറിയിൽ പോലും അനാവശ്യമായ ഒരു വലിച്ചിഴയൽ തോന്നിയിരുന്നു. മഞ്ജുവിന് അഭിനയിക്കാൻ എന്തെങ്കിലും കൊടുക്കണമല്ലോ എന്ന അദൃശ്യമായ ഔദാര്യത്തിലാണോ കഥാപാത്രങ്ങളും സീനുകൾ പലതും സൃഷ്ടിക്കപ്പെട്ടതെന്നു തന്നെ തോന്നി. (‘എന്നും എപ്പോഴും’ സിനിമയിലെ ഡാൻസ് രംഗം, പാവാടയിലെ ഗസ്റ്റ് റോൾ… എന്തിനോ എന്തോ!!). പതിനാല് വർഷം ഞങ്ങൾ കാത്തിരുന്നത് ഇവരെയായിരുന്നില്ലല്ലോ എന്ന നിരാശയിലാണ് സിനിമകളോരോന്നും അവസാനിച്ചത്. എന്നാലിതാ ഒരു സൈറാ ബാനു മഞ്ജുവിനെ വീണ്ടെടുത്തിരിക്കുന്നു. ശരീര ഭാഷയിലും ശബ്ദത്തിലുമെല്ലാം കഥാപാത്രത്തെ സന്നിവേശിപ്പിക്കാനാകുന്ന ഒരു നടി തന്നിലിനിയും ബാക്കിയുണ്ടെന്നും, പല കുറി അങ്കങ്ങൾക്കും ബാല്യമിനിയും ബാക്കിയാണെന്നും സൈറാ ബാനു കാട്ടിത്തരുന്നു.

സിനിമയുടെ ആദ്യ പകുതിയിൽ  മഞ്ജുവിനൊപ്പം നിന്ന് സിനിമയുടെ നിറവാകുന്നത് ഷൈൻ നിഗമിന്റെ തനി റിയലിസ്റ്റിക്കായ പ്രകടനമാണ്. രണ്ടാം പകുതിയിൽ ഷൈൻ തന്റെ കിസ്മത്തിലെ കഥാപാത്രത്തിന്റെ തണലിൽ കയറി നിൽപ്പാവുമ്പോൾ സിനിമയെ തോളിലേറ്റാനുള്ള സഹ ഉത്തരവാദിത്തം രണ്ടാം പകുതിയിൽ നിർവഹിക്കുന്ന അമല ഡബ്ബിങ്ങിന്റെ പരിമിതി ഒഴിവാക്കിയാൽ മികച്ച  പ്രകടനം തന്നെ കാട്ടിയെന്ന് പറയാനാകും.

ഗുപ്തൻ എപ്രകാരമാണോ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്, നിരഞ്ജൻ എപ്രകാരമാണോ സമ്മർ ഇൻ ബത്‌ലഹേം സിനിമയിലെ മുഴുനീള കഥാപാത്രമാകുന്നത്, അതേ പ്രകാരം പീറ്റർ ജോർജ് എന്ന കഥാപാത്രം സിനിമയിലുടനീളം നിറയുന്നുണ്ട്. അവിടെ നമുക്ക് വിക്ടർ ജോർജിന്റെ കാലടികൾ കേൾക്കാം. സിനിമയിലെ മഴ പീറ്റർ ജോർജിനും ജോഷ്വയ്ക്കും സൈറയ്ക്കും മാത്രമായി പെയ്യുന്ന ഒന്നല്ല. ഈച്ചരവാര്യരുടെ മഴച്ചോദ്യമാവുമുണ്ട് സിനിമയിൽ. അതൊരു സീനില്‍ സൈറ എടുത്തു നോക്കുന്ന ആഴ്ച്ചപ്പതിപ്പ് കവറിലെ ചോദ്യമല്ല അധികാരമില്ലാത്തവന്റെ നീതി എവിടെയാണെന്നെക്കാലവും മുഴങ്ങിക്കേട്ട ചോദ്യമാണ്.

മുസ്ലിം സ്വത്വം എന്നത്  പാർശ്വവൽക്കരണത്തിന്റെ കാരണമാവുന്നത്, പണവും ആധിപത്യവും അധികാരവുമില്ലാത്തവരുടെ സാമൂഹിക ജീവിതം, ഇതര സംസ്ഥാന തൊഴിലാളി ജീവിതങ്ങളുടെ നിസാരത, ജുഡീഷ്യറിയിലെ പരിമിതികൾ ഇങ്ങനെ പലതിലും സിനിമ കൈവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഇതിനെ ഒരു പെണ്ണിന്റെ അതിജീവന ശ്രമത്തിന്റെ കഥയാണ്. സ്നേഹത്തിലധിഷ്ഠിതമായ അവളുടെ പോരാട്ടത്തിന്റെ കഥ. അതുകൊണ്ടാണ് ഇടയ്ക്കുണ്ടാവുന്ന വലിച്ചു നീട്ടലോ ലോജിക്കിന്റെ പിറകേ പോകുമ്പോഴുള്ള അസ്വസ്ഥതകളോ പോലും ഈ സിനിമയെ സംബന്ധിച്ച് അപ്രസക്തമാകുന്നത്. ഇത് അടിമുടിയൊരു സ്നേഹമാണ്. സ്നേഹത്തിനെന്ത് ലോജിക്? എന്ത് പെർഫെക്ഷൻ?

‘പെറ്റമ്മയോളമാകുമോ പോറ്റിയ മുത്താച്ചി’ എന്നൊരു ചൊല്ല് നാട്ടിൽ പ്രയോഗത്തിലുണ്ട്. ആകില്ല എന്നുത്തരമുള്ള സന്ദർഭങ്ങളിൽ പൊതുവെ പ്രയോഗിക്കുന്ന ഒന്ന്. അമ്മയെന്ന സ്വത്വത്തിന് പ്രസവം അത്രമേൽ അനിവാര്യമാണെന്ന് തന്നെ കരുതിപ്പോവുന്ന ഒരു സമൂഹത്തിൽ പ്രചാരത്തിലിരിക്കാൻ എല്ലാതരം യോഗ്യതകളുമുള്ള ഒരു ചൊല്ല്. പെറ്റമ്മ/പോറ്റിയ അമ്മ ദ്വന്ദ്വത്തിൽ സിനിമയെ നിർത്തുകയും പെറ്റമ്മയോളവുമാകാം പോറ്റിയ മുത്താച്ചിക്ക് എന്ന് സംശയമേതുമില്ലാതെ വിധി കല്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. അതു സിനിമയുടെ സാമൂഹിക സാധ്യതകളിലൊന്നാണ്.

കോടതി പ്രമേയ പരിസരമായ സിനിമകൾ അടുത്ത കാലത്ത് നന്നായി ശ്രദ്ധിക്കപ്പെടുകയുണ്ടായി. അംഗീകാരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കോർട്ട് എന്ന മറാഠി ചിത്രം മുതൽ ബോക്സ് ഓഫീസ് ഹിറ്റുകളായ പിങ്ക് ,ജോളി എൽ എൽ ബി മുതലായവ. കോടതി മുറിയിലെ നീതിയുടെ പ്രശ്നവൽക്കരണമെന്ന ഗോദയിൽ വിജയിച്ചു കയറിയ ചിത്രങ്ങൾ .പക്ഷേ അവിടെയും കളിച്ചത് നായകന്മാർ ആണ് (പെൺകുട്ടികളുടേതാവേണ്ടിയിരുന്ന കോടതി മുറി ബച്ചൻ കഥാപാത്രത്തിന്റെ രക്ഷാകർതൃത്വത്തിന് തീറെഴുതിക്കൊടുക്കുന്നു പിങ്ക്). അപ്പോഴാണ് പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീ കോടതി മുറിയിൽ ഈ സിനിമയെത്തന്നെ (സൈറ ബാനുവിനെ മാത്രമല്ല) പ്രതിനിധീകരിച്ചു കൊണ്ട് വാദിക്കുന്നത്. എതിർവാദവും ഒരു സ്ത്രീയാൽ തന്നെ നിർണയിക്കപ്പെടുന്നു. അങ്ങനെ തിരക്കഥയ്ക്കുള്ളിൽ മാത്രമല്ല, തിയേറ്ററുകൾക്കുള്ളിലും സിനിമയെ രണ്ട് പെണ്ണുങ്ങൾ തോളിലേറ്റുന്നു. നായകന്മാരുടെ അപാരതകൾ ആഘോഷിക്കാനെത്തുന്ന ആൾക്കൂട്ടത്തിന് മുൻപിലിതാ രണ്ട് പെണ്ണുകൾ അവരുടെ സിനിമ പറയുന്നു.

ഇതൊരു ക്ലാസിക് സിനിമയൊന്നുമല്ല. മേക്കിങ്ങിൽ പുതുമയോ പരീക്ഷണങ്ങളോ ഇല്ല. ഇതര സംസ്ഥാന തൊഴിലാളിക്കു നേരെ നടന്ന അക്രമത്തിന്റെ കേസിനൊടുവിൽ അന്യസംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കാവുന്ന നീതിന്യായ പ്രശ്നങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന വിധിന്യായത്തിലെ വൈരുദ്ധ്യമടക്കം കണ്ടില്ലെന്ന് വെക്കാനാവില്ല. എങ്കിലും ആന്റണി സോണി എന്ന സംവിധായകനും ആർജെ ഷാൻ എന്ന തിരക്കഥാകൃത്തിനും അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് സൈറ ബാനു എന്നു നിസംശയം പറയാം.

സിനിമയിലൂടെ അമല മാത്രമല്ല മഞ്ജുവും മടങ്ങിയെത്തുന്നുവെന്ന് തീർത്തും ഉറപ്പിച്ചെഴുതാം. മടങ്ങിവരവിനു ശേഷമുള്ള കഥാപാത്രങ്ങളുടെ ടൈപ്പ് സ്വഭാവത്തിൽ നിന്ന്, തനിച്ചു നിൽക്കുന്നവളും പോരാടുന്നവളും സർവോപരി നിത്യോപദേശിയുമായ കഥാപാത്രങ്ങളുടെ ബാധ പൂർണമായി ഒഴിഞ്ഞിട്ടില്ലെങ്കിലും സൈറബാനു അവരുടെ കരിയറിൽ ഒരു നാഴികക്കല്ലാണെന്ന് തീർച്ചയാക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിപ്സ പുതുപ്പണം

ജിപ്സ പുതുപ്പണം

എഞ്ചിനീയറിംഗ് ബിരുദധാരി, സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍